National
ബംഗളൂരു: മൈസൂരു റോഡിന് സമീപം പ്രഭാത സവാരിക്കിടെ കാട്ടാനയുടെ കുത്തേറ്റു വയോധികൻ കൊല്ലപ്പെട്ടു. രാജരാജേശ്വരി മെഡിക്കൽ കോളജിനു സമീപം ദൊഡ്ഡബെലെയിൽ മകൾക്കൊപ്പം നടക്കാനിറങ്ങിയ നാഗരാജു (60) ആണ് മരിച്ചത്.
മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെവെച്ചാണ് ആക്രമണമുണ്ടായത്. മകൾക്കൊപ്പം റോഡിലൂടെ നടക്കുമ്പോൾ എത്തിയ കാട്ടാന നാഗരാജുവിനെ ആക്രമിക്കുകയായിരുന്നു.
വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയുടെ ആക്രമണത്തിൽ സമീപത്തെ ഒരു അപ്പാർട്ട്മെന്റിന്റെ മതിലും തകർന്നിട്ടുണ്ട്.
ബന്നാർഘട്ട വനമേഖലയിൽ നിന്നിറങ്ങിയ കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആനയെ പിടികൂടാനായി വനംവകുപ്പിന്റെ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജിക്ക് സമ്മർദം മുറുകി. കോൺഗ്രസും ഇടതുപക്ഷവും സിജെപിയും പ്രതിഷേധം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. വിഷയം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിളിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷനുള്ളിലെ തർക്കം, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന, പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനുള്ള ഫോം ആറിൽ വരുത്തിയ മാറ്റങ്ങൾ എന്നിവ ഇന്നു ചേരുന്ന പ്രവർത്തകസമിതി ചർച്ച ചെയ്യും.
ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരേ ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
"വോട്ട് ചോരി’' (വോട്ട് മോഷണം) എന്ന പ്രമേയമുയർത്തിയാണ് കോൺഗ്രസ് സിഇസിക്കെതിരെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ പാർട്ടി പ്രതിഷേധ മാർച്ചുകൾ നടത്തിവരികയാണ്.
"അദ്ദേഹം രാജി വച്ചാലും, അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ട്,' മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് സിജെപിയിലെ അശുതോഷ് രങ്ക ഇന്നലെ ആവർത്തിച്ചാവശ്യപ്പെട്ടു.
അതേസമയം, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസിന്റെയും പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
National
ന്യൂഡല്‍ഹി: ത്രിഭാഷ പദ്ധതി പ്രകാരമുള്ള മൂല്യനിര്‍ണയത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുള്ള ഇളവ് ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും നല്കാന് സിബിഎസ്ഇയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
നിലവിലെ സിബിഎസ്ഇ ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മൂന്നാം ഭാഷ നിര്‍ബന്ധമാക്കുന്നതിൽ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
പ്രവര്‍ത്തനപരമായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യം ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്നതിനായി ഒരു സോഫ്റ്റ് ലോഞ്ച് (ഘട്ടംഘട്ടമായുള്ള നടപ്പാക്കല്‍) നടത്താനാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റീസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചത്.
വിഷയത്തില്‍ സിബിഎസ്ഇ നാലാഴ്ചയ്ക്കുള്ളില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കണം.
National
ന്യൂഡൽഹി: യുപിഐ മുഖേന 2,000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് എംഡിആർ ചാർജ് ഈടാക്കാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
സാങ്കേതിക വശങ്ങളെക്കുറിച്ചും ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നും വിശദമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
140 കോടി പൗരന്മാരെ ബാധിക്കുന്ന പുതിയ ഫീസിന്റെ നിയമവശത്തിലും നടപ്പാക്കാനുള്ള അധികാരത്തിലും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി സംശയം പ്രകടിപ്പിച്ചു.
ഒക്ടോബർ 15 മുതൽ യുപിഐ വാണിജ്യ ഇടപാടുകൾക്ക് 0.4 എംഡിആർ (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കാനുള്ള നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി എത്തിയത്.
National
ന്യൂഡൽഹി: ദീർഘകാല വൈദ്യുതിവാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട അപ്പലേറ്റ് ട്രൈബ്യൂണൽ ഫോർ ഇലക്ട്രിസിറ്റിയുടെ (അപ്ടെൽ) ഉത്തരവിനെതിരേ കേരളം നൽകിയ അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.
നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയും ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതുകൊണ്ടുള്ള കനത്ത സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാണിച്ചാണ് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
National
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ റോഡ് വികസനത്തിന്റെ ഭാഗമായി മോസ്ക് പൊളിക്കുന്നതിൽ പ്രതിഷേധിച്ച് കല്ലേറുണ്ടായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതകം പ്രയോഗിച്ചു.
സിംഹസ്ഥ കുംഭമേളയ്ക്കു മുന്നോടിയായി തീർഥാടകരുടെ സൗകര്യാർഥമാണ് 900 മീറ്റർ റോഡ് വികസിപ്പിക്കുന്നത്. ഇതിനായി ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കേണ്ടിവരും.
മോസ്ക് പൊളിക്കുന്നതിനെതിരേ സമർപ്പിച്ച ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. കന്താൾ ക്രോസിംഗ് മുതൽ ഗോപാൽ മന്ദിർ വരെയുള്ള ഭാഗമാണ് 15 മീറ്ററായി വികസിപ്പിക്കുന്നത്.
ഒരുവിഭാഗം ജനങ്ങൾ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നെന്നും ഇവരെ ചെറിയ രീതിയിൽ സേനയെ ഉപയോഗിച്ച് പിരിട്ടുവിടുകയായിരുന്നെന്നും എസ്പി പ്രദീപ് ശർമ പറഞ്ഞു.
ബൃഹത് പദ്ധതിയുടെ ഭാഗമായാണ് റോഡ് വികസിപ്പിക്കുന്നതെന്നും ജാതിമത ഭേദമന്യേ എല്ലാവരും തന്നെ ഇതിനായി സഹകരിക്കുന്നുണ്ടെന്ന് ഉജ്ജയിൻ കളക്ടർ റോഷൻ സിംഗ് പറഞ്ഞു. ദുരാരോപണങ്ങൾ വിശ്വസിച്ച് ആരും പ്രശ്നങ്ങളുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെടരുന്നതെന്ന് ഉജ്ജയ്ൻ ഷഹർ ഖാസി ഖുറെ റഹ്മാനും ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അഞ്ച് ഗ്രൂപ്പ് കമ്പനികൾ, 13 വ്യക്തികൾ എന്നിവർക്കെതിരെയുള്ള നടപടികൾ വിപണി നിയന്ത്രണ ഏജൻസിയായ സെബി അവസാനിപ്പിച്ചു. 1.48 കോടി രൂപ പിഴ തുകയായി അടച്ചതിനെത്തുടർന്നാണ് നടപടികൾ അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.
അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി പോർട്സ്, അദാനി എനർജി സൊല്യൂഷൻസ് (പഴയ അദാനി ട്രാൻസ്മിഷൻ) എന്നീ പ്രമുഖ കമ്പനികൾക്കും അവയുടെ ഡയറക്ടർമാർക്കുമാണ് സെബിയുടെ ഈ തീരുമാനം ബാധകം. 2020 ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അദാനി കമ്പനികൾക്കെതിരെ സെബി അന്വേഷണം ആരംഭിച്ചത്.
വിപണി നിയമപ്രകാരം ഒരു ലിസ്റ്റഡ് കമ്പനിയിൽ കുറഞ്ഞത് 25% പൊതുജന ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ലംഘിച്ചെന്നായിരുന്നു ആരോപണം. അന്വേഷണത്തിന് ശേഷം 2024 സെപ്റ്റംബറിലും തുടർന്ന് 2025 മാർച്ച് 3-നും കമ്പനികൾക്ക് സെബി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കുറ്റം സമ്മതിക്കുകയോ തള്ളിക്കളയുകയോ ചെയ്യാതെ തന്നെ കേസ് ഒത്തുതീർപ്പാക്കാൻ അദാനി ഗ്രൂപ്പ് സെബിയെ സമീപിക്കുകയായിരുന്നു.
ആകെ 1.48 കോടി രൂപ സെറ്റിൽമെന്റ് തുകയായി അടച്ചതോടെ, വിഷയം പൂർണമായി അവസാനിപ്പിച്ചതായി തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ സെബി വ്യക്തമാക്കി.
National
ന്യൂഡൽഹി: ലോകത്ത് സ്കൂളുകളിൽ അടിസ്ഥാന ശുചിത്വ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ അഞ്ചിലൊന്ന് ഭാഗവും (20 ശതമാനം) ഇന്ത്യയിലാണെന്ന് അന്താരാഷ്ട്ര റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്റെയും സംയുക്ത പഠനത്തിനൊടുവിൽ പുറത്തുവിട്ട റിപ്പോർട്ടിലാണു ഞെട്ടിക്കുന്ന കണക്കുള്ളത്.
പ്രോഗ്രസ് ഓൺ ഡ്രിങ്കിംഗ് വാട്ടർ, സാനിറ്റേഷൻ ആൻഡ് ഹൈജീൻ ഇൻ സ്കൂൾസ് 2015-2025 എന്ന പേരിൽ പുറത്തിറക്കിയ പഠനത്തിലാണ് ഈ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. 2025ൽ ലോകത്താകമാനം 24.4 കോടി കുട്ടികൾക്കാണ് സ്കൂളുകളിൽ ശുചിത്വ സൗകര്യങ്ങൾ ലഭിക്കാതിരുന്നത്. ഇതിൽ അഞ്ചു കോടിയോളം കുട്ടികൾ ഇന്ത്യയിലാണ്.
നൈജീരിയിൽ 3.4കോടി കുട്ടികൾക്കും എത്യോപ്യയിൽ 2.6കോടി കുട്ടികൾക്കും സിആർ കോംഗോയിൽ 1.1 കോടി കുട്ടികൾക്കും സ്കൂളിൽ ആവശ്യമായ ശുചിത്വസൗകര്യങ്ങൾ ലഭിച്ചിട്ടില്ല. ഇന്തോനേഷ്യയിൽ 80 ലക്ഷം കുട്ടികളും പ്രതിസന്ധി നേരിടുന്നുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
ശുചിത്വ സൗകര്യങ്ങളില്ലാത്ത സ്കൂളുകളുടെ എണ്ണത്തിൽ ഇന്ത്യ 14 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സോപ്പില്ല
ഇന്ത്യയിൽ ഏകദേശം രണ്ട് കോടി കുട്ടികൾക്കു സ്കൂളുകളിൽ കൈകഴുകാനുള്ള സോപ്പ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വെള്ളമുണ്ട്
കുടിവെള്ള ലഭ്യതയുടെ കാര്യത്തിൽ ഇന്ത്യ മികച്ച പുരോഗതി നേടിയിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏകദേശം 1.2 കോടി കുട്ടികൾക്കു മാത്രമാണ് സ്കൂളുകളിൽ കുടിവെള്ള ദൗർലഭ്യമുള്ളത്. ലോകത്ത് കുടിവെള്ള സൗകര്യമില്ലാത്ത കുട്ടികളിൽ ഇരുപതിൽ ഒരാൾ മാത്രമാണ് ഇന്ത്യയിലുള്ളത്. 2030ഓടെ സ്കൂളുകളിൽ എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കാൻ സാധിക്കുന്ന 28 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ കണക്കാക്കുന്നു.
National
ന്യൂഡല്‍ഹി: ഒഡീഷയിലെ പാരദ്വീപ് തീരത്ത് അപകടത്തില്‍പ്പെട്ട ചരക്കുകപ്പലിനു രക്ഷകരായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. 9,000 മെട്രിക് ടണ്‍ പാം ഓയില്‍ കയറ്റിയ ‘എം.ടി സീഗള്‍ 9’ എന്ന കപ്പല്‍ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അടിയന്തര സഹായ സന്ദേശം അയച്ചത്.
പാരാദ്വീപിന് 37 നോട്ടിക്കല്‍ മൈല്‍ കിഴക്ക്-തെക്കുകിഴക്കായാണു സംഭവം. കപ്പലിന്റെ പ്രധാന എൻജിന് തരാറിലായതും ബാലസ്റ്റ് ടാങ്കിലേക്ക് വെള്ളം അതിവേഗം ഇരച്ചുകയറി കപ്പല്‍ അപകടകരമായ രീതിയില്‍ ചരിഞ്ഞതുമാണു വന്‍ ഭീഷണിയായത്.
വിവരം ലഭിച്ചയുടന്‍ ഐസിജിഎസ് ‘വിശ്വസ്ത്’എന്ന കപ്പല്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. വിദഗ്ധ സംഘവും കപ്പലിലെ ജീവനക്കാരും ചേര്‍ന്നു നടത്തിയ സംയുക്ത പ്രവര്‍ത്തനത്തിലൂടെ ചരക്ക് മാറ്റലും വെള്ളം പുറന്തള്ളലും ഒരേസമയം പൂര്‍ത്തിയാക്കി.
ഇതോടെ കപ്പലിന്റെ ചരിവ് പരിഹരിക്കാനും മറിയാനുള്ള സാധ്യത ഒഴിവാക്കാനും സാധിച്ചുവെന്ന് തീരസംരക്ഷണ സേന അറിയിച്ചു. വലിയൊരു സമുദ്ര ദുരന്തമാണു കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കാനായതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
National
ജമ്മു: ജമ്മു കാഷ്മീരിന് സംസ്ഥാന പദവി തിരികെ നൽകണമെന്ന ആവശ്യവുമായി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥർ സ്പീക്കർക്ക് അയച്ച കത്ത് വൻ രാഷ്ട്രീയ വിവാദത്തിലേക്ക്. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പ്രമേയം സഭയിൽ പരിഗണിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി അടൽ ദുല്ലൂ, ലോ സെക്രട്ടറി അചൽ സേത്തി എന്നിവർ നിയമസഭാ സെക്രട്ടറിയേറ്റിന് കത്തയച്ചത്.
മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രമേയം സഭയിൽ അവതരിപ്പിക്കുകയും സ്പീക്കർ അത് സ്വീകരിക്കുകയും ചെയ്തതിന് ശേഷമാണ് ഉദ്യോഗസ്ഥരിൽ നിന്നും ഈ അപൂർവ നടപടിയുണ്ടായത്. ബന്ധപ്പെട്ട മന്ത്രിയുടെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ സഭാ സെക്രട്ടറിയേറ്റിലേക്ക് കത്തയക്കുന്നത് നിയമസഭയുടെ സ്വയംഭരണാവകാശത്തിലുള്ള കടന്നുകയറ്റമാണ്. ഇത്തരം ഒരു സംഭവത്തിന് മുൻമാതൃകയില്ലെന്നും സഭയുടെ പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ മുഖ്യമന്ത്രിയും നിയമമന്ത്രിയും ആയിരുന്നിട്ടും സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥർ സ്പീക്കർക്ക് കത്തയച്ച വിവരം അറിഞ്ഞില്ലെന്ന് ഒമർ അബ്ദുള്ള സഭയിൽ പറഞ്ഞു. "മറ്റാരുടെയോ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. പൂർണ സംസ്ഥാന പദവിയില്ലാത്ത ഒരു കേന്ദ്രഭരണ പ്രദേശത്ത് മാത്രമേ മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് തന്നെ എതിരായി പ്രവർത്തിക്കുന്ന ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകൂ" എന്ന് അദ്ദേഹം തുറന്നടിച്ചു.
ബിജെപി അംഗങ്ങളുടെ ബഹളത്തിനും ഇറങ്ങിപ്പോക്കിനുമിടയിൽ സഭ സംസ്ഥാന പദവിക്കായുള്ള പ്രമേയം ചർച്ച ചെയ്യുകയും പാസാക്കുകയും ചെയ്തു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുമാറ്റിയതിലൂടെ ജനങ്ങൾ അപമാനിക്കപ്പെട്ടെന്നും അത് വീണ്ടെടുക്കേണ്ടത് തങ്ങളുടെ അവകാശമാണെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തെ അമിതമായി ആശ്രയിക്കുന്നത് നഗരങ്ങളിലെ വായുമലിനീകരണം രൂക്ഷമാക്കുന്നതിനും മലിനീകരണം മൂലമുള്ള മരണങ്ങള് വര്‍ധിക്കുന്നതിനും കാരണമാകുന്നു.
നഗരങ്ങളിലെ വായൂമലിനീകരണം മൂലംമുള്ള മരണം 2000ല്‍ ഏകദേശം 15,000 ആയിരുന്നത് 2020 ത്തിൽ 3,00,000ത്തോളമായി ഉയർന്നിട്ടുണ്ട്.
നഗരങ്ങളിലെ മലിനീകരണം മൂലമുള്ള മരണങ്ങൾ 30 ശതമാനം വര്‍ധനയുണ്ടെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ വൈദ്യുതി ആവശ്യത്തിന്റെ 76 ശതമാനത്തിലധികവും കല്‍ക്കരി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്.
ഇതോടൊപ്പം സള്‍ഫര്‍ ഡയോക്സൈഡ് പുറന്തള്ളുന്നതിന്റെ അളവും കൂടി. ഇത് അന്തരീക്ഷത്തില്‍ സള്‍ഫേറ്റ് എയറോസോളുകളുടെയും സൂക്ഷ്മകണങ്ങളുടെയും സാന്ദ്രത വര്‍ധിക്കുന്നതിലേക്ക് നയിച്ചു.
National
അംബാല(ഹരിയാന): അംബാലയിലെ ധുൽക്കോട്ട് ഗ്രാമത്തിൽ നിർമാണത്തിലിരുന്ന മൂന്നു നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
ഇന്നലെ രണ്ടു പേരുടെ മൃതദേഹങ്ങൾകൂടി അവശിഷ്ടങ്ങൾക്കിടയിൽനിന്നു പുറത്തെടുത്തതോടെയാണിത്. പരിക്കേറ്റവരിൽ മൂന്നു പേർ ചികിത്സയിലാണ്.
National
ആഗ്ര: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ യുപി ആഗ്രയിലെ വീടിന്റെ മതിൽ വികൃതമാക്കിയതിന്റെ പേരിൽ രണ്ടു കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ.
ഗ്യാനേഷ് കുമാറിന്റെ വിജയ് നഗറിലെ വീട്ടിലേക്കു പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർ പ്രധാന ഗേറ്റിലും മതിലിലും സ്പ്രേ പെയിന്റുകൊണ്ട് ഗ്യാനേഷ് രാജ്യദ്രോഹി, ഗ്യാനേഷ് കള്ളൻ എന്ന് എഴുതുകയായിരുന്നു.
തുടർന്ന് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. കോൺഗ്രസ് നേതാക്കളായ മുകേഷ് ധാൻഗർ, അനിൽ യാദവ് എന്നിവരെ അറസ്റ്റ് ചെയ്തു.
National
ഹൈദരാബാദ്: ലോക റോബോട്ട് ഒളിമ്പ്യാഡ് ഏഷ്യ പസഫിക് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർഥിയടങ്ങിയ ഇന്ത്യൻ ടീമിന് ചരിത്രനേട്ടം. 14 വയസിന് താഴെയുള്ളവരുടെ ‘ഫ്യൂച്ചർ ഇന്നവേറ്റേഴ്സ് ജൂനിയർ’വിഭാഗത്തിലാണ് മുംബൈയിൽനിന്നുള്ള ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.
മുംബൈയിൽ പഠിക്കുന്ന മലയാളിയായ ഇവാൻ മെർജിൻ ജോസ്, അഗസ്ത്യ ഹുബ്ലികർ, റെയാൻഷ് ജാദവ് എന്നിവരടങ്ങിയതായിരുന്നു ഇന്ത്യൻ ടീം. ഇവാൻ മെർജിൻ ജോസ് തൃശൂർ കുരിയച്ചിറ സ്വദേശിയാണ്. മെർജിൻ ജോസ് പൊഴോലിപ്പറമ്പിൽ, അശ്വതി മെർജിൻ എന്നിവരാണ് മാതാപിതാക്കൾ.
ഹൈദരാബാദിലെ ജിഎംആർ അറീനയിൽ 2-ന് സമാപിച്ച മത്സരത്തിൽ 20-ലധികം രാജ്യങ്ങളിൽ നിന്നായി 149 ടീമുകൾ മത്സരിച്ചു. ‘റോബോട്ടുകൾ സംസ്കാരത്തെ തൊടുമ്പോൾ’ എന്നതായിരുന്നു മത്സരപ്രമേയം. മത്സരത്തിൽ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനവും ഫിലിപ്പീൻസ് മൂന്നാം സ്ഥാനവും നേടി.
നൂറ്റാണ്ടുകളിലേറെ പഴക്കമുള്ള പരമ്പരാഗത നെയ്ത്ത് കരകൗശല വിദ്യയെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രോജക്ടാണ് ഇന്ത്യൻ സംഘം അവതരിപ്പിച്ചത്. തൊഴിലാളികളുടെ സർഗാത്മകതയ്ക്കും പരമ്പരാഗത വൈദഗ്ധ്യത്തിനും മങ്ങലേൽപ്പിക്കാതെ റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമന്വയിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
National
മധുര: തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണാനെത്തിയവരിൽ ഏതാനും പേർക്ക് കൊടുംചൂടിലും തിരക്കിലും മോഹാലസ്യമുണ്ടായി. മണിക്കൂറുകൾ കൊടുംചൂടിൽ കാത്തുനിന്നതാണ് പ്രശ്നകാരണം.
ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച പത്തുപേരാണ് കുഴഞ്ഞുവീണത്. ഇവരെ ഉടൻ സുരക്ഷാസേന സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. പ്രാഥമിക ചികിത്സകൾക്കുശേഷം എല്ലാവരെയും വിട്ടയച്ചു.
ഗാന്ധി മ്യൂസിയം ഉദ്ഘാടനം ഉൾപ്പടെയുള്ള പരിപാടികൾക്കാണ് മുഖ്യമന്ത്രി മധുരയിലെത്തിയത്.
National
ന്യൂഡൽഹി: ഇന്ത്യ-കാനഡ സമഗ്ര വ്യാപാരപങ്കാളിത്ത കരാർ അന്തിമമാക്കുന്നതിന്റെ ഭാഗമായി കനേഡിയൻ വ്യാപാരമന്ത്രി മനീന്ദർ സിദ്ദു അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിച്ചേക്കും.
കരാറുമായി ബന്ധപ്പെട്ട അഞ്ചാം റൗണ്ട് ചർച്ചകൾ ഒക്ടോബർ അഞ്ചിന് കാനഡയിൽ നടക്കാനിരിക്കെയാണ് മന്ത്രിയുടെ ഇന്ത്യൻ സന്ദർശനം പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ 15ന് സന്ദർശനം നടക്കുകയാണെങ്കിൽ, ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാകും മനീന്ദർ സിദ്ദു ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ 18, 19 തീയതികളിൽ ഇന്ത്യയിലെത്തിയ അദ്ദേഹം കേന്ദ്ര വാണിജ്യമന്ത്രി പിയൂ ഷ് ഗോയലുമായി സിഇപിഎ കരാറിനെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.
ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിക്കാൻ സാധ്യതയുള്ളതിനാൽ, അതിനുമുന്‍പ് ചർച്ച പൂർത്തിയാക്കി വ്യാപാരകരാർ ഔദ്യോഗികമായി അന്തിമമാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
National
മധുര: നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നൽകുന്ന ‘തായ്മാമന്‍ തങ്കമോതിരം' പദ്ധതി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു.
ഇന്നലെ രാജാജി ആശുപത്രി നടന്ന ചടങ്ങിൽ ഓഡിറ്റോറിയത്തില്‍വച്ച് 25 കുഞ്ഞുങ്ങള്‍ക്ക് നേരിട്ട് ഒരു ഗ്രാം വരുന്ന സ്വർണമോതിരം നല്‍കിയശേഷം, മുഖ്യമന്ത്രി പ്രസവവാര്‍ഡിലെത്തി 10 നവജാതശിശുക്കള്ക്കുകൂടി സ്വര്‍ണമോതിരങ്ങള്‍ സമ്മാനിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്കായി ആദ്യഘട്ട വിതരണത്തിനായി 1.28 ലക്ഷം സ്വര്‍ണമോതിരങ്ങള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. 755.83 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
മാതൃത്വം ആദരിക്കുക, സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, കൂടുതല്‍ കുടുംബങ്ങളെ സര്‍ക്കാര്‍ ആരോഗ്യമേഖലയിലേക്ക് ആകര്‍ഷിച്ച് ആശുപത്രി പ്രസവങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
National
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു നാളെ കര്‍ണാടകയില്‍ തുടക്കമാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 84 മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് സംഘടനാസംവിധാനം കുറ്റമറ്റതാക്കുകയാണ് രാഹുലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യദിയൂരപ്പയുടെ സ്വാധീനമേഖലയായ ശിവമോഗയിലെ ശികാരിപ്പുരയില് നിന്നാണ് യാത്രയ്ക്കു തുടക്കം. 84 ദിവസം നീളുന്ന യാത്ര 29 ജില്ലകളിലൂടെ കടന്നുപോകും.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം പ്രധാന അജൻഡയാക്കി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്നു നടക്കും.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിലും വോട്ട് ചോരി വിഷയം ജനങ്ങളിലേക്കെത്തിക്കുന്നതിനുമുള്ള ചർച്ചകൾ യോഗത്തിലുണ്ടാകും.
ഗ്യാനേഷ് കുമാർ വിഷയത്തിൽ ഭാവിതന്ത്രം രൂപീകരിക്കാൻ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ യോഗം നാളെ നടക്കും.
National
ന്യൂഡൽഹി: ഭക്ഷണ പാക്കേജുകളുടെ മുൻഭാഗത്ത് പോഷകവിവരങ്ങളും അപകടസാധ്യതയുള്ള ചേരുവകളും (പഞ്ചസാര, ഉപ്പ്, കൊഴുപ്പ്) രേഖപ്പെടുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിൽ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയെ സുപ്രീംകോടതി വിമർശിച്ചു.
National
ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണയാണോ നടന്നതെന്നു പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം.
കേസിലെ സാക്ഷികളായ 92 പേർ വിചാരണവേളയിൽ കൂട്ടത്തോടെ മൊഴി മാറ്റിയത് ഗൗരവതരമായ വിഷയമാണെന്നു കണ്ടെത്തിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
എന്നാൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിചാരണക്കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: ബോയിംഗ് 737 മാക്സില്‍ സോഫ്റ്റ്വേർ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ആശങ്ക.
എയര്‍ ഇന്ത്യ എക്സ്പ്രസും ആകാശ എയറും ചേര്‍ന്ന് 96 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.വിമാനങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.
പൈലറ്റുമാര്‍ക്ക് മാനുവലായി വിമാനം സുരക്ഷിതമായി പറത്താനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയിട്ടില്ല. ലോകത്താകെ 2,400-ലധികം 737 മാക്സ് വിമാനങ്ങള്‍ പറക്കുന്നുണ്ട്.
National
പഗ്വാര: പഞ്ചാബിലെ ലവ്ലി പ്രഫഷണൽ സർവകലാശാലാ കാന്പസിൽ സംഘർഷം ഒഴിയുന്നു. ബലാത്സംഗവും ആത്മഹത്യയും നടന്നുവെന്ന പ്രചാരണത്തിനു പിന്നാലെയാണ് പ്രക്ഷോഭം രൂപംകൊണ്ടത്.
കാന്പസിന് അധികൃതർ പത്തുദിവസം അവധി പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം വിദ്യാർഥികളും വീടുകളിലേക്കു തിരിച്ചുപോയി.
നേരത്തേ ദേശീയപാത 44ൽ പതിനഞ്ച് മണിക്കൂർ തുടർന്ന ഉപരോധം വിദ്യാർഥികൾ പിൻവലിച്ചിരുന്നു. അക്രമസംഭവങ്ങളുണ്ടായാൽ കർക്കശ നടപടി സ്വീകരിക്കമെന്നു ഡിജിപി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കോളജ് പരിസരത്ത് വൻ പോലീസ് സന്നാഹമുണ്ട്. വിദ്യാർഥികളെ ഒപ്പംകൂട്ടാൻ നിരവധി രക്ഷിതാക്കളാണ് കാംപസിൽ എത്തിയത്.
National
ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് ചട്ടങ്ങൾ കൊണ്ടുവരണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ കൊണ്ടുവരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി.മോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്.12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലഭ്യമാകുന്ന സാഹചര്യം കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കോടതി നിരീക്ഷിച്ചു.
മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിലെ വ്യവസ്ഥകളും ഇക്കാര്യത്തിൽ പരിശോധിച്ചുവരികയാണെന്ന് കേന്ദ്രം വ്യക്തമാക്കി. കേസ് അടുത്ത മാസം 13ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
National
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ചിഹ്നവുമായി ബന്ധപ്പെട്ട തർക്കത്തിൽ നാല് മാസത്തിനകം അന്തിമ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നൽകി.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലുള്ള ചിഹ്ന തർക്കത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. കേസുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കും ആവശ്യമായ സത്യവാംഗ്മൂലങ്ങളും മറുപടികളും സമർപ്പിക്കാൻ കോടതി നാല് ആഴ്ച സമയം അനുവദിച്ചു.
തുടർന്ന് ലഭിക്കുന്ന രേഖകളും വാദങ്ങളും പരിഗണിച്ച് അടുത്ത മൂന്ന് മാസത്തിനകം വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് സൂര്യ കാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.