Kerala
തിരുവനന്തപുരം: കോണ്ഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവായി എൻ. ശക്തനെയും സെക്രട്ടറിയായി എം. വിൻസന്റിനെയും തെരഞ്ഞെടുത്തു.
ടി.ജെ. വിനോദാണ് ട്രഷറർ. കോണ്ഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പായി ഡോ. മാത്യു കുഴൽനാടനെയും വിപ്പുമാരായി ഐ.സി. ബാലകൃഷ്ണൻ, സി.ആർ. മഹേഷ്, സനീഷ്കുമാർ ജോസഫ്, ഉമ തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.
പാർലമെന്ററി പാർട്ടി നേതാവായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് സര്വീസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട പരാതികളും പ്രിയദര്ശിനി സര്വീസുകള് സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള് ഉന്നയിച്ച ആവശ്യങ്ങളും പഠിക്കാന് സര്ക്കാര് നാലംഗ കമ്മിറ്റി രൂപീകരിച്ചു.
സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് അഥോറിറ്റി അംഗം കെ. സുരേഷ് ബാബുവാണ് കമ്മിറ്റിയുടെ ചെയര്മാന്. സീനിയര് ഡെപ്യൂട്ടി ട്രാന്സ്പോര്ട്ട് കമ്മീഷണര് സി.വി.എം ഷെരീഫാണ് കണ്വീനര്. കെഎസ്ആര്ടിസി എക്സിക്യൂട്ടീവ് ഡയറക്ടര് (ഓപ്പറേഷന്സ്) ജി.പി. പ്രദീപ് കുമാര്, നാഷണല് ട്രാന്സ്പോര്ട്ടേഷന് പ്ലാനിംഗ് ആന്ഡ് റിസര്ച്ച് സെന്റര് (നാറ്റ്പാക്) ടെക്നിക്കല് ഓഫിസര് ആര്.ജെ. സഞ്ജയ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളില് ബന്ധപ്പെട്ടവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം പരമാവധി ആറ് ആഴ്ചയ്ക്കുള്ളില് സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിക്കാനാണ് നിര്ദേശം. ഗതാഗത സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കി.
Kerala
കോഴിക്കോട്: വന്യജീവി ആക്രമണങ്ങളില് കൊല്ലപ്പെട്ടവരുടെ ആശ്രിതര്ക്കും സാരമായി പരിക്കേറ്റ് ഉപജീവനമാര്ഗം മുടങ്ങിയിരിക്കുന്നവര്ക്കും ആശ്വാസം പകരുന്ന വാര്ത്തയാണ് വനംമന്ത്രി ഷിബു ബേബി ജോണില്നിന്നുണ്ടായിരിക്കുന്നത്.
വന്യജീവി ആക്രമണങ്ങള്ക്കിരയാകുന്നവരുടെ ആശ്രിതര്ക്ക് പെന്ഷന് നല്കുന്ന പദ്ധതി സര്ക്കാരിന്റെ പരിഗണനയിലാണെന്നാണ് കഴിഞ്ഞദിവസം വനംമന്ത്രി നിയമസഭാ ചോദ്യോത്തരത്തിന് നല്കിയ മറുപടി.
എംഎല്എമാരായ ഐ.സി. ബാലകൃഷ്ണന്, ആര്യാടന് ഷൗക്കത്ത്, എഫ്. രാജ എന്നിവര് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള് നേരിടുന്നവര്ക്കുള്ള സഹായങ്ങള് ലഭ്യമാക്കുന്നതിന്റെയും പ്രതിരോധ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിന്റെയും ഭാഗമായി നിയമസഭാ മണ്ഡലതലത്തില് പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Kerala
എടത്വ: സെന്റ് അലോഷ്യസ് കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഗവേഷകയുമായ ഇന്ദു ട്രീസ ജോച്ചനും ബംഗളൂരു ക്രൈസ്റ്റ് സര്വകലാശാലാ ഫിസിക്സ് പ്രഫസര് ഡോ. ഇ.ഐ. അനിലയ്ക്കും ഇന്ത്യന് പേറ്റന്റ്.
ഗ്ലാസ് സബ് സ്ട്രേറ്റുകളില് സിങ്ക് ഗാലേറ്റ് തിന് ഫിലിംസ് നേരിട്ട് നിര്മിക്കുന്നതിനുള്ള ഹൈഡ്രോ തെര്മല് രീതി കണ്ടെത്തിയ ഗവേഷണത്തിനാണ് ഇരുവര്ക്കും പേറ്റന്റ് ലഭിച്ചത്. 2026 ഫെബ്രുവരി ആറു മുതല് 20 വര്ഷത്തേക്ക് അനുവദിച്ചിട്ടുള്ള ഈ പേറ്റന്റ് ഒക്ടോബര് 14 നാണ് ഇന്ത്യയുടെ പേറ്റന്റ് ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കുറഞ്ഞ ഊര്ജം ഉപയോഗിച്ച് ഗ്ലാസിലേക്ക് സിങ്ക് ഗാലേറ്റ് തിന് ഫിലിംസ് ഉറപ്പിച്ചു നിര്ത്തുന്ന ഈ പരിസ്ഥിതി സൗഹൃദ നിര്മാണ രീതി, ഒപ്റ്റോ-ഇലക്്ട്രോണിക് ഉപകരണങ്ങള്, എല്ഇഡി ഡിസ്പ്ലേ, യുവി സെന്സറുകള്, സോളാര് സെല്ലുകള് എന്നിവയുടെ കാര്യക്ഷമത വര്ധിപ്പിക്കാന് ഏറെ പ്രയോജനപ്പെടും.
ഹൈഡ്രോ തെര്മല് രീതി ഉപയോഗിച്ച് ഗ്ലാസുകളില് സിങ്ക് ഗാലേറ്റ് ആവരണം ചെയ്യുന്നത് പ്രകാശതീവ്രതയെ നിയന്ത്രിക്കാന് കഴിയുമെന്ന് ഈ ഗവേഷകര് കണ്ടെത്തിയിട്ടുണ്ട്. സങ്കീര്ണവും ഉയര്ന്ന ചെലവുള്ളതുമായ സാങ്കേതികവിദ്യകള്ക്കു പകരം ലളിതമായ ഹൈഡ്രോതെര്മല് സജ്ജീകരണങ്ങളിലൂടെ ഉയര്ന്ന സ്ഥിരതയുള്ള പാളികള് കൃത്യതയോടെ വളര്ത്തിയെടുക്കാം എന്നതും ഈ കണ്ടുപിടിത്തത്തിന്റെ സവിശേഷതയാണ്.
ചങ്ങനാശേരി അതിരൂപത പാസ്റ്ററല് കൗണ്സില് സെക്രട്ടറിയും എടത്വ സെന്റ് അലോഷ്യസ് കോളജ് മുന് പ്രിന്സിപ്പലും പുന്നപ്ര ഗ്രിഗോറിയോസ് കോളജിന്റെ പ്രിന്സിപ്പലുമായ എടത്വ കൊഴുപ്പക്കളത്തില് ഡോ. ജോച്ചന് ജോസഫിന്റെയും കിടങ്ങറ വെറ്ററിനറി ആശുപത്രി സീനിയര് വെറ്ററിനറി സര്ജന് ഡോ. ഈതല് ദാസിന്റെയും മകളാണ് ഇന്ദു ട്രീസ ജോച്ചന്. ബംഗളൂരു ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പിലെ ഏരിയ കണ്ട്രോളര് അലക്സ് ഏബ്രഹാമാണ് ഭര്ത്താവ്.
എറണാകുളം ഇടപ്പള്ളി സാകല്യം വീട്ടില് ഡോ. എന്. സുരേഷിന്റെ ഭാര്യയായ ഡോ. ഇ.ഐ. അനില നേടുന്ന അഞ്ചാമത്തെ പേറ്റന്റാണിത്.
Kerala
കാസർഗോഡ്: നിരോധിത മയക്കുമരുന്നായ മെത്താഫെറ്റമിൻ കടത്തിയ കേസിൽ രണ്ടു നൈജീരിയക്കാരടക്കം അഞ്ചുപേരെ കുറ്റക്കാരായി കണ്ടെത്തി. ഒരു പ്രതിയെ വെറുതേവിട്ടു.
കാസർഗോഡ് ചട്ടഞ്ചാൽ തൈര സ്വദേശി അബൂബക്കർ (38), ഭാര്യ അമീന അസ്ര (35), ബംഗളൂരു സ്വദേശി വസീം അക്രം (35), നൈജീരിയക്കാരായ ഹഫ്സ റിഹാനത്ത് ഉസ്മാൻ എന്ന ബ്ലസിംഗ് ജോയ് (25), ഉക്ക മോസസ് (41) എന്നിവരെയാണു കാസർഗോഡ് അഡിഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ടി.എച്ച്. രജിത കുറ്റക്കാരെന്നു കണ്ടെത്തിയത്. നാലാം പ്രതി സൂരജിനെ വെറുതേവിട്ടു.
2023 ഏപ്രിൽ 23ന് ഉദുമ പള്ളത്തുവച്ചാണ് 150 ഗ്രാം മെത്താഫെറ്റമിനുമായി കാറിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ ബേക്കൽ പൊലിസ് അറസ്റ്റുചെയ്തത്.
ഒന്നാം പ്രതി അബൂബക്കറിന്റെ അടിവസ്ത്രത്തിനുള്ളിൽനിന്നും കാറിന്റെ ഡാഷ് ബോർഡിൽനിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നാണ് അന്വേഷണം അന്താരാഷ്ട്ര മയക്കുമരുന്ന് നിർമാണ വിതരണസംഘത്തിൽപെട്ട നൈജീരിയക്കാരിലെത്തുന്നത്. പ്രതികൾക്കുള്ള ശിക്ഷ 17നു വിധിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി കന്പനികളുടെ കൂട്ടായ്മയായ ജിടെക് സംഘടിപ്പിക്കുന്ന ജിടെക് മാരത്തണ് അഞ്ചാം പതിപ്പിന്റെ വെബ്സൈറ്റ് ലോഞ്ചിംഗും രജിസ്ട്രേഷൻ ഉദ്ഘാടനവും തിരുവനന്തപുരം ടെക്നോ പാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്നു.
ജിടെക് മാരത്തണിന്റെ ഒദ്യോഗിക വെബ്സൈറ്റ് ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ. അപു ജോണ് ജോസഫ് എംഎൽഎ പ്രകാശനം ചെയ്തു. അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കായിക-യുവജനക്ഷേമ മന്ത്രി ഒ. ജെ. ജനീഷ്, കൃഷി മന്ത്രി ടി. സിദ്ദിഖ് എന്നിവർ ചേർന്നു നിർവഹിച്ചു.
ചടങ്ങിൽ ഔദ്യോഗിക പ്രൊമോഷണൽ വീഡിയോ പ്രകാശനവും, വിവിധ റണ്ണിംഗ് ക്ലബ്ബുകളെ ആദരിക്കലും നടന്നു. ജിടെക് ഭാരവാഹികൾ, ടെക്നോ പാർക്ക്- ഐടി കന്പനികളുടെ പ്രതിനിധികൾ, കായിക പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
ചെറുതോണി: നേര്യമംഗലം- ഇടുക്കി സംസ്ഥാനപാതയോരത്ത് കരിമണൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ പാംബ്ലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ബോഡി നായ്ക്കന്നൂർ പരമശിവം കോവിൽ സ്ട്രീറ്റിൽ നിത്യയുടെ (18) മൃതദേഹമാണെന്ന് പൊലിസ് തിരിച്ചറിഞ്ഞു.
സംഭവത്തിൽ രാജാക്കാട് വട്ടപ്പാറ അംബേദ്കർ കോളനി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ നിശാന്തിനെ (19) ഇന്നലെ രാവിലെ 10.45ന് കല്ലാർകുട്ടിയിൽനിന്ന് പൊലിസ് കസ്റ്റഡിയിൽ എടുത്തു.
നിശാന്തും നിത്യയും മൂന്നുവർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ പെൺകുട്ടി നിശാന്തിനെ കാണാൻ പൂപ്പാറയിലെത്തുകയായിരുന്നു. നിശാന്തിന്റെ നിർദേശാനുസരണമായിരുന്നു പെൺകുട്ടി എത്തിയത്. വിവാഹക്കാര്യം സംസാരിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാവുകയും പെൺകുട്ടിയെ കട്ടിംഗിൽനിന്നും തള്ളിയിടുകയുമായിരുന്നു.
പെൺകുട്ടിയുടെ മുഖത്ത് കല്ലിനിടിച്ച് പരിക്കേൽപ്പിച്ചു. തുടർന്നു മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം പ്രതിയുടെ ഓട്ടോയിൽ കയറ്റി പാംബ്ല വനമേഖലയിൽ എത്തിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.
Kerala
കൊച്ചി: പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പാലാരിവട്ടം ശാഖയില് മുക്കുപണ്ടങ്ങള് പണയപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസില് ഒളിവിലായിരുന്ന യുവാവ് പിടിയില്. കോഴിക്കോട് ഫറോക്ക് സ്വദേശി അല്ത്താഫിനെ (29) യാണു ബംഗളൂരുവില്നിന്ന് പാലാരിവട്ടം പൊലിസ് പിടികൂടിയത്. കേസിലെ നാലാംപ്രതിയാണ് ഇയാള്.
കഴിഞ്ഞ ജൂണിലാണ് 14 തവണയായി 116 മുക്കുപണ്ടം വളകള് സ്വര്ണമെന്ന വ്യാജേന പണയപ്പെടുത്തി പണം തട്ടിയത്. ആഭരണങ്ങള് പണയപ്പെടുത്തിയ കണ്ണൂര് ഇരിക്കൂര് സ്വദേശി വിഷ്ണു (31), വയനാട് സുല്ത്താന് ബത്തേരി സ്വദേശി ടി.ആര്. രാഹുല് (39) എന്നിവരെ വീണ്ടും മുക്കുപണ്ടം പണയപ്പെടുത്താനെത്തിയപ്പോള് ജീവനക്കാര് തടഞ്ഞുവച്ച് പൊലിസിന് കൈമാറിയിരുന്നു.
വ്യാജ ആഭരണങ്ങള് നിര്മിച്ചു നല്കിയ കോതമംഗലം സ്വദേശി ഷിനോജ് (42), ആഭരണങ്ങള് നിര്മിക്കാന് ഷിനോജിനെ ചുമതലപ്പെടുത്തിയ ഇടുക്കി സ്വദേശികളായ അര്ഷാല് ഇസ്മായില് (32), ലിബിന് സേവ്യര് (34) എന്നിവര് തുടരന്വേഷണത്തിലും പിടിയിലായി. അല്ത്താഫും ലിബിന് സേവ്യറും അര്ഷാലും ചേര്ന്നാണ് ആഭരണങ്ങള് നിര്മിക്കാന് ഷിനോജിനെ ഏല്പ്പിക്കുന്നത്.
തട്ടിപ്പ് പുറത്തായതിനെത്തുടര്ന്ന് മുങ്ങിയ അല്ത്താഫ് ബംഗളൂരുവിലെത്തി മൊബൈല് ഷോപ്പില് ജോലിചെയ്തുവരികയായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Kerala
കൊച്ചി: കേരള ലോക്കല് സെല്ഫ് ഗവണ്മെന്റ് എംപ്ലോയീസ് ഓര്ഗനൈസേഷന് (കെഎല്ഇഒ) സംസ്ഥാന പ്രസിഡന്റായി നൈറ്റോ ബേബി അരീക്കലിനെ തെരഞ്ഞെടുത്തു. ജോണ് കെ. സ്റ്റീഫനാണ് ജനറല് സെക്രട്ടറി.
മറ്റു ഭാരവാഹികള്: വി.എം. അബ്ദുള്ള-ചീഫ് അഡ്വൈസര്, എസ്. കരുണാകരന്, ജി. ജ്യോതികുമാര്- വര്ക്കിംഗ് പ്രസിഡന്റുമാര്, എം. മജീദ്, ആര്. രാജേഷ്, എസ്.എല്. അജീഷ് ഖാന്, കെ.വി. സുനിത, ജയിന് വര്ഗീസ് പാത്താടന്, കെ.ആര്. സുജിത്, ബി.എസ്. ഉണ്ണികൃഷ്ണന്, വി. സതീഷ് കുമാര്, വി.ആര്. അജിത് കുമാര്- വൈസ് പ്രസിഡന്റുമാര്, ബിനു വര്ഗീസ്- ട്രഷറര്, ജയകൃഷ്ണന് ചുങ്കത്ത്- ഓര്ഗനൈസിംഗ് സെക്രട്ടറി. പി. ജയരാജന്, എ.വി. പ്രശാന്ത്, പ്രേമകുമാർ കോട്ടപ്പാട്ട്, സി.കെ. നിഷ, എസ്. അനില്കുമാര്, ടി.ഡി. തോമസ്, ജി. സനില്കുമാര്, പി.ഡി. പരമേശ്വരന്, ആര്. ഷീബ- സംസ്ഥാന സെക്രട്ടറിമാര്, സി. ലളിത- വനിതാഫോറം കണ്വീനര്.
National
മീററ്റ്: ഭർത്താവിനെ കൊലപ്പെടുത്തിയശേഷം പാന്പുകടിമരണമെന്നു തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഭാര്യക്കും കാമുകനും വധശിക്ഷ.
മിക്കി കാശ്യപ് എന്നറിയപ്പെടുന്ന അമിത് കാശ്യപിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ രവിത, കാമുകൻ അമർദീപ് എന്നിവർക്കാണു യുപിയിലെ മീററ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജയ്വീർ സിംഗ് നാഗർ വധശിക്ഷ വിധിച്ചത്.
കഴിഞ്ഞവർഷം ഏപ്രിൽ 13നാണ് അമിതിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. മൃതശരീരത്തിനു സമീപത്തുനിന്ന് ജീവനുള്ള ഒരു പാന്പിനെ പിടികൂടുകയും ചെയ്തു.
അപൂര്വങ്ങളില് അപൂര്വമായ കേസാണിതെന്നു നിരീക്ഷിച്ച കോടതി, ഇരുവര്ക്കും പരമാവധി ശിക്ഷ വിധിക്കുകയായിരുന്നു. അമിതിന്റെ മരണം പാന്പുകടിയേറ്റാണെന്നായിരുന്നു കുടുംബാംഗങ്ങൾ ആദ്യം കരുതിയത്.
എന്നാൽ, മൃതദേഹത്തിന്റെ കഴുത്തിലെ പരിക്കുകളും ശരീരത്തിലെ പോറലുകളും സംശയം ജനിപ്പിച്ചതോടെ നടത്തിയ പോസ്റ്റ്മോര്ട്ടത്തിലാണ് കഴുത്തു ഞെരിച്ചതിനെത്തുടര്ന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്നു സ്ഥിരീകരിച്ചത്.
National
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് സൂര്യകാന്തിനും ജുഡീഷ്യറിക്കുമെതിരേ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്തിനും മുതിർന്ന മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയ്ക്കും സുപ്രീംകോടതി കാരണംകാണിക്കൽ നോട്ടീസ് അയച്ചു. വിഷയത്തിൽ ഇരുവർക്കുമെതിരേ ക്രിമിനൽ കോടതിയലക്ഷ്യ നടപടികളാണു സ്വീകരിച്ചിരിക്കുന്നത്.
ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ അത്യന്തം നിർഭാഗ്യകരമാണെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സുപ്രീംകോടതി ബാർ അസോസിയേഷൻ നൽകിയ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം.
"ആളുകൾ പലരുടെയും ചതിക്കുഴികളിൽ വീണുപോകുകയാണെന്ന് അവർ മനസിലാക്കുന്നില്ല. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കോടതികൾ ഒരിക്കലും പിന്നാക്കം പോയിട്ടില്ല. എന്നിട്ടും നിങ്ങൾ വിമർശനം തുടരുകയാണെങ്കിൽ അതു വളരെ നിർഭാഗ്യകരമാണ്. എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'-ചീഫ് ജസ്റ്റീസ് പറഞ്ഞു.
അതേസമയം, അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ റാവത്തിനും വാഗ്ലെയ്ക്കും നേരിട്ടു ഹാജരാകുന്നതിൽനിന്ന് ബെഞ്ച് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവരുടെ വിശദീകരണം ആദ്യം പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ 12ന് പ്രതിപക്ഷ പ്രതിനിധിസംഘത്തെ കാണാൻ ചീഫ് ജസ്റ്റീസ് വിസമ്മതിച്ചതിനെത്തുടർന്ന്, സഞ്ജയ് റൗത്ത് ചീഫ് ജസ്റ്റീസിനെതിരേ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്നതും നിന്ദ്യവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ബാർ അസോസിയേഷന്റെ ഹർജിയിൽ പറയുന്നത്.
മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെ തന്റെ എക്സ് അക്കൗണ്ടിലൂടെ ചീഫ് ജസ്റ്റീസിനെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ പരാമർശങ്ങൾ ന്യായമായ വിമർശനത്തിന്റെ അതിരുകൾ ലംഘിക്കുന്നതാണെന്നും സുപ്രീംകോടതിയോടുള്ള പൊതുജനവിശ്വാസം തകർക്കാൻ പോന്നതാണെന്നും ഹർജിക്കാർ ആരോപിച്ചു. അതേസമയം, തന്നെ മനഃപൂർവം ലക്ഷ്യമിടുകയാണെന്നും രാജ്യത്തിനുവേണ്ടി ജയിലിൽ പോകാനും തയാറാണെന്നും സഞ്ജയ് റൗത്ത് മാധ്യമങ്ങളോട് പറഞ്ഞു.
National
ന്യൂഡൽഹി: എസ്ഐആർ ക്രമക്കേടിൽ പ്രതിഷേധിച്ചതിന് പൊലിസ് മർദനം നേരിട്ട മലയാളി വിദ്യാർഥി ആതിര വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ ഒളിച്ചുകളി തുടർന്ന് ഡൽഹി പൊലിസ്.
ആതിരയുടെ പരാതിയിൽ കേരളത്തിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു എന്നു ചൂണ്ടിക്കാട്ടിയാണ് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചത്.
ആതിരയ്ക്കൊപ്പം മർദനമേറ്റ രാജസ്ഥാൻ സ്വദേശി ഋതു ബാരലിന്റെ പേരും കേരളത്തിൽ നൽകിയ പരാതിയിൽ ഉൾപ്പെടുത്താനും ഡൽഹി പൊലിസ് ആവശ്യപ്പെട്ടു. എന്നാൽ, രാജസ്ഥാൻ സ്വദേശിയായ ഋതുവിന് കേരളത്തിൽ സീറോ എഫ്ഐആർ ഫയൽ ചെയ്യാൻ കഴിയില്ലെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
National
പ്രയാഗ്രാജ്: ഭൂമി തർക്കത്തെത്തുടർന്ന് അന്പത്തിരണ്ടുകാരനായ അഭിഭാഷകൻ വെടിയേറ്റു കൊല്ലപ്പെട്ടു. സതീഷ്കുമാർ ശ്രീവാസ്തവ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച സലോറി മേഖലയിലാണ് സംഭവം. മറ്റൊരു അഭിഭാഷകനാണു വെടിവെച്ചതെന്നാണ് നിഗമനം. കൊല്ലപ്പെട്ട സതീഷ് ശ്രീവാസ്തവ കോളജിൽ ലാബ് അറ്റൻഡന്റായി ജോലി ചെയ്തിരുന്നു.
അഡീഷണൽ ഗവ. അഡ്വക്കറ്റ് ദേവേന്ദ്ര നാഥ് മിശ്ര, ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ഭർത്താവിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണു സതീഷിന്റെ ഭാര്യ വർഷയുടെ ആരോപണം. നസൂൽ ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണു വിവരം.
വ്യാഴാഴ്ച ഉച്ചയോടെ തർക്കഭൂമിയിലെത്തിയ ദേവേന്ദ്ര നാഥ് മിശ്ര, സതീഷ് സ്ഥാപിച്ചിരുന്നുവെന്നു പറയപ്പെടുന്ന പൂട്ടു തകർത്തതോടെയാണു സംഘർഷമുണ്ടായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സാഗർ ജെയിൻ പറഞ്ഞു. തുടർന്നുണ്ടായ തർക്കത്തിനിടെ വെടിയുതിർക്കുകയും സതീഷിന്റെ വയറ്റിൽ വെടിയേൽക്കുകയുമായിരുന്നു.
ദേവേന്ദ്ര നാഥ് മിശ്ര, ഭാര്യ ശൈൽ മിശ്ര, മകൻ അമരേന്ദ്ര നാഥ് മിശ്ര, നിപേന്ദ്ര മിശ്ര എന്നിവർക്കും തിരിച്ചറിയാത്ത പത്തു പേർക്കും എതിരേ വർഷ പോലീസിൽ പരാതി നൽകി. ജില്ലാ സെഷൻസ് കോടതിയിലെ അഭിഭാഷകനായിരുന്ന സതീഷ്, ഈശ്വർ ശരൺ ഡിഗ്രി കോളേജിൽ ലാബ് അസിസ്റ്റന്റായും ജോലി ചെയ്തിരുന്നു.
National
കോണ്ടഗാവ്: ഛത്തീസ്ഗഡിലെ ധാംതാരി, കോണ്ടഗാവ് ജില്ലകളിലെ നാലു ഗ്രാമങ്ങളിലായി ഒരു പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഗർഭിണി അടക്കം രണ്ടു പേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു. വ്യാഴാഴ്ച മുതലായിരുന്നു പുലിയുടെ ആക്രമണം.
ധാംതാരി ജില്ലയിലെ കാരിപാനി, ബഹിഗാവ്, അമാനാര ഗ്രാമങ്ങളിൽ പുലിയുടെ ആക്രമണത്തിൽ പ്രഭു പാർദേ (42) എന്നയാൾ മരിച്ചു. പത്തു പേർക്കു പരിക്കേറ്റു. ഗർഭിണിയായ രാംഷീല മണ്ഡാവി (27) സമീപപ്രദേശമായ കോണ്ടഗാവിലെ ബസ്തർ ബുദ്രയിൽ പുലിയുടെ ആക്രമണത്തിൽ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.
ഒട്ടേറെ പേരെ പുലി ആക്രമിച്ചത് അസാധാരണമാണെന്ന് അധികൃതർ പറയുന്നു. പേവിഷബാധ മൂലമാകാം പുലി ആക്രമണോത്സുകനായതെന്നാണു നിഗമനം. ഇന്നലെ അമനാര ഗ്രാമത്തിൽവച്ച് പുലിയെ നാട്ടുകാർ പിടികൂടി വനവകുപ്പ് അധികൃതർക്കു കൈമാറി.
National
ന്യൂഡൽഹി: കേരളത്തിലെ കോടതി ഫീസ് കുത്തനെ കൂട്ടിയ നടപടിക്കെതിരെ പ്രതികരണം തേടി സുപ്രീംകോടതി.
കേരള ഫിനാൻസ് ആക്ട് പ്രകാരം കോടതി ഫീസ് വലിയ തോതിൽ വർധിപ്പിച്ച നടപടിക്കെതിരെ ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ (കെഎച്ച്സിഎഎ) നൽകിയ പ്രത്യേകാനുമതി ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
കോടതിയിൽ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുകയുടെ മൂല്യത്തിന് ആനുപാതികമായി ഫീസ് ഈടാക്കുന്ന ‘അഡ് വാലോറം’ (മൂല്യത്തിനനുസരിച്ചുള്ള) സമ്പ്രദായം സാധാരണക്കാർക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
എന്നാൽ വാണിജ്യതർക്കങ്ങളിലെ നിയമനടപടികൾക്ക് അതിന്റേതായ വിലയുണ്ടെന്നും, ഇത്തരം കേസുകളിൽ ചെലവഴിക്കുന്ന ജുഡീഷ്യൽ സമയത്തിന് തുക ഈടാക്കേണ്ടതുണ്ടെന്നും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിച്ചു.
National
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾക്ക് അന്തിമരൂപം നൽകിയതായും അവ പ്രസിദ്ധീകരിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചതായും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
സ്വകാര്യ വിമാനക്കമ്പനികളുടെ അനിയന്ത്രിതമായ ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം.
ഉത്സവസീസണുകളിലും തിരക്കുള്ള സമയങ്ങളിലും ടിക്കറ്റ് നിരക്ക് കുത്തനേ ഉയരുന്നതും, അമിത ലഗേജ് ഫീസ് ഈടാക്കുന്നതും അടക്കമുള്ള ആശങ്കകൾ പരിഹരിക്കുന്നതാണ് പുതിയ ചട്ടങ്ങൾ. പ്രസിദ്ധീകരിച്ച ചട്ടങ്ങൾ നവംബർ 16നകം ഹാജരാക്കാൻ കോടതി നിർദേശിച്ചു.
ഓഗസ്റ്റ് 17ന് കേന്ദ്രസർക്കാർ നിർദിഷ്ട ചട്ടങ്ങളുടെ കരട് സീൽ ചെയ്ത കവറിൽ സുപ്രീംകോടതിക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. കരട് പരിശോധിച്ച കോടതി അത് സർക്കാരിനു തിരികെ നൽകുകയും ചെയ്തിരുന്നു.
National
അമരാവതി: പാക് ചാരസംഘടനയായ ഐഎസ്ഐക്കുവേണ്ടി ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തിയതിന് രണ്ടു പേർകൂടി ആന്ധ്രയിൽ പിടിയിലായി. ബൊംഗു രവി, കദരി ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവർ നാലായി.
വിശാഖപട്ടണം നാവിക ഡോക്യാർഡിലെ എൻജിനിയറിംഗ് കന്പനിയിലെ ജീവനക്കാരൻ ബൊംഗു രവിയുമായി ദുബായിലെ ഷിപ്പിംഗ് കന്പനി ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തിയ സ്ത്രീ 2023ൽ ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചശേഷം, നാവികസേനാ ആസ്ഥാനത്തെ കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയെക്കുറിച്ച് വിവരം നൽകിയാൽ പണം തരാമെന്നു വാഗ്ദാനം ചെയ്തു. രവി സുഹൃത്ത് ശ്രിനിവാസിനെ ഒപ്പം കൂട്ടി വിവരങ്ങൾ പങ്കുവച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2025 ഒക്ടോബർ 12ന് മൽകാപുരം പോലീസാണ് ഇവർക്കതിരേ ചാരവൃത്തിക്കേസ് രജിസ്റ്റർ ചെയ്തത്.
International
വത്തിക്കാൻ സിറ്റി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ലെയോ പതിനാലാമൻ മാർപാപ്പ ഫോണിൽ സംസാരിച്ചു. യുക്രെയ്നിലെ ഖേർസൺ മേഖലയിലുള്ള ഒലേഷ്കി നഗരത്തിലെ ഗുരുതരമായ മാനുഷിക സാഹചര്യങ്ങളിൽ മാർപാപ്പ തന്റെ തീവ്രമായ ആശങ്ക രേഖപ്പെടുത്തി.
ജനങ്ങൾക്ക് അടിയന്തര ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിനും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് മാർപാപ്പ പുടിനോട് ആവശ്യപ്പെട്ടു.
"ഒലേഷ്കിയിലെ ദയനീയമായ മാനുഷിക സാഹചര്യത്തിൽ മാർപാപ്പ അത്യധികം ആശങ്ക പ്രകടിപ്പിച്ചതായും, സഹായമെത്തിക്കുന്നതിനും ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും വെടിനിർത്തലിന് ആഹ്വാനം ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ലോകത്തു സമാധാനവും സഭാപരമായ ചർച്ചകളും പ്രോത്സാഹിപ്പിക്കുന്നതിൽ വത്തിക്കാന്റെ പ്രതിജ്ഞാബദ്ധത മാർപാപ്പ വീണ്ടും ആവർത്തിച്ചതായും വാർത്താക്കുറിപ്പിൽ പറയുന്നു.
National
കാർവാർ: ഇന്ത്യൻ നാവികസേനയ്ക്കായി തദ്ദേശീയമായി നിർമിച്ച വിവിധോദ്ദേശ്യ കപ്പൽ ഐഎൻഎസ് സമർഥക് ഇന്നലെ കമ്മിഷൻ ചെയ്തു. കാർവാറിലെ നാവികതാവളത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ആണു കപ്പൽ കമ്മിഷൻ ചെയ്തത്.
നാവികസേനാ തലവൻ അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, കർണാടക മന്ത്രി സന്തോഷ് ലാഡ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാട്ടിലെ എൽആൻഡ് ടിയുടെ കാട്ടുപ്പള്ളി ഷിപ്യാർഡിലായിരുന്നു നിർമാണം.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെ വെടിവയ്ക്കണമെന്ന ജൻസുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിന്റെ പരാമർശത്തിനെതിരേ ബിജെപി. പരാമർശം പിൻവലിച്ച് പ്രശാന്ത് കിഷോർ മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം.
ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർധിക്കുന്നതിനെതിരേയുള്ള പ്രതികരണത്തിലാണു പ്രശാന്ത് കിഷോറിന്റെ വിവാദ പരാമർശം.
കുറ്റവാളികളെ വെടിവച്ചുകൊല്ലുന്നതാണു പോംവഴിയെങ്കിൽ സാമ്രാട്ട് ചൗധരിയെക്കാൾ വലിയ ക്രിമിനൽ ഇല്ലെന്നു പ്രസംഗത്തിൽ കുറ്റപ്പെടു ത്തിയിരുന്നു.
National
ന്യൂഡൽഹി: സമരങ്ങളെ തുടർന്നുണ്ടാകുന്ന വ്യാപാരനഷ്ടത്തിന് നിയമപരമായ നഷ്ടപരിഹാരം ഈടാക്കാൻ അധികാരം പ്രയോഗിക്കുമെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു.
കോക്രോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ മാർച്ചിനെ തുടർന്നുണ്ടാകുന്ന വ്യാപാരനഷ്ടം ചൂണ്ടിക്കാട്ടി പ്രദേശത്തെ വ്യാപാരികൾ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
പ്രക്ഷോഭം മൂലം ദിവസേന കോടികളുടെ വ്യാപാരതടസമുണ്ടാകുമെന്നും കടകൾ അടച്ചിടാൻ എൻഡിഎംസി നോട്ടീസ് നൽകിയെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു.
ഉത്സവ സീസണിലെ കടയടപ്പ് വ്യാപാരികളുടെ ജീവിതമാർഗത്തെ ബാധിക്കുമെന്നതിനാൽ നഷ്ടപരിഹാരം നൽകാൻ കോടതി ഇടപെടൽ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
National
ന്യൂഡൽഹി: എസ്ഐആർ ക്രമക്കേടിൽ പ്രതിപക്ഷ പ്രതിഷേധം കരുത്താർജിച്ചതോടെ പ്രതിരോധത്തിലായ ബിജെപി, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രത്യാക്രമണത്തിന് വട്ടം കൂട്ടുന്നു.
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന ആരോപണം ഉന്നയിച്ചും തെരഞ്ഞെടുപ്പ് കമ്മിഷനിൽ അനൈക്യം ഇല്ലെന്ന സന്ദേശം നൽകിയും പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി പ്രതിഷേധങ്ങളെ പ്രതിരോധിച്ചും വിമർശിച്ചും കേന്ദ്രമന്ത്രിമാരും പ്രധാന നേതാക്കളും രംഗത്തെത്തിത്തുടങ്ങി.
ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ വെല്ലുവിളിക്കു പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി. ബംഗ്ലാദേശ് മോഡൽ ഭരണമാറ്റം പ്രതിപക്ഷം ആഗ്രഹിക്കുവെന്നും യുവാക്കളെ ഉപയോഗിച്ച് രാജ്യത്ത് അരാജകത്വം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നുമാണ് രാജ്നാഥ് സിംഗ് പറഞ്ഞത്. സമാന വിമർശനം ബിജപി വക്താവ് പ്രദീപ് ഭണ്ഡാരി ഉന്നയിച്ചതിന് പിന്നാലെയാണ് രാജ്നാഥ് സിംഗിന്റെ പരാമർശം.
2029ലെ പൊതുതെരഞ്ഞെടുപ്പിൽ വൻ തോൽവിക്ക് തയാറായിക്കൊള്ളാൻ ആയിരുന്നു പ്രതിപക്ഷത്തോടുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി. ദിമാഗി നക്സലുകളും (ബുദ്ധിജീവികളായ നക്സലുകൾ) ദേശസ്നേഹികളായ ഇന്ത്യക്കാരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ഭാഷ്യം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും രംഗത്തിറക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമയും പ്രതിപക്ഷത്തിനെതിരെയും വിദ്യാർഥികൾക്കെതിരേയും ഇതിനോടകം രംഗത്തെത്തി. കമ്മിഷനെതിരേ പ്രതിഷേധിക്കുന്നവർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു എന്നതാണ് പ്രധാന വാദം. ബിജെപി എംപിമാരും രംഗത്തുണ്ട്.
തെരഞ്ഞെടുപ്പിലൂടെ മാത്രം ഭരണമാറ്റം നടത്താനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു. തങ്ങൾ വോട്ട് ചോർ ഗഡ്ഡി ചോഡ് (വോട്ടുകള്ളാ, കസേര വിട്ടിറങ്ങൂ) എന്നൊരു ക്യാമ്പയിൻ നടത്തുന്നുണ്ടെന്നും രാജ്യം മുഴുവൻ ഇത് പരസ്യമായി പറയുന്നുണ്ടെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പവൻ ഖേര പറഞ്ഞു. ഈ സർക്കാരിനെ പരാജയപ്പെടുത്തണമെന്നും ഈ വ്യവസ്ഥിതി മാറ്റണമെന്നുമാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മിഷനിൽ ഐക്യമില്ലെന്നത് മാധ്യമസൃഷ്ടിയാണെന്ന് വരുത്തി ത്തീർക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാൽ കമ്മിഷണർമാരെ ഒന്നിച്ചിരുത്തിയുള്ള വാർത്താസമ്മേളനത്തിന് പദ്ധതിയിട്ടെങ്കിലും നടന്നില്ലെന്നാണ് സൂചന. സഹ കമ്മിഷണർമാരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിന്റെ സൂചനയാണ് ഒരു വർഷത്തിൽ കൂടുതലായി മുടങ്ങിക്കിടന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കൽ (എസ്എസ്ആർ) പ്രഖ്യാപിച്ചത്.
National
ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഒടുവിൽ മൗനം വെടിഞ്ഞു വിദേശകാര്യമന്ത്രാലയം. സന്ദർശനത്തിൽ വ്യക്തത വരുത്തിക്കൊണ്ട് മന്ത്രാലയം ഔദ്യോഗിക വിശദീകരണം പുറത്തിറക്കി.
ഈമാസം 20ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാർക്കോ റൂബിയോയുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ സ്ഥിരീകരിച്ചു.
ഇതിനുപുറമെ 19, 20 തീയതികളിൽ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനെയും മുംബൈയിൽ ഔദ്യോഗികമായി സ്വീകരിക്കും. 20ന് നടക്കുന്ന അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളിൽ മുഖ്യാതിഥിയായി എസ്. ജയ്ശങ്കർ പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ദേശീയതലസ്ഥാനമായ ഡൽഹിക്കു പുറത്തുള്ള മറ്റ് പ്രമുഖ നഗരങ്ങളിൽ വച്ച് വിദേശനേതാക്കളെയും പ്രമുഖരെയും സ്വീകരിക്കുന്നത് പുതിയ കാര്യമല്ലെന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യ തുടരുന്ന പതിവുരീതിയാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വിവാദങ്ങൾക്കു കാരണം
റൂബിയോയുടെ സന്ദർശനവിവരം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നതിന് മുന്പേതന്നെ ഇന്ത്യയിലെ അമേരിക്കൻ എംബസി വാർത്താക്കുറിപ്പിലൂടെ അറിയിച്ചതാണ് പ്രധാനമായും വിവാദങ്ങൾക്കു വഴിവച്ചത്. ഇതിനുപുറമെ, വിദേശകാര്യ മന്ത്രാലയം നൽകിയ വാർത്താക്കുറിപ്പിൽ പറയുന്ന മുംബൈ സന്ദർശനത്തിനുപുറമെ തലസ്ഥാനമായ ന്യൂഡൽഹി ഒഴിവാക്കി ഗുജറാത്തിലെ ജാംനഗറിലേക്ക് അദ്ദേഹം എത്തുന്നതും വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു.
മുംബൈയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ചർച്ചകൾ നടക്കും.
ജാംനഗറിൽ അംബാനി കുടുംബം വരവേൽക്കും
അതേസമയം, റിലയൻസ് ഇൻഡസ്ട്രീസിന്റെ ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് റിഫൈനറി സ്ഥിതി ചെയ്യുന്ന ജാംനഗറിലേക്കുള്ള റൂബിയോയുടെ യാത്രയ്ക്ക് വലിയ രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യമുണ്ട്. സന്ദർശനവേളയിൽ അംബാനി കുടുംബം അദ്ദേഹത്തിനായി വൻ സ്വീകരണമൊരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ടെക്സസിലെ ബ്രൗൺസ്വില്ലെയിൽ റിലയൻസ് നിർമിക്കുന്ന റിഫൈനറി നിക്ഷേപത്തെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.
Kerala
തിരുവനന്തപുരം: മിന്നൽ ഉൾപ്പടെയുള്ള ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി സി.പി. ജോണ് .
അബിൻ വർക്കിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ദീർഘദൂര സർവീസുകളിൽ രാത്രികാലങ്ങളിൽ പുഷ്ബാക്ക് സീറ്റുകൾ ഉപയോഗിച്ച് ഉയർന്ന വേഗത്തിൽ സഞ്ചരിക്കുന്പോൾ, പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യങ്ങളിൽ യാത്രക്കാർക്ക് അപകടവും പരിക്കുകളും സംഭവിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അബിൻ വർക്കി എംഎൽഎയുടെ ചോദ്യം.
സഡൻ ബ്രേക്ക് ഉപയോഗിക്കുന്ന സമയങ്ങളിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് നടപ്പിലാക്കുന്നതു സംബന്ധിച്ച് വിവിധ മോഡലുകൾ വച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ദേശീയപാത-66 നിർമാണത്തിലെ അശാസ്ത്രീയത അന്വേഷിക്കുമെന്നും ഇവ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പി.കെ ബഷീർ നിയമസഭയിൽ പറഞ്ഞു.
നിർമാണം, ആസൂത്രണം, രൂപരേഖ, പരിപാലനം എന്നിവയെല്ലാം ദേശീയപാത അഥോറിറ്റിയുടെ ചുമതലയാണ്. എലിവേറ്റഡ് പാതയ്ക്ക് വലിയ ചെലവുണ്ടാകുമെന്നും രൂപരേഖ മാറ്റേണ്ടി വരുമെന്നുമാണ് അവരുടെ നിലപാടെന്നും ജി.സുധാകരന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് മുൻ സർക്കാർ നടത്തിയ രാജ്യാന്തര കായിക ഉച്ചകോടിയുടെ മറവിൽ നിക്ഷേപവഞ്ചനയും സാന്പത്തിക തട്ടിപ്പും നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ സർക്കാരിനു പരാതി ലഭിച്ചിട്ടുണ്ടെന്നു മന്ത്രി ഒ.ജെ.ജനീഷ്.
പരാതിയിൽ അന്വേഷണം നടത്താൻ കായിക-യുവജനകാര്യ വകുപ്പു സ്പെഷ്യൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കായിക ഉച്ചകോടിയുടെ ഇവന്റ് മാനേജ്മന്റ്, കേറ്ററിംഗ് കരാറുകൾ എന്നിവ ടെൻഡർ ഇല്ലാതെ മുൻ കായിക മന്ത്രിയുടെ അടുപ്പക്കാർക്ക് നൽകിയെന്ന ആരോപണം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുന്നു മുതൽ ആറുവയസുവരെയുള്ള കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനുമായി ബാല്യസ്പന്ദനം പദ്ധതി നടപ്പിലാക്കിവരികയാണെന്നു മന്ത്രി ബിന്ദുകൃഷ്ണ.
ആരോഗ്യവകുപ്പിന്റെ കൂടി സഹകരണത്തോടെ നടപ്പിലാക്കുന്ന ത്രൈമാസ ആരോഗ്യപരിശോധന പദ്ധതിയാണു ബാല്യസ്പന്ദനം. പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ പോഷകാഹാരകുറവ്, വിളർച്ച, കാഴ്ച-കേൾവി വൈകല്യങ്ങൾ മറ്റു ശാരീരിക-വളർച്ചാ വ്യതിയാനങ്ങൾ എന്നിവ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി തുടർപരിശോധനയടക്കമുള്ള കാര്യങ്ങളാണു ഈ പദ്ധതിയിലൂടെ കുട്ടികൾക്കു ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയ്ക്കു നൽകിയ നെയ്യുടെ അളവു പരിശോധിക്കുന്പോൾ 75.05 ലക്ഷം രൂപയുടെ നഷ്ടം തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിറ്റിന് ഉണ്ടായെന്നു മന്ത്രി ബിന്ദുകൃഷ്ണ.
ഈ യൂണിറ്റിൽ മുൻ വർഷങ്ങളിൽ നടന്ന വിവിധ ക്രമക്കേടുകളെ സംബന്ധിച്ചു സമഗ്ര അന്വേഷണത്തിനു ക്ഷീരവകുപ്പു ഡയറക്ടർ ഉത്തരവായിട്ടുണ്ട്. അന്വേഷണം അവസാനഘട്ടത്തിലാണ്.
വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ 720 രൂപ പ്രതിലിറ്ററിനു വിപണി വിലയുള്ളതും 558.42 രൂപ ഹോൾസെയിൽ വിൽപന വിലയുള്ളതുമായ നെയ്യ് 510 രൂപ പ്രതിലിറ്റർ പ്രകാരമാണു ശബരിമല സന്നിധാനം സ്റ്റോറിൽ എത്തിച്ചുനൽകുന്നതിനു തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ ഭരണസമിതി തീരുമാനിച്ചത്. അന്വേഷണത്തിൽ 1,55,010 ലിറ്റർ നെയ്യാണ് യൂണിയനിൽ നിന്നും ശബരിമലയിലേക്ക് അയച്ചുനൽകിയതെന്നു ബോധ്യപ്പെട്ടു.
ഒരു ലിറ്ററിനു 510 രൂപ നിരക്കിൽ ഹോൾസെയിൽ വിലയേക്കാൾ കുറഞ്ഞ വിലയ്ക്കു നൽകുക വഴി ലിറ്ററിനു 48.42 രൂപയുടെ നഷ്ടം യൂണിയന് ഉണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിലവിലെ താലൂക്ക് വില്ലേജ് രൂപവത്കരണം അശാസ്ത്രീയമായിട്ടാണെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ നിയമസഭയിൽ പറഞ്ഞു.
തൃശൂരിൽ 255 വില്ലേജുകളും 13 നിയോജക മണ്ഡലങ്ങളുമുണ്ട്. 16 നിയോജക മണ്ഡലമുള്ള മലപ്പുറം ജില്ലയിൽ 138 വില്ലേജാണുള്ളത്. അഞ്ചു നിയോജക മണ്ഡലമുള്ള കാസർഗോഡ് നാല് താലൂക്കുണ്ട്. മൂന്നു നിയോജക മണ്ഡലമുള്ള വയനാട്ടിൽ മൂന്നു താലൂക്ക്. എന്നാൽ 13 നിയോജക മണ്ഡലമുള്ള കോഴിക്കോട് ജില്ലയിൽ നാലു താലൂക്കു മാത്രമുണുള്ളത്. ഇക്കാര്യത്തിൽ ഏകീകൃത സ്വഭാവമുണ്ടാക്കും.
39 വില്ലേജുകളുള്ള കോഴിക്കോട് താലൂക്ക് ജനസംഖ്യാ ബാഹുല്യം കൊണ്ടും വിസ്തൃതി കൊണ്ടും വലിയ താലൂക്കാണ്. കോഴിക്കോട് ജില്ലയിൽ കോഴിക്കോട്, താമരശേരി, വടകര, കൊയിലാണ്ടി എന്നിങ്ങനെ നാല് താലൂക്കാണുള്ളത്.
ഭരണ സൗകര്യം മുൻനിർത്തി കുന്നമംഗലം സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഒരു സബ് താലൂക്ക് രൂപീകരിച്ചിരുന്നെങ്കിലും സേവനങ്ങൾക്ക് കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരുന്നു.
എന്നാൽ സെൻസസ് പൂർത്തിയാകും വരെ സംസ്ഥാനത്തെ ഭരണ യൂണിറ്റുകളുടെ അതിർത്തികളിൽ മാറ്റം വരുത്തരുതെന്ന് ഉത്തരവുണ്ട്. സെൻസസ് നടപടി പൂർത്തിയായ ശേഷം താലൂക്ക് രൂപീകരണമടക്കം പരിഗണിക്കുമെന്നും എം.എ റസാഖിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നു മന്ത്രി റോജി എം.ജോണ്.
പൊതുസർവകലാശാലകളിലെ ഒഴിവുള്ള വൈസ് ചാൻസലർ തസ്തികകൾ എത്രയും വേഗം നികത്തുന്നതിനായി വിസിമാരെ നിയമിക്കാനും സർവകലാശാല സിൻഡിക്കറ്റുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റികൾ കാര്യക്ഷമമാക്കാനും സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന രീതിയിൽ നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്യണം.
കുടാതെ വൈസ്ചാൻസലർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി യുജിസി ചട്ടപ്രകാരം 70 വയസായി ഏകീകരിക്കുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്യാനുള്ള വിഷയം സർക്കാർ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
Kerala
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കൊണ്ടൂർ തിടനാട് റോഡിൽ ബസ് യാത്രികൻ ബസിൽ നിന്നും വീണ് മരിച്ചു.
ആനിപ്പടി ഭാഗ ത്ത് താമസക്കാരനായ താജുദ്ദീൻ (താജു 54) ആണ് മരിച്ചത്.
കൊണ്ടൂർ റോഡിൽ ചിറ്റാറ്റിൻകര സ്റ്റോപ്പിൽ നിന്നും ബസിൽ കയറിയ ഇയാൾ ബസ് മുന്നോട്ട് നീങ്ങിയപ്പോൾ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു വീഴുകയാ യിരുന്നു.
ആലപ്പുഴയിലാണ് താജുദ്ദീന്റെ കുടുംബം താമസിക്കുന്നത്. മുൻപ് ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ ജോലിക്കാരനായിരുന്നു.
Kerala
നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ശക്തിപ്രകടിപ്പിക്കുന്നത് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ടാണ്. എന്നാൽ ഇന്നലെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ അസാന്നിധ്യമായിരിക്കാം പ്രതിപക്ഷബഞ്ചുകളിൽ അപ്രകാരമുള്ള വിപ്ലവചിന്തകളൊന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക് ഒഴിവായികിട്ടി.
പൊതുവേ വെള്ളിയാഴ്ചകൾ സ്വകാര്യബില്ലുകളുടെ ദിനം എന്നാണ് അറിയപ്പെടുന്നത്. നിയമമാക്കേണ്ടതും ജനം കൂടുതൽ ശ്രദ്ധിക്കുന്നതുമായ അഞ്ചു ബില്ലുകളാണ് സഭയിൽ എത്തിയത്. ഭൂരിപക്ഷവും തുടർചർച്ചയ്ക്കായി മാറ്റി വച്ചതും ശ്രദ്ധേയമായി. ഇതൊന്നും തള്ളാനും കൊള്ളാനും കഴിയാതെ തുടർചർച്ചയ്ക്കായി മാറ്റുകയായിരുന്നു. അത്രമാത്രം സഭയെ സ്വാധീനിച്ച വിഷയങ്ങളാണ് സ്വകാര്യബില്ലുകളായി എത്തിയതെന്നതാണ് വെള്ളിയാഴ്ചത്തെ പ്രത്യേകത.
കാൽനടയാത്രക്കാരുടെ അവകാശ സംരക്ഷണബില്ലും മാനസിക വെല്ലുവിളി നേരിടുന്നവരും ചലനശേഷി നഷ്ടപ്പെട്ടവരുമായ നിരാശ്രയരായ ജനവിഭാഗങ്ങളുടെ അജീവാനന്ത സംരക്ഷണബില്ലും കേരള കൗമാരപ്രായക്കാരുടെ മാനസികാരോഗ്യ സംരക്ഷണബില്ലും ശ്രദ്ധേയമായി. കാൽനടയാത്രക്കാരൻ എന്നു പറയുന്നതുപോലും അപഹാസ്യമായി മാറുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നു ബിൽ അവതരിപ്പിച്ചുകൊണ്ടു എൻ.കെ.അക്ബർ പറഞ്ഞു. നടത്തം വെറും ചലനമല്ല, അവകാശമാണ്.
വികസനം എന്നു പറയുന്നതു റോഡിന്റെ വീതി നോക്കിയല്ല, ദുർബലനായ വ്യക്തിക്കു കാൽനടയായി നടക്കാൻ സാധിക്കുന്നുണ്ടോ എന്നു നോക്കിയായിരിക്കണമെന്നാണ് അക്ബറിന്റെ അഭിപ്രായം. റോഡുകളെല്ലാം വാഹനങ്ങളുടെതായി മാറി. ഒരു രൂപയുണ്ടെങ്കിൽ വാഹനം ലഭിക്കുന്ന കാലത്ത് കാൽനടയാത്രക്കാർ അധികപ്പറ്റായി മാറുകയാണ്. ഇവിടെയാണ് ഈ ബില്ലിന്റെ പ്രാധാന്യമെന്നും അക്ബർ ചൂണ്ടിക്കാട്ടുന്നു. നിയമമില്ലാത്തതല്ല പ്രശ്നം. നിയമങ്ങളുടെ അഭാവത്തെക്കാൾ റോഡ് സംസ്കാരം ഇല്ലാത്തതാണ് പ്രശ്നമെന്നു ഗതാഗതമന്ത്രി സി.പി.ജോൺ മറുപടിയിൽ പറഞ്ഞു. സാധാരണറോഡുകളിൽ കാൽനടയാത്രക്കാരാണ് ഒന്നാമത്. വാഹനങ്ങൾ രണ്ടാമതാണ്. നവംബർ 15ന് റോഡ് സുരക്ഷാ മിഷൻ തന്നെ പ്രഖ്യാപിക്കപ്പെടുന്പോൾ ഇത്തരമൊരു ബിൽ നിയമമാക്കേണ്ടതില്ലെന്ന അഭിപ്രായമാണ് മന്ത്രി പ്രകടിപ്പിച്ചത്.
മാനസികവെല്ലുവിളി നേരിടുന്ന മക്കളുടെയും അവരുടെ മാതാപിതാക്കളുടെയും വേദനയായിരുന്നു ഗോവിന്ദൻ പള്ളിക്കാപ്പിന്റെ ബിൽ. ഞങ്ങളുടെ കാലശേഷം മക്കൾക്ക് ആരുണ്ടെന്ന മാതാപിതാക്കളുടെ വേദനയുടെ ആഴം സഭയ്ക്കു മനസിലാക്കാൻ സാധിക്കുംവിധമാണ് ഗോവിന്ദൻ ബിൽ അവതരിപ്പിച്ചത്. എല്ലാവിഭാഗം ആളുകളെയും ഉൾപ്പെടുത്തി സമഗ്രമായ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ സഭയിൽ ഉറപ്പു കൊടുത്തു. അതുകൊണ്ടുതന്നെ തുടർചർച്ചയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗമാരക്കാരുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി ജി. സ്റ്റീഫനാണ് ബിൽ അവതരിപ്പിച്ചത്. അപകടങ്ങൾ പതിയിരിക്കുന്ന ചതിക്കുഴി കാണാതെയാണ് കൗമാരക്കാർ യാത്ര ചെയ്യുന്നതെന്നായിരുന്നു സ്റ്റീഫൻ ബിൽ അവതരിപ്പിച്ചുകൊണ്ടു പറഞ്ഞത്. ഇതുസംബന്ധിച്ചു നിരവധി നിയമങ്ങളുണ്ടെന്നും അതു നടപ്പിലാക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതോടെ തുടർചർച്ചയ്ക്കായി മാറ്റി വച്ചു.
അട്ടപ്പാടിയിലെ മധുവിനെ ആൾക്കൂട്ടം കൊന്നതുപോലെ ഒരു സംഭവം പാലക്കാട് ആവർത്തിച്ചതിനെയാണ് ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ ശ്രദ്ധ ക്ഷണിക്കലിലൂടെ അവതരിപ്പിച്ചത്. ആൾക്കൂട്ടകൊലപാതകം ഒരു വികാരമായി മാറുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് സുമേഷ് അച്യുതൻ ശ്രദ്ധ ക്ഷണിക്കലിലേക്കു കടന്നത്.
മീനാക്ഷിപുരം പൊലിസ് സ്റ്റേഷൻ അതിർത്തിയിൽ ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന, മാനസിക വെല്ലുവിളി നേരിടുന്ന ആളെയാണ് ഒരു സംഘം യുവാക്കൾ മർദിച്ച് കൊലപ്പെടുത്തിയത്. അട്ടപ്പാടിയിലെ മധുവിനെ പോലെ ഇനിയൊരു മധു ഉണ്ടാകരുതെന്ന പൊതുവികാരമാണ് സഭയ്ക്കും ഉണ്ടായത്. പ്രതികളെ പിടിച്ചുവെങ്കിലും മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഇനിയൊരു ആൾക്കൂട്ടകൊലപാതകം സംഭവിക്കരുതെന്നുമാണ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്.
പ്രിയദർശിനി ബസ് കാരണം സ്വകാര്യമേഖല തകർന്നുവെന്ന സങ്കടമാണ് ശ്രദ്ധക്ഷണിക്കലിലൂടെ എൻ.കെ. അക്ബർ ഉന്നയിച്ചതെങ്കിലും മന്ത്രി. സി.പി. ജോണിന്റെ തെളിവുകളും കണക്കുകളും നിരത്തിയുള്ള മറുപടിയിൽ സഭ തൃപ്തിപ്പെടുകയായിരുന്നു.
പ്രിയദർശിനി ബസ് വന്നതോടെ പൊതുഗതാഗതം ശക്തിപ്പെട്ടു. സ്വകാര്യമേഖലയിൽ കാലങ്ങളായി ബസുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വകാര്യമേഖല സഹകരിച്ചാൽ ബസ് വാടകയ്ക്ക് എടുത്ത് സർവീസ് നടത്തുമെന്നും ഇതു സംബന്ധിച്ചുചർച്ച നടക്കുകയാണെന്നും മന്ത്രി പറഞ്ഞതോടെ അക്ബറിനും സഭയ്ക്കും സന്തോഷമായി.
Kerala
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ കാഷ്വാലിറ്റി വിഭാഗം ഉച്ചകഴിഞ്ഞു പ്രവർത്തിപ്പിക്കാൻ 141 പ്രധാന ആശുപത്രികളിൽ 510 കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ തസ്തികകൾ സൃഷ്ടിക്കാൻ ശിപാർശ നൽകിയെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ ശിപാർശ ധന വകുപ്പിന്റെ പരിഗണനയിലാണ്.
നിലവിൽ 142 പ്രധാന ആശുപത്രികളിൽ 626 കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ തസ്തികകളാണുള്ളത്. പല ആശുപത്രികളിലും കാഷ്വാലിറ്റിയിൽ ഒരു ഷിഫ്റ്റിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്.
ഒരേ സമയം ഒന്നിലധികം അത്യാഹിത കേസുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. കൂടുതൽ തസ്തികകൾ അനുവദിക്കുന്നതോടൊപ്പം കാഷ്വാലിറ്റി വിഭാഗങ്ങളിലെ സുരക്ഷാ സംവിധാനം ശക്തമാക്കും.
ഇതിലൂടെ അടിയന്തര ചികിത്സ കൂടുതൽ കാര്യക്ഷമമാക്കാനും രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും സാധിക്കുമെന്നും നാട്ടകം സുരേഷിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
National
ന്യൂഡൽഹി: നേതാക്കളെ ആദ്യം തന്നെ കസ്റ്റഡിയിലെടുത്ത് പ്രതിഷേധം ഇല്ലാതാക്കാമെന്ന പൊലിസ് തന്ത്രം പാളി. രാജ്യതലസ്ഥാനത്ത് ത്രിവർണപതാകയേന്തി യുവശക്തി തിളച്ചു. കോക്രോച്ച് ജനത പാർട്ടിയും (സിജെപി) ഇടത് വിദ്യാർഥി സംഘടനകളും പ്രഖ്യാപിച്ച തിരംഗ റാലിയിലെ വൻ പങ്കാളിത്തമാണ് പൊലിസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.
റാലിക്കു മുമ്പേതന്നെ സിജെപി നേതാവ് അഭിജീത് ദീപ്കെയെ വീടിനു മുന്നിൽവച്ചും ഐസ നേതാവ് നേഹ ബോറയെ മണ്ഡി ഹൗസിൽനിന്നും പൊലിസ് കസ്റ്റഡിയിലെടുത്തു. റാലി പ്രഖ്യാപിച്ച കൊണാട്ട ്പ്ലേസിലെ സെൻട്രൽ പാർക്ക് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഡൽഹി മുനിസിപ്പൽ അഥോറിറ്റി രണ്ടു ദിവസത്തേക്ക് അടച്ചെങ്കിലും കൊണാട്ട് പ്ലേസ് വളഞ്ഞ് പ്രവർത്തകരെത്തി. ഇടത് എംപിമാരായ ജോൺ ബ്രിട്ടാസ്, സന്തോഷ് കുമാർ, എ.എ. റഹിം, വി. ശിവദാസൻ തുടങ്ങിയവരും പ്രതിഷേധത്തിന്റെ ഭാഗമായി.
ദേശീയപതാക കൈയിലേന്തിയും ദേശീയഗാനം ആലപിച്ചുമാണ് പ്രവർത്തകർ എസ്ഐആർ ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ പ്രതിഷേധത്തിന്റെ പുതുവഴി തേടിയത്. വൈകുന്നേരം അഞ്ചിന് കൊണാട്ട് പ്ലേസിലേക്ക് എത്താനായിരുന്നു ആഹ്വാനം.
അതനുസരിച്ച് പലയിടങ്ങളിൽനിന്നായി പ്രവർത്തകർ അണിനിരന്നു. ആദ്യം നടപടിയിലേക്ക് കടക്കാതിരുന്ന പൊലിസ് സെൻട്രൽ പാർക്ക് ചുറ്റി റാലി നടത്തുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ല. നേതാക്കളെ ആദ്യമേ കസ്റ്റഡിയിലെടുത്തതോടെ മുൻ ദിവസങ്ങളെ അപേക്ഷിച്ച് പ്രവർത്തകരെ പൂർണമായും തടയുന്ന സമീപനമായിരുന്നില്ല പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായത്.
എന്നാൽ, പ്രതിഷേധം ആരംഭിച്ച് ഒരുമണിക്കൂർ കഴിഞ്ഞതോടെ പ്രവർത്തകരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു. പലരും റോഡിൽ കിടന്നു. അവരെ ബലമായി കസ്റ്റഡിയിലെടുത്ത് നീക്കി. നേതാക്കളുൾപ്പടെ നൂറ്റിയൻപതോളം പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി.
സിജെപിയുടെ മാർച്ചിനു പിന്നാലെ ഐസ, എഎപി, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, എഐവൈഎഫ്, എസ്എഫ്ഐ തുടങ്ങി വിവിധ സംഘടനകൾ പ്രകടനമായി എത്തിയതോടെ ചെറിയ സംഘർഷാവസ്ഥ രൂപപ്പെട്ടു. പൊലിസ് അവരെയും നീക്കംചെയ്തു. 6,000 സുരക്ഷ സൈനികരെ കൊണാട്ട് പ്ലേസിൽ വിന്യസിച്ചാണ് പൊലിസ് പ്രവർത്തകരെ നേരിട്ടത്.
സിഎപിഎഫിന്റെ 220 കമ്പനിയെയും ഇവിടെ വിന്യസിച്ചിരുന്നു. ഇന്നും മാർച്ച് സംഘടിപ്പിക്കുമെന്ന് സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Sports
ചണ്ഡിഗഡ്: ദേശീയ വനിതാ അണ്ടർ 19 ട്വന്റി-20 ക്രിക്കറ്റ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കേരളത്തിനു ജയം.
മിസോറമിനെ ഒന്പതു വിക്കറ്റിനു കേരളം തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത മിസോറാമിനെ 83 റൺസിൽ ഒതുക്കിയ കേരളം, 37 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കേരളത്തിനു നോക്കൗട്ടിൽ പ്രവേശിക്കാൻ സാധിച്ചില്ല. സ്കോർ: മിസോറം 20 ഓവറിൽ 83/8. കേരളം 13.5 ഓവറിൽ 87/1.
കേരളത്തിനുവേണ്ടി പാർവതി കുഞ്ഞുമോൻ, സി.വി. അനുഷ്ക, ഇഷിത എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
കേരളത്തിന്റെ അമീറ ബീഗം 36ഉം എൻ.എസ്. ആര്യനന്ദ 18ഉം റൺസ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയ സിജുവിന്റെ (19) വിക്കറ്റാണ് കേരളത്തിനു നഷ്ടപ്പെട്ടത്.
Leader Page
ഇടുക്കി ജില്ലാ കളക്ടർ സെപ്റ്റംബർ 23ന് വന്യജീവി സംരക്ഷണത്തിന്റെ പേരിൽ ജനവാസ മേഖലയും റവന്യു ഭൂമിയുമായ ചിന്നക്കനാലിൽ ആനകൾക്കും മറ്റു വന്യജീവികൾക്കും സ്വൈരവിഹാരം നടത്താൻ തടസങ്ങളെല്ലാം നീക്കണമെന്ന് ഉത്തരവിടുകയുണ്ടായി. ദുരന്തനിവാരണ നിയമം ദുരുപയോഗം ചെയ്താണ് ഉത്തരവിട്ടിട്ടുള്ളത്. മണിക്കൂറുകൾക്കുള്ളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വേലികളും നിർമാണങ്ങളും മറ്റു തടസങ്ങളും നീക്കി. ഡാമിൽ ആനകൾക്ക് വെള്ളം കുടിക്കാനുള്ള തടസങ്ങൾ നീക്കണമും അതൊരു ആനത്താരയാണെന്നുമാണ് അവകാശപ്പെടുന്നത്. ഇടുക്കിയിൽ ഒരു ആനത്താര ഉള്ളത് തേക്കടി ടൈഗർ റിസർവിനുള്ളിൽ മാത്രമാണ്. ഇതറിയാത്ത ആളല്ല ജില്ലാ കളക്ടർ എന്നുള്ളതാണ് ആക്ഷേപകരമായ കാര്യം.
അപ്രഖ്യാപിത കർഫ്യൂവും ന്യായീകരണങ്ങളും
തുടർന്നു വന്ന പ്രതിഷേധത്തിന് പ്രതികാരമെന്നോണം 28ന് പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്കു ജില്ലാ കളക്ടർ മറ്റൊരു നിർദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നതിന് വൈകിട്ട് ആറു മുതൽ പുലർച്ചെ ആറ് വരെ വനാതിർത്തിയിലുള്ള റോഡുകളിൽ ജനസഞ്ചാരം പാടില്ല. ജനങ്ങൾ വീട്ടിനുള്ളിൽ കഴിയണം. തുടരുന്ന പ്രതിഷേധത്തിൽനിന്ന് രക്ഷപ്പെടുന്നതിന് ഇതിനെ ന്യായീകരിക്കാൻ അദ്ദേഹം സെപ്റ്റംബർ 30ന് വാർത്താമാധ്യമങ്ങളെ കാണുകയുണ്ടായി. കൈയേറ്റക്കാർക്കാണ് പരാതിയുള്ളതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. വന്യജീവി ആക്രമണമുള്ള പ്രദേശത്തു മാത്രമേ ഇത് ബാധകമാകൂ എന്നും പറഞ്ഞു. എന്നാൽ ഉത്തരവ് ജില്ല മുഴുവൻ ബാധകമാകുന്ന രൂപത്തിലാണ്.
ഭരണകൂട ഒത്താശയും ഗൂഢാലോചനയും
ഉത്തരവിന്റെ പിറകിൽ ആസൂത്രിതമായ ഒരു ഗൂഢാലോചനയുണ്ട്. ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷനായ അധികാരി നിയമം അനുസരിച്ച് നടത്തേണ്ട കൂടിയാലോചന എങ്ങും നടത്തിയില്ലെന്ന് അദ്ദേഹം പത്രക്കാരോട് തുറന്നുസമ്മതിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ഓൺലൈൻ മീറ്റിംഗ് കൂടിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നും വ്യക്തമാക്കി. ഈ നടപടിക്രമം പൂർണമായും തെറ്റാണ്. സെപ്റ്റംബർ 30ന് വനംവകുപ്പിന്റെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്, വന്യജീവികളുടെ ജീവിതത്തിന് ജനങ്ങൾ തടസമുണ്ടാക്കുന്നു. അത് ഒഴിവാക്കണം. അതിനുള്ള നടപടികളാണ് തന്റെ സർക്കാർ ചെയ്യുന്നതെന്നാണ്. ഇപ്പോൾ കാര്യം വ്യക്തമായി.മുഖ്യമന്ത്രിയുടെയും ഭരണക്കാരുടെയും അനുമതിയോടുകൂടിയാണ് ജില്ലാ കളക്ടർ എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. ഊർജകേന്ദ്രം മുഖ്യമന്ത്രിയാണ്.
ഹരിത എംഎൽഎയായിരുന്ന അദ്ദേഹത്തിന്റെ പ്രസ്താവന മറക്കാറായിട്ടില്ല. കസ്തൂരിരംഗൻ റിപ്പോർട്ട് കാലത്ത് വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും പത്തു ചതുരശ്ര കിലോമീറ്റർ ബഫർ സോൺ വേണമെന്നായിരുന്നു അത്. ഇത് നടപ്പാക്കിയാൽ ഇടുക്കി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽനിന്ന് പടിഞ്ഞാറോട്ട് പിടിക്കുമ്പോൾ തൊടുപുഴയും ബഫർ സോണിലെത്തും. അതോടെ ജില്ല പൂർണമായും വനവും വന്യജീവി കേന്ദ്രവുമാകും. വനഭൂമിയില്ലാത്ത സ്ഥലത്ത് വൈദ്യുതി ബോർഡിന്റെ ഡാമിന്റെ സംരക്ഷണം ആ വകുപ്പ് ചെയ്യേണ്ടതാണ്. ജില്ലാ കളക്ടർ ഉത്തരവിട്ടാൽ അതു നടപ്പാക്കേണ്ടത് തഹസിൽദാരും അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുന്ന പൊലിസടക്കമുള്ള ഉദ്യോഗസ്ഥരുമാണ്. വനംവകുപ്പുകാർക്ക് ഇവിടെ എന്തു കാര്യം? അവരെ ചുമതലപ്പെടുത്തിയതിന്റെ രഹസ്യം എന്താണെന്ന് കളക്ടർ വിശദീകരിക്കുമോ?
വ്യാജ ആനത്താരവാദവും കപട പരിസ്ഥിതിവാദവും
ഓഗസ്റ്റിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ എംഎൽഎമാർ വന്യജീവി ശല്യത്തെപ്പറ്റി പരാതി പറഞ്ഞപ്പോഴാണ് വിഷയം പഠിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. രണ്ടായിരമാണ്ടിൽ പ്രണബ് സെൻ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതൽ തേക്കടിയിൽനിന്ന് ദീർഘദൂരമായ ജനവാസ മേഖലയിലൂടെ ആനമലവരെ എത്തുന്ന ആനത്താരയുണ്ടെന്നുള്ള പ്രചാരണം വനംവകുപ്പുകാരും കപട പരിസ്ഥിതിവാദികളും നടത്തിക്കൊണ്ടിരിക്കുകയാണ്. ചിന്നക്കനാലിൽ ഒരു ‘ആനപാർക്ക്’ ഉണ്ടെന്നും അവകാശപ്പെടുന്നു. ജില്ലാ കളക്ടറുടെ ഈ നടപടി വരുംനാളുകളിൽ ഉപയോഗിക്കാൻ പോകുന്നത് വന-പരിസ്ഥിതിവാദികൾ ആയിരിക്കും.
മലയോരത്തിന്റെ വികസനത്തിനും മനുഷ്യർക്ക് പട്ടയം കിട്ടുന്നതിനും തടസമായി പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ബോധപൂർവമായ കുപ്രചാരണങ്ങൾ നടത്തുകയും സുപ്രീംകോടതിയിൽ കേസുകൾ നടത്തുകയും തങ്ങളുടെ വിജയത്തിന് വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്യുന്നവരാണവർ. കോടതികളെ സമീപിച്ച് പല ഉത്തരവുകൾ വാങ്ങുകയും ചെയ്തിട്ടുള്ളവരാണ് . ഇപ്പോഴും കോടതികളിൽ അവർ കൊടുത്ത കേസുകൾ തീർപ്പാകാതെയുണ്ട്. പട്ടയം നൽകുന്നതിനെതിരായ കേസും (സിഎച്ച്ആർ) കാർഡമം ഹിൽ റിസർവ് വനമാക്കി മാറ്റാനുള്ള കേസും ഇതിൽ പ്രധാനമാണ്. ഈ കാര്യങ്ങളെല്ലാം ഒരു ജില്ലാ ഭരണാധികാരി അറിയാത്തത് കഷ്ടമല്ലേ? അദ്ദേഹത്തിന്റെ നിലപാടുകൾ വിചിത്രവും ദൗർഭാഗ്യകരവുമാണ്.
വനനശീകരണത്തിന്റെ ഉത്തരവാദികൾ ആര്?
കേരളത്തിലെ വന്യജീവി സംരക്ഷണം വിചിത്രമായ രൂപത്തിലാണ്. വന്യജീവി സങ്കേതങ്ങൾക്കു പുറമേ വനങ്ങൾ പൂർണമായും വന്യജീവികൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വനത്തിനുള്ളിൽ അവയ്ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. വന്യജീവികളുടെ എണ്ണം വല്ലാതെ പെരുകിയിട്ടുമുണ്ട്. മനുഷ്യന്റെ ജനന നിയന്ത്രണം നടത്തുന്ന സർക്കാർ വന്യജീവി പെരുപ്പം തടയുന്നില്ല. അവയ്ക്ക് തീറ്റയും വെള്ളവും നൽകാത്തവർക്കെതിരേ നടപടികളില്ല. വനത്തിനുള്ളിലെ തീറ്റയെല്ലാം നശിപ്പിച്ചത് ഫോറസ്റ്റുകാരാണ്. പ്രവാസി സസ്യങ്ങളും യൂക്കാലി പോലുള്ള മരങ്ങളും വച്ചുപിടിപ്പിച്ച് പുല്ലും തീറ്റയും നഷ്ടപ്പെടുത്തുകയും ജലദൗർലഭ്യമുണ്ടാക്കുകയും ചെയ്തത് ഫോറസ്റ്റുകാരാണ്. ഈ വസ്തുതകളെല്ലാം മറന്നുകൊണ്ടുള്ള സമീപനങ്ങളാണ് ഭരണ നേതൃത്വത്തിൽനിന്നുണ്ടാകുന്നത്.
മനുഷ്യജീവന് തെല്ലും വിലകൽപ്പിക്കാതെ വനാതിർത്തികളിൽ വസിക്കുന്നവനെ പീഡിപ്പിക്കുകയാണ്. ചിന്നക്കനാലിൽ ജനങ്ങൾക്കു നേരേ കരിനിയമം കൂടുതലായി പ്രയോഗിച്ചു. ഇത് നിസാരമല്ല. വനവത്കരണം മാത്രമാണ് ലക്ഷ്യം. 1972ൽ സ്റ്റോക്ക്ഹോമിൽനിന്ന് ആരംഭിച്ച ഒരു ദീർഘകാല പദ്ധതിയുടെ ഭാഗമായി വിപുലമായ അർഥത്തിലാണിത് വിലയിരുത്തേണ്ടത്. ഉദ്ദേശ്യം പശ്ചിമഘട്ടത്തെ ലോകത്തിന്റേതാക്കി മാറ്റുക എന്നതാണ്. ആ ശ്രമത്തിന്റെ ഭാഗമായി നിയമനിർമാണങ്ങൾ നടത്തി. അവ ശക്തമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ് ഇഎസ്എ.
ജനവിരുദ്ധ ഉത്തരവ് പിൻവലിക്കണം
വനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെ സുപ്രീംകോടതിയും ഹൈക്കോടതികളും നടത്തിയിട്ടുള്ള ഭൂരിപക്ഷം വിധികളും ജനതാത്പര്യവും സാമൂഹിക യാഥാർഥ്യവും പരിഗണിക്കാതെയുള്ളവയാണെന്ന് ഖേദപൂർവം പറയട്ടെ! ജില്ലാ കളക്ടറുടെ ഉത്തരവുമായി ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാൽ തേക്കടി മുതൽ ആനമലവരെ ആനത്താര അനുവദിച്ചു കൊണ്ട് ഉത്തരവാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് സങ്കൽപ്പിക്കാവുന്നതിലും എത്രയോ ഭീകരമാണ്. അതാണ് ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പ്രാധാന്യം. ജനപ്രതിനിധികൾ ഇതു മനസിലാക്കുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ ചിന്നക്കനാലിലും മറ്റും റവന്യു ഭൂമി വനഭൂമിയാക്കി പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവുകൾ മരവിപ്പിച്ചിട്ടുള്ളതല്ലാതെ, റദ്ദാക്കിയിട്ടില്ല. അതിനർഥം ഉത്തരവ് നിലനിൽക്കുന്നു എന്നാണ്. അതിനാൽ ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കണം. അല്ലാത്തപക്ഷം ഇതിനെ പിന്തുടർന്ന് മലയോരമേഖലയാകെ വരുംകാലങ്ങളിലിത് നടപ്പാക്കാനുള്ള ദീർഘകാല പദ്ധതിക്കുള്ള സാധ്യതയുണ്ട്. ഫയലുകൾ രഹസ്യമാക്കി വച്ച് വർഷങ്ങൾ കഴിയുമ്പോൾ അല്പാല്പമായി നടപ്പാക്കുന്ന തന്ത്രമാണ് വനം-പരിസ്ഥിതി സംഘങ്ങൾ സ്വീകരിക്കുന്നത്. ജനപ്രതിനിധികൾ അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റുകൾ ദൈവം പൊറുക്കുമോ?
(കിസാൻ സഭ ദേശീയ സമിതി അംഗമാണ് ലേഖകൻ)
Leader Page
സ്വാമി വിവേകാനന്ദൻ ഒരിക്കൽ യുവാക്കളെ ഉദ്ബോധിപ്പിച്ചുകൊണ്ട് പറയുകയുണ്ടായി. “യുവാവേ ഉണരുക, നിന്റെ ലക്ഷ്യം കൈവരിക്കുന്നതുവരെ പരിശ്രമം നിർത്തരുത്.” എന്നാൽ, തങ്ങളുടെ ചുറ്റുമുള്ളവർക്ക് വെളിച്ചമായി, പ്രചോദനമായി മാറേണ്ട യുവജനങ്ങൾ ഇന്ന് അസ്വസ്ഥരും ആശങ്കാകുലരുമാണ്. സമീപകാലത്തുണ്ടായ അക്കാദമിക രംഗത്തെ മാറ്റങ്ങൾ, പരീക്ഷാ മൂല്യനിർണയ മാറ്റങ്ങൾ, തൊഴിൽരംഗത്തെ അസ്ഥിരത തുടങ്ങിയവ ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.
പരീക്ഷകളും വിദ്യാർഥികളുടെ ഭാവിയും
ഈ വർഷം നടത്തിയ സിബിഎസ്ഇ പരീക്ഷയുടെ മൂല്യനിർണയം ധാരാളം വിദ്യാർഥികളുടെ ഭാവി കഷ്ടത്തിലാക്കി. ഈയടുത്ത കാലത്ത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, ഉന്നതവിദ്യാഭ്യാസത്തിനായുള്ള നെറ്റ് തുടങ്ങിയ പ്രമുഖ പരീക്ഷകളിൽ തുടർച്ചയായി ഉണ്ടായ പ്രശ്നങ്ങളും യുവതലമുറയെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിച്ചിട്ടുണ്ട്.
2026ലെ നീറ്റ് യുജി റദ്ദ് ചെയ്തപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിലധികം യുവാക്കളാണ് ആത്മഹത്യ ചെയ്തത്. 2024 ജൂണിൽ നടത്തിയ യുജിസി നെറ്റ് പരീക്ഷ അടുത്ത ദിവസംതന്നെ റദ്ദ് ചെയ്യേണ്ടി വന്നു. ഇത് ചോദ്യപേപ്പർ ചോർന്നതിനാലായിരുന്നു.
പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിക്കുപോലും നിയമനം ലഭിക്കാതെ നിരാശപ്പെടേണ്ടിവരുന്ന സാഹചര്യമാണ് ഇന്നു നിലനിൽക്കുന്നത്. വേക്കൻസികൾ റിപ്പോർട്ട് ചെയ്യാതെതന്നെ പരീക്ഷകൾ നടത്തുകയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് സാധൂകരിക്കപ്പെടുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന സമയം മുഴുവനും കാത്തിരുന്നിട്ടാണ് ഒന്നാം റാങ്കുകാർക്കുപോലും ജോലി ലഭിക്കാതിരിക്കുന്നത്.
പരീക്ഷകളും ജോലിസംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നവർ ഉത്തരവാദിത്വബോധത്തോടും നീതിബോധത്തോടും വിവേചനരഹിതമായി കാര്യങ്ങൾ ചെയ്യാൻ തക്കവിധം ഇച്ഛാശക്തിയുള്ളവരാകണം. മഹാകവി രബീന്ദ്രനാഥ ടാഗോർ തന്റെ ‘എന്റെ രാജ്യത്തെ ഉണർത്തുക’ എന്ന കവിതയിലൂടെ നമ്മെയെല്ലാം ആഹ്വാനം ചെയ്യുന്നത് ഇതുതന്നെയാണ്.
മനം ഭയമില്ലാതെ നിൽക്കുന്നിടം
തല ഉയർന്നു നിവർന്നിരിക്കുന്നിടം
സങ്കുചിതമായ ഗൃഹമതിലുകളാൽ
ഖണ്ഡഖണ്ഡമായി ലോകം മുറിയിടാത്തൊരിടം
അറിവു സ്വതന്ത്രമായിരിക്കുന്നിടം
അധ്വാനത്തിന്റെ സ്വർഗത്തിലേക്ക്
എന്റെ പിതാവേ,
എന്റെ രാജ്യത്തെ അങ്ങ് ഉണർത്തണമേ.
യുവജന പ്രതിസന്ധി - വിദ്യാഭ്യാസം, തൊഴിൽ, പരിശീലന രംഗത്ത്
ഇന്ത്യയുടെ ഏറ്റവും വലിയ അനുഗ്രഹമായ യുവജനസന്പത്ത് ഇന്ന് ഇന്ത്യക്ക് ഭാരമാകുന്നുവോ? നിതി ആയോഗ് 2026 ഓഗസ്റ്റിൽ പുറത്തുവിട്ട ‘വികസിത് ഭാരത് 2047ലേക്കായി നൈപുണ്യവികസനത്തെ പുനരാവിഷ്കരിക്കുക’ എന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന പ്രധാന പ്രതിസന്ധികൾ താഴെ പറയുന്നവയാണ്:
1) NEET: യുവാക്കളുടെ വലിയ എണ്ണം
ഇന്ത്യയിൽ 15നും 29നും ഇടയിൽ പ്രായമുള്ള 8.7 കോടി യുവാക്കൾ വിദ്യാഭ്യാസമോ തൊഴിലോ നൈപുണ്യ പരിശീലനമോ ഇല്ലാത്ത അവസ്ഥയിലാണ്. അന്താരാഷ്ട്ര തലത്തിൽ ഇങ്ങനെയുള്ളവരെ NEET (Not in Eduction, Employment or Training) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് തൊഴിലില്ലായ്മനിരക്ക് മാത്രമല്ല; മറിച്ച്, ഒരു മേഖലയിലും സജീവമല്ലാത്ത യുവജനങ്ങളുടെ എണ്ണമാണ്. 91% ബിരുദധാരികളായ യുവാക്കളും തൊഴിലില്ലാത്തവരാണ്.
2) വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള പൊരുത്തക്കേട്
രാജ്യത്തെ ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കളിൽ 8.25% പേർക്ക് മാത്രമാണ് തങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ലഭിക്കുന്നത്. പരന്പരാഗതബിരുദങ്ങൾ (BA, BSc, BCom) നേടുന്നവർക്ക് ഇന്നത്തെ ആധുനിക മാർക്കറ്റിൽ ആവശ്യമായ പ്രായോഗിക നൈപുണ്യമോ സാങ്കേതിക അറിവോ (ഉദാഹരണത്തിന് എഐ, മെഷീൻ ലേണിംഗ്, കമ്യൂണിക്കേഷൻ സ്കിൽസ്) ലഭിക്കുന്നില്ല.
3) സ്ത്രീകളുടെ പങ്കാളിത്തക്കുറവും പ്രതിസന്ധികളും
ഈ 8.7 കോടി ജനസംഖ്യയിൽ 88 ശതമാനത്തോളം പേരും വീട്ടുജോലികളിൽ മാത്രം ഒതുങ്ങിപ്പോയവരാണ്. സ്ത്രീകളുടെ കാര്യത്തിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷം. പരിശീലനകേന്ദ്രങ്ങളുടെ കുറവ്, യാത്രാസൗകര്യമില്ലായ്മ, കുടുംബപരമായ ഉത്തരവാദിത്വങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ കാരണം ഭൂരിഭാഗം യുവതികൾക്കും മികച്ച നൈപുണ്യ വികസന പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല.
4) സാമ്പത്തിക ബാധ്യതകൾ
സാധാരണ കുടുംബങ്ങളിലെ വിദ്യാർഥികൾ, റെഗുലർ കോളജ് ഫീസിനായും പ്രൈവറ്റ് ട്യൂഷനായും വലിയ തുക ചിലവഴിക്കുന്നുണ്ട്. എന്നാൽ, പഠനം കഴിഞ്ഞിറങ്ങുന്പോൾ വീണ്ടും വലിയ തുക നൽകി കോഡിംഗോ മറ്റ് സാങ്കേതിക കോഴ്സുകളോ പഠിക്കാൻ ഇവർക്ക് സാധിക്കുന്നില്ല. വരുമാനമില്ലാത്തതും മുന്പ് പഠനത്തിനായി ചിലവഴിച്ച തുകയുടെ ബാധ്യതയും യുവാക്കളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
പ്രധാന പ്രശ്നങ്ങൾ
കുറെയധികം യുവജനങ്ങൾക്ക് ജോലി നൽകാൻ ചെറുകിട വ്യവസായങ്ങൾക്ക് കഴിയും. നൂതനമായ ആശയങ്ങൾ ഉൾക്കൊണ്ട് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നുണ്ട്. സംരംഭകത്വം നന്നായി പോത്സാഹിപ്പിച്ചാൽ ധാരാളം പേർക്ക് തൊഴിൽ ലഭ്യമാകും. ഒന്നോ രണ്ടോ പേർക്കുമുതൽ നൂറുകണക്കിന് യുവജനങ്ങൾക്ക് അഭയമായി ഇന്ന് സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ നൽകുന്ന പ്രോത്സാഹനം ശ്ലാഘനീയമാണെങ്കിലും ഇന്ത്യയൊട്ടാകെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കേണ്ടതുണ്ട്.
എല്ലാ തൊഴിൽരഹിതരുടെയും ആഗ്രഹം നല്ല ജോലി ലഭിക്കണമെന്നതാണ്. എന്താണീ നല്ല ജോലി? നമ്മുടെയിടയിൽ പണ്ടുണ്ടായിരുന്ന ചാതുർവർണ്യ വിവേചനം, ഇന്ന് തൊഴിലിന്റെ പേരിൽ സമൂഹത്തിൽ ശക്തമായിട്ടുണ്ട്. ഡോക്ടർ, എൻജിനിയർ, ജഡ്ജി, സർക്കാർ ഉദ്യോഗസ്ഥൻ തുടങ്ങിയവരെ ഒരുതട്ടിലും കൂലിപ്പണിക്കാരെയും സാധാരണ ജോലി ചെയ്യുന്നവരെയും മറ്റൊരു തട്ടിലും കാണുന്ന സമീപനം നാം മാറ്റണം. ഓരോരുത്തരും ചെയ്യുന്ന ജോലിയെ അംഗീകരിക്കാനും അഭിനന്ദിക്കാനുമുള്ള തുറവി നമുക്കുണ്ടാകണം. എല്ലാറ്റിനുമുപരി ‘മനുഷ്യൻ, മനുഷ്യത്വം’ എന്ന കാഴ്ചപ്പാടിലേക്ക് നാം വളരണം. ജോലിയെക്കുറിച്ചുള്ള ‘സമഭാവം’ കുടുംബങ്ങളിൽനിന്ന് തുടങ്ങി സമൂഹത്തിലേക്ക് വ്യാപിപ്പിക്കണം. അതുവഴി ഏതു ജോലിയും സന്തോഷത്തോടെ ആസ്വദിച്ചു ചെയ്യാൻ നമ്മുടെ യുവജനങ്ങൾ തയാറാകും.
(കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്-ഓട്ടോണമസ്-അധ്യാപകനാണ് ലേഖകൻ)
International
കൊളോൺ: ജർമനിയിലെ ബോഹും നഗരത്തിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ അന്തിമഘട്ടത്തിൽ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമ സ്ഥാപനമായ നോർക്ക റൂട്ട്സ് വഹിക്കും.
നോർക്ക റൂട്ട്സ് ചെയർമാൻകൂടിയായ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു തീരുമാനം. ഇടുക്കി കട്ടപ്പന ശാന്തിഗ്രാം കൊച്ചിടേട്ടേൽ റിട്ട.എസ്ഐ കെ.പി. സാബുവിന്റെ മകൾ നോവ സാബു (26), കൊല്ലം ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപം അശ്വിനി നിവാസിൽ ജോയ്-ഷീല ദന്പതികളുടെ മകൾ അഞ്ജലി (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണു ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെയുണ്ടായ തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ച് മരിച്ചത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തടികൊണ്ടുള്ള പ്രധാന ഗോവണിയ്ക്ക് ആരോ മനഃപൂർവം തീയിട്ടതിനെത്തുടർന്ന് തീ വേഗത്തിൽ പടരുകയും കനത്ത വിഷപ്പുക മലയാളികൾ താമസിച്ചിരുന്ന രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലേക്ക് കയറുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് റുമേനിയക്കാരനായ അയൽവാസിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷപ്പുക ശ്വാസകോശത്തിൽ കയറിയാണ് മൂവരുടെയും മരണം സംഭവിച്ചതെന്ന് പൊലിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമായതിനാൽ പോസ്റ്റ്മോർട്ടം നടത്തേണ്ടതില്ലെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പൊലിസും അറിയിച്ചു.
മൂന്നുപേരുടെയും മൃതദേഹങ്ങൾ ഫ്യൂണറൽ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. ബോഹുമിലെ സിവിൽ രജിസ്ട്രേഷൻ ഓഫീസിലെ നടപടികൾ പൂർത്തിയാക്കി, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള അന്തിമ അനുമതിക്കായി രേഖകൾ ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ എത്തിച്ചു.
മരണ സർട്ടിഫിക്കറ്റ്, പൊലിസ് ക്ലിയറൻസ്, എംബാമിംഗ് സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. കോൺസുലേറ്റിന്റെ എൻഒസി ലഭിക്കുന്നതോടെ വിമാന ടിക്കറ്റുകൾ ക്രമീകരിച്ച് മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും.
Kerala
കോട്ടയം: നേത്ര ചികിത്സാ രംഗത്ത് 42 വര്ഷത്തെ പ്രവര്ത്തനപാരമ്പര്യമുള്ള അല്ഫോന്സ കണ്ണാശുപത്രിയുടെ മൂന്നാമത്തെ ശാഖ കുറവിലങ്ങാട് പ്രവര്ത്തനം ആരംഭിക്കുന്നു.
വൈക്കം റോഡില് സജ്ജീകരിച്ചിരിക്കുന്ന പുതിയ ആശുപത്രിയുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് മന്ത്രി മോന്സ് ജോസഫ് നിര്വഹിക്കും. ആധുനിക രീതിയിലുള്ള ഓപ്പറേഷന് തിയേറ്റര് കോംപ്ലക്സിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്വഹിക്കും.
സമ്പൂര്ണ നേത്രപരിചരണ കേന്ദ്രം എന്ന ആശയത്തിലൂന്നി ഒരുക്കിയിട്ടുള്ള ആശുപത്രിയില് അത്യാധുനിക രോഗനിര്ണയ-ഇമേജിംഗ് സംവിധാനങ്ങള്, നേത്ര ചികിത്സയ്ക്കുള്ള ലേസര് സൗകര്യങ്ങള്, സങ്കീര്ണ ശസ്ത്രക്രിയകള്ക്കായുള്ള ഓപ്പറേഷന് തീയറ്ററുകള് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.
പുതിയ ആശുപത്രിയിലെ ഒപി വിഭാഗവും തുടര്ചികിത്സാ സേവനങ്ങളും 19 മുതല് പൊതുജനങ്ങള്ക്കായി ലഭ്യമാകും. ഞായര് ഒഴികെയുള്ള ദിവസങ്ങളില് രാവിലെ 8.30 മുതല് വൈകുന്നേരം 6.30 വരെയായിരിക്കും പ്രവര്ത്തനസമയം.
കൂടുതല് വിവരങ്ങള്ക്കും ബുക്കിംഗിനുമായി 04822-232500/ +91 77369 55055 എന്ന നമ്പറിലോ www. alphonsaeyehospital.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.
International
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ 400-ാം പ്രതിഷ്ഠ വാർഷികാഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ പത്രോസിന്റെ കബറിട ചരിത്രം അനാവരണം ചെയ്യുന്ന പുതിയ ഡോക്യുമെന്ററി ‘പെട്രോസ് എനി: ഡിസ്കവറിംഗ് ദ ഒറിജിൻസ്’ റിലീസിനൊരുങ്ങുന്നു.
പ്രശസ്ത ഹോളിവുഡ് താരം ക്രിസ് പ്രാറ്റ് അവതാരകനാകുന്ന ഈ ചിത്രത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ നേരിട്ടു കാമറയ്ക്കു മുന്നിലെത്തുന്നുവെന്ന വലിയ സവിശേഷതയുമുണ്ട്. റോം ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ പ്രദർശിപ്പിച്ച ഈ ചിത്രം വത്തിക്കാന്റെ ഭൂഗർഭ കല്ലറകളിലെ ഇതുവരെ കാണാത്ത അപൂർവ ദൃശ്യങ്ങളാണ് പ്രേക്ഷകർക്കു മുന്നിൽ തുറന്നുകാട്ടുന്നത്.
വലിയനോമ്പ് കാലമായ 2027 ഫെബ്രുവരിയിൽ ചിത്രം അന്താരാഷ്ട്രതലത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും. യുഎസ്, കാനഡ എന്നിവിടങ്ങളിൽ ഹലോ സ്റ്റുഡിയോസും സ്പെയിനിൽ ബോസ്കോ ഫിലിംസും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സിനെപോളിസുമാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
പത്രോസ് ഇവിടെയുണ്ട്!
അപ്പസ്തോലനായ വിശുദ്ധ പത്രോസിന്റെ കബറിടത്തിനു സമീപത്തുനിന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തിയ ഗ്രീക്ക് ലിഖിതത്തിൽനിന്നാണ് ചിത്രത്തിന് ‘പെട്രോസ് എനി’ എന്ന പേര് ലഭിച്ചത്. ‘പത്രോസ് ഇവിടെയുണ്ട്’ എന്നാണ് ‘പെട്രോസ് എനി’ എന്ന വാക്കുകളുടെ അർഥം.
‘ഗാർഡിയൻസ് ഓഫ് ദ ഗാലക്സി’, ‘ജുറാസിക് വേൾഡ്’ എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ക്രിസ് പ്രാറ്റാണ് പ്രേക്ഷകരെ ബസിലിക്കയുടെ ഭൂഗർഭ അറകളിലേക്കു നയിക്കുന്നത്. പൊതുജനങ്ങൾക്ക് അപൂർവമായി മാത്രം പ്രവേശനമുള്ള ഈ രഹസ്യവഴികളിലൂടെയുള്ള യാത്ര ചിത്രം അവിസ്മരണീയമാക്കുന്നു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ 400-ാം പ്രതിഷ്ഠ വാർഷികവേളയിൽ ചരിത്രവും വിശ്വാസവും ശാസ്ത്രവും കൂട്ടിയിണക്കുന്ന ഈ ഡോക്യുമെന്ററി ലോകമെമ്പാടുമുള്ള ചലച്ചിത്ര-ചരിത്ര പ്രേമികൾക്ക് ഒരു അപൂർവ ദൃശ്യവിരുന്നായിരിക്കും.
ചരിത്രത്തിലൂടെയും പുരാവസ്തു ഗവേഷണത്തിലൂടെയും ഒരു യാത്ര
ഗലീലിയിലെ സാധാരണക്കാരനായ മീൻപിടിത്തക്കാരനിൽനിന്ന് ഈശോമിശിഹാ സ്ഥാപിച്ച സഭയുടെ അമരക്കാരനായി മാറിയ പത്രോസിന്റെ പരിണാമമാണ് ചിത്രത്തിന്റെ പ്രമേയം. നീറോ ചക്രവർത്തിയുടെ ഭരണകാലത്ത് റോമിൽ രക്തസാക്ഷിത്വം വരിച്ച പത്രോസിനെ അടക്കം ചെയ്ത വത്തിക്കാൻ കുന്നുകൾ പിൽക്കാലത്ത് ക്രിസ്തുമത വിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായി മാറി.
നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം സ്വീകരിച്ച ആദ്യ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ, പത്രോസിന്റെ കല്ലറ സംരക്ഷിക്കുന്നതിനായി അവിടെ ആദ്യത്തെ ബസിലിക്ക നിർമിക്കാൻ ഉത്തരവിട്ടു. കല്ലറ അതേപടി സംരക്ഷിച്ചുകൊണ്ട് പണിതുയർത്തിയ ഈ ചരിത്രഭൂമിയിലാണ് പിൽക്കാലത്ത് വിഖ്യാത ശില്പി ജിയാൻ ലൊറേൻസോ ബെർണിനിയുടെ രൂപകല്പനയിൽ ഇപ്പോഴത്തെ മനോഹരമായ സെന്റ് പീറ്റേഴ്സ് ബസിലിക്ക ഉയർന്നുവന്നത്.
ഡോക്യുമെന്ററിയുടെ അവസാന ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ലെയോ പതിനാലാമൻ മാർപാപ്പ, വിശുദ്ധ പത്രോസിന്റെ വ്യക്തിത്വത്തെക്കുറിച്ചും കബറിടത്തിന്റെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുന്നു.
മാർപാപ്പയോടും വത്തിക്കാനോടൊപ്പവും ഈ പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നതായും, വിശുദ്ധ പത്രോസിന്റെ ജീവിതം ക്രിസ്തീയവിശ്വാസത്തിന്റെ ആണിക്കല്ലാണെന്നും ക്രിസ് പ്രാറ്റ് പറഞ്ഞു.
സ്പാനിഷ് സംവിധായിക പൗള ഓർട്ടിസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ വത്തിക്കാൻ മീഡിയയുടെ എഡിറ്റോറിയൽ ഡയറക്ടർ ആന്ദ്രിയ തൊർണിയല്ലിയുടേതാണ്.
വത്തിക്കാൻ കല്ലറയിലെ പുരാവസ്തു വിദഗ്ധനായ പിയത്രോ സാണ്ടറിന്റെ മേൽനോട്ടത്തിലാണു ചരിത്രവസ്തുതകൾ ക്രോഡീകരിച്ചിരിക്കുന്നത്. എഎഫ് ഫിലിംസ്, വത്തിക്കാൻ മീഡിയ, ഫാബ്രിക് ഓഫ് സെന്റ് പീറ്റർ എന്നിവർ ചേർന്നാണു നിർമാണം.
Kerala
പാലക്കാട്: ജ്വല്ലറി ജീവനക്കാരനായ ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ആക്രമിച്ച് 32 ലക്ഷം രൂപയും ബൈക്കും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.
തൃശൂർ പാലയ്ക്കൽ ചെറുവത്തേരി സ്വദേശിയും നഗരത്തിലെ ജ്വല്ലറിയിലെ ജീവനക്കാരനുമായ ഭവീഷ് (44)ആണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.
വ്യാഴാഴ്ച രാവിലെ 9.30ഓടെ കഞ്ചിക്കോട്-മേനോൻപാറ റോഡിൽ പോക്കാന്തോടിനു സമീപമായിരുന്നു സംഭവം. തമിഴ്നാട്ടിൽ സ്വർണം വിറ്റുകിട്ടിയ പണവുമായി ബൈക്കിൽ തൃശൂരിലേക്കു മടങ്ങുന്നതിനിടെയാണ് ഭവീഷിനെ ആക്രമിച്ചതെന്നാണു പരാതി.
കാറിലെത്തിയ നാലംഗസംഘം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് തടഞ്ഞുനിർത്തി ആക്രമിച്ചശേഷം കാറിൽ കയറ്റിക്കൊണ്ടുപോയെന്നാണ് ഭവീഷ് പൊലിസിൽ മൊഴിനൽകിയത്. കുറച്ചുദൂരം പിന്നിട്ടശേഷം ഇദ്ദേഹത്തെ റോഡിൽ തള്ളിയിട്ട് ബൈക്കുമായി സംഘം കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു.
സംഭവത്തിനു പിന്നാലെ ഭവീഷ് കസബ പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഭവീഷിന് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്നു പൊലിസ് അറിയിച്ചു.
കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
Kerala
തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായർ കൊലപാതകക്കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിലെ ഒന്നാം പ്രതി രവീന്ദ്രൻ നായരെ സഹായിച്ചെന്ന ആരോപണത്തിൽ മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരേയും അന്വേഷണം ആരംഭിച്ചതായാണു വിവരം.
വീട്ടുജോലിക്കാരി ലീല, മുൻ കാര്യസ്ഥൻ സഹദേവന്റെ മരുമകൻ സെന്തിൽ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചുവരികയാണ്. രവീന്ദ്രൻ നായരെ അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം നടപടി തുടങ്ങി.
2017 ഏപ്രിൽ രണ്ടിനാണ് കൂടത്തിൽ തറവാട്ടിലെ അവസാന അവകാശിയായ ജയമാധവൻ നായർ മരിച്ചത്. സ്വത്ത് കൈക്കലാക്കാൻ വ്യാജ വിൽപത്രം തയാറാക്കിയെന്നും ജയമാധവൻ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ സ്വത്ത് നഷ്ടപ്പെടുമെന്ന ആശങ്കയിൽ കൊലപാതകം ആസൂത്രണം ചെയ്തെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ ആരോപണം. 60 കോടിയിലേറെ രൂപയുടെ സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തലയ്ക്കേറ്റ പരിക്കും ശ്വാസംമുട്ടിക്കലുമാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവസമയത്തു വീട്ടിൽ ജോലിക്കാരിയായിരുന്ന ലീലയെ അന്വേഷണസംഘം ചോദ്യം ചെയ്തു. കൊലപാതകത്തിനുശേഷം രക്തം പുരണ്ട ബെഡ്ഷീറ്റും തലയിണയും പായയും കത്തിച്ചുകളഞ്ഞതായി ലീല ചോദ്യംചെയ്യലിൽ സമ്മതിച്ചതായാണു വിവരം. എന്നാൽ, ആരുടെ നിർദേശപ്രകാരമാണ് ഇവ നശിപ്പിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല.
ജയമാധവനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലാണെന്നു തെറ്റായ മൊഴി നൽകാൻ ഡ്രൈവർ സുമേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്. ഇതിനായി സെന്തിൽ അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് സുമേഷിന്റെ മൊഴി. ഇക്കാര്യത്തിൽ മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ രവീന്ദ്രനെ സഹായിച്ചോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
കേസിലെ മറ്റൊരു പ്രതിയായ സാജു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. നേരത്തേ ഇയാളെ ചോദ്യം ചെയ്യുകയും തെളിവില്ലാത്തതിനാൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ച മറ്റൊരു പ്രതിയായ അനിൽകുമാറിന്റെ കാർ ഓടിച്ചിരുന്നത് സാജുവാണ്. അനിൽകുമാറും കേസിൽ പ്രതിയാണ്. രവീന്ദ്രൻ നായർ പറഞ്ഞതുപോലെ ജയമാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോയിലല്ല, കാറിലായിരുന്നു എന്ന് വ്യക്തമായത് സാജുവിനെ ചോദ്യം ചെയ്തപ്പോഴാണ്. ഇതോടെയാണ് രവീന്ദ്രന്റ കള്ളങ്ങൾ പൊളിഞ്ഞുതുടങ്ങിയത്.
അതേസമയം, കൂടത്തിൽ തറവാട്ടിൽ വർഷങ്ങൾക്കിടെ നടന്ന ഏഴു ദുരൂഹമരണങ്ങളിലും രവീന്ദ്രൻ നായർക്ക് പങ്കുണ്ടോയെന്നു നിലവിൽ വ്യക്തമായിട്ടില്ല. മറ്റു മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടു പോകുക.
Kerala
വൈക്കം: ഇതര സംസ്ഥാനക്കാരന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയശേഷം മലയാളിയായ ആളുടെ ഫോൺ നമ്പറിലുള്ള ഗൂഗിൾ പേ അക്കൗണ്ടിലൂടെ കൈക്കൂലി സ്വീകരിച്ചെന്ന കേസിൽ വൈക്കം സിഐ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്.
സിഐ പി.എ. ഷമീർഖാൻ ആസാം സ്വദേശിയുടെ പേരിൽ വൈക്കത്തെ കാനറ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നശേഷം വൈക്കം സ്വദേശിയുടെ ഫോൺ നമ്പർ ഗൂഗിൾ പേ ഇടപാടിനായി ഉപയോഗിച്ചെന്ന് വിജിലൻസ് കണ്ടെത്തിയതായാണ് സൂചന. മണ്ണുമാഫിയ, ടിപ്പർ ഉടമകൾ തുടങ്ങിയവർ ഗൂഗിൾ പേ നമ്പറിൽ വിളിച്ചറിയിച്ചശേഷം പണം നിക്ഷേപിക്കുകയായിരുന്നെന്നാണ് ആരോപണം.
കഴിഞ്ഞ അഞ്ചിനു തുടങ്ങിയ ഈ അക്കൗണ്ടിലേക്ക് ഏഴാം തീയതി മുതൽ പണം എത്തിത്തുടങ്ങി. മണ്ണ് മാഫിയയും, ടിപ്പർ ലോറി ഉടമകളും മാത്രമാണ് പണം നിക്ഷേപിച്ചതെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. ഒരു മാസത്തിനകം 2.50 ലക്ഷം രൂപയുടെ ഇടപാട് ഈ അക്കൗണ്ടിൽ നടന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ അക്കൗണ്ടിൽ ഒടുവിൽ പണമെത്തിയത്. പണം എത്തുന്ന അതേദിവസം തന്നെ സിഐ ഹെൽമറ്റും മാസ്കും ധരിച്ച് എടിഎമ്മിൽ എത്തി പണമെടുത്തിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന. സിഐയുടെ ഫോൺ, എടിഎം കാർഡ് തുടങ്ങിയവ പിടിച്ചെടുത്ത വിജിലൻസ് എസ്പി ആർ.വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, കാനറാ ബാങ്കിന്റെ വൈക്കം ശാഖയിലെത്തി അക്കൗണ്ട് പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു.
സിഐയുടെ ഫോണും ബാങ്ക് അക്കൗണ്ട് അടക്കമുള്ളവയും പരിശോധിച്ചശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം സിഐയെ കൂടുതൽ ചോദ്യം ചെയ്യും. ക്രമക്കേട് ബോധ്യപ്പെട്ടാൽ തുടർനടപടികളിലേക്കു കടക്കുമെന്നും വിജിലൻസ് സംഘം അറിയിച്ചു. നാലുമാസം മുമ്പാണ് പി.എ. ഷമീർഖാൻ വൈക്കം സിഐയായി എത്തിയത്.
Kerala
കാസർഗോഡ്: തൃശൂർ ജില്ലയിൽനിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിയെ കാസർഗോഡ് നഗരത്തിലെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.
സഹപാഠിയായ പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണു സംഭവം.
തൃശൂർ റൂറൽ സൈബർ പൊലിസ് നടത്തിയ അന്വേഷണത്തിൽ വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലുമായി ബന്ധിപ്പിച്ച ജിമെയിൽ അക്കൗണ്ട് 15 വയസുകാരനായ ഈ വിദ്യാർഥിയുടേതാണെന്നു കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥിയുടെ മൂത്ത സഹോദരനെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വിദ്യാർഥിയെ കാണാതായത്.
Kerala
തൃശൂർ: കേരള ലളിതകലാ അക്കാദമിയും വിജയകുമാർ മേനോൻ സ്മാരക സമിതിയും ചേർന്നു നൽകുന്ന വിജയകുമാർ മേനോൻ സ്മാരക പുരസ്കാരങ്ങൾ (25,000 രൂപ) പ്രഖ്യാപിച്ചു.
കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ പ്രഫ. കാട്ടൂർ നാരായണപിള്ളയ്ക്കും, എഴുത്തിന് ചെറുകഥാകൃത്ത് പി. സുരേന്ദ്രനുമാണു പുരസ്കാരം. നവംബർ ഒന്നിന് അക്കാദമി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പത്രസമ്മേളനത്തിൽ ലളിതകലാ അക്കാദമി അധ്യക്ഷൻ പ്രഫ. എസ്. പ്രകാശ് മൂർത്തി, സെക്രട്ടറി വൈക്കം എം.കെ. ഷിബു, വിജയകുമാർ മേനോൻ, സ്മാരക സമിതി പ്രസിഡന്റ് എൻ.ബി. ലതാദേവി, നിർമൽ ഖാൻ എന്നിവർ പങ്കെടുത്തു.
Kerala
കോട്ടയം: മാറ്റിവച്ച പ്ലസ് വണ് ഇംപ്രൂവ്മെന്റ് പരീക്ഷ ശനിയാഴ്ച രണ്ടു നേരമായി നടത്താനുള്ള ഹയര് സെക്കന്ഡറി പരീക്ഷാ വിഭാഗത്തിന്റെ തീരുമാനം തികച്ചും വിദ്യാര്ഥിവിരുദ്ധമാണെന്നും തീരുമാനം പിന്വലിക്കണമെന്നും കേരള സ്റ്റേറ്റ് സ്കൂള് ടീച്ചേഴ്സ് ഫ്രണ്ട്.
പ്രാധാന്യമേറിയ പ്ലസ് വണ് ഇംപ്രൂവ്മെന്റ് പരീക്ഷ തികച്ചും ലാഘവത്തോടെ കാണുന്ന നടപടി പ്രതിഷേധാര്ഹമാണ്. ഒരു വിഭാഗം വിദ്യാര്ഥികള്തന്നെ രണ്ടുനേരവും പരീക്ഷ എഴുതേണ്ട സാഹചര്യം വിദ്യാര്ഥിവിരുദ്ധവും പരീക്ഷയുടെ ഗൗരവംതന്നെ ഇല്ലാതാക്കുന്നതുമാണ്.
ഇത്തരം തീരുമാനങ്ങളില്നിന്ന് വിദ്യാഭ്യാസവകുപ്പിന്റെ പരീക്ഷാവിഭാഗം മാറിനില്ക്കണമെന്നും വിദ്യാര്ഥികള്ക്കു ബുദ്ധിമുട്ടില്ലാത്ത രീതിയില് പുതിയ തീയതി പ്രഖ്യാപിച്ച് പരീക്ഷ നടത്തണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. നോയല് മാത്യൂസ്, ജനറല് സെക്രട്ടറി പോരുവഴി ബാലചന്ദ്രന് എന്നിവര് ആവശ്യപ്പെട്ടു.
Kerala
കൊച്ചി: സർക്കാർ എല്ലാവരുടേതുമാകണമെന്നും പ്രത്യേകമായി പിണറായിയുടേതെന്നു തോന്നുകയുമരുതെന്നും കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ.
പാർട്ടിക്കോട്ടകളിലെ സ്വന്തക്കാർക്കുപോലും വേണ്ടാത്ത മാസപ്പടിക്കാരെ വെളുപ്പിക്കരുതെന്നും ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു. മാസപ്പടി കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിലെ എതിർപ്പും കോൺഗ്രസ് നേതൃത്വത്തിനു വിമർശനവുമായാണ് ജിന്റോ ജോണിന്റെ കുറിപ്പ്.
ഉമ്മൻചാണ്ടി നീതിമാനായിരുന്നുവെന്ന് ഒരായിരം വട്ടം പ്രസംഗിച്ചവർ അതെല്ലാം മറന്നുപോയെന്നും ആ മനുഷ്യന്റെ പേരിൽകൂടിയായിരുന്നു ഈ വിജയമെന്നും മറന്നതായി ജിന്റോ വിമർശിച്ചു. 100 ശതമാനം നീതി നിഷേധിക്കപ്പെട്ടാണ് ഉമ്മൻ ചാണ്ടിയുടെ അവസാനയാത്ര എന്നതും മറന്നു.
പിണറായി വിജയന്റെ മൂന്ന് അന്വേഷണ ടീമുകൾ തെളിവില്ലെന്നു പറഞ്ഞിട്ടും, വിശ്വാസ്യത തരിമ്പുമില്ലാത്ത സരിതയുടെ കത്തെഴുതി വാങ്ങി സിബിഐ അന്വേഷണം ശിപാർശ ചെയ്ത പിണറായി ഭരണത്തിൽ ഉമ്മൻചാണ്ടിക്കു നേരിട്ട നീതിനിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളേ എന്നും ജിന്റോ ചോദിക്കുന്നു.
മുൻ സർക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്നും ഓർക്കണം. പിണറായി സർക്കാരിന്റെ വിദൂര സാമ്യങ്ങൾ പോലും എണ്ണപ്പെടുമെന്ന ബോധ്യങ്ങളുണ്ടാകണം-ജിന്റോ ജോൺ കുറിച്ചു.
Kerala
തിരുവനന്തപുരം: കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്കു ദീർഘകാല പരിഹാരം കണ്ടെത്തുന്നതിനായി റോഡുകൾക്കും ബൈപാസുകൾക്കും മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന റോഡ് റൂഫ് സോളാർ പദ്ധതി സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് ജി. കാർത്തികേയൻ പഠന-ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ള റോഡ് ശൃംഖലയെ സൗരോർജ ഉത്പാദനത്തിനുള്ള അടിസ്ഥാനസൗകര്യമാക്കി മാറ്റാൻ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത.
റോഡ് റൂഫ് സോളാർ പദ്ധതി
ദേശീയ പാതകൾ, സംസ്ഥാനപാതകൾ, ബൈപാസുകൾ, അനുയോജ്യമായ വീതിയുള്ള പ്രധാന റോഡുകൾ എന്നിവയ്ക്കു മുകളിൽ സ്റ്റീൽ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ ഘടനകൾ സ്ഥാപിച്ച് അവയ്ക്കു മുകളിൽ സൗരോർജ പാനലുകൾ ഘടിപ്പിക്കുന്ന പദ്ധതിയാണിത്.
റോഡിന്റെ ഇരുവശങ്ങളിലും തൂണുകൾ സ്ഥാപിച്ച് മേൽക്കൂരയുടെ മാതൃകയിൽ പാനലുകൾ ക്രമീകരിക്കാം. റോഡിന്റെ വീതി, വാഹനങ്ങളുടെ ഉയരം, കാറ്റിന്റെ ആഘാതം, പാലങ്ങളും ജംഗ്ഷനുകളും, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പരിഗണിച്ചായിരിക്കണം രൂപകല്പന.
International
വെനീസ്: ഇറ്റലിയിലെ വെനീസ് ഇയുആവ് സർവകലാശാലയിൽ നടക്കുന്ന മൂന്നാമത് വേൾഡ് കൊളോക്വിയം ഓൺ എക്സിസ്റ്റൻഷ്യൽ പോസ്റ്റ്ഹ്യൂമനിസത്തിൽ ചെന്നൈ സ്റ്റെല്ല മേരീസ് കോളജ് (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷക എയ്ഞ്ചൽ എലിസബത്ത് സെബാസ്റ്റ്യൻ പ്രബന്ധം അവതരിപ്പിച്ചു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ഗവേഷകർ പങ്കെടുക്കുന്ന കൊളോക്വിയത്തിൽ പ്രബന്ധം അവതരിപ്പിക്കുന്ന നാല് ഇന്ത്യക്കാരിൽ ഏക മലയാളിയാണ് ഏയ്ഞ്ചൽ.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ജർമൻ ബെനഡിക്ടൈൻ സന്യാസിനിയും മിസ്റ്റിക്കുമായ ഹിൽഡഗാർഡ് ഓഫ് ബിങ്ങൻ പ്രകൃതിയിലെ ജീവദായകമായ ഹരിതശക്തിയെക്കുറിച്ച് പങ്കുവച്ച ദർശനം ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധിയിൽ ഭൂമിയിലെ സഹവർത്തിത്വത്തിനുള്ള മാതൃകയാകുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്ന പ്രബന്ധമാണ് അവതരിപ്പിച്ചത്.
ഗവേഷണ മാർഗദർശി ഡോ. മിരുണ ജോർജുമായി ചേർന്നാണ് പ്രബന്ധം തയാറാക്കിയത്. മിസ്റ്റിക് കവിതയും ഫിലൊസോഫിക്കൽ പോസ്റ്റ് ഹ്യൂമനിസവും തമ്മിലുള്ള സംവാദമാണ് ഏയ്ഞ്ചലിന്റെ ഗവേഷണമേഖല.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പൊടിമറ്റം വള്ളിയാംതടത്തിൽ കുടുംബാംഗമായ ഏയ്ഞ്ചൽ അധ്യാപനരംഗത്തും പ്രവർത്തിക്കുന്നു. ചെന്നൈയിൽ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ ചിറ്റടി ജീരകത്തിൽ ജാക്ക് ഭർത്താവ്. മകൻ: ആൻഡ്രൂ.
Kerala
കൊച്ചി: ശാസ്ത്രരംഗത്തെ വിഖ്യാത അന്താരാഷ്ട്ര പുരസ്കാരമായ ജോൺ മാഡോക്സ് അവാർഡിന്റെ സാധ്യതാപട്ടികയിൽ മലയാളി ഡോക്ടർ ഇടം നേടി.
ആലുവ രാജഗിരി ആശുപത്രിയിലെ കരൾരോഗ വിഭാഗം സീനിയർ കൺസൾട്ടന്റും ക്ലിനിക്കൽ സയന്റിസ്റ്റുമായ ഡോ. സിറിയക് അബി ഫിലിപ്സാണ് ശാസ്ത്രീയ സത്യങ്ങൾക്കും തെളിവുകൾക്കും വേണ്ടി നിലകൊള്ളുന്ന ഗവേഷകർക്കുള്ള ജോൺ മാഡോക്സ് പുരസ്കാരത്തിന്റെ സാധ്യതാപട്ടികയിൽ ഇടം നേടിയത്.
ബ്രിട്ടണിലെ സെൻസ് എബൗട്ട് സയൻസും റോയൽ സൊസൈറ്റിയും സംയുക്തമായാണു പുരസ്കാരം നൽകുന്നത്. ലോകമെമ്പാടുമുള്ള നാമനിർദേശങ്ങളിൽനിന്നു തെരഞ്ഞെടുത്ത എട്ടുപേരാണ് സാധ്യതാപട്ടികയിലുള്ളത്.
2012 മുതൽ നൽകുന്ന പുരസ്കാരത്തിന്റെ സാധ്യതാപട്ടികയിലിടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡോ. സിറിയക് അബി ഫിലിപ്സ്. പുരസ്കാരം 29ന് പ്രഖ്യാപിക്കും.
രാസപരിശോധനകളിലൂടെയും ടോക്സോളജിക്കൽ വിശകലനങ്ങളിലൂടെയും കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളും മായങ്ങളും തിരിച്ചറിഞ്ഞ് ചികിത്സാരീതികൾ മെച്ചപ്പെടുത്തുന്നതിന് ഡോ. സിറിയക് അബി ഫിലിപ്സിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം പ്രവർത്തിക്കുന്നുണ്ട്.
Kerala
കൊച്ചി: ബോഡി ബില്ഡിംഗ് ലോകചാമ്പ്യന് ചിത്തരേഷ് നടേശന്, ലോക പുരുഷസൗന്ദര്യ മത്സരത്തിലെ വെള്ളിമെഡല് ജേതാവ് ഷിനു ചൊവ്വ എന്നിവരെ ആംഡ് പൊലിസ് ഇന്സ്പെക്ടര്മാരായി നിയമിച്ചതില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടു നല്കിയ ഹര്ജി ഹൈക്കോടതി തീര്പ്പാക്കി.
നിലവിലെ ഡിജിപി എസ്. ശ്രീജിത്ത് അടക്കമുള്ളവര്ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് അഡ്വ. കെ.എം. ഷാജഹാന് നല്കിയ ഹര്ജിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന് തീര്പ്പാക്കിയത്.
നിയമനവുമായി ബന്ധപ്പെട്ടു വിജിലന്സ് അന്വേഷണം ആവശ്യമില്ലെന്ന സര്ക്കാര് വാദം അംഗീകരിച്ചും ഇരുവരെയും നിയമിച്ചതും പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതുമടക്കം ഉത്തരവുകള് ഹർജിക്കാരനും മറ്റുള്ളവരും ചോദ്യം ചെയ്തിട്ടില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്.
ബോഡി ബില്ഡര്മാരെ ഇന്സ്പെക്ടര്മാരായി നിയമിച്ചത് രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നുവെന്നും അഴിമതി നടന്നിട്ടുണ്ടെന്നുമായിരുന്ന ആരോപണം. ശാരീരികക്ഷമതാ പരീക്ഷകളില് പരാജയപ്പെട്ടിട്ടും നിയമനം നടത്താന് തീരുമാനിച്ചതും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്, നിയമന ഉത്തരവ് നല്കിയെങ്കിലും പരിശീലനത്തിനടക്കം അനുമതി നല്കിയിട്ടില്ലെന്നാണ് സര്ക്കാര് അറിയിച്ചത്. ചട്ടങ്ങളോ വകുപ്പുതല മാനദണ്ഡങ്ങളോ ലംഘിച്ചുവെന്നതുകൊണ്ടു മാത്രം കുറ്റകരമായ പ്രവൃത്തിയായി കാണാനാകില്ലെന്ന് സര്ക്കാര് ചൂണ്ടിക്കാട്ടിയതും കോടതി കണക്കിലെടുത്തു.
അന്വേഷണത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തില് ഹര്ജി ഭേദഗതി ചെയ്ത് ആ ഉത്തരവിനെ ഹര്ജിക്കാരന് ചോദ്യംചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്, ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്ജിക്കാരനടക്കമുള്ളവര്ക്ക് നിയമപരമായി കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കിയാണ് കോടതി ഹര്ജി തീര്പ്പാക്കിയത്.
International
ഹൂസ്റ്റൺ: റോഡിലൂടെ ഓടുക മാത്രമല്ല, വായുവിൽ പറന്നുയരുകയും ചെയ്യുന്ന പുതിയ ടെസ്ലാ റോഡ്സ്റ്റർ ഇലക്ട്രിക് കാർ പുറത്തിറക്കി ഇലോൺ മസ്ക്. 2018-ൽ കാറുകൾ പറത്തുമെന്ന മസ്കിന്റെ ആശയം കേട്ട് പരിഹസിച്ചവർക്കുള്ള വായടപ്പിക്കുന്ന മറുപടിയായാണ് റോഡ്സ്റ്ററിന്റെ പുതിയ പതിപ്പിന്റെ തത്സമയ പ്രദർശനം നടന്നത്.
ടെക്സാസിലെ സ്പേസ് എക്സ് ഫെസിലിറ്റിയിൽ നടന്ന ചടങ്ങിൽ സ്റ്റീൽ റാംപിൽ നിന്നും കുതിച്ചുയർന്ന് വായുവിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന കാറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. സ്പേസ് എക്സിന്റെ റോക്കറ്റ് സാങ്കേതികവിദ്യയാണ് ടെസ്ല ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കംപ്രസ്ഡ് എയർ ത്രസ്റ്ററുകൾ ഉപയോഗിച്ച് വാഹനത്തിന് റോക്കറ്റ് പോലെ പറക്കാനും വായുവിൽ കരണം മറിയാനും സാധിക്കുമെന്ന് മസ്ക് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച കാർ നിർമാതാക്കളും റോക്കറ്റ് നിർമാതാക്കളും കൈകോർത്തപ്പോൾ ഉണ്ടായ അത്ഭുതമാണിതെന്ന് പ്രദർശനത്തിന് ശേഷം മസ്ക് കുറിച്ചു. "പറക്കും കാറുകൾ യാഥാർഥ്യമാണ്" എന്നും മസ്ക് കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യ ഇനിയും വികസിപ്പിക്കാനുണ്ടെങ്കിലും ഇലക്ട്രിക് വാഹന രംഗത്ത് വൻ വിപ്ലവം സൃഷ്ടിക്കാൻ റോഡ്സ്റ്ററിന് കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Kerala
തിരുവനന്തപുരം: വിജയദശമി ദിനത്തിൽ തലസ്ഥാനത്ത് ഇല്ലാത്തതിനാൽ നാല് കുട്ടികളെ മുൻകൂട്ടി എഴുത്തിനിരുത്തി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്.
2026-ലെ വിദ്യാരംഭം ഒക്ടോബർ 21 ബുധനാഴ്ചയാണ്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം, തിരൂർ തുഞ്ചൻപറമ്പ് തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിൽ വിദ്യാരംഭത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഞായർ മുതൽ ബുധൻ വരെ തുടർച്ചയായ നാല് ദിവസത്തെ അവധിയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്.
International
കീവ്: യുക്രെയ്ൻ സേനയുടെ പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈൽ ശേഖരം തീർന്നു. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഈ മിസൈൽ ഉപയോഗിച്ചാണു റഷ്യൻ മിസൈലുകളെ യുക്രെയ്ൻ വെടിവച്ചു വീഴ്ത്തിയിരുന്നത്.
അടുത്തകാലത്ത് റഷ്യൻ സേനയുടെ വ്യോമാക്രമണങ്ങൾ വിജയകരമാകാനും ആൾനാശം വർധിക്കാനുമുള്ള കാരണം ഇന്റർസെപ്റ്റർ മിസൈലുകളുടെ അഭാവമാണ്.
ഇതോടൊപ്പം അമേരിക്കയിലെ സ്റ്റാർലിങ്ക് കന്പനിയുടെ ഇന്റർനെറ്റ് സേവനങ്ങൾ പരിമിതപ്പെട്ടതും യുക്രെയ്ൻ സേനയ്ക്കു വലിയ തിരിച്ചടിയായിട്ടുണ്ട്. റഷ്യൻ ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചു വീഴ്ത്താൻ യുക്രെയ്നു നിലവിൽ ഒരു മാർഗവുമില്ലെന്നാണ് അമേരിക്കയിലെ സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഇതാദ്യമായല്ല യുക്രെയ്ൻ ഇന്റർസെപ്റ്റർ മിസൈലുകളുടെ അഭാവം നേരിടുന്നത്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അപ്രീതിക്കിരയായിരിക്കുന്ന സമയം എന്നതാണ് ഇത്തവണത്തെ സവിശേഷത.
ട്രംപ് പ്രഖ്യാപിച്ച ഊർജ വെടിനിർത്തൽ ലംഘിച്ച് യുക്രെയ്ൻ റഷ്യൻ റിഫൈനറി ആക്രമിച്ചതാണ് ട്രംപിന്റെ അനിഷ്ടത്തിനു കാരണം. ട്രംപ് റഷ്യയുമായി ഉണ്ടാക്കിയ ഡീസൽ ഇറക്കുമതി കരാറിലൂടെ യുക്രെയ്ൻ വഞ്ചിക്കപ്പെട്ടു എന്നുള്ള സെലൻസ്കിയുടെ പരാമർശവും ട്രംപിനെ ചൊടിപ്പിച്ചു.
നവംബർ മൂന്നിലെ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിനു മുന്പായി ഇന്ധനവില താഴ്ത്താനാണു ട്രംപ് റഷ്യയുമായി കരാറുണ്ടാക്കിയത്. റഷ്യൻ റിഫൈറനികളെ ആക്രമിച്ചാൽ റഷ്യൻ വ്യോമാക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്കാൻ സഹായിക്കുന്ന ഇന്റലിജൻസ് വിവരങ്ങൾ അമേരിക്ക യുക്രെയ്നു നല്കില്ലെന്നും ട്രംപ് ഭരണകൂടം ഭീഷണി മുഴക്കിയതായി റിപ്പോർട്ടുണ്ട്.
ഇതിനിടെയാണ് ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക് കന്പനിയുടെ ഇന്റർനെറ്റ് സേവനങ്ങളിൽ വിലക്കുണ്ടായത്. ഡ്രോൺ ആക്രമണത്തിൽ ജിപിഎസ് സേവനം ലഭിക്കാൻ യുക്രെയ്ൻ ആശ്രയിക്കുന്നത് സ്റ്റാർലിങ്കിന്റെ മിലിട്ടറി വെർഷനായ സ്റ്റാർഷീൽഡിനെ ആണ്.
ഡ്രോൺ വേഗത കുറയ്ക്കുന്ന തരം നിയന്ത്രണങ്ങളാണ് യുക്രെയ്ൻ നേരിടുന്നത്. ഇതുമൂലം ആക്രമണങ്ങളുടെ ഫലക്ഷമത കുറയുന്നു. ഇതിൽ പങ്കില്ലെന്നാണു ട്രംപ് ഭരണകൂടം പറയുന്നത്.
കീവ്: യൂറോപ്യൻ നേതാക്കളുടെ രാഷ്ട്രീയ, സാന്പത്തിക പിന്തുണ തേടി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. സെലൻസ്കിക്ക് ശക്തമായ പിന്തുണ നല്കുമെന്ന് യൂറോപ്യൻ നേതൃത്വം സൂചിപ്പിച്ചു.
യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസൽസിലെത്തിയ സെലൻസ്കി യൂറോപ്യൻ നേതാക്കളെ നേരിട്ടുകണ്ടാണ് പിന്തുണ തേടിയത്. ഇതിനിടെ, റഷ്യ ഇന്നലെയും യുക്രെയ്നിൽ ഡ്രോൺ-മിസൈൽ ആക്രമണം തുടർന്നു. മൂന്നുപേർ കൊല്ലപ്പെടുകയും 15 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
International
ലണ്ടൻ: ഇറാൻ പിന്തുണയുള്ള ക്രിമിനൽ സംഘത്തിനുവേണ്ടി കൊലപാതകം നടത്താൻ ബ്രിട്ടനിലെത്തിയ നോർവീജിയൻ കൗമാരക്കാരൻ ജൊഹാൻസ് നാറ്റ്ലാൻഡിന് (19) 20 വർഷം തടവുശിക്ഷ.
വെസ്റ്റ് യോർക്ക്ഷെയറിലെ ഹോട്ടൽമുറിയിൽനിന്നു കഴിഞ്ഞ വർഷം മാർച്ചിലാണ് ഇയാൾ അറസ്റ്റിലായത്. രണ്ടു തോക്കുകളും 19 വെടിയുണ്ടകളും കണ്ടെത്തിയിരുന്നു.
ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയോടെ സ്വീഡനിൽ പ്രവർത്തിക്കുന്ന ഫോക്സ്ട്രോട്ട് നെറ്റ്വർക്ക് എന്ന ക്രിമിനൽ സംഘമാണ് ഇയാളെ റിക്രൂട്ട് ചെയ്ത് ബ്രിട്ടനിലേക്ക് അയച്ചത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഉപരോധം നേരിടുന്ന സംഘടനയാണിത്.
കൊലപാതകം നടത്താൻ പ്രതി ഗൂഢാലോചന നടത്തിയതായി വൂൾവിച്ച് കോടതി ഇന്നലെ കണ്ടെത്തി. അതേസമയം, ആരെ വധിക്കാനാണു പ്രതി ലക്ഷ്യമിട്ടതെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. കുറ്റകൃത്യങ്ങൾ നിർവഹിക്കാൻ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘടനയാണ് ഫോക്സ്ട്രോട്ട് നെറ്റ്വർക്കെന്നു കോടതി ചൂണ്ടിക്കാട്ടി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒറേഗോൺ സംസ്ഥാനത്ത് പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്നു കുട്ടികളും ഒരധ്യാപകനും കൊല്ലപ്പെട്ടു. 16 വയസുള്ള അക്രമിയെ മറ്റൊരാൾ വെടിവച്ചു കൊന്നു.
ബെൻഡ് എന്നു പേരുള്ള നഗരത്തിലെ സിൽവർ റെയിൽ എലമെന്ററി സ്കൂളിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പൂട്ടിയിട്ടിരുന്ന വാതിൽ വെടിവച്ചു തുറന്നാണു പതിനാറുകാരൻ അകത്തു കടന്നത്.
അഞ്ച്, എട്ട്, 11 വയസുള്ള കുട്ടികളും 54 വയസുള്ള അധ്യാപകനുമാണു കൊല്ലപ്പെട്ടത്. വെടിയേറ്റ ഏഴു വയസുള്ള കുട്ടി ഗുരുതരാവസ്ഥയിലാണ്.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമേൽ അണ്വായുധം പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. പകരം അമേരിക്കയുടെ പക്കലുള്ള ഏറ്റവും വലിയ ആണവ ഇതര ബോംബ് ഇറാനിൽ ഇടുമെന്നും അദ്ദേഹം ഒരഭിമുഖത്തിൽ സൂചിപ്പിച്ചു.
ജിബിയു-43/ബി മാസീവ് ഓർഡനൻസ് എയർബ്ലാസ്റ്റ് എന്ന ബോംബ് ഇറാനിൽ പ്രയോഗിച്ചേക്കുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ ബോംബിന്റെയും അമ്മ എന്നു വിളിക്കപ്പെടുന്ന ഇത് അണുബോംബല്ലെന്ന് ട്രംപ് അഭിമുഖത്തിൽ വിശദീകരിച്ചു.
നവംബർ മൂന്നിലെ അമേരിക്കൻ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഇറാനിൽ ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ രഹസ്യ ആണവകേന്ദ്രം പ്രവർത്തിക്കുന്നു എന്നു സംശയിക്കുന്ന പിക്ആക്സ് മലയിൽ ആക്രമണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇറാന്റെ അണ്വായുധശേഷി ഇല്ലാതാകാതെ അമേരിക്കയ്ക്കു യുദ്ധം അവസാനിപ്പിക്കാനാവില്ല.
പക്ഷേ, ആക്രമണത്തിലൂടെയോ നയതന്ത്രത്തിലൂടെയോ യുദ്ധം ഉടൻ അവസാനിപ്പിക്കും. ഇതോടെ എണ്ണവില താഴുകയും ചെയ്യും. ഇറാനിൽ അമേരിക്കൻ കരസേനയെ ഇറക്കാനുള്ള സാധ്യതയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
വത്തിക്കാൻ സിറ്റി: ആഗോള തലത്തിൽ കത്തോലിക്കാ വശ്വാസികളുടെ എണ്ണം കൂടി. 2024 ജൂൺ 30 വരെയുള്ള കണക്കു പ്രകാരം 142.2 കോടി കത്തോലിക്കരാണുള്ളത്. ആഗോള ജനസംഖ്യയുടെ 17.8 ശതമാനം വരുമിത്. 2023ലെ 140.5 കോടിയെ അപേക്ഷിച്ച് കത്തോലിക്കരുടെ എണ്ണത്തിൽ 1.669 കോടിയുടെ വർധനയുണ്ടായി.
ഒക്ടോബർ 18ലെ മിഷൻ ഞായറിനോട് അനുബന്ധിച്ച് കത്തോലിക്കാ സഭയുടെ ഫിദെസ് വാർത്താ ഏജൻസി പുറത്തുവിട്ട ‘കത്തോലിക്കാ സഭാ സ്റ്റാറ്റിസ്റ്റിക്സ് 2026’ എന്ന രേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സഭാ വൈദികരുടെ എണ്ണത്തിലും നേരിയ വർധനയുണ്ട്. ഇതാദ്യമായി കത്തോലിക്കരുടെ എണ്ണത്തിൽ ആഫ്രിക്ക യൂറോപ്പിനെ മറികടന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും വിശ്വാസികളുടെ എണ്ണം വർധിച്ചു. ഏറ്റവും കൂടുതൽ വർധന ആഫ്രിക്കയിലാണ്.
കത്തോലിക്കരുടെ എണ്ണത്തിൽ ഒന്നാമത് അമേരിക്കാ ഭൂഖണ്ഡങ്ങളാണ് - 67.88 കോടി. മൊത്തം കത്തോലിക്കരുടെ 47.7 ശതമാനം വരുമിത്. ആഫ്രിക്കയിൽ 28.83 കോടി കത്തോലിക്കരുണ്ട് (മൊത്തം കത്തോലിക്കരുടെ 20.3%). യൂറോപ്പിൽ 28.72 കോടി (20.2%) കത്തോലിക്കരാണുള്ളത്. ഏഷ്യയിൽ 15.61 കോടി (11%), ഓസ്ട്രേലിയയും ന്യൂസിലൻഡും ഉൾപ്പെടുന്ന ഓഷ്യാന മേഖലയിൽ 1.15 കോടി (0.8%).
സഭയിൽ ആകെ 4,07,421 വൈദികരാണുള്ളത്. 2023നെ അപേക്ഷിച്ച് 425 പേരുടെ വർധന. അഞ്ചു വർഷത്തിനിടെ ആദ്യമായിട്ടാണ് വൈദികരുടെ എണ്ണം കൂടുന്നത്. സഭയിലെ ആകെ ബിഷപ്പുമാരുടെ എണ്ണം 5,525.
അതേസമയം, കന്യാസ്ത്രീ മഠങ്ങളിലും സെമിനാരികളിലും എണ്ണം കുറയുകയാണ്.5,397 ആശുപത്രികളും 13,646 ഡിസ്പെൻസറികളും അടക്കം 1,01,110 ആരോഗ്യ, ജീവകാരുണ്യ സ്ഥാപനങ്ങൾ സഭ നടത്തുന്നു. 75,448 നഴ്സറികൾ, 1,03,666 പ്രൈമറി സ്കൂളുകൾ, സെക്കൻഡറി 51,810 സ്കൂളുകൾ എന്നിവയും സഭയുടേതായിട്ടുണ്ട്.
International
റോം: വ്യോമഗതാഗത നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറിനെത്തുടർന്ന് ഇറ്റലിയിൽ ഇന്നലെ നൂറുകണക്കിനു വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തു.
രാജ്യവ്യാപകമായി എയർ ട്രാഫിക് കൺട്രോളിനെ ബന്ധിപ്പിച്ചിരിക്കുന്ന നെറ്റ്വർക്ക് ഡേറ്റാ ട്രാൻസ്മിഷനിലുണ്ടായ തകരാറാണു കൃത്യമായ കാരണമെന്ന് ഇറ്റാലിയൻ അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുതലയെ പിടിക്കുന്ന പ്രധാനമന്ത്രിക്ക് പാറ്റയെ പേടിയാണെന്നും, ഭീരുക്കളായ ഭരണാധികാരികൾക്ക് പാറ്റകളെ നേരിടാൻ കഴിയുന്നില്ലെന്നും നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിജെപി സമരത്തെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
നമ്മൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് ഭരണകൂടം നമ്മളെ തന്നെ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോട് കേന്ദ്രത്തിന് ഭയമാണ്, കാരണം കേന്ദ്രത്തിനായി അദ്ദേഹം വഴിവിട്ട ഇടപാടുകൾ നടത്തി. നമ്മുടെ കുട്ടികളെയും യുവാക്കളെയും അടിക്കാൻ ലാത്തി നൽകുകയും വനിതാ സമരക്കാരോട് മോശമായി പെരുമാറാൻ അധികാരം നൽകുകയുമാണ് സർക്കാർ ചെയ്യുന്നത്.
ജന്തർ മന്തറിലെ സമരം നിരോധിച്ചെങ്കിലും ഇന്ന് ഈ മാനവീയം വീഥി തന്നെ ജന്തർ മന്തറായി മാറിയിരിക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു. നരേന്ദ്രമോദിയെ 'റീൽസ് കിംഗ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ പ്രതിഷേധം ഡൽഹിയിൽ മാത്രം ഒതുങ്ങില്ലെന്നും ദക്ഷിണേന്ത്യ മുഴുവൻ അലയടിക്കുമെന്നും മുന്നറിയിപ്പ് നൽകി.
മോദിയോടും അമിത് ഷായോടും ബിജെപിയോടും യഥാർഥ രാജ്യദ്രോഹികൾ നിങ്ങളാണെന്ന് വിളിച്ചുപറയണം. സിജെപി സമരത്തിൽ മോദിയും അമിത് ഷായും ഭയന്ന് നിൽക്കുകയാണെന്നും, ജനാധിപത്യം തിരിച്ചുപിടിക്കുന്നതിനുള്ള പൗരന്മാരുടെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ലാത്ത ബിജെപിയും ആർഎസ്എസുമാണ് ഇപ്പോൾ വന്ദേമാതരത്തിനായി വാദിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.