വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ
തിരുവനന്തപുരം: കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ, ഡൽഹിയിൽ പോയ സാഹചര്യത്തിൽ പിഎംശ്രീ പദ്ധതി കരാറിലെ മാറ്റങ്ങൾ അവിടെ ചർച്ച നടക്കും.
ഡൽഹിയിൽ ധാരണയായില്ലെങ്കിൽ മാത്രം പിഎംശ്രീ ഉപസമിതി റിപ്പോർട്ട് വീണ്ടും പരിഗണിക്കാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭയിലെ ധാരണ. പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ ഡൽഹിയിലായ സാഹചര്യത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുത്തിരുന്നില്ല.
പിഎംശ്രീ പദ്ധതി കരാറുമായി ബന്ധപ്പെട്ടു സംസ്ഥാനം നിർദേശിക്കുന്ന മാറ്റങ്ങൾ യോഗത്തിൽ മന്ത്രി എൻ. ഷംസുദീൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.
സംസ്ഥാനം നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തയാറായില്ലെങ്കിൽ വീണ്ടും ഉപസമിതി റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന മന്ത്രിസഭ ഔദ്യോഗികമായി കേന്ദ്രത്തോട് ആവശ്യപ്പെടും.
കേന്ദ്ര പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് 29നു പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച പ്രഗതി യോഗത്തിനു മുന്നോടിയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിച്ചത്.
കേന്ദ്ര പദ്ധതികളായ സമഗ്ര ശിക്ഷാ അഭിയാൻ, പ്രധാനമന്ത്രിയുടെ പോഷണ്‍ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തത്.
Tags : PMShri EducationMinister talks Center Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash