International
സിംഗപ്പുർ: നിർമിതബുദ്ധിതിയിൽ തയാറാക്കിയ മുതലയുടെ ചിത്രം ഭയാശങ്കകൾക്കും വ്യാപകമായ തെരച്ചലിനും വഴിയൊരുക്കിയതോടെ മുപ്പതുകാരനെ സിംഗപ്പുർ പൊലിസ് അറസ്റ്റ് ചെയ്തു. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് യെ ലിൻ എന്ന മ്യാൻമർ പൗരനുമേൽ ചുമത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 20നായിരുന്നു കേസിനാസ്പദമായ സംഭവം. സിംഗപ്പുരിലെ പാൻഡൻ തടാകത്തിൽ പ്രത്യക്ഷപ്പെട്ടത് എന്നു പറഞ്ഞ് മുതലയുടെ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. ഗൂഗിളിന്റെ ജെമിനി എഐ ആപ്പിലാണ് മുതലയുടെ ചിത്രം തയാറാക്കിയത്.
ഇതേത്തുടർന്ന് മുതലയെ കണ്ടെത്തി പിടികൂടാനായി സിംഗപ്പുർ അധികൃതർ തടാകത്തിൽ വൻ തെരച്ചിൽ നടത്തി. തുഴച്ചിൽ വിനോദം പോലെയുള്ളവ വിലക്കുകയും ചെയ്തു. ചിത്രം വ്യാജമാണെന്നു കണ്ടെത്തിയപ്പോഴാണ് തെരച്ചിൽ അവസാനിപ്പിച്ചത്.
സിംഗപ്പുർ ദേശീയ ജല ഏജൻസിയുടെ പരാതിയിൽ പൊലിസെടുത്ത കേസിലാണ് യെ ലിൻ പിടിയിലായത്. വ്യാജചിത്രം പ്രചരിപ്പിച്ച കുറ്റത്തിനു മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് സിംഗപ്പുർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി തന്റെ ഫോണിലെ ഡേറ്റ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ നീതിനിർവഹണത്തിനു തടസമുണ്ടാക്കിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇതിന് ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം.
International
ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിൽ പൈലറ്റിന് നേരെയുണ്ടായ ആക്രമണത്തിലും അട്ടിമറിശ്രമത്തിലും കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിമാനം തകർക്കാൻ ശ്രമിച്ച കുറ്റവാളി തീവ്രവാദിയാണ്. സംഭവത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമയം കടന്നുപോകുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാകുകയാണ്. കുറ്റവാളി ഇസ്ലാമിക തീവ്രവാദത്തിന് ഇരയായിരുന്നു. യാത്രക്കാരുമായി വിമാനം തകർക്കാനാണ് അവൻ വന്നത്. അവനെ ആരെങ്കിലും അയച്ചതാണോയെന്ന് ഞങ്ങൾ അന്വേഷിച്ചുവരികയാണ്. അവനെ അയച്ചവർ ആരായാലും വലിയ വില നൽകേണ്ടിവരുമെന്നും നെതന്യാഹു വ്യക്തമാക്കി.
അക്രമിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും, ഇസ്രായേലി അന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അക്രമിക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായും സൂചനകളുണ്ട്. ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ സമയോചിതമായ ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്.
International
ആയിരക്കണക്കിനു വർഷങ്ങളായി ഹിമപാളികൾക്കിടയിൽ സുരക്ഷിതമായിക്കിടന്ന, മനുഷ്യന്റെ അടയാളങ്ങൾ പതിഞ്ഞ പുരാരേഖകൾ ശേഖരിക്കുന്ന തിരക്കിലാണു ഗവേഷകർ! ചരിത്രവസ്തുക്കളുടെ കണ്ടെത്തൽ ആവേശകരമാണെങ്കിലും, ഭൂമിയുടെ താപനിലയിൽ ഭയാനകമായ ആഘാതമാണു വ്യക്തമാകുന്നതെന്നു ഗവേഷകർ പറയുന്നു. കലാവസ്ഥാ വ്യതിയാനം മൂലം ആർട്ടിക് മേഖലയിലെയും പർവതനിരകളിലെയും മഞ്ഞുപാളികൾ അതിവേഗം ഉരുകിയൊലിക്കുമ്പോൾ പുറത്തുവരുന്നത് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള അപൂർവ പുരാവസ്തുക്കളാണ്. നോർവേയിലെ പ്രശസ്തമായ യൂട്ടൻഹൈമൻ പർവതനിരകളിൽ നടത്തിയ പരിശോധനയിലാണു ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് 5,000 മുതൽ 6,000 വർഷം വരെ പഴക്കമുള്ള അസ്ത്രങ്ങൾ പുരാവസ്തുഗവേഷകർ കണ്ടെത്തിയത്.
International
മനുഷ്യന്റെ നിലനിൽപ്പ് താളംതെറ്റുകയാണോ? ഭൂമി കൂടുതൽ പ്രതിസന്ധികളിലേക്കു നീങ്ങുകയാണോ? ജർമനിയിലെ പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്ട് പഠന റിപ്പോർട്ട് ലോകമെന്പാടും ആശങ്കപരത്തുന്നതായി. ജീവജാലങ്ങളുടെ സന്തുലിതമായ നിലനിൽപ്പിന് ആധാരമായ 'ഭൗമ അതിരുകൾ' മനുഷ്യർ മറികടന്നതായാണ് ശാസ്ത്രീയപഠനത്തിലുള്ളത്. ഒൻപത് അതിരുകളിൽ - 'മനുഷ്യരാശിയുടെ നിലനിൽപ്പിനായുള്ള സുരക്ഷിത പരിധികൾ'- ഏഴെണ്ണവും മനുഷ്യർ മറികടന്നിരിക്കുന്നു. പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്ട് റിസർച്ചിലെ പ്ലാനറ്ററി ബൗണ്ടറീസ് സയൻസ് ലാബിന്റെ നേതൃത്വത്തിൽ അറുപതിലേറെ പ്രമുഖ ശാസ്ത്രജ്ഞർ ചേർന്നു തയാറാക്കിയ '2026 പ്ലാനറ്ററി ഹെൽത്ത് ചെക്ക്' പഠനത്തിൽ ഗുരുതര മുന്നറിയിപ്പുകളാണുള്ളത്.
സുരക്ഷിത പരിധി ലംഘിച്ചത്
മനുഷ്യജീവിതത്തിന് അനുയോജ്യമായ അന്തരീക്ഷവും പരിസ്ഥിതിയും ഉറപ്പാക്കുന്ന ഒൻപത് നിർണായക പരിധികളെ അടിസ്ഥാനമാക്കിയാണു ശാസ്ത്രജ്ഞർ പഠനം നടത്തിയത്. അതിൽ ഏഴെണ്ണവും ലംഘിക്കപ്പെട്ടതായാണു കണ്ടെത്തൽ. ക്ലൈമറ്റ് ചെയ്ഞ്ച്, ബയോസ്ഫിയർ ഇന്റഗ്രിറ്റി, ലാൻഡ്-സിസ്റ്റം ചെയ്ഞ്ച്, ഫ്രഷ് വാട്ടർ ചെയ്ഞ്ച്, ബയൊജിയോകെമിക്കൽ ഫ്ളോസ്, നോവൽ എന്റിറ്റിസ്, ഓഷ്യൻ അസിഡിഫിക്കേഷൻ എന്നീ ഏഴു പരിധികളാണു ലംഘിക്കപ്പെട്ടിട്ടുള്ളത്.
ഭൂമിയുടെ ഓസോൺ പാളിയും അന്തരീക്ഷത്തിലെ എയ്റോസോളുകളുടെ സാന്നിധ്യവും മാത്രമാണു നിലവിൽ സുരക്ഷിതപരിധിക്കുള്ളിലുള്ളത്. ഇതിൽ ഓസോൺ പാളിയുടെ അവസ്ഥയിൽ പുരോഗതിയുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ എയ്റോസോൾ മലിനീകരണം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുവെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
വർധിക്കുന്ന അപകടസാധ്യത
2009-ലാണ് ശാസ്ത്രജ്ഞർ ഭൂമിയുടെ 'സുരക്ഷിത പ്രവർത്തന മേഖല' നിർണയിക്കുന്ന പ്ലാനറ്ററി ബൗണ്ടറീസ് മാതൃക അവതരിപ്പിച്ചത്. ഈ പരിധികൾ കടക്കുന്നതു പെട്ടെന്നൊരു ദുരന്തത്തിനു കാരണമായില്ലെങ്കിലും, പരിസ്ഥിതിയിൽ തിരിച്ചുപിടിക്കാനാവാത്ത വൻ മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ആമസോൺ മഴക്കാടുകൾ പോലുള്ള സ്വാഭാവിക സംവിധാനങ്ങൾ കടുത്ത സമ്മർദത്തിലാണെന്നും, ഇവ നശിക്കുന്നത് ആഗോള കാലാവസ്ഥാ സ്ഥിരതയെയും ഭക്ഷണ-കുടിവെള്ള സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വേണ്ടത് അടിയന്തര നടപടി
സാഹചര്യം അതീവ ഗുരുതരമാണെങ്കിലും ഭൂമിയെ വീണ്ടും സുരക്ഷിത മേഖലയിലേക്കു തിരികെ എത്തിക്കാൻ ഇനിയും സമയമുണ്ടെന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഹരിതഗൃഹ വാതക പുറന്തള്ളൽ അടിയന്തരമായി കുറയ്ക്കുകയും പ്രകൃതിദത്ത ആവാസവ്യവസ്ഥകൾക്കു സംഭവിക്കുന്ന നാശനഷ്ടങ്ങൾ തടയുകയും ചെയ്താൽ ഭൂമിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്നു ഗവേഷണഫലം ചൂണ്ടിക്കാണിക്കുന്നു. ഒറ്റപ്പെട്ട പ്രശ്നങ്ങളായി കാണാതെ, ആഗോള പരിസ്ഥിതി പ്രതിസന്ധിയുടെ ഭാഗമായി മുന്നറിയിപ്പുകളെ കാണുകയും ഉടൻതന്നെ ലോകരാജ്യങ്ങൾ നടപടി സ്വീകരിക്കണമെന്നുമാണു ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
International
ദുബായ്: ദുബായിൽനിന്നു ടെൽ അവീവിലേക്ക് 174 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ഒമാനി സഹപൈലറ്റ് ശ്രമിച്ച സംഭവത്തിൽ അന്താരാഷ്ട്രതലത്തിൽ സംയുക്ത അന്വേഷണം ഊർജിതമാക്കി.
ഭീകരാക്രമണസാധ്യതയും പ്രതിയുടെ മാനസികാരോഗ്യ പ്രശ്നങ്ങളുമടക്കം എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് പ്രമുഖ സുരക്ഷാ ഏജൻസികൾ അറിയിച്ചു.
സൗദി അറേബ്യയുടെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യാൻ ഇസ്രയേൽ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളിലെ അന്വേഷണസംഘങ്ങൾ തബൂക്കിലെത്തിയിട്ടുണ്ട്. പ്രതിയെ ദുബായ് അധികൃതർക്കു കൈമാറുമെന്നാണ് റിപ്പോർട്ട്.
ഇസ്രയേലും ഒമാനും തമ്മിൽ നയതന്ത്രബന്ധമില്ലാത്ത സാഹചര്യത്തിൽ, ടെൽ അവീവിലേക്കുള്ള വിമാനത്തിൽ ഒമാനി പൈലറ്റിന് എങ്ങനെ അനുമതി ലഭിച്ചു എന്നതിനെക്കുറിച്ച് യുഎഇയും വിമാനക്കമ്പനിയും വ്യോമയാന സുരക്ഷാ ചട്ടങ്ങൾ മുൻനിർത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിയായ ഒമാനി സഹപൈലറ്റിനു പിന്നിൽ ഇസ്ലാമിക തീവ്രവാദ പ്രചോദനമുണ്ടായിരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
പ്രതിയുടെ വ്യക്തിഗത വിവരങ്ങളിൽനിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. അക്രമിക്ക് ഇറാനുമായോ മറ്റ് ഭീകരസംഘടനകളുമായോ നേരിട്ടു ബന്ധമുണ്ടോയെന്നു വ്യക്തമാകാൻ ദിവസങ്ങൾ വേണ്ടിവരും.
യാത്രക്കാർ കീഴടക്കിയപ്പോൾ “എന്നെ കൊല്ലൂ” എന്ന് അലറിവിളിച്ച അക്രമി സ്വയം ജീവനൊടുക്കാൻ ആഗ്രഹിച്ചിരുന്നതായും നെതന്യാഹു വെളിപ്പെടുത്തി. ഒമാനിൽ ജനിച്ച പ്രതി ഫ്ലൈ ദുബായിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഒമ്പത് മാസമേ ആയിട്ടുള്ളൂ.
സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ സുഖംപ്രാപിച്ചുവരുന്നതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ അറിയിച്ചു.
തബൂക്കിലെ സൈനിക ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം അദ്ദേഹത്തെ പ്രത്യേക വിമാനത്തിൽ അബുദാബിയിലേക്ക് മാറ്റിയിട്ടുണ്ട്.
എംബസി അധികൃതർ ആശുപത്രിയിലെത്തി അദ്ദേഹത്തെയും കുടുംബത്തെയും സന്ദർശിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള സർവീസുകൾ ഫ്ലൈ ദുബായ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
International
നാഷ്വിൽ: വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് കൊലക്കേസ് പ്രതിയായ അന്പതുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലെ ടെന്നസിയിലായിരുന്നു സംഭവം.
ക്രിസ്റ്റ പൈക്ക് എന്ന കുറ്റവാളിക്കു രണ്ടു തവണ വിഷം കുത്തിവച്ചെങ്കിലും മരിച്ചില്ല. മെഡിക്കൽ എമർജൻസിയായി സംഭവം മാറിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.
1990ൽ 18 വയസുള്ളപ്പോൾ കൊളീൻ സ്ലെമ്മർ എന്ന പത്തൊന്പതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനാണു ക്രിസ്റ്റ പൈക്കിന് വധശിക്ഷ ലഭിച്ചത്. അവസാനനിമിഷത്തിലെ നിയമപോരാട്ടത്തിനൊടുവിൽ വധശിക്ഷ നടപ്പാക്കാൻ അമേരിക്കൻ സുപ്രീംകോടതി ഉത്തരവിട്ടു.
റിവർബെന്റ് മാക്സികം സെക്യൂരിറ്റി ജയിലിലായിരുന്നു വധശിക്ഷ നടപ്പാക്കൽശ്രമം അരങ്ങേറിയത്. പെന്റോബാർബിറ്റൽ എന്ന വിഷം രണ്ടു തവണ കുത്തിവച്ച ക്രിസ്റ്റയ്ക്കു ബോധം നഷ്ടപ്പെട്ടെങ്കിലും ഹൃദയമിടിപ്പ് നിലച്ചില്ല. ഇവർ ഉച്ചത്തിൽ കൂർക്കം വലിച്ചതായും വധശിക്ഷ നടപ്പാക്കുന്നതു കാണാനെത്തിയ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.
ടെന്നസി സംസ്ഥാനത്ത് ഇരുന്നൂറു വർഷത്തിനിടെ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ആദ്യ വനിതയാണുക്രിസ്റ്റ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് ജീവൻരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കി എന്നാണ് അറിയിപ്പ്.
കൊല്ലപ്പെട്ട കൊളീൻ സ്ലെമ്മറിന്റെ അമ്മയും വധശിക്ഷ നടപ്പാക്കുന്നതു കാണാനെത്തിയിരുന്നു.
International
ന്യൂഡൽഹി: സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗയ് പാർമേലിൻ മൂന്നു ദിവസത്തെ സന്ദർശനത്തിനായി അടുത്തയാഴ്ച ഇന്ത്യയിലെത്തും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പാർമേലിൻ ഇന്ത്യയിലുണ്ടാകുക. ഉന്നത ബിസിനസുകാർ ഉൾപ്പടെയുള്ള സംഘവും പ്രസിഡന്റിനൊപ്പം ഉണ്ടാകും.
വ്യാപാരം, നിക്ഷേപം, സയൻസ്, ടെക്നോളജി തുടങ്ങിയ മേഖലകളെക്കുറിച്ച് ഇന്ത്യയും സ്വിറ്റ്സർലൻഡും ചർച്ച നടത്തും.
International
ബെയ്ജിംഗ്: രാജ്യത്തെ മുൻനിര നിർമിത ബുദ്ധി(എഐ), സെമികണ്ടക്ടർ മേഖലകളിലെ വിദഗ്ധരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിദേശയാത്രകൾക്കു കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ചൈനീസ് ഭരണകൂടം.
നിർണായക സാങ്കേതികവിജ്ഞാനവും വിവരങ്ങളും അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കു ചോരുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
സ്വകാര്യ മേഖലയിലെ പ്രമുഖ എഐ സ്റ്റാർട്ടപ്പ് സ്ഥാപകർ, ഗവേഷകർ, തന്ത്രപ്രധാന സാങ്കേതിക സ്ഥാപനങ്ങളുടെ തലവന്മാർ എന്നിവരുടെ കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും വിദേശയാത്രകൾക്ക് ഇനി സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ചെറിയ വിദേശയാത്രകൾക്കുപോലും സർക്കാരിൽനിന്ന് അനുമതിപത്രം വാങ്ങണമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചുതുടങ്ങിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
അലിബാബ ഗ്രൂപ്പ് , ഡീപ്സീക്ക് തുടങ്ങിയ പ്രമുഖ ചൈനീസ് ടെക് കമ്പനികളിലെ ജീവനക്കാർക്ക് ഈ വർഷം തുടക്കത്തിൽത്തന്നെ ഭരണകൂടം യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സെപ്റ്റംബർ 15നു പ്രാബല്യത്തിൽവന്ന പുതിയ സുരക്ഷാനിയമങ്ങളുടെ ഭാഗമായി നിയന്ത്രണം കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിച്ചത്.
ദേശീയ സുരക്ഷയ്ക്കും വ്യാവസായിക മുന്നേറ്റത്തിനും നിർണായകമായ സാങ്കേതികവിദ്യാ മേഖലകളിൽ പ്രവർത്തിക്കുന്ന കൂടുതൽ വ്യക്തികളെയും സ്ഥാപനങ്ങളെയും വരും ദിവസങ്ങളിൽ ഈ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്താനാണു ചൈനീസ് സർക്കാരിന്റെ തീരുമാനം.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ ആക്രമണം. മൂന്നു വീടുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ ഒന്പതു സിവിലിയന്മാർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അറിയിച്ചു. എന്നാൽ 22 തീവ്രവാദികളാണു കൊല്ലപ്പെട്ടതെന്നു പാക്കിസ്ഥാന്റെ ഭാഷ്യം.
കുനാർ, ഹെൽമന്ദ് പ്രവിശ്യകളിലായിരുന്നു ആക്രമണമെന്നു താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 11 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, വിശ്വസനീയമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ തീവ്രവാദികളുടെ ഒളിത്താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നു പാക്കിസ്ഥാനിലെ വാർത്താവിതരണ മന്ത്രാലയം അവകാശപ്പെട്ടു. ഒളിത്താവളത്തിൽ സൂക്ഷിച്ചിരുന്ന ആയുധശേഖരവും നശിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ആരോപണങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണം.
പാക്കിസ്ഥാനിൽ ഭീകരാക്രമണം നടത്തുന്ന സംഘടനകൾക്കു താലിബാൻ സംരക്ഷണം നല്കുന്നതായി പാക് ഭരണകൂടം ആരോപിക്കുന്നു. ഇതിന്റെ പേരിലാണ് അഫ്ഗാനിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്നത്.
International
ഡമാസ്കസ്: ലബനനിലെ ഹിസ്ബുള്ള ഭീകരരും സിറിയയിലെ അഹമ്മദ് അൽ ഷാര ഭരണകൂടവും അഭിപ്രായഭിന്നതകൾ പറഞ്ഞുതീർക്കാനായി തുർക്കിയിൽ രഹസ്യചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുർക്കിയാണു ചർച്ചയ്ക്കു മുൻകൈയെടുത്തത്.
സിറിയൻ ആഭ്യന്തര യുദ്ധത്തിൽ പ്രസിഡന്റ് അസാദിനുവേണ്ടി ഹിസ്ബുള്ളകൾ പോരാടിയിരുന്നു. 2024 ഡിസംബരിൽ അൽ ഷാര നേതൃത്വം നല്കിയ വിമത സേന അസാദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ചു.
ഇതിനുശേഷം അൽ ഷാര ഭരണകൂടവും ഹിസ്ബുള്ളകളും തമ്മിൽ ശത്രുത വർധിച്ചു. ഹിസ്ബുള്ളകൾ സിറിയയിലേക്ക് ആയുധം കടത്തുന്നതായി അൽ ഷാര ഭരണകൂടം ആരോപിച്ചു.
സിറിയൻ വിദേശകാര്യമന്ത്രാലയത്തിലെയും ഇന്റലിജൻസ് ഏജൻസികളിലെയും ഉദ്യോഗസ്ഥരാണു കഴിഞ്ഞമാസം ഹിസ്ബുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ലക്ഷ്യമിട്ട് തുർക്കി ഇന്റലിജൻസ് വൃത്തങ്ങളാണു കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
ശത്രുത അവസാനിപ്പിക്കാമെന്ന് ഇരു വിഭാഗവും യോഗത്തിൽ സമ്മതിച്ചതായാണു റിപ്പോർട്ട്. ഹിസ്ബുള്ളയെ നിരായുധീകരിക്കാനായി ലബനനിലേക്കു സൈന്യത്തെ അയയ്ക്കില്ലന്ന് സിറിയ ഉറപ്പുനല്കി. ഇതിനു പകരമായി തെക്കൻ സിറിയയിലെ ഹിസ്ബുള്ള സ്ലീപ്പർ സെല്ലുകൾ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാനു യോഗത്തിലേക്കു ക്ഷണമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായി ബന്ധമുണ്ടാക്കുന്നതിൽ അൽ ഷാരയ്ക്കുള്ള എതിർപ്പായിരുന്നു ഇതിനു കാരണം.
അതേസമയം ഇറാന്റെ അനുമതിയോടെയാണ് ഹിസ്ബുള്ള യോഗത്തിൽ പങ്കെടുത്തത്. സിറിയയും ഹിസ്ബുള്ളയും തമ്മിൽ അന്തിമ ധാരണയുണ്ടാകാതിരുന്നത് ഇറാന്റെ അനിഷ്ടം മൂലമാണെന്നും പറയുന്നു.
International
ടെഹ്റാൻ: വെടിനിർത്തലിനായി മുന്നോട്ടുവച്ച പുതിയ നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം ലഭിച്ചതായി ഇറാൻ.
ഏഴു ദിവസത്തിനുള്ളിൽ പശ്ചിമേഷ്യയിലെ യുദ്ധം മുഴുവനായി അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള വ്യവസ്ഥകളാണു ന്യൂയോർക്കിലെ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ഖത്തർ വഴി ഇറാൻ അമേരിക്കു കൈമാറിയത്.
നിർദേശങ്ങൾ തള്ളുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയിൽനിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് ഇറാൻ അറിയിച്ചത്. നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം അവസാനിക്കൂവെന്നും ഇറാൻ വ്യക്തമാക്കി.
യുദ്ധം എട്ടാം മാസത്തിലേക്കു കടക്കവേ ന്യൂയോർക്കിലുണ്ടായ സമാധാന ശ്രമങ്ങൾ പ്രതീക്ഷ പകരുന്നതായിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ പല കാര്യങ്ങളിലും ഇരുവിഭാഗവും ഏകാഭിപ്രായത്തിൽ എത്തിയതായും സൂചനയുണ്ടായിരുന്നു.
ഗൾഫിൽനിന്ന് ആഗോളവിപണിയിലേക്ക് എണ്ണയെത്തുന്ന ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാൻ ആവശ്യപ്പെടുന്നതാണു പ്രശ്നപരിഹാരത്തിനുള്ള പ്രധാന തടസം. ഇത് അനുവദിക്കാനാവില്ലെന്നാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
International
കാഠ്മണ്ഡു: നേപ്പാളിലെ ഹിംലംഗ് ഹിമൽ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഇന്നലെ എട്ടു മൃതദേഹങ്ങളാണു കണ്ടെടുത്തത്. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്.
നേപ്പാളിലെ മനാംഗ് ജില്ലയിലായിരുന്നു അപകടം. വിദേശ പർവതാരോഹകർക്കായി ഹിംലംഗ് ഹിമൽ കൊടുമുടിയുടെ താഴ്വരയിൽ ബേസ് ക്യാന്പ് തയാറാക്കുകയായിരുന്ന നേപ്പാളി തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്. വിദേശികളാരും അപകടത്തിൽപ്പെട്ടില്ല.
കാണാതായ ആളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്ലെന്നും നേപ്പാളി വൃത്തങ്ങൾ പറഞ്ഞു.
International
ദുബായ്/ മുംബൈ: ഇസ്രയേലിലെ ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പോയ ഫ്ലൈ ദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ ധീരമായി പ്രതിരോധിച്ച് വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. കുട്ടിക്കാലത്ത് ഒരിക്കൽ പോലും ഒരു പൈലറ്റാകാൻ ആഗ്രഹിക്കാതിരുന്ന സ്മിത്, ഇന്ന് ആഗോളതലത്തിൽ ഒരു യഥാർഥ നായകനായി വാഴ്ത്തപ്പെടുകയാണ്.
മുംബൈ ഘാട്കോപ്പർ സ്വദേശിയായ സ്മിത് മച്ചാറിന്റെ ആദ്യകാല സ്വപ്നം കുടുംബത്തിന്റെ തുണിത്തരങ്ങളുടെ ബിസിനസ് ഏറ്റെടുക്കുക എന്നതായിരുന്നു. ഇതിനായി ടെക്സ്റ്റൈൽ എൻജിനിയറിംഗ് കോഴ്സിനു ചേർന്ന അദ്ദേഹം മുംബൈയിലെ വെലിംഗക്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ മാനേജ്മെന്റ് പഠനവും നടത്തി. എന്നാൽ 19-ാം വയസിൽ അവിടെ നടന്ന ഒരു ഏവിയേഷൻ സെമിനാറാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.
പൈലറ്റാകാനുള്ള തീരുമാനം ആദ്യമൊക്കെ അമ്മയെ ഭയപ്പെടുത്തിയിരുന്നതായി മുന്പ് നൽകിയ ഒരു അഭിമുഖത്തിൽ സ്മിത് അനുസ്മരിച്ചിട്ടുണ്ട്. തുടർന്ന് ന്യൂസിലാൻഡിൽനിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം സ്പൈസ്ജെറ്റ് വിമാനക്കമ്പനിയിൽ ചേരുകയും 11 വർഷത്തോളം അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തു. ട്രെയിനിംഗ് ക്യാപ്റ്റൻ പദവി വരെ ഉയർന്ന അദ്ദേഹം 2022ലാണ് ഫ്ലൈ ദുബായിൽ എത്തുന്നത്. ഏകദേശം 15 വർഷത്തെ അനുഭവസമ്പത്തും 9,750 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.
സ്മിതിന്റെ മുംബൈ തിലക് നഗറിലെ ‘സ്വാസ്തിക് ഹൈറ്റ്സ്’ അപ്പാർട്ട്മെന്റിനുമുന്നിൽ നൂറുകണക്കിന് ആളുകളാണ് ദേശീയപതാകയും സ്മിതിന്റെ ചിത്രങ്ങളുമേന്തി തടിച്ചുകൂടിയത്.
ഗുരുതരമായി പരിക്കേറ്റിട്ടും മനഃസാന്നിധ്യം കൈവിടാതെ കോക്പിറ്റ് തുറന്നുനൽകി വൻ ദുരന്തം ഒഴിവാക്കിയ സ്മിത്തിന്റെ ധീരതയെ മാനിച്ചു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഭാരത് രത്ന’യോ ‘ശൗര്യ ചക്ര’യോ നൽകി ആദരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. വാർത്തയറിഞ്ഞ ഉടൻതന്നെ സ്മിതിന്റെ മാതാപിതാക്കൾ മുംബൈയിൽനിന്ന് ദുബായിലേക്ക് തിരിച്ചിട്ടുണ്ട്. സ്മിത് സുഖം പ്രാപിച്ച് തിരിച്ചെത്തുമ്പോൾ വൻ വരവേല്പ് നൽകാനുള്ള ഒരുക്കത്തിലാണ് മുംബൈ നിവാസികൾ.
സ്മിത്തിനെ വാനോളം പുകഴ്ത്തി മോദിയും ട്രംപും നെതന്യാഹുവും
ഗുരുതരമായി പരിക്കേറ്റിട്ടും സമയോചിതമായി പ്രവർത്തിച്ച് കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുക്കുകയും യാത്രക്കാരുടെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴടക്കാൻ സഹായിക്കുകയും ചെയ്ത സ്മിത്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിനന്ദിച്ചു.
"ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണ്. ജീവൻ അപകടത്തിലായ അവസ്ഥയിലും അദ്ദേഹം കാണിച്ച അസാമാന്യ ധൈര്യവും നിശ്ചയദാർഢ്യവുമാണ് നൂറുകണക്കിന് മനുഷ്യജീവനുകൾ രക്ഷിച്ചത്''-മോദി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി സ്മിത്തിന്റെ കുടുംബവുമായി ഫോണിൽ സംസാരിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റിട്ടും അസാമാന്യ ധൈര്യവും ആത്മവീര്യവും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണെന്ന് നെതന്യാഹുവും വിശേഷിപ്പിച്ചു.
അക്രമിയായ സഹപൈലറ്റിന്റെ കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലും, തന്റെ അവസാന ഊർജവും സംഭരിച്ച് സ്മിത് കോക്പിറ്റിന്റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇത് മറ്റൊരു ‘സെപ്റ്റംബർ 11’ മോഡൽ വിമാന ദുരന്തമാകുന്നത് തടഞ്ഞതായി നെതന്യാഹു വ്യക്തമാക്കി.
കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും സമയോചിതമായി ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിനന്ദിച്ചു. ""പുറത്തുനിന്ന് ആർക്കും എളുപ്പത്തിൽ തുറക്കാൻ കഴിയാത്ത കട്ടിയുള്ള സ്റ്റീൽ വാതിലുകളാണ് കോക്ക്പിറ്റിലുള്ളത്. രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും പൈലറ്റ് ആ വാതിൽ തുറന്നുകൊടുത്തതാണ് രക്ഷാപ്രവർത്തനത്തിൽ വഴിത്തിരിവായത്''-ട്രംപ് പറഞ്ഞു.
സ്മിത് മച്ചാറിന് പുരസ്കാരം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ
ഗാന്ധിനഗർ: ഫ്ലൈ ദുബായ് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം സ്വന്തം ജീവൻ പണയം വച്ച് തടയുകയും 174 യാത്രക്കാരുടെ ജീവൻ രക്ഷിക്കുകയും ചെയ്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് വിശിഷ്ട ഗുജറാത്ത് ഗരിമ പുരസ്കാരം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ധീരതയ്ക്കുള്ള ആദരവായാണ് അവാർഡ് നൽകുന്നതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
ഗുജറാത്ത് സ്വദേശിയായ സ്മിത് മച്ചാറിന്റെ കുടുംബം വർഷങ്ങൾക്കു മുന്പാണ് മുംബൈയിലേക്ക് താമസം മാറിയത്.
International
ദുബായ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കു പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റനെ ഗുരുതരമായി പരിക്കേൽപിച്ചത് വിമാനത്തിൽ സൂക്ഷിച്ചിരുന്ന ക്രാഷ് ആക്സ് അഥവാ ഫയർ ആക്സ് കൊണ്ടാണെന്ന് റിപ്പോർട്ട്.
ആക്രമണത്തിന് കത്തിയോ വിമാനത്തിലെ കട്ലറിയിൽനിന്നുള്ള മറ്റേതെങ്കിലും ആയുധമോ ഉപയോഗിച്ചിരിക്കാമെന്നായിരുന്നു ആദ്യഘട്ട നിഗമനം.
എന്നാൽ, പുറത്തുനിന്ന് ആയുധം കോക്പിറ്റിലേക്ക് കൊണ്ടുവന്നതിന്റെ സൂചനയില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ആയുധം ക്രാഷ് ആക്സ് ആണെന്നു സ്ഥിരീകരിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിന്റെ ജനൽ തകർക്കുന്നതിനോ തീപിടി ത്തമുണ്ടായാൽ ആവശ്യമായ ഭാഗങ്ങളിലേക്കു പ്രവേശിക്കുന്നതിനോ ഉപയോഗിക്കാനായി ക്രാഷ് ആക്സ് സാധാരണയായി കോക്പിറ്റിൽ സൂക്ഷിക്കാറുണ്ട്.
International
ദുബായ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ ബുധനാഴ്ച രാവിലെയുണ്ടായ സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. അവിശ്വസനീയമായ ധൈര്യവും സമയോചിതമായ ഇടപെടലുകളുമാണ് 174 ജീവനുകളെ മരണമുഖത്തുനിന്ന് തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്.
സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ കോക്പിറ്റ് തുറന്നുനൽകിയതും വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാരും യാത്രക്കാരും സമയോചിതമായി ഇടപെട്ടതുമാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്പിറ്റിനുള്ളിൽവച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച് വിമാനത്തിന്റെ നിയന്ത്രണസംവിധാനങ്ങൾ തകരാറിലാക്കാൻ ശ്രമിച്ചതോടെ രണ്ടു മിനിറ്റിനുള്ളിൽ വിമാനം 17,000 അടി താഴേക്ക് പതിച്ചു. എന്നാൽ തുടർന്നുണ്ടായ അഞ്ച് അദ്ഭുതകരമായ സംഭവങ്ങളാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
►കോക്പിറ്റ് വാതിൽ തുറന്ന് ക്യാപ്റ്റൻ
മാരകമായി പരിക്കേറ്റ് നിലത്തുവീണ ക്യാപ്റ്റൻ സ്മിത് മച്ചാർ, ബോധം മറയുന്നതിന് തൊട്ടുമുമ്പ് കോക്പിറ്റിന്റെ ലോക്ക് തുറന്നു. ഈ ഒറ്റ തീരുമാനമാണ് യാത്രക്കാർക്ക് ഉള്ളിലേക്ക് കടക്കാനും വിമാനം നിയന്ത്രണത്തിലാക്കാനും വഴിയൊരുക്കിയത്.
►സഹപൈലറ്റിനെ കീഴടക്കി യാത്രക്കാർ
വാതിൽ തുറന്നതോടെ പ്ലംബർ, ഡെന്റിസ്റ്റ്, ബാങ്കർ, ബിസിനസുകാരൻ എന്നിവരടങ്ങുന്ന യാത്രക്കാർ കോക്പിറ്റിലേക്ക് ഇരച്ചുകയറി. ഹെഡ്ഫോൺ കേബിളുകൾ ഉപയോഗിച്ച് ഇവർ സഹപൈലറ്റിനെ ബന്ധിച്ചു. പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റന് ഡെന്റിസ്റ്റായ ഡോ. ഷോട്ട മുസായേവ് അടിയന്തര പ്രഥമശുശ്രൂഷ നൽകിയതോടെ രക്തസ്രാവം നിലച്ചു.
►വിമാനം ഉയർത്തി പ്ലംബർ
യാത്രക്കാരനായ യാനിവ് ഹായുൻ എന്ന പ്ലംബർ വിമാനത്തിന്റെ കൺട്രോൾ ലിവറുകൾ മുകളിലേക്ക് വലിച്ച് വിമാനം കൂടുതൽ താഴേക്കു പതിക്കുന്നത് തടഞ്ഞു. നാഷണൽ ജിയോഗ്രഫിക് ചാനലിൽ"എയർ ക്രാഷ് ഇൻവസ്റ്റിഗേഷൻ’എന്ന ടിവി പരമ്പര സ്ഥിരമായി കാണാറുള്ള അറിവ് മാത്രമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്.
ടെൽ അവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ തിരിച്ചെത്തിയ യാനിവിനെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ആലിംഗനം ചെയ്തു സ്വീകരിച്ചു. പരിക്കേറ്റ പൈലറ്റിന്റെ രക്തം പുരണ്ട വസ്ത്രങ്ങളോടെയാണ് പ്ലംബറായ യാനിവ്, നെതന്യാഹുവിനെ കണ്ടത്.
►രക്ഷകരായി ഓഫ് ഡ്യൂട്ടി പൈലറ്റുമാർ
വിമാനത്തിൽ യാത്രാക്കാരായി ഉണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാർ ഉടൻതന്നെ കൺട്രോൾ ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു.
►തകർന്ന വാലുമായി ലാൻഡിംഗ്
കുത്തനെ താഴേക്കു പതിച്ചപ്പോഴുണ്ടായ ശക്തമായ കാറ്റിൽ വിമാനത്തിന്റെ വാലിന്റെ പ്രധാന ഭാഗമായ റഡ്ഡർ തകർന്നിരുന്നു. എന്നിട്ടും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ കഴിഞ്ഞത് വ്യോമയാന വിദഗ്ധരെപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
International
ന്യൂഡൽഹി: ഗുരുതരമായി പരിക്കേറ്റിട്ടും സമയോചിതമായി പ്രവർത്തിച്ച് കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുക്കുകയും യാത്രക്കാരുടെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴടക്കാൻ സഹായിക്കുകയും ചെയ്ത സ്മിതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിനന്ദിച്ചു.
"ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണ്. ജീവൻ അപകടത്തിലായ അവസ്ഥയിലും അദ്ദേഹം കാണിച്ച അസാമാന്യ ധൈര്യവും നിശ്ചയദാർഢ്യവുമാണ് നൂറുകണക്കിനു മനുഷ്യജീവനുകൾ രക്ഷിച്ചത്,"-മോദി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി സ്മിതിന്റെ കുടുംബവുമായി ഫോണിൽ സംസാരിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റിട്ടും അസാമാന്യ ധൈര്യവും ആത്മവീര്യവും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണെന്ന് നെതന്യാഹുവും വിശേഷിപ്പിച്ചു. അക്രമിയായ സഹപൈലറ്റിന്റെ കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലും തന്റെ അവസാന ഊർജവും സംഭരിച്ച് സ്മിത് കോക്ക്പിറ്റിന്റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇത് മറ്റൊരു 'സെപ്റ്റംബർ 11' മോഡൽ വിമാന ദുരന്തമാകുന്നത് തടഞ്ഞതായി നെതന്യാഹു വ്യക്തമാക്കി.
കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും സമയോചിതമായി ഇടപെട്ടു വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിനന്ദിച്ചു. "പുറത്തുനിന്ന് ആർക്കും എളുപ്പത്തിൽ തുറക്കാൻ കഴിയാത്ത കട്ടിയുള്ള സ്റ്റീൽ വാതിലുകളാണ് കോക്ക്പിറ്റിലുള്ളത്. രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും പൈലറ്റ് ആ വാതിൽ തുറന്നുകൊടുത്തതാണ് രക്ഷാപ്രവർത്തനത്തിൽ വഴിത്തിരിവായത്'-ട്രംപ് പറഞ്ഞു.
International
ദുബായ്: ഇസ്രയേലിലെ ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പോയ ഫ്ലൈ ദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ ധീരമായി പ്രതിരോധിച്ച് വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. കുട്ടിക്കാലത്ത് ഒരിക്കൽ പോലും ഒരു പൈലറ്റാകാൻ ആഗ്രഹിക്കാതിരുന്ന സ്മിത്, ഇന്ന് ആഗോളതലത്തിൽ ഒരു യഥാർഥ നായകനായി വാഴ്ത്തപ്പെടുകയാണ്.
മുംബൈ ഘാട്കോപ്പർ സ്വദേശിയായ സ്മിത് മച്ചാറിന്റെ ആദ്യകാല സ്വപ്നം കുടുംബത്തിന്റെ തുണിത്തര ബിസിനസ് ഏറ്റെടുക്കുക എന്നതായിരുന്നു. ഇതിനായി ടെക്സ്റ്റൈൽ എൻജിനിയറിംഗ് കോഴ്സിനു ചേർന്ന അദ്ദേഹം മുംബൈയിലെ വെലിംഗക്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ മാനേജ്മെന്റ് പഠനവും നടത്തി. എന്നാൽ 19-ാം വയസിൽ അവിടെ നടന്ന ഒരു ഏവിയേഷൻ സെമിനാറാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.
പൈലറ്റാകാനുള്ള തീരുമാനം ആദ്യമൊക്കെ അമ്മയെ ഭയപ്പെടുത്തിയിരുന്നതായി മുന്പ് നൽകിയ ഒരു അഭിമുഖത്തിൽ സ്മിത് അനുസ്മരിച്ചിട്ടുണ്ട്. തുടർന്ന് ന്യൂസിലാൻഡിൽനിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം സ്പൈസ്ജെറ്റ് വിമാനക്കമ്പനിയിൽ ചേരുകയും 11 വർഷത്തോളം അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തു. ട്രെയിനിംഗ് ക്യാപ്റ്റൻ പദവി വരെ ഉയർന്ന അദ്ദേഹം 2022ലാണ് ഫ്ലൈ ദുബായിൽ എത്തുന്നത്. ഏകദേശം 15 വർഷത്തെ അനുഭവസമ്പത്തും 9,750 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.
യൂണിഫോം അണിഞ്ഞാൽ ജോലിയിൽ മാത്രം ശ്രദ്ധിക്കുക, കോക്ക്പിറ്റിന് പുറത്തിറങ്ങിയാൽ ഏവിയേഷനെക്കുറിച്ച് മിണ്ടാതിരിക്കുക എന്ന നിലപാടുകാരനാണ് സ്മിത്. നിലവിൽ സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിത്സയിലുള്ള സ്മിത് സുഖം പ്രാപിച്ചുവരികയാണ്.
International
ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ക്രൂരമായ ആക്രമണത്തിന്റെയും കോക്ക്പിറ്റിൽ നടന്ന അതിസാഹസികമായ പോരാട്ടത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ക്രൂരമായ ആക്രമണത്തെത്തുടർന്ന് വിമാനം തകർച്ചയുടെ വക്കിലെത്തിയപ്പോൾ, ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന നാടകീയമായ നീക്കത്തിലൂടെ 174 ജീവനുകൾ കാത്തത് പ്ലംബർകൂടിയായ ഇസ്രേലി യാത്രക്കാരൻ യാനിവ് ഹായൂൺ ആണ്.
വിമാനത്തിലെ ലൈറ്റുകൾ അണയുകയും ക്യാബിൻ പ്രഷറിൽ പെട്ടെന്ന് വ്യതിയാനം സംഭവിക്കുകയും ചെയ്തതോടെയാണ് എന്തോ അപകടം നടക്കാൻ പോകുന്നുവെന്ന് യാനിവ് മനസിലാക്കിയത്.
അക്രമിയായ സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ, തന്റെ അവസാന ഊർജവും സംഭരിച്ച് കോക്ക്പിറ്റിന്റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് നിർണായക വഴിത്തിരിവായത്. സഹപൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റൻ സ്മിതിന് ഗുരുതരമായി പരിക്കേറ്റതോടെ വിമാനം രണ്ടു മിനിറ്റിൽ 17,000 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ അകത്തുകയറിയ യാനിവ് ഹായൂൺ അക്രമിയെ പിന്നിൽനിന്നു പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ചു.
"ഞാൻ കോക്ക്പിറ്റിൽ കയറുമ്പോൾ ഒരു പൈലറ്റ് ചോരയിൽ കുളിച്ച് നിലത്തു കിടക്കുകയായിരുന്നു. രണ്ടാമത്തെ പൈലറ്റ് വിമാനത്തിന്റെ കൺട്രോൾ പാനലിൽ ആഞ്ഞടിച്ച് വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നു," യാനിവ് വിശദീകരിച്ചു. യാനിവ് ഉടനടി അക്രമിയായ സഹപൈലറ്റിന്റെ കഴുത്തിൽ പിടിമുറുക്കി കോക്ക്പിറ്റിനു പുറത്തേക്കു വലിച്ചിഴച്ചു.
അക്രമിയെ പുറത്താക്കിയ ശേഷം താഴേക്കു പതിക്കുകയായിരുന്ന വിമാനത്തിന്റെ കൺട്രോൾ സ്റ്റിക്കിൽ യാനിവ് പിടിമുറുക്കി ശക്തിയായി പിന്നോട്ടുവലിച്ചു. അപകടകരമായ രീതിയിൽ വിമാനം നിലംപതിക്കുന്നത് തടയാൻ ഇതു സഹായിച്ചു. തുടർന്ന്, യാത്രക്കാരനായി ഉണ്ടായിരുന്ന മറ്റൊരു പൈലറ്റ് കോക്ക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.
താൻ നാഷണൽ ജിയോഗ്രഫിക്കിലെ 'എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ' എന്ന ജനപ്രിയ ടിവി ഷോ പതിവായി കാണാറുണ്ടെന്നും അതു കണ്ടുള്ള പരിചയം വച്ചാണ് വിമാനത്തിന്റെ കൺട്രോൾ സ്റ്റിക്ക് പിന്നോട്ടുവലിച്ചതെന്നും യാനിവ് പറഞ്ഞു.
ടെൽ അവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ തിരിച്ചെത്തിയ യാനിവിനെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ആലിംഗനം ചെയ്തു സ്വീകരിച്ചു. പരിക്കേറ്റ പൈലറ്റിന്റെ രക്തം പുരണ്ട വസ്ത്രങ്ങളോടെയാണ് പ്ലംബറായ യാനിവ് നെതന്യാഹുവിനെ കണ്ടത്.
ഇത്രയും കൃത്യമായി നിങ്ങൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് എങ്ങനെയാണെന്ന് നെതന്യാഹു ചോദിച്ചപ്പോൾ, "ഞാൻ 'എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ' എന്ന ടിവി ഷോ പതിവായി കാണാറുണ്ട്" എന്നായിരുന്നു ചിരിച്ചുകൊണ്ട് യാനിവ് നൽകിയ മറുപടി.
ഹെഡ്ഫോൺ വയറുകൾ കൊണ്ട് അക്രമിയെ കെട്ടിയിട്ടു
വിമാനത്തിലുണ്ടായിരുന്ന ഡോക്ടറായ മച്ചാൻ ഷോട്ട മൂസയേവ് എന്ന യാത്രക്കാരനാണ് ഹെഡ്ഫോണിന്റെ വയറുകളും പ്ലാസ്റ്റിക് സിപ്ടൈകളും ഉപയോഗിച്ച് സഹപൈലറ്റിന്റെ കൈകാലുകൾ കെട്ടിയിട്ട് അക്രമിയെ പൂർണമായി കീഴടക്കിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിന് അടിയന്തര പ്രഥമശുശ്രൂഷ നൽകി അദ്ദേഹത്തിന്റെ രക്തസ്രാവം നിർത്തുകയും ചെയ്തു.
International
ദുബായ്: ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തെയും തുടർനടപടികളുടെയും പശ്ചാത്തലത്തിൽ, ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെക്കുന്നതായി ഫ്ലൈദുബായ് പ്രഖ്യാപിച്ചു. ഔദ്യോഗിക അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് ഈ നടപടി.
ദുബായിൽ നിന്ന് ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഫ്.ഇസെഡ് 1073 ബോയിംഗ് 737 മാക്സ് വിമാനമാണ് കോക്ക്പിറ്റിലെ പൈലറ്റുമാർ തമ്മിലുള്ള കയ്യാങ്കളിയെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ വിമാനം പെട്ടെന്ന് ആയിരക്കണക്കിന് അടി താഴ്ന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. തുടർന്ന് എമർജൻസി കോഡുകൾ നൽകുകയും സൗദി അറേബ്യയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
International
കോപ്പൻഹേഗൻ: പോർച്ചുഗൽ ദേശീയ ഫുട്ബോൾ ക്യാമ്പിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തുകടന്നതിന് പിന്നാലെ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ ക്യാമ്പ് വിടാനുള്ള യഥാർത്ഥ കാരണം ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്ന് റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കോപ്പൻഹേഗനിൽ നടന്ന പരിശീലന ക്യാമ്പിൽ നിന്നാണ് 41 കാരനായ താരം പുറത്തുപോയത്.
യുവേഫ നേഷൻസ് ലീഗിൽ നോർവെക്കെതിരായ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ടായിരുന്നെങ്കിലും റൊണാൾഡോയെ കളത്തിലിറക്കാൻ പരിശീലകൻ ജോർജ് ജെസ്യൂസ് തയ്യാറായിരുന്നില്ല. തുടർന്ന് ഡെൻമാർക്കിനെതിരായ മത്സരത്തിലും താരം സ്റ്റാർട്ടേഴ്സ് നിരയിൽ ഉണ്ടാകില്ലെന്ന് കോച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് റൊണാൾഡോ ക്യാമ്പ് വിട്ടത്. പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
പോർച്ചുഗലിനായി 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിന് ഇത് വിരാമമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. 2026 തന്റെ അവസാന വർഷമായിരിക്കുമെന്ന് താരം നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും നിലവിൽ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.
International
ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ ആകാശമധ്യേ നടന്ന അതിക്രമം ‘അതിഗുരുതരമായ സുരക്ഷാ സംഭവം’ ആണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഭീകരാക്രമണ ശ്രമം തടഞ്ഞു യാത്രക്കാരുടെ ജീവൻ രക്ഷിച്ച ധീരരായ പൈലറ്റിനും യാത്രക്കാർക്കും അദ്ദേഹം ആദരവ് അർപ്പിച്ചു. ഇത്തരം സുരക്ഷാഭീഷണികൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഇസ്രേലി രഹസ്യാന്വേഷണ ഏജൻസികൾക്കും സുരക്ഷാ വിഭാഗത്തിനും നെതന്യാഹു നിർദേശം നൽകി.
സുരക്ഷിതമായി സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കിയ യാത്രക്കാരെ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
International
ടെൽ അവീവ്: ദുബായിൽനിന്നു ഇസ്രയേലിലെ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ കോക്പിറ്റിനുള്ളിൽ വച്ച് പൈലറ്റും സഹ പൈലറ്റും തമ്മിൽ നടന്ന രക്തരൂഷിതമായ ഏറ്റുമുട്ടലിന്റെയും അതിനെത്തുടർന്നുണ്ടായ പരിഭ്രാന്തിയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളിൽ ഭയന്നോടുന്ന യാത്രക്കാരെയും നിലവിളിക്കുന്ന കുട്ടികളെയും കാണാം.
കോക്പിറ്റിനുള്ളിൽ ഒമാൻ സ്വദേശിയായ സഹ പൈലറ്റ് വിമാനം തകർക്കാൻ ശ്രമിക്കുകയും തടയാൻ നോക്കിയ മുഖ്യ പൈലറ്റിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തതോടെ വിമാനത്തിന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടു. രണ്ടു മിനിറ്റിൽ താഴെ സമയം കൊണ്ട് വിമാനം 34,000 അടി ഉയരത്തിൽനിന്ന് 16,600 അടിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
വിമാനത്തിന്മേൽ അടിയന്തര നിയന്ത്രണം വേണമെന്നു കാണിച്ച് ജനറൽ എമർജൻസി കോഡായ 7700-ഉം തൊട്ടുപിന്നാലെ വിമാനം റാഞ്ചിയെന്നു സൂചന നൽകുന്ന 7500 എന്ന ഇന്റർനാഷണൽ കോഡും വിമാനത്തിൽനിന്ന് സന്ദേശമായി പുറത്തുവന്നു.
യുദ്ധവിമാനങ്ങൾ പറന്നുയർന്നു;രക്ഷകരായി യാത്രക്കാർ
വിമാനത്തിൽനിന്ന് റാഞ്ചൽ സന്ദേശം ലഭിച്ചയുടൻ ഇസ്രയേലും സൗദി അറേബ്യയും തങ്ങളുടെ യുദ്ധവിമാനങ്ങൾ അയച്ചു. അതിനിടെ, കോക്പിറ്റിൽനിന്നു ബഹളം കേട്ട് ഓടിയെത്തിയ യാത്രക്കാരും ക്യാബിൻ ക്രൂവും ചേർന്ന് പരിക്കേറ്റ പൈലറ്റിനെ രക്ഷിക്കുകയും അക്രമിയായ സഹ പൈലറ്റിനെ ബലമായി കീഴടക്കി കെട്ടിയിടുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലെ പൈലറ്റുമാരിലൊരാൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ സൗദിയിൽ ലാൻഡ് ചെയ്തതിനുശേഷം ഇസ്രേലി യാത്രക്കാർ പ്രാർഥനാഗാനങ്ങൾ ആലപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവം പൂർണമായ ഒരു ഭീകരാക്രമണ ശ്രമമായാണ് ഇസ്രേലി ഏജൻസികൾ കാണുന്നത്. ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബന്ധുക്കൾക്കായി പ്രത്യേക വിവരശേഖരണ കേന്ദ്രം തുറന്നിട്ടുണ്ട്.
International
പാരീസ്: ഫ്രാൻസ് സന്ദർശനത്തിനിടെ, ഭിന്നശേഷിക്കാരിയായ മരീ ഗാരൻസ് എന്ന പത്തുവയസുകാരിയെ ലെയോ പതിനാലാമൻ മാർപാപ്പ നേരിട്ടെത്തി ചേർത്തണയ്ക്കുകയും ആശീർവദിക്കുകയും ചെയ്ത ചിത്രം വൈറലാകുന്നു.
പാരീസിലെ പ്ലാസ് ദെ ലാ കോൺകോർഡിനു സമീപം ശനിയാഴ്ചയായിരുന്നു ലോകത്തിന്റെ മുഴുവൻ ഹൃദയം കവർന്ന ഈ വൈകാരിക സംഭവം. ചക്രക്കസേര ഉപയോഗിക്കുന്നവർക്കായി വേർതിരിച്ച സ്ഥലത്ത് വളർത്തമ്മ ക്ലോത്തില്ഡെ നോയലിനും അനിയത്തി പെപ്പ യ്ക്കുമൊപ്പം മാർപാപ്പയെ കാണാൻ കാത്തുനിൽക്കുകയായിരുന്നു മരീ ഗാരൻസ്.
തെരുവോരത്ത് തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തിനിടയിൽനിന്നു പെൺകുട്ടിയെ മാർപാപ്പയുടെ ശ്രദ്ധയിൽപ്പെടുത്താനായി ചുറ്റുമുള്ള വിശ്വാസികൾ ചേർന്ന് മുൻനിരയിലേക്ക് ഉയർത്തിക്കാണിക്കുകയായിരുന്നു. ജനക്കൂട്ടത്തിന്റെ സ്നേഹവായ്പു കണ്ട വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയെ ശ്രദ്ധയോടെ വാങ്ങി മാർപാപ്പയ്ക്ക് അരികിലേക്കു നൽകി. വാത്സല്യത്തോടെ കുഞ്ഞിനെ തഴുകിയ മാർപാപ്പ, അവളുടെ നെറ്റിയിൽ സ്നേഹപൂർവം കുരിശടയാളം വരച്ച് പ്രാർഥിക്കുകയും ആശീർവദിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സഹോദരി പെപ്പ യെയും അദ്ദേഹം അനുഗ്രഹിച്ചു.
ഏതൊരു അവസ്ഥയിലുമുള്ള മനുഷ്യജീവന്റെ മൂല്യത്തെയും മാന്യതയെയും ഉയർത്തിക്കാട്ടുന്ന ഈ അപൂർവനിമിഷത്തെ ‘യെസ് ടു ലൈഫ്’(ജീവനുവേണ്ടിയുള്ള നിലപാട്) എന്ന ആശയത്തിന്റെ വലിയൊരു പ്രതീകമായാണ് ഫ്രഞ്ച് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ആഗോളതലത്തിൽ ഈ ചിത്രം വൻ പ്രചാരം നേടി.
വിദ്വേഷങ്ങളും ആശങ്കകളും നിറഞ്ഞ ലോകത്തിനു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വലിയൊരു സന്ദേശം നൽകാൻ ഈ ഒറ്റ നിമിഷത്തിലൂടെ മാർപാപ്പയ്ക്കു സാധിച്ചുവെന്നാണ് ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ജീവകാരുണ്യരംഗത്തു ശ്രദ്ധേയരായി നോയൽ കുടുംബം
ഫ്രാൻസിൽ ഏറെ പ്രശസ്തമാണ് മരീ ഗാരൻസിന്റെയും അവരെ ദത്തെടുത്ത നോയൽ കുടുംബത്തിന്റെയും കഥ. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ദത്തെടുത്ത് സംരക്ഷിക്കുന്നതിലും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തോടെയുള്ള ജീവിതത്തിനുമായി പ്രവർത്തിക്കുന്നതിലും ഫ്രാൻസിൽ ഏറെ മാതൃകയായ ദമ്പതികളാണ് ക്ലോത്തില്ഡെയും നിക്കോളാസ് നോയലും.
2016ൽ വെറും 16 മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഇവർ മരീ ഗാരൻസിനെ ദത്തെടുക്കുന്നത്. ദത്തെടുത്ത ഭിന്നശേഷിക്കാരായ നാലുപേരുൾപ്പടെ പത്തു മക്കളാണ് ദന്പതികൾക്കുള്ളത്.
International
ദുബായ്: ആഫ്രിക്കന്രാജ്യമായ മൊറോക്കയില് ആദ്യമായി വനിതാ പ്രധാനമന്ത്രി. ഫാത്തിമ എസാറ എല് മന്സൂരിയെയാണ് പ്രധാനമന്ത്രിയായി മുഹമ്മദ് ആറാമന് രാജാവ് നിയമിച്ചത്.
അമ്പതുകാരിയായ ഫാത്തിമ അറബ് ലോകത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. നഗരാസൂത്രണ മന്ത്രിയായി പ്രവര്ത്തിച്ചിട്ടുള്ള ഫാത്തിമ മാരാകേഷിലെ മേയറുമായിരുന്നു.
ചരിത്രപരമെന്നാണ് തന്റെ സ്ഥാനലബ്ധിയെ ഫാത്തിമ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില് ഫാത്തിമയുടെ ഓതന്റിസിറ്റി ആന്ഡ് മോഡേണിറ്റി പാര്ട്ടി (പിഎഎം) 97 സീറ്റ് നേടി 395 അംഗ പാര്ലമെന്റിൽ വലിയ ഒറ്റക്കക്ഷിയെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 198 പേരുടെ പിന്തുണയാണ്. സര്ക്കാര് രൂപവത്കരണത്തിന് ഫാത്തിമയ്ക്ക് ചെറുകക്ഷികളുടെ പിന്തുണ വേണ്ടിവരും.
International
ദുബായ്: ആകാശത്തുവച്ച് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം ധീരമായി ചെറുത്ത് 180ലേറെ പേരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പൈലറ്റ്. മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാറാണ് കുത്തേറ്റിട്ടും സഹപൈലറ്റുമായി പൊരുതി വൻ ദുരന്തം ഒഴിവാക്കിയത്.
മറ്റൊരു "സെപ്റ്റംബർ 11' മോഡൽ ആക്രമണശ്രമമാണ് ഒഴിവായതെന്ന് ഇസ്രേലി അധികൃതർ വ്യക്തമാക്കി. പ്രാദേശിക സമയം ഇന്നലെ രാവിലെ 8.44നായിരുന്നു ലോകത്തെ ഞെട്ടിച്ച സംഭവം.
ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായുടെ എഫ്ഇസെഡ് 1073 ബോയിംഗ് 737 വിമാനത്തിലായിരുന്നു സംഭവം. വിമാനം ലക്ഷ്യസ്ഥാനത്തോടടുക്കവേ, ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാക്കാനും വിമാനം താഴേക്കു പതിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന് സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. രക്തത്തിൽ കുളിച്ചനിലയിലും ക്യാപ്റ്റൻ അക്രമിയെ ചെറുത്തുതോൽപ്പിച്ചു.
വിമാനം പെട്ടെന്ന് താഴേക്കു പതിക്കാൻ തുടങ്ങിയതോടെ മുൻനിരയിലിരുന്ന ചില ഇസ്രേലി യാത്രക്കാരും കാബിൻ ക്രൂവും കോക്പിറ്റിലേക്കു കയറി സഹപൈലറ്റിനെ നേരിടുകയും പുറത്താക്കി കെട്ടിയിടുകയുമായിരുന്നു. തുടർന്ന്, യാത്രക്കാരായി സഞ്ചരിക്കുകയായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ കോക്പിറ്റിൽ പ്രവേശിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഇവർ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യിച്ചു. വെറും രണ്ടു മിനിറ്റിനുള്ളിൽ 17,000 അടിയോളം താഴേക്കു പതിച്ച വിമാനമാണ് വലിയൊരു ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
വിമാനത്തിൽനിന്ന് ആദ്യം റാഞ്ചൽ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇസ്രയേലും സൗദിയും യുദ്ധവിമാനങ്ങൾ അയച്ചെങ്കിലും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി.