ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽനിന്നു പറന്നുയരുന്ന യുഎസ് വ്യോമസേനയുടെ KC-46A ഏരിയൽ റീഫ്യൂവലിംഗ് വിമാനം.
വാഷിംഗ്ടൺ ഡിസി/ടെൽ അവീവ്: ഇറാനെതിരേ വിപുലമായ സൈനിക നീക്കത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, ഇസ്രയേലിലേക്ക് ഡസൻകണക്കിന് ഇന്ധനം നിറയ്ക്കുന്ന യുദ്ധവിമാനങ്ങൾ അമേരിക്ക അയയ്ക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ അക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ഊർജനിലയങ്ങളും അതീവസുരക്ഷിതമായ ഭൂഗർഭ ആണവകേന്ദ്രങ്ങളും ആക്രമിക്കുന്നതുൾപ്പെടെയുള്ള വിവിധ സൈനികനീക്കങ്ങളെക്കുറിച്ച് വൈറ്റ് ഹൗസിൽ ഉന്നതതല യോഗം ചേർന്നതായാണു വിവരം. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം അവസാനിപ്പിക്കാനും ആണവ വിഷയത്തിൽ തന്റെ നിബന്ധനകൾ അംഗീകരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കങ്ങൾ. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തുടങ്ങിയവരുമായി ട്രംപ് അടുത്ത നീക്കങ്ങളെക്കുറിച്ച് ചർച്ച നടത്തിക്കഴിഞ്ഞു.
അതേസമയം, അമേരിക്കൻ നീക്കങ്ങൾക്ക് കടുത്ത ഭാഷയിലാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മറുപടി നൽകിയിരിക്കുന്നത്. ഇറാനെ സാമ്പത്തികമായി തകർക്കാൻ ലക്ഷ്യമിട്ട് പശ്ചിമേഷ്യൻ കടലിൽ പട്രോളിംഗ് നടത്തുന്ന യുഎസ് സേനയുടെ ഓരോ ചലനങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇറാൻ നാവികസേനാ കമാൻഡ് അറിയിച്ചു. യുഎസ് സെൻട്രൽ കമാൻഡ് നാവിക യൂണിറ്റുകൾക്കെതിരായ തങ്ങളുടെ സൈനിക നടപടിയുടെ സീറോ അവർ വളരെ അടുത്തു കഴിഞ്ഞെന്നും, വരും ദിവസങ്ങളിൽ അത് കാണാമെന്നുമാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിലുള്ളത്.
ഇറാന്റെ പ്രത്യാക്രമണ സാധ്യതകൾ കണക്കിലെടുത്ത് അതീവ സുരക്ഷിതമായ ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളം കേന്ദ്രീകരിച്ചാണ് അമേരിക്ക തങ്ങളുടെ റീഫ്യൂവലിംഗ് വിമാനങ്ങൾ വിന്യസിക്കുന്നത്. നിലവിൽ ബെൻ ഗുരിയൻ, റാമോൺ വിമാനത്താവളങ്ങളിലായി അറുപതോളം അമേരിക്കൻ സൈനിക വിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Tags : US-IranWar Israel Iran DonaldTrump RefuelingAircraft USAirForce KC-46AAerialRefuelingTanker