Kerala
കൊച്ചി: കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരന് മുഹമ്മദ് അന്‍സാര്‍ (24) വീണ്ടും പൊലിസ് പിടിയില്‍. നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ സുനിലിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിലാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അന്‍സാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും.
ഓഗസ്റ്റ് ഒമ്പതിന് കച്ചേരിപ്പടിക്ക് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതിയെ കഴിഞ്ഞ ശനിയാഴ്ച പിടികൂടാന്‍ എത്തിയപ്പോഴാണ് അന്‍സാര്‍ എഎസ്ഐയെ ആക്രമിച്ചത്.
എറണാകുളം കച്ചേരിപ്പടി ജംഗ്ഷനില്‍വച്ച് മഫ്തിയിലായിരുന്ന ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു നിര്‍ത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ, ബസില്‍ വച്ച് എഎസ്ഐയുടെ മുഖത്ത് കൈമുട്ടുകൊണ്ട് ആഞ്ഞിടിക്കുകയും നിലത്തേക്ക് വലിച്ചിടുകയും ചെയ്തു. എന്നാല്‍ കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തി അന്‍സാറിന് സ്റ്റേഷന് ജാമ്യം നല്‍കിയിരുന്നു.
തൃക്കാക്കര പൊലിസ് ആണ് ഇന്ന് അന്‍സാറിനെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. ഓഗസ്റ്റ് 22ന് പടമുഗളില്‍ വച്ച് കാര്‍ തടഞ്ഞ സംഭവത്തിലാണ് കേസ്. യാത്രക്കാരന് നല്കിയ പരാതിയില്‍ കേസ് എടുക്കുന്നതിന് പകരം ബസ് ഉടമയെ മാത്രം വിളിപ്പിച്ചു വരുത്തി പിഴ അടപ്പിച്ചു വിട്ടയയ്ക്കുകയായിരുന്നവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് തൃക്കാക്കര പൊലിസ് കേസെടുത്തത്.
Kerala
തൃശൂർ: തൃശൂർ മേലൂരിൽ നഴ്സിനെ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹൈസ്കൂളിന് സമീപം കിഴക്കനേടത്ത് മിനു ജിബിൻ(37) ആണ് മരിച്ചത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് മിനു ജിബിൻ.
ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. അടുക്കളയിൽ എൽപിജി സിലിണ്ടർ ഓണാക്കിയ നിലയിലായിരുന്നുവെന്ന് പൊലിസ് പറയുന്നു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഭർതൃമാതാവിനൊപ്പം മേലൂരിലെ വീട്ടിലായിരുന്നു മിനുവിന്റെ താമസം.
കൊരട്ടി പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ സത്രം മൗണ്ടിന് സമീപം വിനോദസഞ്ചാരികളുമായി അപകടകരമായ രീതിയിൽ യാത്രചെയ്ത ജീപ്പ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. വാഹനം ഉപയോഗിച്ച് വിനോദസഞ്ചാരികൾ നടത്തിയ അപകടകരമായ ഡ്രൈവിംഗിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പീരുമേട് ആർടി ഓഫിസ് അധികൃതർ അടിയന്തര നടപടിയെടുത്തത്.
യാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും ജീവന് ഭീഷണിയാകുന്ന വിധത്തിൽ വാഹനം ഓടിച്ച സംഭവത്തിൽ ജീപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അധികൃതർ റദ്ദാക്കി. കൂടാതെ നിയമലംഘനം നടത്തിയ ഡ്രൈവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചത്.
ഗതാഗത നിയമങ്ങളെക്കുറിച്ച് വിദഗ്ധ പരിശീലനം നേടുന്നതിനും നിശ്ചിത ദിവസം സാമൂഹിക സേവനത്തിൽ പങ്കാളിയാകുന്നതിനുമാണ് ഡ്രൈവർക്ക് നിർദേശം നൽകിയിരിക്കുന്നത്.
Kerala
കൊല്ലം: ഭാര്യയെ പിന്തുടർന്ന് പൊലിസ് സ്റ്റേഷനിലെത്തിയ ഭർത്താവ് എംഡിഎംഎയും കത്തിയുമായി പിടിയിൽ. കൊല്ലം ചാത്തന്നൂരിലാണ് സംഭവം. ആറ്റിങ്ങൽ സ്വദേശി സനൽകുമാർ ആണ് എംഡിഎംഎയുമായി പിടിയിലായത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് ആറ്റിങ്ങൽ സ്വദേശി സനൽകുമാറും ഭാര്യയും ചാത്തന്നൂരിലെത്തിയത്. ചടങ്ങുകൾക്ക് പിന്നാലെ ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സനൽകുമാർ ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തെ തുടർന്ന് പരാതി നൽകാനാണ് യുവതി ചാത്തന്നൂർ പൊലിസ് സ്റ്റേഷനിലെത്തിയത്. ഇരുചക്രവാഹനത്തിൽ ഭാര്യയെ പിന്തുടർന്ന് സനൽകുമാറും സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലിസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പോക്കറ്റിൽ എംഡിഎംഎയും കണ്ടെടുത്തത്.
ഒരു ഗ്രാമിലേറെ എംഡിഎംഎയാണ് പിടികൂടിയതെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ചാത്തന്നൂർ പൊലിസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടിയിൽ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനായി രമ്യ ഹരിദാസ് എംഎൽഎയുടെ നിർണായക നീക്കം. പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിയുടെ ഓഫിസില്‍ എംഎൽഎ കത്തുനല്‍കി.
ആദ്യം സ്പീക്കറുടെ ഓഫീസിൽ നൽകിയ കത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മടക്കി. തുടർന്ന് നിയമസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. പിന്നാലെയാണ് നിയമസഭ സെക്രട്ടറിയുടെ ഓഫിസില്‍ കത്തുനൽകിയത്.
മെയ് 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ മുന്‍കാല പ്രാബല്യത്തില്‍ നിയമിക്കാന്‍ കഴിയില്ലെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചത്.
Kerala
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തിൽ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ് നടപടി.
സജിത സലീമിനെതിരെ യുവമോര്‍ച്ച പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി. ഡൽഹിയിൽ നടന്ന സിജെപി സമരത്തെ പിന്തുണച്ചെന്നും കേന്ദ്രസർക്കാരിനെ മോശമായി ചിത്രീകരിച്ചെന്നുമാണ് പരാതി.
ഇടുക്കി ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് ഐജിയാണ് നടപടിയെടുത്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
National
ന്യൂഡല്‍ഹി: ഡല്‍ഹി സത്യ നികേതനില്‍ കെട്ടിടം തകര്‍ന്ന് ഏഴ് പേര് മരിക്കാനിടയായ സംഭവത്തില്‍ കെട്ടിട ഉടമ അറസ്റ്റില്‍. രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്നാണ് ഉടമ ഹരിറാം ബന്‍സാലിനെ പിടികൂടിയത്.
ഇയാളെ പിടികൂടാനായി പല സംഘങ്ങളായി തിരിഞ്ഞ് ഡല്‍ഹി പൊലിസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. അപകടമുണ്ടായി 25 മണിക്കൂറിന് ശേഷമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.
പ്രാദേശിക ജില്ല പൊലിസ്, സ്പെഷ്യല്‍ സ്റ്റാഫ്, മറ്റ് ഓപ്പറേഷന് യൂണിറ്റുകള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഹരിറാമിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ ഡേയ്സ് എന്ന കെട്ടിടം തകര്‍ന്ന് വീഴുന്നത്.
International
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം. ഉപഗ്രഹങ്ങളില്ലാത്ത; സൂര്യനോട് ഏറ്റവും അടുത്തുള്ള, നിഗൂഢതകളേറെയുള്ള ബുധൻ എന്ന ഗ്രഹം. ആ ഗ്രഹത്തിന്റെ രഹസ്യങ്ങൾ തേടി എട്ടു വർഷത്തെ യാത്രയ്ക്കുശേഷം 'ബെപ്പി കൊളംബോ' (BepiColombo) എത്തുകയാണ്. ദൗത്യം നിർണായക ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുയാണെന്ന് ഗവേഷകർ. എട്ടു വർഷം നീണ്ട യാത്രയ്ക്കൊടുവിൽ, രണ്ടു പ്രോബുകൾ ഉൾക്കൊള്ളുന്ന പേടകം വിസ്മയഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിന്റെ ആദ്യഘട്ടം ആരംഭിച്ചു. യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയും സഹകരിക്കുന്ന ചരിത്രദൗത്യം നിർണായകഘട്ടത്തിലേക്കു പ്രവേശിക്കുന്പോൾ വിപുലമായ ഗവേഷണങ്ങളിലാണു ശാസ്ത്രലോകം.
ബെപ്പി കൊളംബോ ദൗത്യത്തിലൂടെ സൗരയൂഥത്തിലെ ഏറ്റവും ദുരൂഹമായ ഗ്രഹത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണു ബഹിരാകാശ ഗവേഷകരുടെ പ്രതീക്ഷ. പ്രധാന പ്രൊപ്പൽഷൻ മോഡ്യൂളിൽനിന്നു ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്ന രണ്ടു പ്രധാന പേടകങ്ങൾ വേർപെടുന്ന പ്രക്രിയയ്ക്കാണു തുടക്കമായിരിക്കുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ 'മെർക്കുറി പ്ലാനറ്ററി ഓർബിറ്റർ' (എംപിഒ), ജപ്പാന്റെ 'മെർക്കുറി മാഗ്നൊറ്റോസ്ഫെറിക് ഓർബിറ്റർ' (എംഐഒ) എന്നിവയാണത്. നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം, നവംബറോടെ പേടകങ്ങൾ ബുധന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഗ്രഹത്തെ വലംവയ്ക്കാൻ തുടങ്ങും. തുടർന്ന്, പരസ്പരം വേർപെട്ട്, 2027 ഏപ്രിലോടെ വിവരശേഖരണവും ശാസ്ത്രീയ പഠനങ്ങളും പൂർണതോതിൽ ആരംഭിക്കും.
സൂര്യനോടടുത്തു സ്ഥിതിചെയ്യുന്നതിനാൽ ബുധനിലേക്കു പേടകം എത്തിക്കുന്നത് അത്യധികം സങ്കീർണമാണ്. സൂര്യന്റെ ഭീമമായ ഗുരുത്വാകർഷണ ബലം പ്രതിരോധിക്കാൻ പേടകത്തിന്റെ വേഗത കുറയ്ക്കേണ്ടതുണ്ട്. പ്ലൂട്ടോയിലേക്കു പേടകം അയയ്ക്കുന്നതിനേക്കാൾ കൂടുതൽ ഊർജം ബുധനിലേക്കെത്തുവാൻ ആവശ്യമാണ്. 2018 ഒക്ടോബറിൽ വിക്ഷേപിച്ച ബെപ്പി കൊളംബോ, ഭൂമി, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സഹായത്തോടെയുള്ള പലവിധ 'ഫ്ളൈബൈ' വഴിയാണ് വേഗത ക്രമീകരിച്ച് കൃത്യമായ പാതയിലാക്കിയത്. ബുധന്റെ ഭ്രമണപഥത്തിൽ കൃത്യമായി പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ പേടകം സൂര്യന്റെ ഗുരുത്വാകർഷണത്തിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുമുണ്ട്.
ഇതിനുപുറമേ, കടുത്ത ചൂടും ഉയർന്ന തോതിലുള്ള സൗരവികിരണങ്ങളുമാണു ദൗത്യത്തിനു മുന്നിലുള്ള മറ്റൊരു പ്രധാന വെല്ലുവിളി. ഇടയ്ക്കിടെ തണുക്കാൻ സാഹചര്യമൊരുങ്ങുന്ന മറ്റു ബഹിരാകാശ പേടകങ്ങളിൽനിന്നു വ്യത്യസ്തമായി, ബുധന്റെ ഭ്രമണപഥത്തിൽ തുടരുന്ന 'ബെപ്പി കൊളംബോ'യ്ക്ക് സൂര്യനിൽ നിന്നുള്ള അതികഠിനമായ താപനില നിരന്തരം നേരിടേണ്ടി വരും. ഇതിനായി പ്രത്യേക താപപ്രതിരോധ സംവിധാനങ്ങളാണു പേടകത്തിൽ ഒരുക്കിയിരിക്കുന്നത്.
ബുധന്റെ ഉപരിതലഘടന, ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ, അന്തരീക്ഷം, കാന്തികമണ്ഡലം, ഗുരുത്വാകർഷണ മണ്ഡലം, ഗ്രഹത്തിന്റെ ഉത്പത്തി ചരിത്രം എന്നിവയാണ് 'ബെപ്പി കൊളംബോ' പഠനവിധേയമാക്കുന്നത്. ഇതിൽ 'എംപിഒ' പ്രോബ് ഗ്രഹത്തിന്റെ ഉപരിതലത്തെ വിശദമായി പഠിക്കുന്പോൾ, 'എംഐഒ' ഗ്രഹത്തിനു ചുറ്റുമുള്ള കാന്തികാവസ്ഥയെക്കുറിച്ചു പഠിക്കും. ബഹിരാകാശ ശാസ്ത്രരംഗത്തു വലിയ മാറ്റങ്ങൾ വരുത്തിയ വിഖ്യാത ഇറ്റാലിയൻ ശാസ്ത്രജ്ഞനും എൻജിനിയറുമായ ജുസെപ്പെ ബെപ്പി കൊളംബോയുടെ ഓർമയ്ക്കാണ് ഈ ദൗത്യത്തിന് 'ബെപ്പി കൊളംബോ' എന്നു പേരിട്ടിരിക്കുന്നത്.
മനുഷ്യചരിത്രത്തിൽ ബുധനെ ലക്ഷ്യമാക്കിയുള്ള മൂന്നാമത്തെ ദൗത്യമാണിത്. ഭൗമശാസ്ത്രജ്ഞർക്കും ബഹിരാകാശ നിരീക്ഷകർക്കും ബുധനെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായകഘടകമാകും ഈ ദൗത്യം.
Kerala
തൃശൂർ: കൊടുങ്ങല്ലൂരിൽ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സാബു പിടിയിൽ. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. വടക്കേനട സ്വദേശിയായ രാജീവിന്റെ പൂട്ടിക്കിടന്ന വീട്ടിലായിരുന്നു മോഷണം.
വീട്ടിലെ സിസിടിവി കാമറയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ട വീട്ടുടമസ്ഥൻ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് സ്ഥലത്തെത്തിയ കൊടുങ്ങല്ലൂർ പൊലിസ് വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
വീട്ടിൽ നിന്ന് മോഷ്ടിച്ച പണവും ഇയാളിൽ നിന്ന് കണ്ടെത്തി. പിൻവശത്തെ ജനൽ പൊളിച്ചാണ് പ്രതി വീടിനുള്ളിൽ പ്രവേശിച്ചതെന്ന് പൊലിസ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷൻ പരിധിയിൽ കവർച്ചയ്ക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
Kerala
ആലപ്പുഴ: കരുവാറ്റ ശിവൻകുട്ടി വധക്കേസിൽ അസാധാരണ നടപടിയുമായി കോടതി. പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലിസ് കസ്റ്റഡിയിൽ വിടാൻ ആലപ്പുഴ ജുവനൈൽ കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തവരെ പൊലിസ് കസ്റ്റഡിയിൽ വിടാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നിരിക്കെയാണ് കോടതിയുടെ അസാധാരണ നടപടി.
ക്രിമിനൽ നടപടി ചട്ടത്തിൽ പറയുന്ന വ്യവസ്ഥകളനുസരിച്ച് പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസ് ദുർബലപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ച സാഹചര്യത്തിലാണ് ഉത്തരവ്.
ഓഗസ്റ്റ് 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ ആണ് കൊല്ലപ്പെട്ടത്.
Kerala
തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ കാറിടിച്ച് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനു പിന്നാലെ നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും പോലീസ്.
യാത്രയ്ക്കിടെ തൃശൂര്‍ തളിക്കുളം പത്താംകല്ലില് മുറിയെടുക്കാന്‍ നിര്‍ത്തിയ സംഘം, നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും കൈയാങ്കളിയിലേക്കു നീങ്ങിയതോടെ നാട്ടുകാര്‍ വാടാനപ്പള്ളി പോലീസില്‍ വിവരം കൈമാറിയെന്നുമാണ് വിവരം. പോലീസ് എത്തുമെന്നറിഞ്ഞ് ഇവര്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. അമിത വേഗത്തില്‍ കൊച്ചിയിലേക്കു കടക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നെന്നും പറയുന്നു.
പത്താംകല്ലിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ശേഖരിച്ചു. ഇവരുടെ സഞ്ചാരപാതയും അന്വേഷണത്തിന്റെ പരിധിയിലാണ്.
എട്ടുപേരുടെയും ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇക്കാര്യം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറും സ്ഥിരീകരിക്കുന്നുണ്ട്. സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കു കാക്കനാട് കെമിക്കല്‍ എക്സാമിനേഷന് ലാബിലേക്ക് അയച്ചു. സംഭവത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍ പുനെ സ്വദേശി തുക്കാറാം കാംബ്ലിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചര്‍ച്ചയായി ഡോ. ഹിതേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്തുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട യുവാക്കള്‍ മദ്യപിച്ചിരുന്നെന്ന സൂചന നല്കി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍. റോഡ് നിര്‍മാണത്തിലെ സുരക്ഷാ വീഴ്ചകളും ദേശീയപാതാ അഥോറിറ്റിയുടെ ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാട്ടുന്നതിനൊപ്പം മദ്യപിച്ചുള്ള വാഹനമോടിക്കലിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
റോഡ് നിര്‍മാണ മേഖലയില്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതും റോഡരികില്‍ ഭാരവാഹനം സുരക്ഷിതമല്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്തതും അപകട സാധ്യത വര്‍ധിപ്പിച്ച് ഘടകങ്ങളായിരിക്കാം. ഇത്തരം വീഴ്ചകള്‍ ഗൗരവമായി അന്വേഷിക്കണം. എന്നാല്‍, ഫോറന്‍സിക് മെഡിസിന് വിദഗ്ധന്‍ എന്ന നിലയില്‍ ദുരന്തകാരണം ഒരു ഘടകത്തില്‍ മാത്രം ചുരുക്കുന്നതു ശാസ്ത്രീയ സമീപനമല്ലെന്ന് അദ്ദേഹം പറയുന്നു.
അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇത് അപകടത്തിന്റെ അന്വേഷണത്തില്‍ പ്രധാനപ്പെട്ടതാണ്. ഡ്രൈവറുടെ തീരുമാനമെടുക്കല്‍, ശ്രദ്ധ, പ്രതികരണ സമയം, വേഗത, ദൂരത്തെക്കുറിച്ചുള്ള നിഗമനങ്ങള്‍ എന്നിവയെ മദ്യം ബാധിക്കുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യാം. രക്തത്തതിലെ മദ്യത്തിന്റെ സാന്നിധ്യം മാത്രം അപകടത്തിന്റെ കാരണമെന്ന നിഗമനത്തില്‍ എത്താനും കഴിയില്ലെന്നത് ഓര്‍മിപ്പിക്കുന്നു.
മദ്യപിച്ചുള്ള വാഹനമോടിക്കല്‍ സമൂഹം നിരുത്സാഹപ്പെടുത്തണം. ഈ ദുരന്തം നല്കുന്ന പ്രധാന സന്ദേശങ്ങളിലൊന്നും ഇതാണ്. ഇതു പറയാന്‍ മാധ്യമങ്ങള്‍ ഭയക്കേണ്ടതില്ലെന്നും മദ്യപിച്ചു വാഹനമോടിക്കുന്നതു സ്വന്തം ജീവന് മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്നു. ഇക്കാര്യം ഓര്‍ത്താല്‍ നന്നെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
Kerala
തൃശൂർ: കുന്നംകുളത്ത് അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്നുവയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ കീഴടങ്ങി. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) ആണ് കുന്നംകുളം പൊലിസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇയാൾക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം ആയിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാർ നിർത്തിയിട്ട ബുള്ളറ്റിലിടിച്ച് മൂന്ന് പേരാണ് മരിച്ചത്.
ബെൻ മദ്യലഹരിയിലായിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ സംഭവം കഴിഞ്ഞ് 36 മണിക്കൂറിന് ശേഷമാണ് ബെൻ കീഴടങ്ങിയതെന്നതിനാൽ വൈദ്യപരിശോധനയിൽ അപകടസമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തുന്നതിന് പ്രായോഗികബുദ്ധിമുട്ടുകളുണ്ട്.
ശനിയാഴ്ച രാത്രി 11.40ഓടെ ആയിരുന്നു അപകടം. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, മകൻ എമിൽ ഐബക് എന്നിവരാണ് മരിച്ചത്.
Kerala
കോട്ടയം: ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് തയാറാക്കിയ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി.
ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നും നവജാതശിശുക്കളുടെ വാരിയെല്ലിൽ കുത്തിവയ്പ് എടുക്കാറില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ റിപ്പോർട്ടിലെ വാദങ്ങൾ തള്ളി രംഗത്തെത്തി.
സൂചി കയറിയ വിവരം അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരെ അറിയിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലിസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അറിയിച്ചു.
Kerala
കോട്ടയം: ചെക്ക് കേസിൽ മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ആശ്വാസം. ബോറിവലി മജിസ്ട്രേറ്റ് കോടതി കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു വാറന്റ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച മാണി സി. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് കോടതി പിൻവലിച്ചത്. അതേസമയം തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കാപ്പൻ വ്യക്തമാക്കി.
ബോറിവലി മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്.
Kerala
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർ വിചാരണയ്ക്ക് ഹാജരാകാത്തതിൽ മുന്നറിയിപ്പ് നൽകി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. വിചാരണയ്ക്ക് തടസമായി ഏതെങ്കിലും തരത്തിലുള്ള സ്റ്റേ ഉണ്ടെങ്കിൽ ഹാജരാക്കണമെന്നും കോടതി അറിയിച്ചു.
കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശമുണ്ടായിരുന്നു. വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാൻ മൂന്ന് പ്രതികൾക്കും അനുമതിയുണ്ടായിരുന്നെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല.
പ്രതികൾ വെള്ളിയാഴ്ച വിചാരണയ്ക്ക് ഹാജരാകണമെന്നാണ് നിർദേശിച്ചു. അതേസമയം ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളതായി അഭിഭാഷകൻ അറിയിച്ചു.
ഇതോടെയാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി നിലപാട് കടുപ്പിച്ചത്. എങ്കിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും അല്ലെങ്കിൽ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്നും കോടതി പറഞ്ഞു.