ഏഷ്യൻ ഗെയിംസിന്‍റെ സമാപന ചടങ്ങ്
നഗോയ: രണ്ടാഴ്ചയോളം നീണ്ടുനിന്ന ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഔദ്യോഗിക സമാപനം. ഞായറാഴ്ച നടന്ന വർണാഭമായ സമാപനച്ചടങ്ങിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പതാക ഖത്തറിന് കൈമാറി. 2030-ൽ ദോഹയാണ് അടുത്ത ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്.
സമാപനച്ചടങ്ങിൽ 1951-ൽ ഡൽഹിയിൽ നടന്ന ആദ്യ ഏഷ്യൻ ഗെയിംസിലെ ദീപശിഖയും പതാകയും സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനിക്ക് പതാക കൈമാറി.
ഒളിമ്പിക് ചാമ്പ്യനും മൂന്ന് തവണ ലോക ചാമ്പ്യനുമായ ഖത്തറിന്‍റെ ഹൈജമ്പ് താരം മുതാസ് ഐസ ബർഷിം ഒസിഎ പതാക ഏറ്റുവാങ്ങി. പിന്നാലെ ഖത്തറിന്‍റെ ദേശീയ പതാക സ്റ്റേഡിയത്തിൽ ഉയർത്തി. സമാപനച്ചടങ്ങിൽ ഇന്ത്യൻ ഷൂട്ടിംഗ് താരം നീരു ദണ്ഡയാണ് ഇന്ത്യയുടെ പതാകയേന്തി മാർച്ചിൽ അണിനിരന്നത്.
അമ്പതിലധികം ലോക റെക്കോഡുകൾ തകർന്ന ഈ ഗെയിംസ് ഏഷ്യൻ കായിക ചരിത്രത്തിൽ പുതിയ അധ്യായമാണ് കുറിച്ചതെന്ന് ഒസിഎ പ്രസിഡന്‍റ് ഷേഖ് ജോവാൻ ബിൻ ഹമദ് അൽ താനി സമാപന സന്ദേശത്തിൽ പറഞ്ഞു.
Tags : AsianGames Japan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash