പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആശുപത്രികളിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട (ഡിസ്പോസബിൾ) മെഡിക്കൽ ഉപകരണങ്ങളും സർജിക്കൽ വസ്തുക്കളും വീണ്ടും ഉപയോഗിക്കുന്നതിനെതിരേ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ.
പൊതു-സ്വകാര്യ ആരോഗ്യ മേഖലകളിൽ ഇത്തരം നിയമലംഘനങ്ങൾ വ്യാപകമാണെന്ന പരാതികളെത്തുടർന്നാണ് കേന്ദ്രം നിരോധനം കർശനമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അടിയന്തര നിർദേശം കൈമാറി.
കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി തുടങ്ങിയ അത്യാഹിത വിഭാഗങ്ങളിൽപ്പോലും ഉപകരണങ്ങൾ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കുന്നത് രോഗികളുടെ ജീവനു ഭീഷണിയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ മാരക രോഗങ്ങൾ പടരാൻ ഇതു കാരണമാകുന്നുണ്ട്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കുമ്പോഴും പുതിയ ഉപകരണങ്ങളുടെ മുഴുവൻ തുകയും രോഗികളിൽനിന്ന് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ ചൂഷണത്തിന് തടയിടുകകൂടി കേന്ദ്രനീക്കത്തിനു പിന്നിലുണ്ട്.
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, മെഡിക്കൽ ഡിവൈസസ് റൂൾസ് എന്നിവയുടെ ലംഘനമാണിതെന്നു ചൂണ്ടിക്കാട്ടിയ സർക്കാർ, പരിശോധനകൾ ശക്തമാക്കാൻ ചീഫ് സെക്രട്ടറിമാർക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
Tags : TightensRegulations CentralGovernment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash