ഹൂതി വിമതർ വൻ ഡ്രോൺ-മിസൈൽ ആക്രമണം
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെയും പ്രധാന എണ്ണ ഉത്പാദനകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ വൻ ഡ്രോൺ-മിസൈൽ ആക്രമണം നടത്തി. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 73 പേർക്ക് പരിക്കേറ്റു. ഫെബ്രുവരിയിൽ ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സൈനികനടപടി ആരംഭിച്ചശേഷം സൗദി മണ്ണിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
തെക്കൻ പ്രവിശ്യകളായ അബ്ഹ, ഖമീസ് മുഷൈത്തിലെ വ്യോമസേനാ താവളം, നജ്റാൻ, ചെങ്കടൽ തീരനഗരമായ ജിസാൻ എന്നിവിടങ്ങളിലെ സൗദി അരാംകോയുടെ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. എണ്ണ ഉത്പാദനകേന്ദ്രങ്ങളിൽ വൻ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് ചില മേഖലകളിൽ ഉത്പാദനം താത്കാലികമായി നിർത്തിവച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
വടക്കൻ യെമനിലെ അൽ-ജൗഫിൽ പ്രിസണിനുനേരേ സൗദി നടത്തിയ വ്യോമാക്രമണത്തിൽ കുട്ടിയടക്കം ഏഴുപേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹൂതികളുടെ ഈ തിരിച്ചടി.
എണ്ണവില വർധിച്ചു
ഹൂതി ആക്രമണത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില രണ്ടു ശതമാനത്തിലധികം വർധിച്ച് ബാരലിന് 99 ഡോളറിന് മുകളിലെത്തി. ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദേബ് വഴിയുള്ള സൗദിയുടെ ബദൽ എണ്ണ ഗതാഗത പാതകളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ഇത് ആഗോളവിപണിയിൽ എണ്ണ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
തിരിച്ചടിച്ച് സൗദി
രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത സൈനിക നടപടികളിലേക്ക് കടക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യെമനിൽ സൗദി നടത്തിയ 120ലധികം വ്യോമാക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നാണു ഹൂതി വക്താവ് യഹ്യ സാരീ അവകാശപ്പെട്ടത്.ഹൂതി ആക്രമണം കടുക്കുകയും സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേന തിരിച്ചടി ശക്തമാക്കുകയും ചെയ്തതോടെ യെമനിലെ ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമായിരിക്കുകയാണ്.
Tags : Deepika DeepikaNewspaper BreakingNews Houthi attack Saudi Arabia