വത്തിക്കാൻ
വത്തിക്കാൻ സിറ്റി: ആഗോള തലത്തിൽ കത്തോലിക്കാ വശ്വാസികളുടെ എണ്ണം കൂടി. 2024 ജൂൺ 30 വരെയുള്ള കണക്കു പ്രകാരം 142.2 കോടി കത്തോലിക്കരാണുള്ളത്. ആഗോള ജനസംഖ്യയുടെ 17.8 ശതമാനം വരുമിത്. 2023ലെ 140.5 കോടിയെ അപേക്ഷിച്ച് കത്തോലിക്കരുടെ എണ്ണത്തിൽ 1.669 കോടിയുടെ വർധനയുണ്ടായി.
ഒക്ടോബർ 18ലെ മിഷൻ ഞായറിനോട് അനുബന്ധിച്ച് കത്തോലിക്കാ സഭയുടെ ഫിദെസ് വാർത്താ ഏജൻസി പുറത്തുവിട്ട ‘കത്തോലിക്കാ സഭാ സ്റ്റാറ്റിസ്റ്റിക്സ് 2026’ എന്ന രേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സഭാ വൈദികരുടെ എണ്ണത്തിലും നേരിയ വർധനയുണ്ട്. ഇതാദ്യമായി കത്തോലിക്കരുടെ എണ്ണത്തിൽ ആഫ്രിക്ക യൂറോപ്പിനെ മറികടന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും വിശ്വാസികളുടെ എണ്ണം വർധിച്ചു. ഏറ്റവും കൂടുതൽ വർധന ആഫ്രിക്കയിലാണ്.
കത്തോലിക്കരുടെ എണ്ണത്തിൽ ഒന്നാമത് അമേരിക്കാ ഭൂഖണ്ഡങ്ങളാണ് - 67.88 കോടി. മൊത്തം കത്തോലിക്കരുടെ 47.7 ശതമാനം വരുമിത്. ആഫ്രിക്കയിൽ 28.83 കോടി കത്തോലിക്കരുണ്ട് (മൊത്തം കത്തോലിക്കരുടെ 20.3%). യൂറോപ്പിൽ 28.72 കോടി (20.2%) കത്തോലിക്കരാണുള്ളത്. ഏഷ്യയിൽ 15.61 കോടി (11%), ഓസ്ട്രേലിയയും ന്യൂസിലൻഡും ഉൾപ്പെടുന്ന ഓഷ്യാന മേഖലയിൽ 1.15 കോടി (0.8%).
സഭയിൽ ആകെ 4,07,421 വൈദികരാണുള്ളത്. 2023നെ അപേക്ഷിച്ച് 425 പേരുടെ വർധന. അഞ്ചു വർഷത്തിനിടെ ആദ്യമായിട്ടാണ് വൈദികരുടെ എണ്ണം കൂടുന്നത്. സഭയിലെ ആകെ ബിഷപ്പുമാരുടെ എണ്ണം 5,525.
അതേസമയം, കന്യാസ്ത്രീ മഠങ്ങളിലും സെമിനാരികളിലും എണ്ണം കുറയുകയാണ്.5,397 ആശുപത്രികളും 13,646 ഡിസ്പെൻസറികളും അടക്കം 1,01,110 ആരോഗ്യ, ജീവകാരുണ്യ സ്ഥാപനങ്ങൾ സഭ നടത്തുന്നു. 75,448 നഴ്സറികൾ, 1,03,666 പ്രൈമറി സ്കൂളുകൾ, സെക്കൻഡറി 51,810 സ്കൂളുകൾ എന്നിവയും സഭയുടേതായിട്ടുണ്ട്.
Tags : Catholics Increases Africa Surpasses Europe Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash