National
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇരു രാജ്യങ്ങളിലുമായി എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 139 ആയതായി സംശയിക്കുന്നതായും 600-ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗവ്യാപനം നിരീക്ഷിക്കാനും രാജ്യത്തെ സജ്ജീകരണങ്ങൾ വിലയിരുത്താനുമായി കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നു.
അന്താരാഷ്ട്ര തലത്തിൽ രോഗബാധ ആശങ്കയുണ്ടാക്കുന്നതാണെങ്കിലും, ഇതിനെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസസ് ജനീവയിൽ പറഞ്ഞു. ആഗോളതലത്തിൽ നിലവിൽ കേസുകൾ കുറവായതിനാൽ ഭീതിയുടെ സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
മുൻകരുതലുമായി കേന്ദ്രം
എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. എബോള ലക്ഷണങ്ങളുമായി എത്തുന്നവരെ പാർപ്പിക്കാൻ പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. രോഗനിർണയത്തിനുള്ള പ്രത്യേക ലാബ് സംവിധാനങ്ങളും നിരീക്ഷണ ശൃംഖലകളും രാജ്യത്ത് സജീവമാക്കിയിട്ടുണ്ട്.
കോംഗോയിലെ പ്രധാന സ്വർണ ഖനന മേഖലകളായ മോങ്വാലു, റുവാമ്പാറ എന്നിവിടങ്ങളിലാണ് നിലവിൽ രോഗബാധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതീവ അപകടകാരിയായ എബോള വൈറസ് പ്രധാനമായും ശരീരസ്രവങ്ങളിലൂടെയാണ് പകരുന്നത്. കടുത്ത പനി, തലവേദന, പേശിവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം ശക്തമായതിനാൽ കടുത്ത ജാഗ്രത തുടരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
Leader Page
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നാലു രാജ്യങ്ങളിലായി പതിനൊന്നു ദിവസം നീണ്ട ലെയോ പതിനാലാമൻ മാർപാപ്പയുടെ അജപാലനയാത്ര ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ സുവ്യക്തമായ വാക്കുകൾകൊണ്ടാണ്. രാഷ്ട്രീയ നേതാക്കൾക്കുള്ള കൃത്യമായ സന്ദേശമാണ് അദ്ദേഹം നല്കിയത്. കർക്കശമായ വിമർശനം ഉന്നയിച്ച്, അഴിമതിക്കാരും ഏകാധിപതികളുമായ രാഷ്ട്രനേതാക്കന്മാരുടെ അധികാര ഗർവിനെയും ജനാധിപത്യ ധ്വംസനത്തെയും അദ്ദേഹം ചോദ്യംചെയ്തു.
മാർപാപ്പമാരുടെ സന്ദർശനങ്ങളിൽ പാലിച്ചുപോരുന്ന പൊതുവായ ഒരു ക്രമമുണ്ട്. വിമാനത്താവളത്തിൽതന്നെ ഒരു സ്വീകരണച്ചടങ്ങുണ്ടാകും. തുടർന്ന് ഭരണത്തലവന്റെ ആസ്ഥാനത്തുവച്ച് ചെറിയൊരു കൂടിക്കാഴ്ച. അതിൽ മറ്റാരുംതന്നെ പങ്കെടുക്കാറില്ല. ആതിഥേയന് തന്റെ സ്വീകാര്യതയും ഒപ്പം രാജ്യത്തിന്റെ ഊഷ്മളതയും പ്രകടിപ്പിക്കാനുള്ള അവസരമാണിത്. ഇപ്രാവശ്യം മാർപാപ്പ നാലു രാജ്യങ്ങളാണു സന്ദർശിച്ചത്. ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം മാർപാപ്പ നടത്തിയ പ്രസംഗങ്ങളിൽ അവിടങ്ങളിലെ ഭരണാധികാരികൾക്ക് അഹിതമായ കാര്യങ്ങളും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.
അൾജീരിയയിൽവച്ച് അദ്ദേഹം പറഞ്ഞത്, ഭരണാധികാരികൾ ജനങ്ങളുടെമേൽ അധികാരം പ്രയോഗിക്കാനല്ല, പകരം പൗരസഞ്ചയത്തിന്റെ സമഗ്ര വികസനത്തിനായി അധികാരം വിനിയോഗിക്കാനാണ് ശ്രമിക്കേണ്ടത് എന്നാണ്. കാമറൂണിൽ അദ്ദേഹം ഊന്നിപ്പറഞ്ഞത് അഴിമതി അവസാനിപ്പിക്കണം എന്ന കാര്യമാണ്. നീതിയും സമാധാനവും നടപ്പാകണമെങ്കിൽ അഴിമതിയുടെ ചങ്ങലകൾ പൊട്ടിച്ചെറിയണം. രാഷ്ട്രീയാധികാരികളെക്കുറിച്ച് പൗരജനങ്ങൾ നിരാശരായിത്തീരുന്ന അന്തരീക്ഷം. ലാഭക്കൊതി ഒരു വിഗ്രഹാരാധനയായി മാറിയതുപോലെ.
അംഗോളയും ഇക്വറ്റോറിയൽ ഗിനിയയുമാണ് മാർപാപ്പ പിന്നീട് സന്ദർശിച്ചത്. ഈ നാലു രാജ്യങ്ങളും നിരവധി ധാതുക്കളാൽ സന്പന്നമാണ്. മാത്രമല്ല, എണ്ണ, പ്രകൃതിവാതകം, രത്നങ്ങൾ, അപൂർവ ധാതുക്കൾ തുടങ്ങിയവയുമുണ്ട്. എന്നാൽ, രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ട വരുമാനം രാഷ്ട്രീയാധികാരികളും അവരുടെ സിൽബന്ധികളും പങ്കിട്ടെടുക്കുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും ദരിദ്രരായി തുടരുന്നു.
ട്രംപുമായുള്ള തർക്കം
യുദ്ധാവസാനത്തിനും സമാധാനസ്ഥാപനത്തിനുമായി മാർപാപ്പ യാത്രാരംഭത്തിൽതന്നെ നടത്തിയ ആഹ്വാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഹാസപൂർവം തള്ളിക്കളഞ്ഞത് ലോകം മുഴുവൻ കണ്ടതാണ്. ട്രംപ് ഭരണകൂടത്തെ താൻ ഭയക്കുന്നില്ലെന്നു പറഞ്ഞ മാർപാപ്പ, സുവിശേഷത്തിന്റെ സന്ദേശം ഉച്ചത്തിൽ പ്രഘോഷിക്കാൻ തനിക്കു ഭയമില്ലെന്നും പ്രസ്താവിച്ചു. ആഫ്രിക്കയിലെ ഏകാധിപതികളായ ഭരണാധികാരികൾക്ക് മാർപാപ്പ പറഞ്ഞ അപ്രിയ സത്യങ്ങൾ അഹിതകരമായിരുന്നതുപോലെതന്നെ ട്രംപിനും ഇഷ്ടപ്പെടാത്ത പ്രസ്താവന. എന്നാൽ, ലോക രാഷ്ട്രീയ ചിന്താലോകത്ത് മാർപാപ്പയുടെ പ്രസ്താവനകൾ അനുരണനങ്ങൾ സൃഷ്ടിച്ചു.
സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ
ലോകസമാധാനത്തിനുവേണ്ടിയുള്ള ശക്തമായ ആഹ്വാനമാണ് ലെയോ മാർപാപ്പ ആവർത്തിച്ചു നടത്തിയത്. ലോകത്തെ നശിപ്പിക്കുന്ന ‘ഏതാനും ഏകാധിപതികളെ’ക്കുറിച്ച് കാമറൂണിൽവച്ചു മാർപാപ്പ ശബ്ദമുയർത്തി. ഫ്രാൻസിസ് മാർപാപ്പയെപ്പോലെ സമൂഹത്തിലെ ദരിദ്രരും ദുർബലരും അരികുവത്കരിക്കപ്പെട്ടവരുമായി അദ്ദേഹവും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. “സമാധാനം നിങ്ങളോടുകൂടെ’’എന്ന ആശംസയോടെയാണല്ലോ ലെയോ മാർപാപ്പ തന്റെ ആചാര്യ ശുശ്രൂഷ ആരംഭിച്ചതും. അത് സെന്റ് പീറ്റേഴ്സിന്റെ മട്ടുപ്പാവിൽനിന്നുള്ള ആശംസയായിരുന്നെങ്കിൽ വിശാല ലോകത്തിന്റെ വിവിധ നഗരങ്ങളിൽനിന്നായിരുന്നു ഈ തുടർ പ്രസ്താവനകൾ.
ആഫ്രിക്കൻ യാത്ര കഴിഞ്ഞു മടങ്ങുംവഴി വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകരോടു സംസാരിച്ചപ്പോൾ കുടിയേറ്റത്തെപ്പറ്റി ലെയോ മാർപാപ്പ പറഞ്ഞ കാര്യങ്ങളും ലോകശ്രദ്ധ നേടി. ഓരോ രാജ്യത്തിനും അതിന്റെ അതിർത്തികൾ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ബാധ്യതയുണ്ടെന്ന് മാർപാപ്പ പ്രസ്താവിച്ചു. അനിയന്ത്രിതമായ കുടിയേറ്റം ഒരു രാജ്യത്തിനും താങ്ങാനാവില്ല. എന്നാൽ, കുടിയേറുന്നവരുടെ മനുഷ്യാവകാശങ്ങളും മാന്യതയും എല്ലായ്പോഴും സംരക്ഷിക്കപ്പെടണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
മതസൗഹാർദം
ഇസ്ലാം ഭൂരിപക്ഷ രാജ്യമായ അൾജീരിയയിൽ ഇസ്ലാം - ക്രൈസ്തവ സഹവർത്തിത്വം ലെയോ മാർപാപ്പ പരാമർശിക്കുകയുണ്ടായി. അൾജിയേഴ്സിലെ വലിയ മോസ്ക് മാർപാപ്പ സന്ദർശിച്ചു. “നമ്മുടെ മതങ്ങളും വിശ്വാസവുമൊക്കെ വ്യത്യസ്തമാണെങ്കിലും നമുക്കു സമാധാനത്തിൽ ജീവിക്കാം’’ എന്ന സന്ദേശമാണ് തന്റെ സന്ദർശനം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ അഗസ്റ്റിനുമായി ബന്ധപ്പെട്ട അന്നാബയിലെ (ഹിപ്പോ) പ്രാചീന സ്മാരകങ്ങൾ മാർപാപ്പ സന്ദർശിച്ചു. ക്രൈസ്തവരോടൊപ്പം നിരവധി മുസ്ലിംകളും തീർഥാടനം നടത്തുന്ന സ്ഥലങ്ങളാണിവ. കാമറൂണിലെ വിഘടനവാദികൾ ഭീഷണി ഉയർത്തുന്ന ബമേന്ദ പട്ടണത്തിൽ ലെയോ മാർപാപ്പ നടത്തിയ ‘സമാധാന സമ്മേളനം’ ശ്രദ്ധേയമായിരുന്നു. ലോകമെങ്ങും യുദ്ധവും അശാന്തിയും വിതയ്ക്കുന്ന ഒരുപിടി ഏകാധിപതികളുടെ അതിക്രമങ്ങൾക്കെതിരേ മാർപാപ്പ ശബ്ദമുയർത്തി. കാമറൂണിന്റെ 93 കാരനായ പ്രസിഡന്റ് പോൾ ബിയായെ സന്ദർശിച്ച മാർപാപ്പ അഴിമതിയുടെ ശൃംഖല പൊട്ടിച്ചെറിയാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. അതുപോലെ സംശുദ്ധമായ നേതൃനിര ഉണ്ടാകണമെന്നും. എണ്ണ, പ്രകൃതിവാതകം, ഇരുന്പ് - സ്വർണ - രത്നനിക്ഷേപങ്ങൾ, അപൂർവലോഹങ്ങൾ എന്നിവ ധാരാളമുള്ള രാജ്യമാണെങ്കിലും അതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നത് വിദേശ കന്പനികൾക്കും നേതാക്കളുടെ സിൽബന്തികൾക്കുമാണ്.
അടിമത്തത്തിന്റെ ചരിത്രം പേറുന്ന അംഗോളയിൽ 58 ശതമാനം ജനങ്ങളും കത്തോലിക്കരാണ്. മാർപാപ്പ അംഗോളയിലെ പ്രധാന മരിയൻ തീർഥാടനകേന്ദ്രമായ മാമ മക്സിമ സന്ദർശിച്ചു പ്രാർഥിച്ചു. 27 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ കെടുതികൾ ഇനിയും രാജ്യത്തുനിന്നു മാറിയിട്ടില്ല. നിക്ഷിപ്ത താത്പര്യങ്ങളിൽനിന്ന് രാഷ്ട്രനേതാക്കൾ സ്വതന്ത്രരാകണമെന്ന് മാർപാപ്പ ഉപദേശിച്ചു. സമൃദ്ധമായ എണ്ണ-ധാതുനിക്ഷേപമുള്ള രാജ്യത്തിൽ ഇപ്പോഴും അനവധി പേർ കൊടിയ ദാരിദ്ര്യത്തിലാണ്. ഇക്വറ്റോറിയൽ ഗിനിയയും ഒരു കത്തോലിക്കാ രാജ്യമാണ്. എന്നാൽ, 1982 മുതൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന തെയ്ദോറോ ബസാഗോയുടെ ഭരണത്തിൽ അഴിമതി കൊടികുത്തി വാഴുകയാണ്. രാഷ്ട്രീയ എതിരാളികളും മാധ്യമ പ്രവർത്തകരും വിമർശകരുമൊക്കെ തടവിലാക്കപ്പെടുന്നു. എണ്ണ സമൃദ്ധമാണെങ്കിലും ദാരിദ്ര്യവും പട്ടിണിയുമാണ് പൗരന്മാരുടെ ഓഹരി. അധികാരക്കൊതിയും പണക്കൊതിയും രാജ്യത്തെ കോളനിവത്കരിച്ചിരിക്കുകയാണ്. ഒരു മാനസികാരോഗാശുപത്രിയും ജയിലും മാർപാപ്പ സന്ദർശിക്കുകയുണ്ടായി.
ശുഭപ്രതീക്ഷ
നാലു രാജ്യങ്ങളിലായി ലെയോ മാർപാപ്പ നടത്തിയ യാത്ര അജപാലന ദൗത്യത്തോടൊപ്പം സുവിശേഷ പ്രഘോഷണവും ഉൾച്ചേരുന്നതായിരുന്നു. സമാധാനവും നീതിയും ഓർമിപ്പിക്കാനും പ്രത്യാശ പങ്കുവയ്ക്കാനും അദ്ദേഹം ശ്രദ്ധിച്ചു. നിർഭയം സുവിശേഷം പ്രസംഗിക്കാനുള്ള തന്റെ ദൃഢനിശ്ചയവും അദ്ദേഹം പ്രഖ്യാപിച്ചു. ലൗകികാധികാരവും ധാർമികശക്തിയും തമ്മിലുള്ള ഏറ്റുമുട്ടൽ പോലെയാണ് ട്രംപിന്റെ പ്രസ്താവനയും മാർപാപ്പയുടെ പ്രതികരണവും മാധ്യമങ്ങൾ പങ്കുവച്ചത്. ധാർമികതയുടെമേൽ അധികാരത്തിനോ ആയുധങ്ങൾക്കോ മേൽക്കൈ നേടാനാകില്ല എന്ന പാഠമാണ് മാർപാപ്പ പഠിപ്പിച്ചത്. തന്റെ പ്രസ്താവനകൾക്ക് രാഷ്ട്രീയമാനമില്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കുകയുണ്ടായി. “നേതാക്കൾ വിഭജിക്കുകയല്ല, പാലങ്ങൾ പണിയുകയാണു വേണ്ടത്’’ എന്ന് മാർപാപ്പ പറഞ്ഞതിന് വ്യാഖ്യാനം ആവശ്യമില്ല. “തങ്ങൾ സുരക്ഷിതരാണെന്നും കേൾക്കപ്പെടുന്നുണ്ടെന്നും മാനിക്കപ്പെടുന്നുണ്ടെന്നും ആളുകൾക്ക് അനുഭവപ്പെടണം. മാത്രമല്ല, അധികാരം കൈയാളുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളെ നിയമം നിയന്ത്രിക്കുകയും വേണം. അപ്പോഴാണ് യഥാർഥ സമാധാനം ഉണ്ടാകുന്നത്’’- മാർപാപ്പ പറഞ്ഞു. ലോകത്തിന് ഏറ്റവും ആവശ്യമായ ശുഭപ്രതീക്ഷ പ്രദാനം ചെയ്യാൻ മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനം സഹായിച്ചു എന്നതിൽ സംശയമില്ല.
District News
ചങ്ങരംകുളം: പള്ളിക്കര സ്വദേശിയായ യുവാവ് ആഫ്രിക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പള്ളിക്കര ജുമാമസ്ജിദിന് സമീപം പൂക്കാട്ടിരി ഫൈസൽ (43) ആണ് ആഫ്രിക്കയിലെ മൊസാംബിക്കിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് പള്ളിക്കര ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: ഫാത്തിമ. ഭാര്യ: അനീസ.
മക്കൾ: ഫെബിയ പർവിൻ, ലിത്ഫ പർവിൻ, മുഹമ്മദ് ആഖിബ്, ഹാദി അഹമ്മദ്. മരുമകൻ: ജാവിദ് (ഖത്തർ). സഹോദരങ്ങൾ: അബ്ദുൾ ഹക്കിം (ഏബിൾ ക്യൂർ മെഡിക്കൽ സെന്റർ ചങ്ങരംകുളം) സാലിം (റാസൽഖൈമ).
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ അടുത്ത മാസം പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയും ഏപ്രിലിൽ ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വാറ്റോറിയൽ ഗിനിയ എന്നിവയും സന്ദർശിക്കും.
ജൂണിൽ സ്പെയിൻ സന്ദർശിക്കുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
മാർച്ച് 28നാണ് മൊണാക്കോ സന്ദർശനം. രാജകുടുംബത്തിന്റെ ആവർത്തിച്ചുള്ള ക്ഷണം സ്വീകരിച്ചാണു ഇവിടേക്കുള്ള സന്ദർശനം. വത്തിക്കാൻ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ചെറിയ രാജ്യമാണു മൊണാക്കോ.
ഏപ്രിൽ 13 മുതൽ 23 വരെ പത്തു ദിവസം നീളുന്നതാണ് ആഫ്രിക്കൻ സന്ദർശനം. മുസ്ലിം രാജ്യമായ അൾജീരിയയിലെ അൾജിയേഴ്സിൽ 13ന് എത്തുന്ന മാർപാപ്പ അന്നബ നഗരമുൾപ്പെടെ സന്ദർശിച്ച് 15ന് മടങ്ങും. തുടർന്ന് മധ്യ ആഫ്രിക്കയിലെ കാമറൂണിലെത്തുന്ന മാർപാപ്പ 18വരെ രാജ്യത്തുണ്ടാകും.
യൗണ്ടെ, ബമെൻഡ, ഡൗവാല എന്നിവിടങ്ങളിലാണു സന്ദർശനം. 18ന് അംഗോളയിലെത്തുന്ന മാർപാപ്പ 21വരെയുള്ള രാജ്യത്തുണ്ടാകും. ലുവാണ്ട, മുക്സിമ, സൗറിമോ നഗരങ്ങളിലാണ് സന്ദർശനം. 21ന് ഇക്വാറ്റോറിയൽ ഗിനിയയിലെത്തുന്ന മാർപാപ്പ 23വരെയുള്ള സന്ദർശനകാലളവിൽ മലബോ, മോംഗോമോ, ബാറ്റ നഗരങ്ങളിലെത്തും.
ജൂൺ ആറുമുതൽ 12 വരെയാണ് സ്പെയിൻ സന്ദർശനം. തലസ്ഥാനമായ മാഡ്രിഡിലെത്തുന്ന മാർപാപ്പ ബാഴ്സലോണയുൾപ്പെടെയുള്ള നഗരങ്ങളും കാനറി ദ്വീപുകളിലെ ടെനെരിഫെ, ഗ്രാൻ കനാരിയ നഗരങ്ങളും സന്ദർശിക്കും. ബാഴ്സലോണയിലെ സാഗ്രദ ഫമിലിയ ബസിലിക്കയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ഗോപുരത്തിന്റെ വെഞ്ചരിപ്പും മാർപാപ്പ നിർവഹിക്കും.
International
ന്യൂയോർക്ക്: കോടിക്കണക്കിനു വർഷങ്ങൾക്കിടയിൽ ഭൂമിയിലെ വൻകരകൾ തമ്മിൽ ചേരുകയും വേർപെടുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിഭാസങ്ങളെക്കുറിച്ചെല്ലാം വലിയ പഠനങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ശാസ്ത്രലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കാണ്. ആഫ്രിക്ക പതുക്കെ രണ്ടായി പിളരുകയാണെന്നും അവിടെ ഒരു പുതിയ സമുദ്രം രൂപപ്പെടാൻ പോകുകയാണെന്നുമാണ് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ആഫ്രിക്കൻ റിഫ്റ്റ്
കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് എന്നറിയപ്പെടുന്ന ഭീമാകാരമായ വിള്ളലാണ് ഈ മാറ്റത്തിനു കാരണമെന്ന് ഗവേഷകർ. ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പ്രക്രിയയിലൂടെ ആഫ്രിക്കയുടെ കിഴക്കൻ ഭാഗം (സൊമാലിയൻ പ്ലേറ്റ്), പ്രധാന ഭൂഖണ്ഡത്തിൽ (നുബിയൻ പ്ലേറ്റ്) നിന്ന് സാവധാനം അകലുകയാണ്. എത്യോപ്യ മുതൽ മൊസാംബിക് വരെ ഏകദേശം 3,500 കിലോമീറ്ററോളം നീളത്തിലാണ് ഈ വിള്ളൽ പടർന്നുകിടക്കുന്നത്.
ഈ ഭൂമിശാസ്ത്രപരമായ മാറ്റത്തിന്റെ പ്രധാന കേന്ദ്രം എത്യോപ്യയിലെ അഫാർ മേഖലയാണ്. -ട്രിപ്പിൾ ജംഗ്ഷൻ- എന്നു വിളിക്കപ്പെടുന്ന ഇവിടെ മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകളാണ് (അറേബ്യൻ, നുബിയൻ, സൊമാലിയൻ) പരസ്പരം വേർപിരിയുന്നത്. നിലവിൽ ചെങ്കടലും ഏഡൻ ഉൾക്കടലും ഈ വിള്ളലുകളിലൂടെയാണ് രൂപപ്പെട്ടത്. ഇപ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിനുള്ളിലേക്കും ഈ വിള്ളൽ വ്യാപിക്കുകയാണ്.
പുതിയ സമുദ്രം രൂപപ്പെടും
ഈ പ്രക്രിയ വളരെ പതുക്കെയാണ് നടക്കുന്നത്. ഏകദേശം ഒരു വർഷംകൊണ്ട് ഏതാനും മില്ലിമീറ്ററുകൾ മാത്രമാണ് പ്ലേറ്റുകൾ അകലുന്നത്. എന്നാൽ, കാലക്രമേണ ഭൂമിയുടെ പാളികൾ നേർത്തുവരികയും സമുദ്രനിരപ്പിന് താഴെയാവുകയും ചെയ്യും. ഈ വിള്ളലുകളിലേക്കു കടൽവെള്ളം ഇരച്ചുകയറുന്നതോടെ ആഫ്രിക്കയുടെ ഒരു ഭാഗം വലിയൊരു ദ്വീപായി മാറുകയും ഇടയിൽ പുതിയൊരു സമുദ്രം രൂപപ്പെടുകയും ചെയ്യും. ലക്ഷക്കണക്കിനു വർഷങ്ങൾ കഴിയുമ്പോൾ, ഇന്നത്തെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭൂപടം പൂർണമായും മാറും.
മനുഷ്യനെ ബാധിക്കുമോ?
നമുക്കു പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ലെങ്കിലും ഈ മാറ്റം ഭൂമിക്കടിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്ലേറ്റുകൾ അകലുമ്പോൾ ഈ മേഖലയിൽ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. അഗ്നിപർവത സ്ഫോടനങ്ങൾക്കു കാരണമായേക്കാം തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരും.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഒരു പുതിയ സമുദ്രം പൂർണമായി രൂപപ്പെടാൻ ഇനിയും ദശലക്ഷക്കണക്കിനു വർഷങ്ങൾ എടുത്തേക്കാം. നിലവിൽ വടക്കൻ മേഖലകളിലാണ് വിള്ളലിന്റെ വേഗം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, പ്രകൃതിയുടെ ഈ മഹാമാറ്റം വരും തലമുറകൾക്കു മുന്നിൽ ഒരു പുതിയ ലോകഭൂപടംതന്നെ തുറന്നിടും എന്നതിൽ സംശയമില്ല.
NRI
ലാഗോസ്: നൈജീരിയയിൽ ആയുധധാരികൾ മൂന്നു പള്ളികളിൽനിന്നായി 166 വിശ്വാസികളെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ ഉണ്ടായ സംഭവം നൈജീരിയൻ ഭരണകൂടം നേരത്തേ നിഷേധിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതായി ചൊവ്വാഴ്ച രാത്രി സ്ഥിരീകരിച്ചു.
കഡുന സംസ്ഥാനത്ത് കുർമിൻ വാലി എന്ന പ്രദേശത്തെ മൂന്നു പള്ളികളിൽ ഒരേ സമയത്ത് ആക്രമണം നടന്നുവെന്നാണു റിപ്പോർട്ട്. ചെറുബിം ആൻഡ് സെറാഫിം മൂവ്മെന്റ് എന്ന സഭയിലെ രണ്ടും ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ എന്ന സഭയിലെ ഒരു പള്ളിയിലുമായിരുന്നു സംഭവം.
മുന്തിയ തരം ആയുധങ്ങളുമായി എത്തിയ അക്രമികൾ വിശ്വാസികളെ പുറത്തിറക്കി കാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു. 177 പേരെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും 11 പേർ രക്ഷപ്പെട്ടു തിരിച്ചെത്തിയെന്നും പ്രദേശവാസികൾ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
തട്ടിക്കൊണ്ടുപോകപ്പെട്ടവരെ കണ്ടെത്താൻ ഊർജിത അന്വേഷണം ആരംഭിച്ചുവെന്നാണു കഡുന സംസ്ഥാന വൃത്തങ്ങൾ അറിയിച്ചത്. ഇതിനിടെ, സംഭവം നടന്നതായി സ്ഥിരീകരിക്കാൻ ആദ്യം തയാറാകാതിരുന്ന കഡുന സംസ്ഥാന ഭരണകൂടത്തിന്റെ നടപടി വലിയ വിവാദമായിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ ആരുടെയെങ്കിലും പേരുവിവരങ്ങൾ നല്കാൻ കഡുന സംസ്ഥാന പോലീസ് കമ്മീഷണർ അൽഹാജി മുഹമ്മദ് റാബിയു തിങ്കളാഴ്ച വെല്ലുവിളിച്ചിരുന്നു. 300 പേരെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥരും പട്ടാളക്കാരും സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ തട്ടിക്കൊണ്ടുപോകലിനു തെളിവു ലഭിച്ചില്ലെന്നുമാണു കമ്മീഷണര് പറഞ്ഞത്.
എന്നാൽ, ചൊവ്വാഴ്ച രാത്രി പോലീസ് വക്താവ് ബെഞ്ചമിൻ ഹൺദെയിൻ തട്ടിക്കൊണ്ടുപോകൽ നടന്നതായി സ്ഥിരീകരിച്ചു. കമ്മീഷണർ സംഭവം നിഷേധിച്ചതല്ലെന്നും സംഭവത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നതുവരെ സ്ഥിരീകരണം വൈകിച്ചതാണെന്നും പോലീസ് വക്താവ് അവകാശപ്പെട്ടു.
തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്ന് ഏതുവിധവും വരുത്തിത്തീർക്കാനാണ് നൈജീരിയൻ ഭരണകൂടം ശ്രമിച്ചതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ നൈജീരിയയിൽ പതിവായെന്നും ഇതു തടയാൻ ഉടനടി ഉറച്ച നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കഡുനയുടെ സമീപമുള്ള നൈജർ സംസ്ഥാനത്ത് നവംബറിൽ കത്തോലിക്കാ സ്കൂളിൽനിന്ന് മുന്നൂറിലധികം വിദ്യാർഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ രണ്ടു ഘട്ടങ്ങളിലായി മോചിപ്പിച്ചു.
NRI
ജൂബ: അതിരൂക്ഷമായ ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമായ ചില മേഖലകളിൽ ഈ വർഷം ഭക്ഷണസാമഗ്രികൾ എത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നാസിർ, ഫംഗക് കൗണ്ടികളിലെ 28,000 പേരാണ് ഗുരുതരമായ വിശപ്പ് നേരിടുന്നതെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപ്പോർട്ടിൽ പറയുന്നു. റിയാക്ക് മച്ചാറിന്റെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളാണ് ഇവ.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് മച്ചാറിനെതിരേ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. മേഖലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഫലമായി പതിനായിരക്കണക്കിനു ജനങ്ങൾ വാസസ്ഥലങ്ങളിൽനിന്നു ചിതറിക്കപ്പെട്ടു.
സമീപകാലത്ത് ശാന്തമായ പ്രദേശത്ത് സഹായങ്ങൾ എത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ കിഴക്കൻ നാസിറിലെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ മേരി എലെൻ പറഞ്ഞു.
എന്നിരുന്നാലും സിവിലിയന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രവേശന ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ നിയന്ത്രിക്കുന്ന മേഖലകളിലേക്കു സഹായമെത്താതിരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും രാജ്യത്തെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ ഇതു നിഷേധിച്ചു.
തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും കോർപറേഷൻ ചെയർപേഴ്സൺ പറഞ്ഞു. 2026 ആകുന്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങൾ കടുത്ത പട്ടിണി നേരിടുമെന്നാണ് ഐപിസിയുടെ നിഗമനം.
NRI
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള് അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്കുന്നവര്ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില് നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Editorial
ആശയവിനിമയത്തിൽ ലോകമിന്ന് ഉള്ളംകൈയിലെ നെല്ലിക്കയാണ്; നീതിബോധം മനുഷ്യമനസിന്റെ വേദനയാറ്റാനുള്ള അഗ്നിശലാകയും. എന്നിട്ടും ആധുനികരെന്നു പറയുന്ന മനുഷ്യർ കൊന്നുതീർക്കുകയാണ്. പക തേച്ച ആയുധങ്ങൾ ഭൂമിയിലും ആകാശത്തിലും ജലത്തിലും മനസിലും നിർബാധം പ്രഹരമേൽപ്പിക്കുന്നു.
ലോകം അറിഞ്ഞ് ‘ആഘോഷിക്കുന്ന’ യുദ്ധങ്ങളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. ബോധപൂർവം തമസ്കരിക്കുന്ന കൊടുംക്രൂരതകളെക്കുറിച്ചാണ്; വിവരവിനിമയത്തിന്റെ മിന്നൽയുഗത്തിലും ലോകമറിയരുതെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്ന ഭീകരവാഴ്ചയെക്കുറിച്ചാണ്.
മനുഷ്യവംശത്തിന്റെ ‘പിള്ളത്തൊട്ടിൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആഫ്രിക്ക ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ‘ഇരുണ്ട യുഗ’ത്തിലാണോ? നൈജീരിയയിലും മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളിലും നടക്കുന്ന കാര്യങ്ങൾ വിലയിരുത്തുന്പോൾ അങ്ങനെ വേണം കരുതാൻ.
കഴിഞ്ഞ ഞായറാഴ്ച, പീഡനങ്ങളിലൂടെ കടന്നുപോകുന്ന ആഫ്രിക്കയിലെയും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലെയും ജനങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കുകയായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പ. ഈ സംഭവങ്ങൾക്കു നേരേ ലോകമനഃസാക്ഷിയുടെ കണ്ണും കാതും തുറക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. പരിശുദ്ധ പിതാവിന്റെ പരിദേവനം ബധിരകർണങ്ങളിലായാൽ നീതിയെന്ന വാക്ക് തീയിലെരിക്കേണ്ടിവരും.
നൈജീരിയയിലെ ബെന്യു എന്ന സംസ്ഥാനത്ത് ശനിയാഴ്ച പുലർച്ചെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് ഇരുനൂറിലേറെപ്പേരാണ്. ഈ സംഭവം പ്രത്യേകം പരാമർശിച്ചുകൊണ്ടാണ് മാർപാപ്പ “നൈജീരിയൻ ഗ്രാമങ്ങളിലെ പാവപ്പെട്ട ക്രൈസ്തവർക്കു നേരേ കണ്ണുതുറക്കൂ” എന്നു ലോകത്തോടു പറഞ്ഞത്.
അഭയാർഥികളാകേണ്ടിവരിക എന്നതുതന്നെ മനുഷ്യാന്തസിനു നേരിടേണ്ടിവരുന്ന കൊടിയ വേദനയാണ്. അങ്ങനെ അഭയം തേടിയവരെ അടച്ചുപൂട്ടി ചുട്ടുകൊല്ലുക എന്നതിനെ ലോകഭാഷകളിലെ ഏതു വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുക? കഴിഞ്ഞ മാസം മാത്രം 204 അക്രമസംഭവങ്ങളാണ് നൈജീരിയയിലുണ്ടായത്. കൊല്ലപ്പെട്ടത് 605 പേരെന്ന് ഇക്കാര്യം നിരീക്ഷിക്കുന്ന ‘ഹ്യൂം ആംഗിൾ’ റിപ്പോർട്ട് പറയുന്നു. ഭീകരർ തട്ടിക്കൊണ്ടുപോയത് 182 പേരെ. ശരീരത്തിൽ മുറിവേറ്റത് മൂവായിരത്തിലേറെപ്പേർക്ക്. മനസിനേറ്റ മുറിവുകൾക്കു കണക്കില്ല.
“ഞാൻ കണ്ടതു ശരിക്കും ഭയാനകമായിരുന്നു. ആളുകളെ കൂട്ടക്കൊല ചെയ്തു. മൃതദേഹങ്ങൾ എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു”- ആക്രമണത്തിന് തൊട്ടുപിന്നാലെ ഒരു പ്രാദേശിക ഇടവക വികാരി ഫാ. ഉകുമ ജോനാഥൻ ആങ്ബിയാൻബി പറഞ്ഞു.
കൂട്ടക്കൊലയ്ക്കു പിന്നിൽ ഫുലാനി ഗോത്ര ഇടയസംഘമാണെന്ന് പുരോഹിതനും മറ്റ് നിരവധി സാക്ഷികളും സ്ഥിരീകരിച്ചു. തീവ്രവാദികൾ പല കോണുകളിൽനിന്ന് പട്ടണത്തെ ആക്രമിക്കാൻ കനത്ത മഴ മറയായി ഉപയോഗിക്കുകയായിരുന്നു.
‘ദ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’ പുറത്തുവിടുന്ന വിവരങ്ങളാകട്ടെ പൈശാചികത്വത്തിന്റെ പരിപൂർണ സാക്ഷ്യങ്ങളാണ്. നൈജീരിയയിൽ മാത്രമല്ല ഭീകരവാഴ്ച. ബുർക്കിന ഫാസോ, കോംഗോ, സൊമാലിയ... ഒരിടത്തും ക്രൈസ്തവർക്കു രക്ഷയില്ല. അൽഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഷബാബ്, ബൊക്കോ ഹറാം തുടങ്ങിയ ഇസ്ലാമിക ഭീകരർ ഇവിടങ്ങളിൽ അഴിഞ്ഞാടുകയാണ്.
1999ൽ നൈജീരിയയിലെ പന്ത്രണ്ട് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങൾ ശരിഅത്ത് നിയമം പ്രഖ്യാപിച്ചിരുന്നു. അതോടെയാണ് ക്രൈസ്തവർ തോക്കിൻമുനയിലായത്. നൈജീരിയൻ ക്രിസ്ത്യൻ ജനതയ്ക്കെതിരായ അക്രമം വടക്കൻ പ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
2009ൽ ബൊക്കോ ഹറാം എന്ന ഭീകരപ്രസ്ഥാനം രൂപംകൊണ്ടതോടെ ക്രൈസ്തവർ നിരന്തരം അക്രമത്തിനിരയാവാൻ തുടങ്ങി. ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോയുടെ 2023 ഏപ്രിലിലെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ പതിനാലു വർഷത്തിനിടെ 52,250 പേരെങ്കിലും ക്രൈസ്തവരായതിന്റെ പേരിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ബൊക്കോ ഹറാമിനൊപ്പം ഇപ്പോൾ ഈ പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) എന്ന മറ്റൊരു തീവ്രവാദ ഗ്രൂപ്പും പ്രവർത്തിക്കുന്നു. രണ്ടും വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് ക്രിസ്തുമതം ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
ആഫ്രിക്കയിലാകെ മൂന്നുവർഷത്തിനിടെ 26,769 ക്രൈസ്തവർ കൊലചെയ്യപ്പെട്ടെന്ന കണക്ക് ആരുടെയും ഹൃദയം പിളർക്കാത്തതെന്തുകൊണ്ടാണ്? യുദ്ധവിരുദ്ധ റാലികൾ നടത്തുന്നവരുടെ ചിന്തകളെ ചുവപ്പിക്കാത്തതെന്ത്? മനഃപൂർവമായ ഈ തമസ്കരണത്തിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. ഏതു നീതിബോധമാണ് ഇവരെ നയിക്കുന്നത് എന്നാണു തിരിച്ചറിയേണ്ടത്.
ഇസ്ലാമിക ഭീകരതയ്ക്കുള്ള തിരിച്ചടികളാണ് പലരുടെയും രക്തം തിളപ്പിക്കുന്നത് എന്ന നടുക്കുന്ന സത്യത്തിനു നേർക്കു പിടിച്ച കണ്ണാടിയാണ് ലോകമെങ്ങും കാണുന്ന നിസംഗത. മതഭ്രാന്ത് കൊടുമുടി കടക്കുന്പോൾ ക്രൈസ്തവർ മാത്രമല്ല, തങ്ങളെ തുണയ്ക്കാത്ത ഇസ്ലാം മതവിശ്വാസികളും ഇരയാകുന്നുണ്ട് എന്നതെങ്കിലും ഈ നിസംഗതയുടെ ‘അയൺ ഡോം’ തുളച്ചു കടക്കേണ്ടതല്ലേ?
ഭീകരവാദത്തെ നിഷ്പക്ഷമായും സമതുലിതമായും നേരിടുകയാണു വേണ്ടത്. ചിലതു കേൾക്കുന്പോൾ മാത്രം തിളയ്ക്കുകയും ചിലതു കേൾക്കുന്പോൾ തണുത്തുറയുകയും ചെയ്യുന്ന ചോരയെ സംശയിച്ചേ മതിയാകൂ. തുലാസിന്റെ ഒരു തട്ട് എപ്പോഴും താഴ്ന്നിരിക്കുന്പോൾ നീതിയെന്നത് കുരുടൻ കണ്ട ആനയെപ്പോലെയാകും.
മനുഷ്യൻ പിച്ചവച്ച ഇടം മാത്രമല്ല ആഫ്രിക്ക. വർണവെറിയുടെ കൊടുംക്രൂരതകളെ ചങ്കുറപ്പോടെ അതിജീവിച്ചവരുടെ ജന്മദേശംകൂടിയാണ്. സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നീതിബോധത്തെയുംകുറിച്ച് പുതിയ ഭാഷ്യങ്ങൾ രചിച്ച നെൽസൺ മണ്ടേലയുടെ സമരഭൂമിയുമാണത്. ലെയോ മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ, അവിടേക്ക് ലോകം കണ്ണും മനഃസാക്ഷിയും തുറക്കാൻ വൈകിക്കൂടാ.
ജോഹാനസ്ബർഗിലെ അപ്പാർത്തൈഡ് മ്യൂസിയത്തിൽ കുറിച്ച, നെൽസൺ മണ്ടേലയുടെ വാക്യം ആരും മറക്കരുത്. “സ്വതന്ത്രനാവുകയെന്നാല് തന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നു മാത്രമല്ല അര്ഥം; മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ സ്വാതന്ത്ര്യം വര്ധിപ്പിക്കുകയും ചെയ്യുന്ന തരത്തില് ജീവിക്കുക എന്നതുകൂടിയാണ്.”