ഇന്ദു ട്രീസ ജോച്ചൻ, പ്രഫസര് ഡോ. ഇ.ഐ. അനില
എടത്വ: സെന്റ് അലോഷ്യസ് കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഗവേഷകയുമായ ഇന്ദു ട്രീസ ജോച്ചനും ബംഗളൂരു ക്രൈസ്റ്റ് സര്വകലാശാലാ ഫിസിക്സ് പ്രഫസര് ഡോ. ഇ.ഐ. അനിലയ്ക്കും ഇന്ത്യന് പേറ്റന്റ്.
ഗ്ലാസ് സബ് സ്ട്രേറ്റുകളില് സിങ്ക് ഗാലേറ്റ് തിന് ഫിലിംസ് നേരിട്ട് നിര്മിക്കുന്നതിനുള്ള ഹൈഡ്രോ തെര്മല് രീതി കണ്ടെത്തിയ ഗവേഷണത്തിനാണ് ഇരുവര്ക്കും പേറ്റന്റ് ലഭിച്ചത്. 2026 ഫെബ്രുവരി ആറു മുതല് 20 വര്ഷത്തേക്ക് അനുവദിച്ചിട്ടുള്ള ഈ പേറ്റന്റ് ഒക്ടോബര് 14 നാണ് ഇന്ത്യയുടെ പേറ്റന്റ് ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കുറഞ്ഞ ഊര്ജം ഉപയോഗിച്ച് ഗ്ലാസിലേക്ക് സിങ്ക് ഗാലേറ്റ് തിന് ഫിലിംസ് ഉറപ്പിച്ചു നിര്ത്തുന്ന ഈ പരിസ്ഥിതി സൗഹൃദ നിര്മാണ രീതി, ഒപ്റ്റോ-ഇലക്്ട്രോണിക് ഉപകരണങ്ങള്, എല്ഇഡി ഡിസ്പ്ലേ, യുവി സെന്സറുകള്, സോളാര് സെല്ലുകള് എന്നിവയുടെ കാര്യക്ഷമത വര്ധിപ്പിക്കാന് ഏറെ പ്രയോജനപ്പെടും.
ഹൈഡ്രോ തെര്മല് രീതി ഉപയോഗിച്ച് ഗ്ലാസുകളില് സിങ്ക് ഗാലേറ്റ് ആവരണം ചെയ്യുന്നത് പ്രകാശതീവ്രതയെ നിയന്ത്രിക്കാന് കഴിയുമെന്ന് ഈ ഗവേഷകര് കണ്ടെത്തിയിട്ടുണ്ട്. സങ്കീര്ണവും ഉയര്ന്ന ചെലവുള്ളതുമായ സാങ്കേതികവിദ്യകള്ക്കു പകരം ലളിതമായ ഹൈഡ്രോതെര്മല് സജ്ജീകരണങ്ങളിലൂടെ ഉയര്ന്ന സ്ഥിരതയുള്ള പാളികള് കൃത്യതയോടെ വളര്ത്തിയെടുക്കാം എന്നതും ഈ കണ്ടുപിടിത്തത്തിന്റെ സവിശേഷതയാണ്.
ചങ്ങനാശേരി അതിരൂപത പാസ്റ്ററല് കൗണ്സില് സെക്രട്ടറിയും എടത്വ സെന്റ് അലോഷ്യസ് കോളജ് മുന് പ്രിന്സിപ്പലും പുന്നപ്ര ഗ്രിഗോറിയോസ് കോളജിന്റെ പ്രിന്സിപ്പലുമായ എടത്വ കൊഴുപ്പക്കളത്തില് ഡോ. ജോച്ചന് ജോസഫിന്റെയും കിടങ്ങറ വെറ്ററിനറി ആശുപത്രി സീനിയര് വെറ്ററിനറി സര്ജന് ഡോ. ഈതല് ദാസിന്റെയും മകളാണ് ഇന്ദു ട്രീസ ജോച്ചന്. ബംഗളൂരു ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പിലെ ഏരിയ കണ്ട്രോളര് അലക്സ് ഏബ്രഹാമാണ് ഭര്ത്താവ്.
എറണാകുളം ഇടപ്പള്ളി സാകല്യം വീട്ടില് ഡോ. എന്. സുരേഷിന്റെ ഭാര്യയായ ഡോ. ഇ.ഐ. അനില നേടുന്ന അഞ്ചാമത്തെ പേറ്റന്റാണിത്.
Tags : IndianPatent InduTreesaJochen ProfDrEIAnila Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash