പ്രതീകാത്മക ചിത്രം
പ്രയാഗ്രാജ്: ഭൂമി തർക്കത്തെത്തുടർന്ന് അന്പത്തിരണ്ടുകാരനായ അഭിഭാഷകൻ വെടിയേറ്റു കൊല്ലപ്പെട്ടു. സതീഷ്കുമാർ ശ്രീവാസ്തവ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച സലോറി മേഖലയിലാണ് സംഭവം. മറ്റൊരു അഭിഭാഷകനാണു വെടിവെച്ചതെന്നാണ് നിഗമനം. കൊല്ലപ്പെട്ട സതീഷ് ശ്രീവാസ്തവ കോളജിൽ ലാബ് അറ്റൻഡന്റായി ജോലി ചെയ്തിരുന്നു.
അഡീഷണൽ ഗവ. അഡ്വക്കറ്റ് ദേവേന്ദ്ര നാഥ് മിശ്ര, ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ഭർത്താവിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണു സതീഷിന്റെ ഭാര്യ വർഷയുടെ ആരോപണം. നസൂൽ ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണു വിവരം.
വ്യാഴാഴ്ച ഉച്ചയോടെ തർക്കഭൂമിയിലെത്തിയ ദേവേന്ദ്ര നാഥ് മിശ്ര, സതീഷ് സ്ഥാപിച്ചിരുന്നുവെന്നു പറയപ്പെടുന്ന പൂട്ടു തകർത്തതോടെയാണു സംഘർഷമുണ്ടായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സാഗർ ജെയിൻ പറഞ്ഞു. തുടർന്നുണ്ടായ തർക്കത്തിനിടെ വെടിയുതിർക്കുകയും സതീഷിന്റെ വയറ്റിൽ വെടിയേൽക്കുകയുമായിരുന്നു.
ദേവേന്ദ്ര നാഥ് മിശ്ര, ഭാര്യ ശൈൽ മിശ്ര, മകൻ അമരേന്ദ്ര നാഥ് മിശ്ര, നിപേന്ദ്ര മിശ്ര എന്നിവർക്കും തിരിച്ചറിയാത്ത പത്തു പേർക്കും എതിരേ വർഷ പോലീസിൽ പരാതി നൽകി. ജില്ലാ സെഷൻസ് കോടതിയിലെ അഭിഭാഷകനായിരുന്ന സതീഷ്, ഈശ്വർ ശരൺ ഡിഗ്രി കോളേജിൽ ലാബ് അസിസ്റ്റന്റായും ജോലി ചെയ്തിരുന്നു.
Tags : UttarPradesh Lawyer Shoot Killed AnotherLawyer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash