ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇരു രാജ്യങ്ങളിലുമായി എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 139 ആയതായി സംശയിക്കുന്നതായും 600-ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗവ്യാപനം നിരീക്ഷിക്കാനും രാജ്യത്തെ സജ്ജീകരണങ്ങൾ വിലയിരുത്താനുമായി കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നു.
അന്താരാഷ്ട്ര തലത്തിൽ രോഗബാധ ആശങ്കയുണ്ടാക്കുന്നതാണെങ്കിലും, ഇതിനെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസസ് ജനീവയിൽ പറഞ്ഞു. ആഗോളതലത്തിൽ നിലവിൽ കേസുകൾ കുറവായതിനാൽ ഭീതിയുടെ സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
മുൻകരുതലുമായി കേന്ദ്രം
എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. എബോള ലക്ഷണങ്ങളുമായി എത്തുന്നവരെ പാർപ്പിക്കാൻ പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. രോഗനിർണയത്തിനുള്ള പ്രത്യേക ലാബ് സംവിധാനങ്ങളും നിരീക്ഷണ ശൃംഖലകളും രാജ്യത്ത് സജീവമാക്കിയിട്ടുണ്ട്.
കോംഗോയിലെ പ്രധാന സ്വർണ ഖനന മേഖലകളായ മോങ്വാലു, റുവാമ്പാറ എന്നിവിടങ്ങളിലാണ് നിലവിൽ രോഗബാധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതീവ അപകടകാരിയായ എബോള വൈറസ് പ്രധാനമായും ശരീരസ്രവങ്ങളിലൂടെയാണ് പകരുന്നത്. കടുത്ത പനി, തലവേദന, പേശിവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം ശക്തമായതിനാൽ കടുത്ത ജാഗ്രത തുടരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
Tags : Ebola death toll Latest News Congo Africa