പ്രതീകാത്മക ചിത്രം
ദുബായി: ഫ്ലൈദുബായ് അട്ടിമറിക്കേസിൽ അറസ്റ്റിലായ സഹപൈലറ്റും ഒമാൻ പൗരനുമായ ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി അന്വേഷണ സംഘത്തോടു പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
വിമാനം ബുധനാഴ്ച സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ സൗദി അധികൃതരും ഇയാളെ ചോദ്യം ചെയ്തിരുന്നു. തീവ്ര മതനിലപാടുകളുടെ പേരിൽ ഒമാൻ അധികൃതർ ഇയാൾക്കു വിമാനം പറത്തുന്നതിനു നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ തീവ്ര നിലപാടുകൾ വിശദീകരിക്കുന്ന പോസ്റ്റുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഹമ്മാമിയുടെ പിതാവ് ഒമാൻ സ്വദേശിയാണ്. മാതാവ് സിറിയൻ പൗരയും. ദുബായിലായിരുന്നു താമസം. ഇയാൾ എങ്ങനെ തീവ്രവാദ ആശയങ്ങളിലേക്ക് എത്തിയെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. സിറിയൻ ബന്ധം കേന്ദ്രീകരിച്ചാണ് അന്വേഷണം. ആഭ്യന്തരയുദ്ധം നടക്കുന്ന സമയത്ത് ഇയാൾ കുറച്ചുകാലം സിറിയയിൽ ചെലവഴിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
നിലവിൽ അബുദാബിയിലുള്ള പ്രതിയെ യുഎഇ സുരക്ഷാ ഉദ്യോഗസ്ഥരും ഇസ്രായേൽ അന്വേഷണ ഏജൻസികളും ചേർന്ന് സംയുക്തമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിനു പിന്നിൽ ഇറാൻ ഉൾപ്പെടെയുള്ള വിദേശശക്തികളുടെ പ്രേരണയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Tags : Flydubai FlydubaiCoPilot CoPilotStatement FlightIncident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash