ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠി തന്റെ പാസ്പോർട്ട് ഉയർത്തിക്കാട്ടുന്നു.
ന്യൂഡൽഹി: ഡൽഹി പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠി. കഴിഞ്ഞ ദിവസം ധ്രുവ് റാഠിയെ പൊലിസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ പ്രതികരണവുമായിട്ടാണ് അദ്ദേഹം രംഗത്തെത്തിയത്. യൂണിഫോമില്ലാതെ വീട്ടിലെത്തിയ സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു.
ഇരുപതോളം പേർ വീട്ടിലേക്ക് അതിക്രമിച്ചുകയറി അമ്മയെ തള്ളിമാറ്റി. കുറ്റവാളിയെ കൊണ്ടുപോകുന്നതുപോലെയാണ് തന്നോട് പെരുമാറിയത്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും ധ്രുവ് റാഠി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു. താൻ ഇന്ത്യൻ പൗരനല്ലെന്ന തരത്തിലുള്ള ആരോപണങ്ങൾക്കും പാസ്പോർട്ട് ഉയർത്തിക്കാട്ടി ധ്രുവ് റാഠി മറുപടി നൽകി.
വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് തന്നെ പിടിച്ചുകൊണ്ടുപോയതെന്നും പ്രതികരിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പ് സംഘം പുറത്തേക്ക് കൊണ്ടുപോയെന്നും അദ്ദേഹം ആരോപിച്ചു. ഇതൊരു അറസ്റ്റോ തടങ്കലോ ആയിരുന്നില്ല. അതുകൊണ്ടാണ് തട്ടിക്കൊണ്ടുപോകൽ എന്ന വാക്ക് ഉപയോഗിക്കുന്നതെന്നും ധ്രുവ് റാഠി വീഡിയോയിൽ വിശദീകരിച്ചത്. പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ എത്തിയിരുന്നെങ്കിൽ നിയമപരമായ നടപടിയായി കണ്ട് താൻ സഹകരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വീടിന് പുറത്ത് അമ്പതിലധികം ഗുണ്ടകൾ തമ്പടിച്ചിരുന്നതായി പിന്നീട് അറിഞ്ഞെന്നും ധ്രുവ് റാഠി ആരോപിച്ചു. സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുന്നോടിയായി ശനിയാഴ്ച രാവിലെയാണ് ഗുരുഗ്രാമിലെ വീട്ടിൽനിന്ന് ധ്രുവ് റാഠിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാനാണ് നടപടിയെന്ന ആരോപണവും ഉയർന്നിരുന്നു.
Tags : Dhruv Rathee Delhi Police Delhi Police Allegations Dhruv Rathee Video Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash