കൊച്ചി: പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പാലാരിവട്ടം ശാഖയില് മുക്കുപണ്ടങ്ങള് പണയപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസില് ഒളിവിലായിരുന്ന യുവാവ് പിടിയില്. കോഴിക്കോട് ഫറോക്ക് സ്വദേശി അല്ത്താഫിനെ (29) യാണു ബംഗളൂരുവില്നിന്ന് പാലാരിവട്ടം പൊലിസ് പിടികൂടിയത്. കേസിലെ നാലാംപ്രതിയാണ് ഇയാള്.
കഴിഞ്ഞ ജൂണിലാണ് 14 തവണയായി 116 മുക്കുപണ്ടം വളകള് സ്വര്ണമെന്ന വ്യാജേന പണയപ്പെടുത്തി പണം തട്ടിയത്. ആഭരണങ്ങള് പണയപ്പെടുത്തിയ കണ്ണൂര് ഇരിക്കൂര് സ്വദേശി വിഷ്ണു (31), വയനാട് സുല്ത്താന് ബത്തേരി സ്വദേശി ടി.ആര്. രാഹുല് (39) എന്നിവരെ വീണ്ടും മുക്കുപണ്ടം പണയപ്പെടുത്താനെത്തിയപ്പോള് ജീവനക്കാര് തടഞ്ഞുവച്ച് പൊലിസിന് കൈമാറിയിരുന്നു.
വ്യാജ ആഭരണങ്ങള് നിര്മിച്ചു നല്കിയ കോതമംഗലം സ്വദേശി ഷിനോജ് (42), ആഭരണങ്ങള് നിര്മിക്കാന് ഷിനോജിനെ ചുമതലപ്പെടുത്തിയ ഇടുക്കി സ്വദേശികളായ അര്ഷാല് ഇസ്മായില് (32), ലിബിന് സേവ്യര് (34) എന്നിവര് തുടരന്വേഷണത്തിലും പിടിയിലായി. അല്ത്താഫും ലിബിന് സേവ്യറും അര്ഷാലും ചേര്ന്നാണ് ആഭരണങ്ങള് നിര്മിക്കാന് ഷിനോജിനെ ഏല്പ്പിക്കുന്നത്.
തട്ടിപ്പ് പുറത്തായതിനെത്തുടര്ന്ന് മുങ്ങിയ അല്ത്താഫ് ബംഗളൂരുവിലെത്തി മൊബൈല് ഷോപ്പില് ജോലിചെയ്തുവരികയായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Tags : FakeGoldScam AccusedArrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Althaf