പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നീറ്റ് പിജി പരീക്ഷാ തയാറെടുപ്പിനായി ജൂനിയർ ഡോക്ടർമാർ അവധി എടുത്തതിനെ തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ. ഈ മാസം 30നാണ് നീറ്റ് പിജി പരീക്ഷ. ഡോക്ടർമാരുടെ കുറവ് കാരണം പല ആശുപത്രികളിലും ഒപികൾ സ്തംഭിച്ചു.
ഡെങ്കിപ്പനി, അക്യൂട്ട് വയറിളക്ക രോഗം, ഇന്‍ഫ്ളുവന്‍സ, ചിക്കന്‍പോക്സ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മാത്രം ഏതാണ്ട് 15,000ത്തോളം രോഗികളാണ് ആശുപത്രികളിലെത്തിയത്.
സർക്കാർ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികൾ മാത്രമല്ല സ്വകാര്യ ആശുപത്രികളെയും കൂട്ടഅവധി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികളിൽ ജനറൽ മെഡിസിൻ ഒപി പ്രവർത്തിക്കുന്നതും പകലും രാത്രിയും അത്യാഹിത വിഭാഗം ഉൾപ്പെടെ പ്രവർത്തിക്കുന്നതും ജൂനിയർ ഡോക്ടർമാരെ ആശ്രയിച്ചാണ്.
കൂടാതെ പകർച്ചവ്യാധി രോഗങ്ങൾ കൂടുന്നതിനാൽ ഇത്തരം സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ദേശീയ ആരോഗ്യ മിഷന് വഴി കരാര്‍ നിയമനത്തിലൂടെയാണ് ഇത്തരം സീസണല്‍ വിടവുകള്‍ കൈകാര്യം ചെയ്യുന്നത്. എന്നാൽ, ഇത്തവണ ഏറെ ബുദ്ധിമുട്ടിലായെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തുടർ പഠനത്തിനായി പോകുന്ന ജൂനിയർ ഡോക്ടര്‍മാര്‍ ഹ്രസ്വകാല കരാര്‍ ഓഫറുകള്‍ സ്വീകരിക്കാന്‍ മടിക്കുന്നു. നിലവിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജൂനിയർ ഡോക്ടർമാരും പരീക്ഷ തയാറെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കരാര്‍ ജോലികളില്‍ നിന്ന് രാജിവച്ചു.
സര്‍ക്കാര്‍ ആശുപതികളിലേക്ക് ഒഴിവുള്ള തസ്തികളിലേക്ക് രണ്ടു ദിവസം മുമ്പ് പബ്ലിക് സര്‍വീസ് കമ്മീഷന് അഡ്വൈസ് മെമ്മോകള്‍ നല്കിയ 430 ഉദ്യോഗാർഥികളില്‍ 134 പേര് മാത്രമാണ് 20നകം ചേരാന്‍ സമ്മതിച്ചത്. കാരണം അവരില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്‍കുന്നത്. നിലവില്‍ 830 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ പകുതിയും സ്പെഷാലിറ്റി കേഡറിലുള്ളതാണ്.
Tags : NEETExam Doctors Aadhi Patients Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash