അമരീന്ദര്‍ സിംഗ്, മുഹമ്മദ് യാസിര്‍.
കൊച്ചി: ഐഎസ്എൽ പുതിയ സീസണിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിംഗിനെയും മിഡ്ഫീൽഡർ മുഹമ്മദ് യാസിറിനെയും ഒരു വർഷത്തെ കരാറിൽ ടീമിലെത്തിച്ചു. ചെന്നൈയിൽ നടക്കുന്ന പ്രീ സീസൺ ക്യാമ്പിൽ ഇരുവരും ചേർന്ന് പരിശീലനം ആരംഭിച്ചു.
ഒഡീഷ എഫ്സിയിൽ നിന്നാണ് 33കാരനായ അമരീന്ദർ സിംഗ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഐഎസ്എല്ലിലും ഇന്ത്യൻ ഫുട്ബോളിലും ദീർഘകാല പരിചയസമ്പത്തുള്ള താരം മുംബൈ സിറ്റി എഫ്സി, ബംഗളൂരു എഫ്സി, മോഹൻ ബഗാൻ, ഒഡീഷ എഫ്സി തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യൻ സീനിയർ ടീമിനായും ഗോൾവല കാത്തിട്ടുണ്ട്.
ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽ കിരീടം നേടിയ ടീമുകളുടെ ഭാഗമായിട്ടുള്ള അമരീന്ദർ സമ്മർദഘട്ടങ്ങളിലെ ശാന്തതയ്ക്കും കൃത്യമായ പൊസിഷനിങ്ങിനും പേരുകേട്ട താരമാണ്. അതേസമയം എഫ്സി ഗോവയിൽ നിന്നാണ് മുഹമ്മദ് യാസിർ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിലെത്തുന്നത്. വിങ്ങുകളിലും മധ്യനിരയിലും ഒരുപോലെ കളിക്കാൻ മികവുള്ള യാസിർ 2017-18 സീസൺ മുതൽ ഐഎസ്എല്ലിലെ സ്ഥിരസാന്നിധ്യമാണ്.
എഫ്സി പുണെ സിറ്റി, ഹൈദരാബാദ് എഫ്സി, എഫ്സി ഗോവ എന്നീ ക്ലബുകൾക്കായി നേരത്തെ കളിച്ചിട്ടുള്ള താരം 2021ൽ ഇന്ത്യൻ സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ചു. പന്തുമായി മുന്നേറാനും കൃത്യമായ പാസുകളിലൂടെ അവസരങ്ങൾ സൃഷ്ടിക്കാനും മികവുള്ള യാസിറിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ വേഗവും വൈവിധ്യവും നൽകും.
Tags : KeralaBlasters AmrinderSingh MohammedYasir IndianSuperLeague Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash