Viral
ഉത്തർപ്രദേശിലെ ലക്നോവിൽ അന്തരിച്ച എഴുപത്തഞ്ചുകാരന്റെ മൃതദേഹത്തിൽനിന്ന് വെള്ളക്കടലാസുകളിൽ പെരുവിരലടയാളം പതിപ്പിച്ചെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ വിവാദമാകുന്നു.
റഹിമാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഖദൗന ഗ്രാമത്തിൽ അടുത്തിടെ അന്തരിച്ച ഛത്രപാലിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെയാണ് ഈ സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
മകനും മരുമകളുമായി വർഷങ്ങളായി അകൽച്ചയിലായിരുന്ന ഛത്രപാൽ, സ്വന്തം സ്വത്തുക്കളിൽനിന്ന് മകനെ ഒഴിവാക്കി മുൻപ് പത്രപ്പരസ്യം നൽകിയിരുന്നു.
ഇതിനുപിന്നാലെ പെട്ടെന്നുണ്ടായ മരണവും, വ്യാജ രേഖകൾ ഉണ്ടാക്കാനായി മൃതദേഹത്തിൽനിന്ന് വിരലടയാളം എടുത്തതും വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തിൽ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ റഹിമാബാദ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Viral
മോഷണം നടത്താൻ കയറിയ ഷോറൂമിൽ നാലര മണിക്കൂറോളം രാജകീയമായി സമയം ചെലവഴിച്ച്, വിലകൂടിയ ബൈക്കുമായി കടന്നുകളഞ്ഞ കള്ളന്റെ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ വാരാണസി നിവാസികളും പോലീസും.
മണ്ഡുവാഡിഹ് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രമുഖ ബൈക്ക് ഷോറൂമിലാണ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുള്ള ഈ വിചിത്ര സംഭവം അരങ്ങേറിയത്.
രാത്രി പൂട്ടിയിട്ട ഷോറൂമിനുള്ളിൽ കടന്ന മോഷ്ടാവ് സാധാരണ മോഷണം പോലെ ധൃതിപിടിച്ച് സാധനങ്ങൾ എടുത്ത് ഓടാനല്ല ശ്രമിച്ചത്. മറിച്ച്, അവിടെയൊരു 'റിസോർട്ട് സ്റ്റേ' മോഡലിൽ മണിക്കൂറുകളോളം തികച്ചും സ്വസ്ഥനായി സമയം ആസ്വദിക്കുകയായിരുന്നു.
അകത്തുകയറിയ അയാൾ റഫ്രിജറേറ്ററിൽ നിന്ന് വെള്ളമെടുത്ത് കുടിക്കുകയും സ്വന്തമായി ചൂടുകാപ്പി ഉണ്ടാക്കി ആസ്വദിക്കുകയും ചെയ്തു. തുടർന്ന് ഷോറൂമിലെ വാഷ്റൂമിൽ കയറി കുളിച്ച്, നനഞ്ഞ വസ്ത്രങ്ങൾ അവിടെയുണ്ടായിരുന്ന ഒരു ബൈക്കിന് മുകളിൽ ഉണക്കാനിട്ടു.
ഇതിനെല്ലാമൊടുവിൽ പുതിയൊരു ബൈക്ക് കവർ കീറിയെടുത്ത് ഉടുതുണിയാക്കി മാറ്റി, കമ്പ്യൂട്ടറിൽ ബോളിവുഡിലെ പ്രശസ്തമായ 'ലുങ്കി ഡാൻസ്' പാട്ടുവെച്ച് മനസ് തുറന്ന് നൃത്തം ചെയ്യാനും ഇയാൾ മടിച്ചില്ല.
ഒടുവിൽ ഷോറൂമിലുണ്ടായിരുന്ന ബ്രാൻഡഡ് ടി-ഷർട്ടും ക്യാപ്പും ധരിച്ച് പുതിയ ലുക്കിലാണ് ഇയാൾ പുറത്തിറങ്ങിയത്. പുറപ്പെടുന്നതിന് മുൻപ് ഷോറൂം മാനേജരുടെ നാലേമുക്കാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്ന കെടിഎം ബൈക്കും സ്റ്റാർട്ട് ചെയ്താണ് ഇയാൾ അവിടെനിന്ന് സ്ഥലം വിട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രസകരമായ പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയരുന്നത്. മോഷ്ടിക്കുന്നതിന് മുൻപ് ആ മനുഷ്യൻ ജീവിതം ആവോളം ആസ്വദിച്ചു എന്നാണ് ചിലർ തമാശയായി കുറിച്ചത്.
സംഭവത്തിൽ മണ്ഡുവാഡിഹ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശം കേന്ദ്രീകരിച്ചുള്ള സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ചു വരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും വാരാണസി പോലീസ് വ്യക്തമാക്കി.
Viral
ബറേലിയിലെ രാംപൂർ ഗാർഡനിലുള്ള ഒരു പ്രമുഖ ജിമ്മിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കേടുവരുത്തിയതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം ഒടുവിൽ വലിയ സംഘർഷത്തിൽ കലാശിച്ചു. തർക്കത്തിനിടെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് മന്നു സാരി എന്നറിയപ്പെടുന്ന ട്രാൻസ്ജെൻഡർ വ്യക്തിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതോടെ പോലീസ് വിഷയത്തിൽ ഇടപെട്ടു.
തുടർന്ന് ജിം ഉടമയ്ക്കും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ആളുകൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഇരയായ വ്യക്തി കോട്വാളി പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രേം നഗർ സ്വദേശിയായ അർവാനി ശർമ്മ, ബരാദരി സ്വദേശിയായ സഞ്ജീവ് കുമാർ എന്നിവരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
National
ഗോണ്ട: ഉത്തർപ്രദേശിൽ കാമുകനെ കാണാൻ ജയിലിലെത്തിയ പെൺകുട്ടിയിൽ നിന്ന് വെടിയുണ്ടകളും പണവും കണ്ടെടുത്തു. വ്യാജ തിരിച്ചറിയൽ കാർഡുമായാണ് പെൺകുട്ടി ജയിലിലെത്തിയത്. 10 വെടിയുണ്ടകളാണ് പെൺകുട്ടിയിൽ നിന്ന് കണ്ടെടുത്തത്.
യുപിയിലെ ഗോണ്ട ഡിവിഷണൽ ജയിലിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഹർഷു കശ്യപ് എന്ന തടവുകാരനെ കാണാനാണ് പെൺകുട്ടിയും മറ്റൊരു യുവാവും ജയിലിലെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ പക്കൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തത്. തുടർന്ന് പെൺകുട്ടിയെയും പിടിച്ചെടുത്ത വസ്തുക്കളും പോലീസിന് കൈമാറുകയായിരുന്നു. തന്റെ പിതാവിന്റെ ലൈസൻസുള്ള തോക്കിൽ നിന്നാണ് വെടിയുണ്ടകൾ കൈക്കലാക്കിയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.
National
ലഖ്നോ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേടില്ലെന്ന് വരുത്തിതീർക്കാൻ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി മനഃപൂർവം തോറ്റതാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിലെ ബങ്കിപുർ, മധ്യപ്രദേശിലെ ദതിയ മണ്ഡലങ്ങളെ കുറിച്ചായിരുന്നു അഖിലേഷിന്റെ പരാമർശം.
രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ബോധപൂർവം ബിജെപി തോറ്റതാണെന്നാണ് അഖിലേഷ് യാദവ് ആരോപിച്ചു. ഇവിഎമ്മുകളെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ പ്രതിരോധിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ബിജെപി ശ്രമമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
സോഷ്യലിസ്റ്റ് നേതാവ് ജനേശ്വർ മിശ്രയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അഖിലേഷ്. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഉപയോഗിച്ച മോഡൽ ഈ ഉപതെരഞ്ഞെടുപ്പുകളിൽ മനഃപൂർവം ഒഴിവാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രമക്കേട് നടത്താതെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്ന് വരുത്തിത്തീർക്കാനും ബിജെപി തോറ്റുകൊടുക്കുകയായിരുന്നുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
Viral
ഉത്തർപ്രദേശിലെ ബല്ലിയയിൽ വീട്ടുകാരെ വിഷപ്പാമ്പിൽ നിന്ന് കാത്തുരക്ഷിക്കാൻ സ്വന്തം ജീവൻ ബലിനൽകിയ 'ടോമി' എന്ന വളർത്തുനായയുടെ വീരഗാഥ നാടിനെയാകെ കണ്ണീരണിയിക്കുന്നു. അർദ്ധരാത്രിയിൽ വീടിന് നേരെ വന്ന മൂർഖൻ പാമ്പിനോട് ഒൻപത് വയസുള്ള ടോമി മണിക്കൂറോളമാണ് പോരാടിയത്.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ വീട്ടുകാർ ഉറങ്ങുമ്പോഴാണ് പാമ്പ് വീടിന് സമീപത്തേക്ക് ഇഴഞ്ഞെത്തിയത്. അപകടം മുൻകൂട്ടി തിരിച്ചറിഞ്ഞ ടോമി ഉറക്കെ കുരച്ച് വീട്ടുകാരെ ഉണർത്താൻ ശ്രമിച്ചു.
തുടർന്ന് പാമ്പ് വീടിനുള്ളിലേക്ക് കടക്കാതിരിക്കാൻ മുൻവാതിലിന് മുന്നിൽ പ്രതിരോധം തീർത്ത ടോമി, ഭയന്നോടാതെ പാമ്പിനെ നേരിടുകയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ ടോമി പാമ്പിനെ വധിച്ചെങ്കിലും, പോരാട്ടത്തിനിടയിൽ അവന് കടിയേറ്റിരുന്നു.
പാമ്പിനെ കൊന്ന് കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് തൊട്ടുപിന്നാലെ, വിഷം ശരീരത്തിൽ പടർന്ന് അവൻ മണ്ണിലേക്ക് വീണു. അധികം വൈകാതെ ആ വിശ്വസ്ത മിത്രം ജീവൻ വെടിയുകയും ചെയ്തു.
കഴിഞ്ഞ ഒൻപത് വർഷമായി തങ്ങളുടെ കൂടെയുണ്ടായിരുന്ന ടോമിയുടെ വേർപാട് ആ കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അന്ന് രാത്രി അവൻ ആ പാമ്പിനെ തടഞ്ഞിരുന്നില്ലെങ്കിൽ വീടിനുള്ളിൽ വലിയൊരു ദുരന്തം സംഭവിച്ചേനേ എന്ന് കുടുംബാംഗങ്ങൾ കണ്ണീരോടെ ഓർക്കുന്നു.
നാട്ടുകാരും അയൽവാസികളും ചേർന്ന് ടോമിക്ക് കണ്ണീരിൽ കുതിർന്ന യാത്രയയപ്പാണ് നൽകിയത്. സ്നേഹത്തിന്റെയും ധീരതയുടെയും പ്രതീകമായ ടോമിയുടെ ഓർമ്മകൾ ആ നാടിന്റെ മനസിൽ എന്നും ഉണ്ടാകും.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർക്കെതിരെ കേസെടുത്ത് വാരാണസി പോലീസ്.
സനാതന ധർമത്തെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ഒരു കൂട്ടം സന്യാസിമാർ നൽകിയ പരാതിയിലാണ് നടപടി. രാഹുൽ ഗാന്ധിക്ക് പുറമേ സ്വതന്ത്ര എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്, സമാജ്വാദി പാർട്ടി എംപി അവധേഷ് പ്രസാദ് എന്നിവർക്കെതിരെയും കേസെടുത്തു.
കാഷായ വസ്ത്രം ധരിച്ചു പൂജാരിയുടെ രൂപത്തിൽ എത്തിയ പപ്പു യാദവ് കാണിക്കപ്പണം മോഷ്ടിക്കുന്നതാണ് പ്രതിപക്ഷ എംപിമാരുടെ പ്രതീകാത്മക പ്രതിഷേധം. കോട്വാലി പോലീസ് സ്റ്റേഷനിൽ ലഭിച്ച രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കാശി സോണിലെ ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് ബൻസ്വാൾ അറിയിച്ചു.
Viral
ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷം, സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകുന്നതിനിടെ വയോധികയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ സംഭവം വൻ നടുക്കമുണ്ടാക്കുന്നു.
ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന ഈ അപൂർവ്വ സംഭവം വൈദ്യശാസ്ത്ര രംഗത്തെ മരണ സ്ഥിരീകരണ പ്രോട്ടോക്കോളുകളെക്കുറിച്ചും ആശുപത്രികളുടെ ജാഗ്രതയെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
65-കാരിയായ ഷീല ദേവിക്കാണ് ഈ അത്ഭുതകരമായ അനുഭവമുണ്ടായത്. നിലവിൽ ആഗ്രയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ഇവരുടെ ആരോഗ്യാവസ്ഥ ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.
സംസാരിക്കാനോ മറ്റോ ഉള്ള ശേഷി ഇവർക്ക് ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് ബറേലിയിലെ സ്വകാര്യ ആശുപത്രി അധികൃതർ ഷീല ദേവി മരിച്ചതായി കുടുംബത്തെ അറിയിക്കുന്നത്.
തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ജന്മനാടായ ആഗ്രയിലേക്ക് റോഡ് മാർഗം കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.
എന്നാൽ യാത്രയ്ക്കിടെ ബുധനാഴ്ച രാത്രിയോടെ വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കൾ ഷീല ദേവിയുടെ ശരീരത്തിൽ നേരിയ ചലനങ്ങൾ ശ്രദ്ധിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ ശ്വസിക്കുന്നുണ്ടെന്ന് വ്യക്തമായതോടെ ബന്ധുക്കൾ ഞെട്ടിപ്പോയി. ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം തിരിച്ചുവിട്ട് ഇവരെ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.
തെറ്റായ വിവര നൽകിയ ആദ്യ ആശുപത്രിയുടെ പേരുവിവരങ്ങൾ കുടുംബം ഇതുവരെ പരസ്യമാക്കിയിട്ടില്ല. കരൾ സംബന്ധമായ ഗുരുതരമായ രോഗത്തെ തുടർന്ന് ഷീല ദേവി ഏറെ നാളായി ചികിത്സയിലായിരുന്നു.
മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഡൽഹിയിൽ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇവരെ, പിന്നീട് ബദൗൺ ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ഇളയ മകന്റെ കൂടെ താമസിക്കുന്നതിനിടയിലാണ് ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ പെട്ടെന്ന് മോശമാവുകയും തുടർന്ന് മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതുകയുമായിരുന്നു.
മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലും മരണം സ്ഥിരീകരിക്കുന്നതിലും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വലിയ സംശയങ്ങളാണ് പൊതുസമൂഹത്തിൽ ഉയരുന്നത്.
ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ്, രക്തചംക്രമണം, നാഡീവ്യൂഹത്തിന്റെ പ്രതികരണങ്ങൾ എന്നിവ പൂർണമായും നിലച്ചുവെന്ന് കൃത്യമായ പരിശോധനകളിലൂടെ ഉറപ്പുവരുത്തിയ ശേഷമാണ് സാധാരണയായി മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാറുള്ളത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപൂർവ്വമായ എന്തെങ്കിലും വൈദ്യശാസ്ത്ര പ്രതിഭാസമാണോ അതോ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണോ ഇതിന് കാരണമെന്ന് അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂ.
National
ലക്നോ: എംഎൽഎഹോസ്റ്റലിൽനിന്ന് വീണ് മുൻ മന്ത്രി മരിച്ചു. ബിജെപി നേതാവ് നാനാക് റാം ഭുർജി(68) ആണ് കെട്ടിടത്തിന്റെ പിൻഭാഗത്തുനിന്ന് താഴെ വീണത്.
ഒരാൾ വീണുകിടക്കുന്നുവെന്ന വിവരം എംഎൽഎഹോസ്റ്റലിന്റെ ചുമതലയുള്ള ഓഫീസർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മുൻ മന്ത്രിയാണെന്നു വ്യക്തമായത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
പുതിയ കെട്ടിടത്തിൽ നാനാക് റാം ഭുർജിക്ക് മുറി അനുവദിച്ചിരുന്നില്ല. അദ്ദേഹം എങ്ങനെ കെട്ടിടത്തിലെത്തി എന്നതിലും അപകടത്തിൽപ്പെട്ടതിലും വ്യക്തതയില്ല.
വിഷാദരോഗം ബാധിച്ചിരുന്ന ഭുർജി സമീപനാളുകളിൽ ഹോസ്റ്റലിനു സമീപം ചുറ്റിത്തിരിയാറുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചശേഷം വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
National
ലക്നോ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞ മൂന്നു വയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന സംഭവത്തിൽ റുചി ജിൻഡൽ (32) ആണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവ് കൃഷ്ണ മുരാരി ഗുപ്ത മെഡിക്കൽ ഷോപ്പ് നടത്തുകയാണ്.
സംഭവ ദിവസം ഭാര്യ റുചി ജിൻഡൽ ഭർത്താവിനെ വിളിച്ച് മകൻ തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് അസുഖബാധിതനായെന്നും പിന്നീട് പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അന്നേദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയിരുന്നതിനാൽ അതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നു കരുതി മൃതദേഹം സംസ്കരിക്കുകയായിരുന്നു.
എന്നാൽ, തിങ്കളാഴ്ച ഭാര്യ കാമുകനോടു ഫോണിൽ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതു ഭർത്താവ് കേട്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തുമെന്നു പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഖലിസ്ഥാൻ അനുകൂലിയെയും അമേരിക്കൻ പൗരനെയും സുരക്ഷാസേന പിടികൂടി. ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ഡേ പ്രവർത്തകൻ വിക്രംജിത് സിംഗ്, യുഎസ് പൗരനും ഖലിസ്ഥാൻ അനുകൂലിയുമായ മൻവീർ സിംഗ് ധില്ലൻ എന്നിവരാണ് പിടിയിലായത്.
ഉത്തർപ്രദേശിലെ റുപായ്ദിഹ പോസ്റ്റിന് സമീപത്തുവെച്ചാണ് ഇവർ പിടിയിലായത്. ഇവർക്ക് ഒത്താശ ചെയ്ത സുരേഷ് കുമാർ പഥക്, ദിലീപ് ഉപാധ്യായ, രാഹുൽ കുമാർ എന്നിവരെയും അറസ്റ്റ് ചെയ്തെന്ന് യുപി പോലീസ് പറഞ്ഞു. പിടിയിലായ വിക്രംജിത് സിംഗ് 2023-ൽ പഞ്ചാബിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയാണ്.
അതിർത്തി കടക്കാൻ ശ്രമിക്കവേ ഇരുവരുടെയും നീക്കങ്ങളിൽ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. നടനും ഖലിസ്ഥാൻ നേതാവുമായ ദീപ് സിദ്ധു 2021-ൽ രൂപീകരിച്ച സംഘടനയാണ് വാരിസ് പഞ്ചാബ് ഡേ. പിന്നീട് അമൃത്പാൽ സിംഗ് ഇതിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.
പിടിയിലായ വിദേശ പൗരന് അന്താരാഷ്ട്ര ഭീകരബന്ധങ്ങളുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.
National
മൊഹോബ: ഉത്തർപ്രദേശിലെ ജൈത്പുരിൽ പുരാതന ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയെ അക്രമികൾ കൊലപ്പെടുത്തി.
കുൽപാഹർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രവളപ്പിൽ ശനിയാഴ്ച രാവിലെയാണ് 65കാരനായ പൂജാരി ഉദിത് നാരായൺ മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്.
വടികൊണ്ട് അടിച്ച പാടുകൾ മൃതദേഹത്തിലുണ്ടെന്ന് മൊഹോബ എസ്പി വന്ദന സിംഗ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി പൂജാരിക്കു മർദനമേറ്റുവെന്നാണ് നിഗമനം.
ഹാമിർപുർ സ്വദേശിയായ മിശ്ര 16 വർഷമായി ക്ഷേത്രത്തിനു സമീപമാണു കഴിഞ്ഞിരുന്നത്. അക്രമികളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.
Viral
വാരണാസിയിലെ സപ്തസാഗർ മരുന്ന് മാർക്കറ്റ് പരിസരത്ത് കഴിഞ്ഞദിവസം ഒരു വിദേശ പൗരൻ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചു. അർദ്ധനഗ്നനായെത്തിയ ഇയാൾ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നിരവധി വീടുകളിൽ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുകയായിരുന്നു.
വീടുകളിലെ ഗൃഹോപകരണങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞും തടയാൻ ശ്രമിച്ച പ്രദേശവാസികൾക്ക് നേരെ തിരിഞ്ഞും ഇയാൾ അക്രമാസക്തനായി പെരുമാറി.
ലഹരി പാനീയമായ ഭാംഗ് കഴിച്ചതിനെത്തുടർന്നാണ് ഇയാൾ ഇത്തരത്തിൽ പെരുമാറിയതെന്ന് ചില പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഒരു താമസയോഗ്യമായ കെട്ടിടത്തിനുള്ളിൽ ഉറക്കെ നിലവിളിച്ചും ചാടിയും പരിഭ്രാന്തി പരത്തിയ ഇയാളെ ഒടുവിൽ നാട്ടുകാർ ചേർന്നാണ് കീഴ്പ്പെടുത്തിയത്.
തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും ഇടുങ്ങിയ തെരുവുകളിലൂടെ ഓടി ആളുകളെ പിന്തുടർന്ന് ആക്രമിക്കാൻ ഇയാൾ വീണ്ടും മുതിർന്നു.
മുകൾനിലകളിലെ സാധനങ്ങൾ താഴേക്ക് എറിഞ്ഞ് അക്രമം തുടർന്ന വിദേശിയെ ശാന്തനാക്കാൻ പ്രദേശവാസികൾ പരമാവധി ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല.
ഇതിനിടെ തടയാൻ ശ്രമിച്ച ഒരു നാട്ടുകാരന്റെ കൈയിൽ ഇയാൾ കടിക്കുകയും ചെയ്തു. സ്ഥിതിഗതികൾ സങ്കീർണമായതോടെ സ്ഥലത്തെത്തിയ കോട്വാലി പോലീസ് അനുനയത്തിൽ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരോടും ഇയാൾ അക്രമസ്വഭാവമാണ് കാണിച്ചത്.
തിരിച്ചുപോകാൻ ആവശ്യപ്പെട്ട് പോലീസിന് നേരെ ഇയാൾ ഉറക്കെ ആക്രോശിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. ഒടുവിൽ കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് മെഡിക്കൽ പരിശോധനകൾക്കായി കബീർചൗര ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റി.
വിദേശിയുടെ മാനസിക നിലയിലുണ്ടായ തകരാറാണോ അതോ ലഹരിമരുന്നിന്റെ അമിത ഉപയോഗമാണോ ഈ അസാധാരണ പെരുമാറ്റത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണെന്ന് കോട്വാലി ഇൻസ്പെക്ടർ ദയാശങ്കർ വ്യക്തമാക്കി. ഇയാളുടെ കൃത്യമായ വിലാസവും ഏത് രാജ്യക്കാരനാണെന്ന വിവരവും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
National
ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിൽ ഭർതൃമാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവതി പിടിയിൽ. ഫോണ്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഗോരഖ്പുരിലെ മാല്മലിയ ജഗ്ദീഷ്പുര്‍ ഗ്രാമത്തിലാണ് സംഭവം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആശാ ദേവി നിലവിൽ ഗോരഖ്പുര്‍ എയിംസില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആശാ ദേവിയുടെ മരുമകൾ വന്ദനയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി വന്ദന ഫോണിലൂടെ ഒരു യുവാവിനോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആശാ ദേവി ഇത് ചോദ്യംചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടായി. ഇതിൽ പ്രകോപിതയായ വന്ദന കത്തിയെടുത്ത് ആശാദേവിയെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആശാ ദേവിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വന്ദനയെ കസ്റ്റഡിയിലെടുത്തു. ഇവർ ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
National
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായിയെ പോലീസ് ചോദ്യംചെയ്തു. ക്രമക്കേടിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിശ്വഹിന്ദു പരിഷത് വൈസ് പ്രസിഡന്റുകൂടിയായ ചന്പത് റായി രാജിക്കത്തു നൽകിയിരുന്നുവെങ്കിലും ക്രമക്കേട് മറച്ചുവയ്ക്കാൻ ഇദ്ദേഹം ശ്രമിച്ചിരുന്നോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ചന്പത് റായിയെ ചോദ്യംചെയ്തുവെന്ന് സ്ഥിരീകരിക്കുന്ന പോലീസ് വിശദാംങ്ങൾ വെളിപ്പെടുത്തുന്നില്ല.
കഴിഞ്ഞമാസം ഏഴിന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് ക്ഷേത്രക്കൊള്ളയെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത്. അതിനു രണ്ടുദിവസം മുന്‍പ് ക്ഷേത്രം ജീവനക്കാരനായ അവിനാശ് ശുക്ലയുടെ വസതിയിനിന്ന് പണമടങ്ങിയ ബാഗ് പിടിച്ചെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭാവനയായി ലഭിച്ച തുകയായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. സംഭാവനയായി ലഭിച്ച തുക നഷ്ടമായ വിവരം അറിഞ്ഞിട്ടും പരാതിപ്പെടാൻ ചന്പത് റായി തയ്യാറായില്ല എന്ന ആരോപണം ശക്തമാണ്.
ട്രസ്റ്റ് അടിയന്തരയോഗം തിങ്കളാഴ്ച
ലക്നോ: സംഭാവനക്കൊള്ളയിൽ വൻ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ യോഗം നേരത്തെയാക്കി. ഈ മാസം 11 നു ചേരാനിരുന്ന യോഗം തിങ്കളാഴ്ചതന്നെ അടിയന്തരമായി ചേരും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായിയുടെ രാജിക്കത്ത് ഉൾപ്പെടെ യോഗം ചർച്ച ചെയ്യും.അംഗങ്ങളായ 14 പേരും തിങ്കളാഴ്ച അയോധ്യയില്‍ ഉണ്ടാകണമെന്ന് ട്രസ്റ്റ് അധ്യക്ഷനായ മഹന്ത് നൃത്യ ഗോപാൽ ദാസ് നിർദേശിച്ചിരിക്കുന്നത്.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന തലത്തില്‍ നിരീക്ഷിച്ച് സുതാര്യത ഉറപ്പുവരുത്താനുള്ള തീരുമാനം യോഗം എടുത്തേക്കും. ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ഗേവ് ഗിരിയുടെ പേരിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
National
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. ബുലന്ദ്ഷഹറിലെ ഹാജിപൂർ ഗ്രാമത്തിലാണ് സംഭവം. ഹാജിപൂർ സ്വദേശി ഗീത(25) ആണ് കൊല്ലപ്പെട്ടത്.
വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഗീതയുടെ ഭർത്താവ് മോനുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഏഴുമാസം മുൻപാണ് ഗീതയും മോനുവും വിവാഹിതരായത്.
ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ മോനു മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് പോലീസ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എട്ട് പേർക്കെതിരെയാണ് യുപി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടിന്നു യാദവ്, ലവ്കുശ് മിശ്ര, അനുകൽപ് മിശ്ര എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ടിന്നു യാദവിന്റെ പക്കൽനിന്ന് ഭണ്ഡാരത്തിന്റെ താക്കോലുകൾ കണ്ടെടുത്തതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയും സംശയത്തിന്റെ നിഴലിലാണ്. സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.
വിവാദങ്ങളെ തുടർന്ന് അയോധ്യ ക്ഷേത്രത്തിന്റെ ഭരണ ചുമതല ജില്ലാ മജിസ്ട്രേറ്റിന് നൽകി. സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ ലക്നോയിൽ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 15 പേർ മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സംഭവത്തിൽ ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. രണ്ട് പേർ നിലവിൽ ഒളിവിലാണ്.
ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. കോച്ചിംഗ് സെന്റർ ഉൾപ്പെടുന്ന കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളുടെ ഉടമകളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് മറ്റുള്ളവരുടെ പങ്ക് പോലീസ് പരിശോധിച്ചു വരികയാണ്.
സംഭവത്തെ തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച എസ്ഐടി ആണ് കേസ് അന്വേഷണം നടത്തുന്നത്. ഏഴ് ദിവസത്തിനകം അന്വഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ എസ്ഐടിക്ക് നിർദേശം നൽകിയിട്ടുണ്ട്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് കെട്ടിടത്തിനുള്ളിൽ വിശദമായ തെരച്ചിൽ നടത്തിവരികയാണ്. സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
National
ഗോരഖ്പുർ: യുപിയിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 14കാരൻ പിടിയിൽ. യുപി ഗോരഖ്പുരിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുഞ്ഞിനെയാണ് പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
ശനിയാഴ്ച രാവില കുട്ടിയെ കാണാതായതോടെ കുടുംബം നടത്തിയ തെരച്ചിലിൽ വീടിന് 500 മീറ്റർ അകലെയുള്ള പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുട്ടി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായി കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ 14കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പുലർച്ചെ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
പിന്നാലെ കുടുംബം കുട്ടിക്ക് വേണ്ടി നടത്തിയ തെരച്ചിലിൽ പ്രതിയും ഒപ്പം ചേർന്നു. മദ്യലഹരിയിലാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി.
National
ന്യൂഡല്‍ഹി: യുപി കാൺപുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. നിരവധി ജ്വല്ലറി ഷോറൂമുകളുടെ ഉടമയായ അശോക് കുമാര്‍ രസ്തഗി ആണ് സംഭവത്തിൽ പിടിയിലായത്.
പ്രതിയുടെ ജ്വല്ലറിയിലെ ജീവനക്കാരിയായിരുന്നു പീഡനത്തിന് ഇരയായ പെൺകുട്ടി. സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ പ്രതി തന്റെ ഫാംഹൗസില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
സ്കൂട്ടര്‍ ഓടിക്കാന്‍ പഠിച്ചാല്‍ പുതിയൊരു സ്കൂട്ടര്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കിയാണ് അശോക് കുമാര്‍ പെണ്‍കുട്ടിയെ ഫാം ഹൗസിലെത്തിച്ചത്. പിന്നാലെ ആയിരുന്നു പീഡനം. വിവരം പുറത്തു പറഞ്ഞാല്‍ കുടുംബത്തോടെ ജയിലിലാക്കുമെന്ന് പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് നിരവധി തവണ പെൺകുട്ടിയെ ഫാംഹൗസിലെത്തിച്ച് പീഡിപ്പിച്ചതായും പരാതിയുണ്ട്. തുടർന്ന് പെൺകുട്ടി വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരാൾക്ക്കൂടി മലേറിയ സ്ഥിരീകരിച്ചു. വളയത്ത് അന്യസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. വളയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 14ൽ ആണ് രോഗബാധ കണ്ടെത്തിയത്.
യുപി സ്വദേശിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ നിന്നെത്തിയത്. ശക്തമായ പനിയെ തുടര്‍ന്ന് വളയം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.
National
ലക്നോ: യുപിയിൽ ലഹരിക്കടിമയായ യുവാവിനെ വാടകക്കൊലയാളിയെ ഏർപ്പെടുത്തി കൊലപ്പെടുത്തിയത് കുടുംബമെന്ന് കണ്ടെത്തൽ. യുപിയിലെ അംരോഹ ജില്ലയിലാണ് സംഭവം. ദുഷ്യന്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് ദുഷ്യന്തിന്റെ അച്ഛനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിദോലി കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാംപുർ ഗ്രാമത്തിലെ ഒരു കനാലിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസമാണ് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായ ദുഷ്യന്ത് വീട്ടിലും നാട്ടിലും അക്രമാസക്തനായിരുന്നു. ബന്ധുക്കളെ നിരന്തരം അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
ഇതിൽ സഹികെട്ട് കുടുംബം ജോളിയെന്ന വാടക കൊലയാളിയെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷനും നൽകി. ദുഷ്യന്തിന്റെ അമ്മയുടെ സ്വർണം പണയം വച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയത്. കൊലയ്ക്ക് മുൻപായി 55,000 രൂപ കൊലയാളിക്ക് നൽകുകയും ചെയ്തിരുന്നു.
ദുഷ്യന്തിന്റെ അച്ഛനും സഹോദരനും കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ വാടക കൊലയാളിയായ ജോളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Viral
മീററ്റിലെ സിവിൽ ലൈൻസ് കോടതി വളപ്പിൽ ഭർത്താവിന്റെ ജാമ്യത്തിനായി ഒത്തുകൂടിയ രണ്ട് ഭാര്യമാർ തമ്മിൽ നടന്ന പരസ്യമായ ഏറ്റുമുട്ടൽ വലിയ നാടകീയതയ്ക്കാണ് വഴിവെച്ചത്.
അയൽവാസിയുമായുള്ള തർക്കത്തെ തുടർന്ന് സമാധാനാന്തരീക്ഷം തകർത്ത കേസിൽ അറസ്റ്റിലായിരുന്ന ഫുർഖാൻ എന്നയാളുടെ ജാമ്യ നടപടികൾക്കായി എത്തിയതായിരുന്നു ഭാര്യമാരായ ഷബാനയും ഷഹീനും.
ഭർത്താവിനെ ജാമ്യത്തിലിറക്കാൻ ഇരുവരും അവരവരുടെ ബന്ധുക്കൾക്കൊപ്പം കോടതിയിലെത്തിയെങ്കിലും, നിസാര കാര്യങ്ങളിൽ തുടങ്ങിയ തർക്കം നിമിഷനേരം കൊണ്ട് നിയന്ത്രണാതീതമാകുകയായിരുന്നു.
കോടതിയുടെ മുന്നിൽ വെച്ച് പരസ്പരം വാക്കേറ്റം തുടങ്ങിയ ഇവർ ഒടുവിൽ ശാരീരികമായി ഏറ്റുമുട്ടാൻ തുടങ്ങി. മുടിയിൽ പിടിച്ചും മർദിച്ചും നടന്ന ഈ പോരാട്ടത്തിനിടെ ഇരുവിഭാഗങ്ങളിലുമായി മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.
കോടതി നടപടികൾക്കിടയിൽ നടന്ന ഈ അപ്രതീക്ഷിത ആക്രമണം കണ്ടുനിന്നവരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചു. പോലീസ് ഉടൻ തന്നെ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
ഒടുവിൽ നിയമപരമായ നടപടികളിലൂടെ ഫുർഖാന്‍ ജാമ്യം ലഭിക്കുകയും അയാൾ പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ കോടതി വളപ്പിൽ കലാപമുണ്ടാക്കിയതിന് ഫുർഖാന്റെ രണ്ട് ഭാര്യമാരെയും അവരുടെ കൂടെയുണ്ടായിരുന്നവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയക്കുകയും ചെയ്തതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.
National
ലക്നോ: ഉത്തർപ്രദേശിൽ പ്രണയത്തിന്റെ പേരിൽ ദുരഭിമാനക്കൊല. പ്രണയിച്ചതിന്റെ പേരിൽ കൗമാരക്കാരിയെ പിതാവും സുഹൃത്തും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി.
വന്ദന ചൗബേ (16) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് വിജയ കുമാർ ചൗബേയെയും സുഹൃത്ത് അബ്ദുൽ മന്നാൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനാലാണ് മകളെ ഇയാൾ കൊലപ്പെടുത്തിയത്.
ഏപ്രിൽ 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സുഹൃത്ത് അബ്ദുൽ മന്നാനൊപ്പം ഒരു കാർ വാടകയ്ക്കെടുത്ത് വിജയ കുമാർ ചൗബേ മകളെയും കൂട്ടി ബാധ ഒഴിപ്പിക്കാനെന്ന പേരിൽ രാജസ്ഥാനിലേക്ക് പോയിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ
തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡ് ഒഴിച്ചു. മൃതദേഹം കനാലിൽ മറവ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ പരിഭ്രാന്തരായ പ്രതികൾ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
തിരികെ നാട്ടിലെത്തിയ പ്രതി മകളെ കാണാനില്ലെന്നുകാട്ടി പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പോലീസ് ഫോൺ രേഖകളും മറ്റും പരിശോധിച്ച് പ്രതി പിതാവ് തന്നെയെന്ന് കണ്ടെത്തുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിൽ ഷൂ ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കൗമാരക്കാരൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗുഗ്ലീ പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മൺ ശർമ ആണ് (15) കൊല്ലപ്പെട്ടത്.
സൂരജ് ശർമ(16) ആണ് കത്രിക ഉപയോഗിച്ച് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത പുതിയ ഷൂസ് ആര് ധരിക്കണം എന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ലക്ഷ്മൺ ശർമയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി തവണ ആക്രമിച്ചു. പരിക്കേറ്റ ലക്ഷ്മൺ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ന്യൂഡൽഹി: നോയിഡയിലെ തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ വേതന നിരക്ക് വർധിപ്പിച്ച് യുപി സർക്കാർ. തൊഴിലാളികളുടെ വേതനം 2,500 മുതൽ 3,000 രൂപ വരെ വർധിപ്പിച്ചു. സർക്കാർ നിയമിച്ച ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
നോയിഡ ഫെയ്സ് ടുവിലെ വിവിധ ഫാക്ടറികളിൽ നിന്നുള്ള ഏകദേശം 42,000 ത്തോളം തൊഴിലാളികൾ സംഘടിച്ച് ഇറങ്ങിയതോടെയാണ് സമരം അക്രമാസക്തമായി മാറിയത്. ഇതിനുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തിൽ ഇടപെടുകയായിരുന്നു.
തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും ഫാക്ടറികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പിന്നാലെ രാത്രിയോടെ ഉന്നതാധികാര സമിതി സംസ്ഥാനത്ത് മിനിമം വേതന നിരക്ക് കൂട്ടി ഉത്തരവിറക്കുകയായിരുന്നു.
അവിദഗ്ധ തൊഴിലാളികൾക്ക് 13,690 രൂപയായും, അർധ വിദഗ്ധ തൊഴിലാളികൾക്ക് 15,059 രൂപയായും, വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് 16,868 രൂപയായുമാണ് വേതനം വർധിപ്പിച്ചത്. അതേസമയം സംഘർഷത്തിൽ പങ്കെടുത്ത 300 പേരെ പോലീസ് കസ്റ്റഡയിലെടുത്തു.
100 പേരെ നിലവിൽ ചോദ്യം ചെയ്യുകയാണ്. പ്രതിഷേധത്തിന് പിന്നിൽ അരാജകവാദം പടർത്താൻ ആഗ്രഹിച്ച സംഘടനകളെന്ന് യുപി തൊഴിൽ മന്ത്രി ആരോപിച്ചു.
National
ലക്നോ: യുപിയിൽ പ്രണയപ്പകയെ തുടർന്ന് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. രാംകൊല പോലീസ് സ്റ്റേഷന് പരിധിയില്‍ മൊര്‍വാന്‍ എന്ന സ്ഥലത്താണ് സംഭവം. കാജൾ(23), അമ്മ ലീലാവതി ദേവി എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെ തുടർന്ന് കാജൾ കൊല്ലപ്പെട്ടു. അമ്മ ലീലാവതി ദേവി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് സംഭവം. കാജളും ലീലാവതിയും ഉറങ്ങുന്ന സമയത്ത് ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആസിഡ് ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗര്‍ മെഡിക്കല്‍ കോളജിലേക്കും പിന്നീട് ഗൊരഖ്പുര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് കാജൾ മരിച്ചത്. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഛോട്ടിലാല്‍ ഖര്‍വാര്‍, അനുജ് കുശ്വാഹ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഛോട്ടിലാല്‍ നിരന്തരം കാജളിനോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചതോടെയാണ് ആക്രമണം നടത്തിയത്.
National
അമ്രോഹ: പാമ്പ് കടിയേറ്റതിനെ തുടർന്ന് മന്ത്രവാദിയുടെ നിർദേശപ്രകാരം 12 മണിക്കൂർ ഗംഗാ നദിയിൽ മുക്കിവച്ച 13കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അമ്രോഹയിലാണ് സംഭവം. പാമ്പുകടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കുടുംബം മന്ത്രവാദിയെ സമീപിക്കുകയായിരുന്നു.
മന്ത്രവാദിയുടെ നിർദേശം അനുസരിച്ച് കുടുംബം കൗമാരക്കാരനെ 12 മണിക്കൂർ നേരം മുളവടികളിൽ കെട്ടി ഗംഗാനദിയിൽ മുക്കിവയ്ക്കുകയായിരുന്നു. ഗംഗാ നദി കുട്ടിയെ സുഖപ്പെടുത്തുമെന്നായിരുന്നു മന്ത്രവാദി കുടുംബത്തെ വിശ്വസിപ്പിച്ചത്.
12 മണിക്കൂറിന് ശേഷം കുട്ടി അനങ്ങാതായതോടെയാണ് വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നത്. കുട്ടി മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ വീട്ടുകാർ മൃതദേഹം ഗംഗാ നദിയിലേക്ക് എറിയാനും ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ.
കുട്ടിയെ മുളവടികളിൽ കെട്ടി നദിയിൽ ഇട്ടിരിക്കുന്ന വീഡിയോ ഇതോടകം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിട്ടുണ്ട്.
National
ലക്നോ: വീട്ടുമുറ്റത്ത് വാഹനം പാർക്ക് ചെയ്യാൻ പേരക്കുട്ടിയെ സഹായിക്കുന്നതിനിടെ വയോധികയ്ക്ക് ദാരുണാന്ത്യം. പേരക്കുട്ടി ഓടിച്ച ഥാർ ഇടിച്ചാണ് വയോധിക മരിച്ചത്. വീട്ടുമുറ്റത്ത് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ആണ് സംഭവം നടന്നത്. . വാഹനം അകത്ത് കയറ്റിയ ശേഷം ഗേറ്റ് അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മുറ്റത്തെ ചരിവിലൂടെ അതിവേഗം പിന്നിലേക്ക് ഉരുണ്ടുവന്ന വാഹനം ഗേറ്റ് തകർത്ത് വയോധികയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ അപകടത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഖലീലാബാദ്: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. 14 വയസുകാരിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വെള്ളിയാഴ്ച പ്രതി തന്റെ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് കേസെടുത്ത ഖലീലാബാദ് പോലീസ് ശനിയാഴ്ച യുവാവിനെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ രവി ചൗധരി(24) ആണ് ഖലീലാബാദ് പോലീസിന്റെ പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ അമിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
Viral
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലുള്ള ഭിലാവലി എന്ന കൊച്ചുഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികൾ ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.
സാധാരണയായി വൻകിട ലാബുകളിലും സർവ്വകലാശാലകളിലും മാത്രം കണ്ടുവരുന്ന സാങ്കേതിക വിദ്യകൾ പാഴ് വസ്തുക്കളുടെ സഹായത്തോടെ പ്രായോഗികമായി നടപ്പിലാക്കി ഈ മിടുക്കർ ലോകത്തെ ഞെട്ടിച്ചു.
ലോകപ്രശസ്തമായ എഫ്-22 റാപ്റ്റർ യുദ്ധവിമാനത്തിന്റെ പറക്കുന്ന മാതൃകയാണ് ഇവർ നിർമ്മിച്ചത്. കേവലം 6000 രൂപ മാത്രം ചിലവാക്കി നിർമ്മിച്ച ഈ വിമാനം ഒന്നര കിലോമീറ്റർ ദൂരപരിധിയിൽ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കാൻ സാധിക്കുമെന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന പ്രാൻഷി കുമാരി, ആഷി, ഹൃദേഷ് കുമാർ, രഞ്ജന കുമാരി, കാർത്തിക് ശർമ്മ എന്നീ അഞ്ച് വിദ്യാർഥികളാണ് ഈ അത്ഭുതത്തിന് പിന്നിൽ. അധ്യാപകനായ ആശിഷ് കുമാറിന്റെ ദീർഘവീക്ഷണവും മാർഗനിർദ്ദേശവുമാണ് കുട്ടികളെ ഇത്തരമൊരു ലക്ഷ്യത്തിലേക്ക് നയിച്ചത്.
വെറും കളിപ്പാട്ടമുണ്ടാക്കുന്നതിലുപരി പഴയ മോട്ടോറുകൾ, പ്രവർത്തനരഹിതമായ കളിപ്പാട്ട കാറുകൾ, വയറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, തെർമോകോൾ തുടങ്ങിയ അവശിഷ്ടങ്ങൾ എങ്ങനെ വിനിയോഗിക്കാമെന്ന് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു.
ഉത്തർപ്രദേശ് ബേസിക് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ 'റോബോട്ടിക്സ് കി പാഠശാല 2026' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം സ്കൂളിൽ ഉണ്ടായത്.
വെറുതെ വിമാനം നിർമ്മിക്കുക മാത്രമല്ല, സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന കമ്പ്യൂട്ടർ ഫ്ലൈറ്റ് സിമുലേറ്ററിലൂടെ ആകാശത്ത് വിമാനം പറത്തുന്ന രീതിയിൽ കുട്ടികൾ മുൻകൂട്ടി പരിശീലനം നേടുകയും ചെയ്തു.
തുടർന്ന് തുറസായ മൈതാനത്ത് വിമാനം വിജയകരമായി പറത്തിയതോടെ വിദ്യാർഥികളുടെ ആത്മവിശ്വാസം വാനോളമുയർന്നു. അലിഗഡ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ മാതൃകയ്ക്ക് വിദ്യാഭ്യാസ വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ പ്രശംസയാണ് ലഭിച്ചത്.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻകിട സ്വകാര്യ സർവ്വകലാശാലകളിലെ ഗവേഷണങ്ങളേക്കാൾ എത്രയോ മുകളിലാണ് ഗ്രാമീണ വിദ്യാലയത്തിലെ ഈ കുട്ടികളുടെ സർഗാത്മകതയെന്ന് പലരും അഭിപ്രായപ്പെട്ടു.
സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കൃത്യമായ അവസരവും സാങ്കേതിക സൗകര്യങ്ങളും നൽകിയാൽ അവർക്ക് ഏതൊരു ആധുനിക പ്രതിസന്ധികളെയും നേരിടാൻ സാധിക്കുമെന്ന് ഭിലാവലിയിലെ ഈ കൊച്ചു മിടുക്കർ തെളിയിച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള പ്രായോഗിക പഠനരീതികൾ രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളിലും നടപ്പിലാക്കണമെന്ന വലിയൊരു സന്ദേശമാണ് ഈ കൊച്ചു വിമാനം ആകാശത്ത് വരച്ചിടുന്നത്.
National
ലക്നോ: യുപിയിൽ ഗ്യാസ് സിലിണ്ടർ വാങ്ങാൻ വരി നിൽക്കുന്നതിനിടെ വയോധികന് ദാരുണാന്ത്യം. മുഖ്തിയാർ അഹമ്മദ് (70) ആണ് മരിച്ചത്. ഫാറുഖാബാദ് ജില്ലയിലെ ഒരു ഗ്യാസ് ഏജൻസിക്ക് മുൻപിലായിരുന്നു സംഭവം.
ഗർഹിഖാൻ ഖാന സ്വദേശിയാണ് മുഖ്തിയാർ അഹമ്മദ്. ഗ്യാസ് സിലിണ്ടറിനായി വരിനിൽക്കുമ്പോൾ മുഖ്തിയാർ അഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് കൂടെ ഉണ്ടായിരുന്നവർ സിപിആർ നൽകിയിരുന്നു.
പിന്നാലെ മുഖ്തിയാർ അഹമ്മദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാം ദിവസമാണ് മുഖ്തിയാർ അഹമ്മദ് ഗ്യാസ് സിലിണ്ടറിനായി വരി നിന്നത്. തലേ ദിവസവും മുഖ്തിയാർ സിലിണ്ടറിനായി വരി നിന്നെങ്കിലും ലഭിച്ചിരുന്നില്ല.
National
ലക്നോ: ഉത്തർപ്രദേശിൽ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ച മകൻ പിടിയിൽ. ലക്നോവിലെ വർധമാൻ പാത്തോളജി ഉടമയായ മാനവേന്ദ്ര പ്രതാപ് സിംഗ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിംഗ് ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാനവേന്ദ്ര പ്രതാപ് സിംഗിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മകൻ അക്ഷതിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
അക്ഷത് ഡോക്ടറാകണമെന്ന ആഗ്രഹത്താൽ നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് അക്ഷത് തോക്കെടുത്ത് പിതാവിന് നേരെ വെടിയുതിർത്തത്.
2018ൽ അക്ഷതിന്റെ അമ്മ മരിച്ചിരുന്നു. പിതാവിന്റെ കൊലയ്ക്ക് പിന്നാലെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങളിൽ ചിലത് സദരോണ ഗ്രാമത്തിന് സമീപം ഉപേക്ഷിച്ചു. ബാക്കിയുള്ളവ വീടിനുള്ളിൽ ഡ്രമ്മിലാക്കി ഒളിപ്പിച്ചു. പോലീസ് പരിശോധനയിൽ വീടിനുള്ളിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
National
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി.
ശനിയാഴ്ചയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് ജുൻസി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ശിഷ്യൻ സ്വാമി മുകുന്ദാനന്ദ് ഗിരിക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ വിശദമായ അന്വേഷണം നടത്താനും കോടതി ഉത്തരവിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പരാതിക്കാരുടെ മൊഴികൾ ഫെബ്രുവരി 13ന് കോടതിയിൽ വീഡിയോ വഴി രേഖപ്പെടുത്തി. പോലീസ് റിപ്പോർട്ട് കോടതി സ്വീകരിച്ചു.
ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തതായും തെളിവുകൾ അടങ്ങിയ സിഡി കോടതിയിൽ സമർപ്പിച്ചതായും പരാതിക്കാരന് പറയുന്നു. അതേസമയം ആരോപണം നിഷേധിച്ച് അവിമുക്തേശ്വരാനന്ദ സരസ്വതി രംഗത്തെത്തിയിട്ടുണ്ട്.
കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച അവിമുക്തേശ്വരാനന്ദ സരസ്വതി, കോടതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടു. കോടതി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് രജിസ്റ്റർ ചെയ്ത ശേഷം അവർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Viral
ഉത്തർപ്രദേശിലെ ബിജ്നോറിൽ നടന്ന ഒരു വിവാഹ ആഘോഷം അപ്രതീക്ഷിതമായി അരങ്ങേറിയ നാടകീയ സംഭവങ്ങൾ കാരണം വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.
ശുഭം ചൗഹാൻ എന്ന യുവാവിന്റെ വിവാഹയാത്ര പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് ബിജ്നോറിലെ ഡയമണ്ട് സിറ്റി കോളനിയിലുള്ള അയാളുടെ വീട്ടിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചത്.
വെള്ളിയാഴ്ച നടക്കേണ്ട വിവാഹത്തിന് മുന്നോടിയായി വീട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നിൽക്കുന്ന സമയത്താണ് വൈദ്യുതി വകുപ്പിലെ ജീവനക്കാരെത്തി ഇത്തരമൊരു നടപടി സ്വീകരിച്ചത്.
താൻ എല്ലാ മാസവും കൃത്യമായി വൈദ്യുതി ബില്ലുകൾ അടയ്ക്കാറുണ്ടെന്നും ഒരൊറ്റ കുടിശിക പോലും നിലവിലില്ലെന്നും ശുഭം ആവർത്തിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടില്ല.
വിവാഹ വസ്ത്രമണിഞ്ഞ് ബന്ധുക്കളോടൊപ്പം വീടിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ശുഭത്തോട്, കണക്ഷൻ മുറിക്കാൻ ഉത്തരവുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഒരു കത്ത് കൈമാറുകയായിരുന്നു.
വിവാഹം പ്രമാണിച്ചെങ്കിലും ഒന്നോ രണ്ടോ ദിവസത്തെ സമയം നൽകണമെന്ന് വീട്ടുകാർ കെഞ്ചിപ്പറഞ്ഞിട്ടും ലൈൻമാൻ വൈദ്യുതി പോസ്റ്റിൽ വലിഞ്ഞുകയറി കണക്ഷൻ വിച്ഛേദിക്കുന്ന കാഴ്ചയാണ് അവിടെയുണ്ടായിരുന്നത്.
ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് വൈദ്യുതി വകുപ്പിനെതിരെ ഉയർന്നത്.
ഏണി പോലും ഉപയോഗിക്കാതെ ജീവൻ പണയപ്പെടുത്തി ലൈൻമാൻ പോസ്റ്റിൽ കയറുന്നതും ആളുകൾ നോക്കി നിൽക്കെ കണക്ഷൻ മുറിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരത വ്യക്തിവൈരാഗ്യം തീർക്കാനാണെന്ന തരത്തിലുള്ള ചർച്ചകൾ ഇതോടെ വ്യാപകമായി.
പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ശുഭവും ഒരു പ്രാദേശിക കോളനൈസറും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ഈ അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് വ്യക്തമായി.
കോളനൈസർ തന്റെ സ്വാധീനം ഉപയോഗിച്ച് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈൻമാനെ നിർബന്ധപൂർവ്വം അയച്ച് വൈദ്യുതി മുറിക്കുകയായിരുന്നുവെന്ന് സൂപ്രണ്ടിങ് എഞ്ചിനീയർ ധരംരാജ് സിംഗ് സ്ഥിരീകരിച്ചു.
സംഭവം വിവാദമായതോടെ വെള്ളിയാഴ്ച രാവിലെ തന്നെ വീട്ടിലെ വൈദ്യുതി ബന്ധം അധികൃതർ പുനഃസ്ഥാപിച്ചു. എന്നിരുന്നാലും, തന്റെ വിവാഹ ദിവസത്തെ സന്തോഷം കെടുത്തിയ ഉദ്യോഗസ്ഥർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും എതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ശുഭം ചൗഹാന്റെ തീരുമാനം.
ആഘോഷവേളകളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ 18 ജില്ലാ കോടതികൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് കോടതി പരിസരത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി.
ലക്നോ, അയോധ്യ, മൊറാദാബാദ്, അസംഗഡ്, മീററ്റ്, അമ്രോഹ, വാരണാസി തുടങ്ങി 18 ജില്ലാ കോടതികൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ കോടതി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി.
സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇ-മെയിലിന്റെ ഉറവിടത്തെക്കുറിച്ച് സൈബർ സെൽ പരിശോധിച്ചു വരികയാണ്. രണ്ട് ദിവസം മുൻപും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Viral
ലക്നോവിലെ ഐഐഎം റോഡിന് സമീപമുള്ള എൽഡെക്കോ സിറ്റിയിൽ സൈനികന്റെ ഭാര്യയ്ക്ക് നേരെയുണ്ടായ അതിക്രമം ഉത്തർപ്രദേശിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
വാടക വീട് തേടിയെത്തിയ യുവതിയെ പ്രോപർട്ടി ബ്രോക്കറായ രാജ് ശുക്ല എന്നയാൾ അപമാനിക്കാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് ആധാരം.
ഒരു വീട് കാണിക്കാനെന്ന വ്യാജേന യുവതിയെ ഇൻഡിഗോ സിറ്റിയിലെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയ ഇയാൾ അവിടെവെച്ച് അതിരുവിടുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
എന്നാൽ ഭയന്നു പിന്മാറുന്നതിന് പകരം, പ്രതിയുടെ പ്രവർത്തികളെ ചോദ്യം ചെയ്യുകയും ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി തുറന്നുകാട്ടുകയും ചെയ്ത യുവതിയുടെ ധൈര്യം സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
തന്റെ നേരെ കൈയേറ്റത്തിന് മുതിർന്ന ഇയാളോട് "എന്നെ തൊടാൻ എങ്ങനെ ധൈര്യം വന്നു" എന്ന് ചോദിച്ചു കൊണ്ട് യുവതി ആക്രോശിക്കുന്നതും, പരിഭ്രാന്തനായ ബ്രോക്കർ മാപ്പ് അപേക്ഷിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലായിരുന്ന യുവതിയുടെ ഭർത്താവ് ഏഴ് ദിവസത്തിന് ശേഷമാണ് ലക്നോവിൽ തിരിച്ചെത്തിയത്. തന്റെ അഭാവത്തിൽ ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ പ്രകോപിതനായ സൈനികൻ, പ്രതിയെ നേരിട്ട് കണ്ടെത്തുകയും കായികമായി കൈകാര്യം ചെയ്യുകയും ചെയ്തതായാണ് വിവരങ്ങൾ.
സാധാരണ ഇത്തരം സംഭവങ്ങളിൽ പോലീസ് ഇടപെടൽ ഉടനടി ഉണ്ടാകാറുണ്ടെങ്കിലും, ഈ വിഷയത്തിൽ ഔദ്യോഗിക നടപടികൾ വൈകുന്നത് ഒരു വിഭാഗം ആളുകൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
ഇതിനിടയിൽ, സോഷ്യൽ മീഡിയയിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബ്രോക്കർമാരുടെ പശ്ചാത്തല പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായി.
നിയമപരമായ നടപടികൾക്ക് കാത്തുനിൽക്കാതെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം വിമർശനം ഉന്നയിക്കുമ്പോഴും, ഇത്തരം 'മൃഗങ്ങളെ' പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
നഗരങ്ങളിലെ സ്ത്രീ സുരക്ഷയിലെ പാളിച്ചകളും ബ്രോക്കർ സംവിധാനങ്ങളിലെ വിശ്വാസ്യതയും ഈ സംഭവത്തിലൂടെ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
Viral
ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലെ പദ്രൗണയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ രാജ്യത്തെ ഗ്രാമീണ വിദ്യാഭ്യാസ മേഖല നേരിടുന്ന അരക്ഷിതാവസ്ഥയുടെ നേർച്ചിത്രമായി മാറുകയാണ്.
കുട്ടികളെ കുത്തിനിറച്ച് അമിതവേഗതയിൽ പായുന്ന സ്കൂൾ വാനിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്.
സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് നിർമ്മിച്ച ഈ മരണക്കെണിയിൽ പല കുട്ടികളും ഇരിക്കാൻ ഇടമില്ലാതെ തറയിൽ ഇരിക്കുകയും ചിലർ വാനിന് പുറകിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുകയും ചെയ്യുന്ന ദയനീയ കാഴ്ചയാണ് വീഡിയോയിലുള്ളത്.
ഗ്രാമീണ മേഖലകളിൽ മതിയായ പൊതുഗതാഗത സൗകര്യങ്ങളോ സ്കൂൾ ബസുകളോ ഇല്ലാത്തത് രക്ഷിതാക്കളെയും വിദ്യാർഥികളെയും ഇത്തരം അപകടയാത്രകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുന്നു എന്ന വസ്തുതയാണ് ഈ സംഭവം അടിവരയിടുന്നത്.
ഈ വീഡിയോ വൈറലായതോടെ ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്.
റോഡപകടങ്ങൾ ഉണ്ടായാൽ വാഹനം തുറന്നു പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം കുട്ടികൾ ഉള്ളിൽ കുടുങ്ങിപ്പോകുമെന്ന ഭീതി പലരും പങ്കുവെക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള അവകാശവാദങ്ങൾക്കിടയിലും താഴെത്തട്ടിലുള്ള കുട്ടികളുടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിലെ വൈരുദ്ധ്യം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗതാഗത നിയമങ്ങൾ നടപ്പിലാക്കേണ്ട ആർടിഒ ഉൾപ്പെടെയുള്ള അധികാരികൾ കണ്ണടച്ചിരുട്ടാക്കുകയാണെന്നും ലാഭക്കൊതി മൂത്ത് സ്കൂൾ അധികൃതർ കുട്ടികളുടെ ജീവൻ പണയപ്പെടുത്തുകയാണെന്നും ആക്ഷേപം ശക്തമാണ്.
സ്കൂൾ വാഹനങ്ങൾക്ക് കൃത്യമായ സീറ്റിംഗ് കപ്പാസിറ്റിയും സുരക്ഷാ മുൻകരുതലുകളും ഉണ്ടായിരിക്കണമെന്ന നിയമം നിലനിൽക്കെയാണ് പദ്രൗണയിൽ ഇത്രയും വലിയ നിയമലംഘനം നടന്നിരിക്കുന്നത്.
ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കുശിനഗർ ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
ഗ്രാമീണ ഇന്ത്യയിലെ വിദ്യാഭ്യാസ സൗകര്യങ്ങളിലെ അസമത്വവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് ഇത്തരം അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നത്.
നിലവിൽ അധികൃതർ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, കുട്ടികളുടെ സുരക്ഷ മുൻനിർത്തി സമഗ്രമായ അന്വേഷണവും പരിഹാരമാർഗങ്ങളും വേണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.
Viral
ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിലുള്ള ഇസ്ലാംനഗറിൽ അരങ്ങേറിയ നാടകീയമായ ഒരു പ്രതിഷേധം പ്രദേശവാസികളെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
രണ്ടാം വിവാഹം വേണമെന്ന വിചിത്രമായ ആവശ്യവുമായി മുപ്പതടി ഉയരമുള്ള വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഹർ പ്രസാദ് മൗര്യ എന്ന യുവാവാണ് ഈ സംഭവത്തിലെ താരം.
ഇസ്ലാംനഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാട്ടർ ടാങ്കിന് മുകളിൽ കയറി നിന്ന ഇയാൾ, തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ താഴേക്ക് ചാടുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ പ്രദേശത്ത് വൻ പരിഭ്രാന്തി പടർന്നു.
മറ്റുള്ളവർക്കെല്ലാം ഭാര്യമാരുണ്ടെന്നും തനിക്ക് മാത്രം പരിചരിക്കാൻ ആരുമില്ലെന്നുമായിരുന്നു ഇയാളുടെ പ്രധാന പരാതി. പത്തുദിവസമായി താൻ ഒരേ വസ്ത്രമാണ് ധരിക്കുന്നതെന്നും അത് അലക്കി നൽകാൻ പോലും ആരുമില്ലാത്ത അവസ്ഥയാണെന്നും ഇയാൾ സങ്കടത്തോടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയ തനിക്ക് രണ്ടാം വിവാഹം കഴിക്കണമെന്നും അതിന് അധികൃതർ മുൻകൈ എടുക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.
ആശുപത്രി വളപ്പിൽ രോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഏറെനേരം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഏതാണ്ട് അരമണിക്കൂറോളം നീണ്ട ചർച്ചകൾക്കും ഉറപ്പുകൾക്കും ഒടുവിലാണ് ഇയാൾ ടാങ്കിന് താഴെയിറങ്ങാൻ തയ്യാറായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് ചില മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മാതാപിതാക്കൾ പോലീസിനോട് വെളിപ്പെടുത്തി.
എട്ടു വർഷം മുൻപ് വിവാഹിതനായ ഹർ പ്രസാദിനെ ആറു വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതാണ്. ആ ബന്ധത്തിൽ ഇയാൾക്ക് ആറു വയസുള്ള ഒരു മകനുണ്ട്. ജലന്ധറിൽ ദിവസവേതന തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.
നിലവിൽ ബറേലിയിൽ മാനസികാരോഗ്യ ചികിത്സ തേടിക്കൊണ്ടിരിക്കുന്ന യുവാവിനെ കൃത്യമായി നിരീക്ഷിക്കണമെന്നും മരുന്നുകൾ കൃത്യമായി നൽകണമെന്നും നിർദ്ദേശിച്ചുകൊണ്ട് പോലീസ് കുടുംബത്തോടൊപ്പം വിട്ടയച്ചു.
National
ലക്നോ: റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെയും മാനസിക ദൗർബല്യമുള്ള മകളെയും ജോലിക്കാരായ ദമ്പതികൾ കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് അരും കൊല നടന്നത്. ഓം പ്രകാശ് സിംഗ് റാത്തോഡ് (70) അദേഹത്തിന്റെ മകൾ രശ്മി (27) യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരായ ദമ്പതികൾ സ്വത്ത് കൈക്കലാക്കാനാണ് വിരമിച്ച റെയിൽവേ ജീവനക്കാരനെയും അദ്ദേഹത്തിന്റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെയും വീട്ടിൽ അഞ്ചു വർഷത്തോളം തടങ്കലിൽ വച്ചു കൊലപ്പെടുത്തിയത്. ഓം പ്രകാശിന്റെ മൃതദേഹം പട്ടിണിയും അവഗണനയും മൂലം എല്ലും തോലുമായ അവസ്ഥയിലായിരുന്നു. രശ്മിയെ നഗ്നയായും അസ്ഥികൂടത്തിന്റെ അവസ്ഥയിലുമാണ് ഇരുണ്ട മുറിയിൽ കണ്ടെത്തിയത്.
ഓം പ്രകാശ് 2015ൽ വിരമിച്ചു. 2016ൽ ഭാര്യയുടെ മരണ ശേഷം രശ്മിയുമായി വേറൊരു വീട്ടിലേക്കു താമസം മാറി. പാചകം ചെയ്യാൻ അറിയാത്തതിനാൽ, രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാം ദേവിയെയും ജോലിക്കാരായി നിയമിച്ചു. ക്രമേണ ഈ ദമ്പതികൾ വീട് കൈപ്പിടിയിലാക്കി. ഓം പ്രകാശിനും രശ്മിക്കും ശരിയായ ഭക്ഷണവും പരിചരണവും നിഷേധിച്ചു.
കുടുംബാംഗങ്ങൾ സന്ദർശിക്കാൻ വരുമ്പോഴെല്ലാം ഒാരോ കാരണങ്ങൾ പറഞ്ഞു ദമ്പതികൾ അവരെ തിരിച്ചയച്ചു. തിങ്കളാഴ്ചയോടെയാണ് തങ്ങളുടെ സഹോദരന്റെ മരണവാർത്ത കുടുംബത്തെ അറിയിച്ചതെന്ന് അമർ സിംഗ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഓം പ്രകാശിന്റെ മരണം സ്ഥിരീകരിച്ചു. പോലീസ് ജോലിക്കാരായ ദമ്പതികളെ ചോദ്യം ചെയ്തു വരികയാണ്.
Viral
ഉത്തർപ്രദേശിലെ റാംപൂരിൽ നൈനിറ്റാൾ ഹൈവേയെ സ്തംഭിപ്പിച്ചുകൊണ്ട് നടന്ന ദാരുണമായ വാഹനാപകടം റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പഹാഡി ഗേറ്റിന് സമീപമുള്ള പവർ ഹൗസിന് അടുത്തുവെച്ചാണ് വൈക്കോൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് ബൊലേറോ കാറിന് മുകളിലേക്ക് മറിഞ്ഞത്.
ഈ ഭീകരമായ അപകടത്തിൽ വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസറുടെ ഡ്രൈവറായ 54 വയസുകാരൻ ഫിറാസത്ത് തൽക്ഷണം മരണമടഞ്ഞു.
ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുജർ ടോള സ്വദേശിയായ ഫിറാസത്ത്, ഉദ്യോഗസ്ഥനെ സബ്സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് മരണത്തിലേക്ക് വണ്ടി ഓടിച്ചു കയറിയത്.
സിസിടിവി ദീശ്യങ്ങളിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ അത്യന്തം ഭീതിജനകമാണ്. ഹൈവേയിലെ ഒരു കട്ടിലൂടെ പെട്ടെന്ന് വാഹനം തിരിക്കാൻ ശ്രമിച്ച ബൊലേറോയെ ഇടിക്കാതിരിക്കാൻ ലോറി ഡ്രൈവർ പരമാവധി ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ വണ്ടി വെട്ടിച്ചപ്പോൾ ലോറിയുടെ മുൻചക്രം ഡിവൈഡറിൽ കയറുകയും അമിതമായി വൈക്കോൽ കയറ്റിയിരുന്നതിനാൽ ലോറിക്ക് തുലനാവസ്ഥ നഷ്ടപ്പെടുകയുമായിരുന്നു.
നിമിഷങ്ങൾക്കകം ബൊലേറോയെ പൂർണമായും ചതച്ചരച്ചുകൊണ്ട് ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ലോറിയുടെ ഭാരത്തിനടിയിൽ പെട്ട കാർ തിരിച്ചറിയാൻ പോലുമാകാത്ത വിധം തകർന്നുപോയി.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും ചതഞ്ഞരഞ്ഞ കാറിനുള്ളിൽ നിന്ന് ഫിറാസത്തിനെ പുറത്തെടുക്കുക എന്നത് ദുഷ്കരമായ ദൗത്യമായിരുന്നു.
നാല് വലിയ ക്രെയിനുകളും രണ്ട് ബുൾഡോസറുകളും ജെസിബിയും ഉപയോഗിച്ച് അരമണിക്കൂറിലധികം പരിശ്രമിച്ച ശേഷമാണ് ലോറി ഉയർത്തി മാറ്റാൻ സാധിച്ചത്.
ഈ സമയമത്രയും ഫിറാസത്ത് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തലയ്ക്കും നട്ടെല്ലിനും ഏറ്റ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
അപകടത്തെത്തുടർന്ന് ഡൽഹി-നൈനിറ്റാൾ ഹൈവേയിൽ കിലോമീറ്ററുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്.
തിരക്കേറിയ സമയങ്ങളിൽ അമിതഭാരം കയറ്റിയ ലോറികൾ നഗരത്തിനുള്ളിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധയും റോഡ് നിയമങ്ങളോടുള്ള ബഹുമാനമില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പലരും അഭിപ്രായപ്പെട്ടു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ലോറി ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. എസ്പി വിദ്യാസാഗർ മിശ്ര നേരിട്ട് സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു.
National
കാൺപുർ: ഉത്തർപ്രദേശ് കാൺപുരിൽ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവതി. കാൺപുരിലെ തിക്ര സ്വദേശി പപ്പു(45) ആണ് കൊല്ലപ്പെട്ടത്. പപ്പുവും ഭാര്യയായ വീരാംഗനയും രാത്രി ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു.
തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് പപ്പുവിനെ വീരാംഗന കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. പത്തിലേറെ തവണ വെട്ടിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പപ്പുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2019ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. പപ്പു മരിച്ചെന്ന് മനസിലാക്കിയ യുവതി നാല് വയസുള്ള മകനുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. വീരാംഗനയ്ക്കായി തെരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു.
National
ദേവരിയ: ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ബിഹാറിലെ സിവാൻ ജില്ലയിൽ നിന്നുള്ള രമേശ് ചന്ദ്ര പുരി (65)
ആണ് കേസിൽ പിടിയിലായത്.
പ്രതി 20 വർഷത്തോളമായി പ്രാദേശിക ക്ഷേത്രത്തിൽ പൂജാരിയായി ജോലി നോക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ക്ഷേത്രത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.
ഇതേ തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. വിവരം അറിഞ്ഞ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: ഒരു കേന്ദ്രഭരണ പ്രദേശത്തും അഞ്ച് സംസ്ഥാനങ്ങളിലും എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടിനൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ആറിടങ്ങളിൽ തീയതി നീട്ടിനൽകിയത്.
എന്നാൽ തീയതി നീട്ടിനൽകണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പശ്ചിമബംഗാളിൽ കാലാവധി ഇന്ന് രാത്രി അവസാനിക്കും. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തമിഴ്നാട്, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലാണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സമയപരിധി നീട്ടിനൽകിയത്. യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയിട്ടുണ്ട്.
മധ്യപ്രദേശ് ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഒരാഴ്ചയാണ് നീട്ടിനൽകിയത്. തമിഴ്നാട്ടിലും ഗുജറാത്തിലും മൂന്ന് ദിവസം കൂടിയും സമയം അനുവദിച്ചു.
National
ലക്നോ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിൽ ബിജെപി തന്നെ വിജയിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തുടരേണ്ടതുണ്ടെന്നും യോഗി പറഞ്ഞു.
"2017ലും 2022ലും സംസ്ഥാനത്തെ ജനങ്ങൾ ബിജെപിക്കൊപ്പം നിന്നു. 2027ലും അത് തന്നെ ആവർത്തിക്കും. വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തിനായി ഞങ്ങൾ പ്രവർത്തനങ്ങൾ തുടങ്ങി.'-യോഗി പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയിൽ മാത്രമാണ് ഇപ്പോൾ വിശ്വിസിക്കുന്നത്. സമാജ്വാദി പാർട്ടിയെയും ബിഎസ്പിയേയും അവർക്ക് മടുത്തു കഴിഞ്ഞു. ഇനി ഇരു കൂട്ടരെയും ജനങ്ങൾ വിജയിപ്പിക്കില്ല. സമാജ്വാദി പാർട്ടിയുടെ കാലത്തെ ഭയാനകമായ അന്തരീക്ഷം തിരിച്ചുവരാനായി അവർ ആഗ്രഹിക്കുന്നില്ല.'-യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
'
National
ലക്നൗ: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് അതിർത്തി പ്രദേശത്തെ തന്ത്ര പ്രധാനമായ ദൃശ്യങ്ങൾ പകർത്തിയ ചൈനീസ് പൗരൻ അറസ്റ്റിൽ. ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശമായ രൂപൈദിഹ ചെക്ക്പോസ്റ്റിലാണ് സംഭവം.
സശസ്ത്ര സീമ ബാൽ ആണ് ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ താമസിക്കുന്ന ലിയു കുൻജിംഗിനെ പിടികൂടിയത്. ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച ശേഷം ലിയു കുൻജിംഗ് അതിർത്തി പ്രദേശങ്ങളിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇയാളുടെ കൈവശം ഇന്ത്യയിലേക്ക് കടക്കാൻ മതിയായ രേഖകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും എസ്എസ്ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാക്കിസ്ഥാൻ,ചൈനീസ്, നേപ്പാൾ കറൻസികളും . മൂന്ന് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എസ്എസ്ബിയും പോലീസും മറ്റ് അന്വേഷണ ഏജൻസികളും ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
National
മീററ്റ്: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിൽ ഒളിപ്പിച്ച കേസിലെ പ്രതി പെൺകുഞ്ഞിന് ജന്മം നൽകി. യുപിയിലെ മീററ്റിൽ മാർച്ച് നാലിന് ആയിരുന്നു മുസ്കാനും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് ഭർത്താവ് സൗരഭിനെ കൊലപ്പെടുത്തിയത്.
കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുസ്കാൻ പ്രാദേശിക മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശുവും അമ്മയും സുഖമായിരിക്കുന്നതായി ജയിൽ അധികൃതർ അറിയിച്ചു.
മുസ്കാന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും കുടുംബത്തിൽ നിന്ന് ആരും തന്നെ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
National
ലക്നോ: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിൽ നടത്തിയ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ ഒന്നും ഉത്തർപ്രദേശിൽ നടക്കില്ല എന്നും എങ്ങനെയൊക്കെ ശ്രമിച്ചാലും സമാജ്വാദി പാർട്ടി തന്നെ 2027ൽ അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.
"ബിജെപി എന്ത് വേണമെങ്കിലും ചെയ്തോളു. പക്ഷെ യുപിയിൽ ഒന്നും നടക്കില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിയെ പിന്തള്ളിയതാണ്. 2027ൽ ഭരണത്തിലും ഞങ്ങളെത്തും.'-അഖിലേഷ് പറഞ്ഞു.
ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെയാണ് അധികാരം നിലനിർത്തിയത്. 202 സീറ്റുകളിലാണ് എൻഡിഎ വിജയിച്ചത്. 35 സീറ്റിൽ മാത്രമാണ് മഹാസഖ്യത്തിന് വിജയിക്കാനായത്.