പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിലെ പട്ടിക വിഭാഗത്തിനായുള്ള സർക്കാർ, എയ്ഡഡ് ആശ്രമം സ്കൂളിൽ രണ്ടു വർഷത്തിനിടെ പ്രതിദിനം ശരാശരി ഒരു കുട്ടിവീതം മരിക്കുന്നതായി റിപ്പോർട്ട്.
584 കുട്ടികളാണ് രണ്ടു വർഷകാലയളവിൽ മരിച്ചത്. പാന്പുകടി, അരിവാൾ രോഗംപോലുള്ള ഗുരുതര രോഗങ്ങൾ, ആത്മഹത്യ, അപകടങ്ങൾ തുടങ്ങിയവയാണു മരണകാരണമായി പറയുന്നത്.
മഹാരാഷ്ട്രയിൽ 500 സർക്കാർ ആശ്രമം സ്കൂളുകളും 513 എയ്ഡഡ് ആശ്രമം സ്കൂളുകളും പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്ക്. 2024-2026 കാലയളവിൽ സർക്കാർ ആശ്രമം സ്കൂളുകളിൽ 384 കുട്ടികളും എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ 200 കുട്ടികളും മരിച്ചതായി ട്രൈബൽ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
സർക്കാർ ആശ്രമം സ്കൂളുകളിൽ 2024-25 കാലയളവിൽ 170 കുട്ടികളും 2025-26 കാലയളവിൽ 214 കുട്ടികളുമാണു മരിച്ചത്. ഇതിൽ 38 വിദ്യാർഥികൾ സ്കൂളിലും 348 പേർ വീട്ടിലുമാണു മരിച്ചത്. എയ്ഡഡ് സ്കൂളുകളിൽ 2024-25ൽ 81 മരണങ്ങളും അടുത്ത വർഷം 119 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 30 മരണങ്ങൾ സ്കൂൾ പരിസരത്തും 170 എണ്ണം വീട്ടിൽവച്ചുമാണ് നടന്നത്.
ധനോരയിലെ ജപ്താലായ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ആശ്രമം സ്കൂൾ ഹോസ്റ്റലിൽ കഴിഞ്ഞ ഒമ്പതിന് അർധരാത്രി പാമ്പുകടിയേറ്റ് മൂന്ന് ആദിവാസി പെൺകുട്ടികൾ മരിച്ചിരുന്നു. നിരവധി പേർ ആശുപത്രിയിലാകുകയും ചെയ്തു. സംഭവം വിവാദമായതോടെ സ്കൂളിന്റെ ലൈസൻസ് സർക്കാർ റദ്ദാക്കി.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അശ്രദ്ധയും അഴിമതിയുമാണു ഗഡ്ചിരോളിയിലെ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ആദിവാസി പെൺകുട്ടികളുടെ മരണത്തിനിടയാക്കിയതെന്നു പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു.
Tags : AshramSchools 584Children Died Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Maharashtra