ബിഷപ് അബെലാർദോ മാത്ത
മനാഗ്വ: നിക്കരാഗ്വയിൽ 40 ദിവസത്തിലേറെയായി കാണാതായ കത്തോലിക്കാബിഷപ് അബെലാർദോ മാത്തയുടെ (80) വീഡിയോദൃശ്യങ്ങൾ ഭരണകൂട അനുകൂല മാധ്യമങ്ങൾ പുറത്തുവിട്ടു. ജൂൺ അവസാനവാരം മുതൽ ബിഷപ്പിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.
പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യ ഭരണകൂടം പുറത്തുവിട്ട ഒന്പത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബിഷപ് മാത്ത ആരോഗ്യവാനായി ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കുന്നതു കാണാം. എന്നാൽ ബിഷപ്പിനെതടവിലാക്കിയശേഷം ഭരണകൂടം നടത്തുന്ന കൃത്രിമ പ്രചാരണമാണിതെന്ന് സഭാധികാരികളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു.
മാസായയിലെ ടിസ്മയിലുള്ള വസതിയിലാണു താനുള്ളതെന്നും പ്രാർഥനയിലും പഠനത്തിലുമായി സന്യാസതുല്യമായ ജീവിതമാണു നയിക്കുന്നതെന്നും വീഡിയോയിൽ ബിഷപ് പറയുന്നുണ്ട്.ജൂണിൽ ഒരു ക്ലിനിക്കിൽനിന്ന് പുറത്തിറങ്ങിയ ബിഷപ്പിനെ പോലീസ് തടഞ്ഞുവച്ച് വീട്ടുതടങ്കലിലാക്കുകയായിരുന്നു.
മുന്പ് ബിഷപ് റൊളാന്ദോ ആൽവാരസിനെ തടവിലാക്കിയപ്പോഴും ഭരണകൂടം സമാനമായ രീതിയിൽ ‘ആരോഗ്യവാനാണെന്ന്’കാണിക്കുന്ന വീഡിയോകൾ പുറത്തുവിട്ടിരുന്നു. പിന്നീട് അദ്ദേഹത്തെ രാജ്യത്തുനിന്ന് നാടു കടത്തുകയാണുണ്ടായത്.
ബിഷപ് മാത എപ്പോഴും സർക്കാരിന്റെ തെറ്റായ നിലപാടുകളെ വിമർശിക്കുകയും രാജ്യത്തെ ജനങ്ങളുടെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതാണ് ഭരണകൂടത്തെ ചൊടുപ്പിച്ചത്. ബിഷപ് മാതയെ ഉടൻ മോചിപ്പിക്കണമെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ സമ്മർദത്തെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു വീഡിയോ പുറത്തുവിട്ടതെന്നാണ് വിലയിരുത്തൽ.
Tags : Nicaragua Government Releases Video MissingBishop Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash BishopAbelardoMatha