മഹാരാഷ്‌ട്രയിലെ മതരെൻ ഹിൽ റെയിൽവേ.
മുംബൈ: യുനെസ്കോയുടെ താത്കാലിക ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച മഹാരാഷ്‌ട്രയിലെ മതരെൻ ഹിൽ റെയിൽവേക്ക് (Matheran Hill Railway) മറ്റൊരു തിലകക്കുറിയാകാൻ ഹൈഡ്രജൻ ട്രെയിനുകൾ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഹരിയാനയിലെ ജിന്ദ് - സോനിപത് റൂട്ടിൽ, രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വിജയകരമായി പരീക്ഷിച്ചതിനു തൊട്ടുപിന്നാലെയാണ് റെയിൽവേ ചരിത്രനീക്കത്തിനൊരുങ്ങുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഹരിതഗതാഗത പദ്ധതികളുടെ ഭാഗമായാണ് മതരെനിൽ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്.

മതരെൻ ഹരിതഗതാഗത പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഹൈഡ്രജൻ ട്രെയിനിന് പച്ചക്കൊടി വീശിയാൽ, പരിസ്ഥിതിലോല പ്രദേശമായ ഇവിടുത്തെ പൈതൃക തനിമയ്ക്കു കോട്ടം തട്ടാതെ മലിനീകരണം പൂർണമായി ഒഴിവാക്കാനാകും. പൂർണമായും വനമേഖലയിലൂടെ കടന്നുപോകുന്ന മതരെൻ ഹിൽ റെയിൽവേ നാരോ-ഗേജ് ലൈനാണ്. നിലവിൽ വൈദ്യുതീകരണം നടക്കാത്ത പാതയിൽ ഡീസൽ എൻജിനുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ മലിനീകരണം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം ഹൈഡ്രജൻ സാങ്കേതികവിദ്യയാണെന്ന് റെയിൽവേ വിലയിരുത്തുന്നു.

പരമ്പരാഗത ഇന്ധനങ്ങൾക്കു പകരമായി ഹൈഡ്രജൻ ഉപയോഗിക്കുമ്പോൾ ഉപോത്പന്നമായി പുറത്തുവരുന്നത് വെറും ജലബാഷ്പം മാത്രമാണ്. ഇത് മതരെൻ പോലെയുള്ള പ്രശസ്തമായ ഹിൽ സ്റ്റേഷനിലെ വായുമലിനീകരണം ഇല്ലാതാക്കാൻ സഹായിക്കും. ട്രെയിനുകൾ ഹൈഡ്രജൻ സാങ്കേതികവിദ്യയിലേക്കു മാറിയാലും അതിന്‍റെ പുറംമോടി പഴയകാല സ്റ്റീം ലോക്കോമോട്ടീവുകളുടെ രൂപത്തിൽ തന്നെ നിലനിർത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ സൂചിപ്പിച്ചിരുന്നു.

യുനെസ്കോയുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ചരിത്രപ്രധാനമായ മലയോര റെയിൽവേയുടെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ അവയെ ആധുനികവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് ഇന്ത്യൻ റെയിൽവേ ശ്രമിക്കുന്നത്. ഡീസൽ എൻജിനുകൾ പൂർണമായും ഒഴിവാക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കും. രാജ്യമൊട്ടാകെയുള്ള പൈതൃക റെയിൽവേകളിലേക്ക് പുതിയ സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് റെയിൽമന്ത്രാലയം ഗൗരവമായി ആലോചിക്കുന്നുണ്ട്. അതേസമയം, മതരെനിൽ ഹൈഡ്രജൻ ട്രെയിനുകൾ എന്നാണ് സർവീസ് ആരംഭിക്കുക എന്നതിനെക്കുറിച്ചു കൃത്യമായ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Tags : MatheranHillRailway EcoFriendly HydrogenTrain MatheranHeritageRoute IndianRailway Environment Travel Ecotourism UNESCOWorldHeritage