സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗ്
സിംഗപ്പൂർ: ലഭിക്കുന്ന ഉയർന്ന വേതനം കൊണ്ട് ലോകശ്രദ്ധ നേടിയ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ശമ്പളത്തിൽ വീണ്ടും വർധനവ് വരുത്തുന്നു. എന്നാൽ, ഇതിലൂടെ ലഭിക്കുന്ന അധിക തുക മുഴുവൻ താൻ സ്വീകരിക്കില്ലെന്നും, അത് ജീവകാരുണ്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പാർലമെന്റിൽ ഔദ്യോഗികമായി അറിയിച്ച ഈ തീരുമാന പ്രകാരം, പ്രധാനമന്ത്രിയുടെ വാർഷിക ശമ്പളം 2.2 മില്യൺ സിംഗപ്പൂർ ഡോളറിൽ നിന്ന് 3.6 മില്യൺ ഡോളറായി (ഏകദേശം 23 കോടിയിലധികം ഇന്ത്യൻ രൂപ) ഉയരും.
ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ശമ്പളം 3.06 മില്യൺ ഡോളറായും മറ്റ് കാബിനറ്റ് മന്ത്രിമാരുടേത് 1.80 മില്യൺ മുതൽ 2.88 മില്യൺ സിംഗപ്പൂർ ഡോളർ വരെയുമായി പുതുക്കി നിശ്ചയിച്ചു. സമർത്ഥരായ വ്യക്തികളെ ജനസേവന രംഗത്തേക്ക് ആകർഷിക്കുന്നതിനും, അഴിമതിയില്ലാത്ത സുതാര്യമായ ഭരണം ഉറപ്പുവരുത്തുന്നതിനുമാണ് ഉയർന്ന ശമ്പള ഘടന നടപ്പിലാക്കുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു.
ജനങ്ങളുടെ ശരാശരി വരുമാനത്തേക്കാൾ ഉയർന്ന തുക ജനപ്രതിനിധികൾക്ക് നൽകുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലുള്ള അതൃപ്തി മനസിലാക്കുന്നുവെന്നും, എന്നാൽ രാജ്യത്തിന്റെ നല്ല ഭാവിക്ക് മികച്ച നേതൃത്വം അത്യാവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഒക്ടോബർ 15 മുതൽ ഘട്ടംഘട്ടമായും വ്യക്തിഗത പ്രകടന മികവ് വിലയിരുത്തിയുമാണ് വർധനവ് നടപ്പിലാക്കുക. 15 വർഷത്തിന് ശേഷമാണ് രാജ്യത്ത് ഈ പരിഷ്കാരം വരുന്നത്.
Tags : Singapore PrimeMinister LawrenceWong Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash