പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായർ കൊലപാതകക്കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിലെ ഒന്നാം പ്രതി രവീന്ദ്രൻ നായരെ സഹായിച്ചെന്ന ആരോപണത്തിൽ മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരേയും അന്വേഷണം ആരംഭിച്ചതായാണു വിവരം.
വീട്ടുജോലിക്കാരി ലീല, മുൻ കാര്യസ്ഥൻ സഹദേവന്റെ മരുമകൻ സെന്തിൽ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചുവരികയാണ്. രവീന്ദ്രൻ നായരെ അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം നടപടി തുടങ്ങി.
2017 ഏപ്രിൽ രണ്ടിനാണ് കൂടത്തിൽ തറവാട്ടിലെ അവസാന അവകാശിയായ ജയമാധവൻ നായർ മരിച്ചത്. സ്വത്ത് കൈക്കലാക്കാൻ വ്യാജ വിൽപത്രം തയാറാക്കിയെന്നും ജയമാധവൻ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ സ്വത്ത് നഷ്ടപ്പെടുമെന്ന ആശങ്കയിൽ കൊലപാതകം ആസൂത്രണം ചെയ്തെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ ആരോപണം. 60 കോടിയിലേറെ രൂപയുടെ സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തലയ്ക്കേറ്റ പരിക്കും ശ്വാസംമുട്ടിക്കലുമാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവസമയത്തു വീട്ടിൽ ജോലിക്കാരിയായിരുന്ന ലീലയെ അന്വേഷണസംഘം ചോദ്യം ചെയ്തു. കൊലപാതകത്തിനുശേഷം രക്തം പുരണ്ട ബെഡ്ഷീറ്റും തലയിണയും പായയും കത്തിച്ചുകളഞ്ഞതായി ലീല ചോദ്യംചെയ്യലിൽ സമ്മതിച്ചതായാണു വിവരം. എന്നാൽ, ആരുടെ നിർദേശപ്രകാരമാണ് ഇവ നശിപ്പിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല.
ജയമാധവനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലാണെന്നു തെറ്റായ മൊഴി നൽകാൻ ഡ്രൈവർ സുമേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്. ഇതിനായി സെന്തിൽ അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് സുമേഷിന്റെ മൊഴി. ഇക്കാര്യത്തിൽ മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ രവീന്ദ്രനെ സഹായിച്ചോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
കേസിലെ മറ്റൊരു പ്രതിയായ സാജു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. നേരത്തേ ഇയാളെ ചോദ്യം ചെയ്യുകയും തെളിവില്ലാത്തതിനാൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ച മറ്റൊരു പ്രതിയായ അനിൽകുമാറിന്റെ കാർ ഓടിച്ചിരുന്നത് സാജുവാണ്. അനിൽകുമാറും കേസിൽ പ്രതിയാണ്. രവീന്ദ്രൻ നായർ പറഞ്ഞതുപോലെ ജയമാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോയിലല്ല, കാറിലായിരുന്നു എന്ന് വ്യക്തമായത് സാജുവിനെ ചോദ്യം ചെയ്തപ്പോഴാണ്. ഇതോടെയാണ് രവീന്ദ്രന്റ കള്ളങ്ങൾ പൊളിഞ്ഞുതുടങ്ങിയത്.
അതേസമയം, കൂടത്തിൽ തറവാട്ടിൽ വർഷങ്ങൾക്കിടെ നടന്ന ഏഴു ദുരൂഹമരണങ്ങളിലും രവീന്ദ്രൻ നായർക്ക് പങ്കുണ്ടോയെന്നു നിലവിൽ വ്യക്തമായിട്ടില്ല. മറ്റു മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടു പോകുക.
Tags : Karamana KoodathilMurderCase Investigation FormerCrimeBranchOfficial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash