Kerala
കൽപ്പറ്റ: കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തില്ലെന്ന് മന്ത്രി ഇന്നും ആവർത്തിക്കുകയായിരുന്നു.
പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യട്ടെയെന്നും കാന്തപുരം വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രകോപനം ഉണ്ടാക്കി പ്രതികരണം നടത്താൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ ഇട്ട് തന്റെ മെക്കിട്ട് കേറുക എന്ന രീതി വേണ്ട. മറ്റ് പ്രധാന വിഷയങ്ങൾ ചർച്ചയാവട്ടെയെന്നും താൻ ഇക്കാര്യത്തിൽ കമന്റ് ചെയ്യുന്നില്ലെന്നും കെ.എം.ഷാജി കൂട്ടിച്ചേർത്തു.
National
ചെന്നൈ: ചെന്നൈയിൽ ലോകോത്തര നിലവാരത്തിലുള്ള തമിഴ്നാട് ഒളിമ്പിക് സിറ്റി നിർമിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഈ ബൃഹത്തായ പദ്ധതി യാഥാർഥ്യമാക്കുന്നത്.
ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായികമേളകളിൽ സംസ്ഥാനത്തു നിന്നുള്ള താരങ്ങൾക്ക് കൂടുതൽ മെഡലുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഏകീകൃത കായിക ഹബ്ബ് ഒരുങ്ങുന്നത്.
അത്യാധുനിക കായിക സ്റ്റേഡിയങ്ങൾ, വിദേശനിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്റർ, സ്പോർട്സ് സയൻസ്-സ്പോർട്സ് മെഡിസിൻ സെന്ററുകൾ എന്നിവ ഈ ഒളിമ്പിക് സിറ്റിയുടെ ഭാഗമായി പ്രവർത്തിക്കും. കൂടാതെ, കായികതാരങ്ങൾക്കും പരിശീലകർക്കും വേണ്ടിയുള്ള അത്യാധുനിക താമസസൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്.
ഒളിമ്പിക് സിറ്റിക്കൊപ്പം ചെന്നൈയിൽ പ്രത്യേക മോട്ടോർ സ്പോർട്സ് സിറ്റിയും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫോർമുല 1 മുതൽ ഫോർമുല 4 വരെയുള്ള അന്താരാഷ്ട്ര റേസുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയോടെയായിരിക്കും ഈ മോട്ടോർ സ്പോർട്സ് സിറ്റി നിർമിക്കുന്നത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നതിനിടെ വിഷയത്തില്‍ പിണറായി വിജയനുമായി ചര്‍ച്ചക്ക് ഇരിക്കില്ലെന്ന നിലപാടുമായി സിപിഐ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായോ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനുമായോ മാത്രമേ ചര്‍ച്ചയ്ക്ക് തയാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം.
ഉപനേതാവ് പദവി ആവശ്യപ്പെട്ട് നല്കിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നുണ്ട്. മറുപടി നല്‍കേണ്ടത് സിപിഎം സെക്രട്ടറിയോ എല്‍ഡിഎഫ് കണ്‍വീനറോ ആയിരിക്കണമെന്നും സിപിഐ പറയുന്നു. രേഖാമൂലമുള്ള മറുപടിക്ക് ശേഷം തുടര്‍ നീക്കങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന് നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.
ഉപനേതൃപദവി സംബന്ധിച്ച് തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്ന് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് സിപിഐക്ക് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഈ ചര്‍ച്ചകളില്‍ പിണറായി വിജയന് ഉണ്ടാകരുതെന്ന നിലപാട് സിപിഐ എടുത്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കാമെന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ ഒടുവിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
എഡിജിപി പി. വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും.
അതേസമയം തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം നൽകി. മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ വിദേശ സന്ദർശനം, കരാറുകൾ, വിവിധ സർക്കാർ രേഖകൾ, ബാങ്ക് ഇടപാടുകൾ എന്നിവയും പരിശോധിക്കും. അന്വേഷണ സംഘത്തിന് രേഖകളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും.
മുൻ കായിക മന്ത്രി അബ്ദുറഹ്മാന്റെ വിദേശയാത്രയും അന്വേഷിക്കും. സ്പോൺസറെ തെരഞ്ഞെടുത്തതിലെ ക്രമക്കേടിൽ വിശദ അന്വേഷണം നടത്തുകയും സ്റ്റേഡിയം ചട്ടങ്ങൾ ലംഘിച്ചു കൈമാറിയതും അന്വേഷിക്കും.
Kerala
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ തിരുവനന്തപുരം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്ത് പുതിയതുറ താഴേവീട്ടുവിളാകം വീട്ടിൽ ഫ്ലോറൻസിയെയാണ് (36) വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. നാലു മാസം മുമ്പാണ് ഇവർ കറുകുറ്റി പള്ളിയങ്ങാടിയിലെ വാടകവീട്ടിലേക്ക് താമസം മാറ്റിയത്. അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു ഫ്ലോറൻസി.
മൃതദേഹം കണ്ടെത്തിയപ്പോൾ നഗ്നമായ നിലയിലായിരുന്നു. കൂടാതെ വീടിന്റെ പിന്നിലെ വാതിൽ തുറന്നുകിടക്കുന്ന നിലയിലുമായിരുന്നതിനാൽ കൊലപാതക സാധ്യതയുൾപ്പെടെയുള്ള കാര്യങ്ങൾ പൊലിസ് അന്വേഷിക്കുന്നുണ്ട്.
ഏതാനും ദിവസമായി ഇവരെ ഫോണിൽ വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്ന് വീട് കണ്ടെത്തി നൽകിയ ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രസിഡന്റ് സ്ഥലത്തെത്തി വീട് അടച്ചിട്ട നിലയിൽ കാണുകയും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു.
രാവിലെ സ്ഥലത്തെത്തിയ അങ്കമാലി പൊലിസിന്റെ പരിശോധനയിലാണ് വീടിന്റെ പിന്നിലെ വാതിൽ തുറന്ന നിലയിലാണെന്ന് കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തിവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്നും പൊലിസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല ഓണസദ്യ വിവാദത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരനെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. മന്ത്രിക്ക് കിട്ടിയ വിവരം ശരിയല്ലായിരിക്കാം. തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. മെസിൽ കൊടുത്ത സദ്യ 3000 ഭക്തർ കഴിച്ചു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതാണ്. സദ്യയെ കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ജയകുമാർ പ്രതികരിച്ചു.
സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദ്ദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിരുന്നു.
Kerala
കോഴിക്കോട്: മദ്യലഹരിയിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചയാൾ പിടിയിൽ. കോഴിക്കോട് മുക്കം തോട്ടുമുക്കം മൈസൂര്‍പറ്റ സ്വദേശി സുഭാഷ് ആണ് പിടിയിലായത്.
ജയനെയാണ് സുഭാഷ് വെട്ടിപ്പരിക്കേൽപിച്ചത്. തലയ്ക്കും ചെവിലും വെട്ടേറ്റ ജയനെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മുക്കം പൊലിസാണ് സുബാഷിനെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 23നാണ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് അജികുമാറിനും ജാമ്യം ലഭിച്ചത്. ജൂലൈ 23നാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്.
2019-ലെ സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാൻ 2025-ൽ പ്രശാന്ത് പ്രസിഡന്റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
National
ന്യൂഡൽഹി: ഡൽഹി കന്റോൺമെന്റ് മേഖലയിൽ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. സുഖ്ബീർ, അഞ്ജു എന്നിവരാണ് മരിച്ചത്. ദമ്പതികൾ സഞ്ചരിച്ച ബൈക്കിലേക്ക് ജീപ്പ് ഇടിച്ച് കയറുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
അപകടത്തെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരണത്തിന് കീഴടങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാകുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
National
ബംഗളൂരു: കർണാടകയിലെ കലബുറഗിൽ കളിച്ചുകൊണ്ടിരിക്കെ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാലു വയസുകാരിക്ക് ഗുരുതര പരിക്ക്. സാന്‍വി എന്ന കുട്ടിയാണ് ആക്രമണത്തിൽ പരിക്കേറ്റത്. കുട്ടിയുടെ മുഖത്തും ചുണ്ടിലും കവിളിലും ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ട്.
വീടിനുമുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തെരുവ് നായ്ക്കൾ കുട്ടിക്ക് നേരെ ചാടിവീണത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു.
ഗ്രാമത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ തടയാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ രാജന്ന സിർസിൽ ജില്ലയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ഗാണ്ടികോട ജ്യോതി (28)യെയാണ് ഭർത്താവ് പല്ലപ്പു സുരേഷ് കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച ജ്യോതിയുടെ അമ്മ യെല്ലമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പല്ലപ്പു സുരേഷിനെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പല്ലപ്പു സുരേഷ് ഗാണ്ടികോട ജ്യോതിയുടെ കഴുത്തിലും വയറിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു.
മകൾക്ക് നേരെ ആക്രമണമുണ്ടായെന്നറിഞ്ഞ് തടയാൻ യെല്ലമ്മ എത്തിയെങ്കിലും അയാൾ അവരെയും ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യെല്ലമ്മയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതിക്കായി പൊലിസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
മൈസൂരു: മൈസൂരുവിന് സമീപം ചന്നപട്ടണയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി കണ്ണൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1250 ആയി ഉയർന്നു. ഇതിൽ നേപ്പാളിൽ മാത്രം 1229 പേരുടെയും ചൈനീസ് ഭാഗങ്ങളിൽ 21 പേരുടെയും മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ചിത്വൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ നേപ്പാളിൽ രക്ഷാപ്രവർത്തനവും കാണാതായവർക്കായുള്ള തെരച്ചിലും പുരോഗമിക്കുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.
പ്രളയത്തിൽ കാണാതായ 4875 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കാണാതായവരിൽ 561 പേർ വിദേശികളാണ്. അതേസമയം, ഇതുവരെ 11923 പേരെ രക്ഷപ്പെടുത്താനായെന്ന് നേപ്പാൾ സൈന്യം അറിയിച്ചു. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല.
രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 11 അംഗ വിദഗ്ധ സംഘം നേപ്പാളിലെത്തിയിട്ടുണ്ട്. ഇന്ത്യയും ചൈനയും നൽകിയ സഹായത്തിന് നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ നന്ദി പറഞ്ഞു. പ്രളയത്തിന് തൊട്ടുപിന്നാലെ തന്നെ ഇരുരാജ്യങ്ങളും ആവശ്യമായ സഹായം എത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. വി.ഡി. സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ യോഗമാണിത്. ഉച്ചകവിഞ്ഞ് രണ്ടിന് ചേരുന്ന യോഗത്തിൽ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും പാര്‍ട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കാനാണ് സാധ്യത.
കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വവും ബോർഡ്, കോർപറേഷൻ നിയമനങ്ങൾ വൈകുന്നതും നേതാക്കൾ ചൂണ്ടിക്കാണിക്കും. പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തിയിരുന്നു.
Kerala
കൊല്ലം: കേരള - തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ കുഴൽപ്പണം പിടികൂടി. രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 13 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. വാഹന പരിശോധനക്കിടയിൽ കുഴൽപ്പണ കടത്തുകാർ എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
തമിഴ്നാട് സ്വദേശികളായ ഏഴുമലൈ ചിന്നപ്പൻ, ശക്തി സുബ്രഹ്മണി എന്നിവരാണ് കുഴൽപ്പണവുമായി പിടിയിലായത്. സേലത്തുനിന്ന് എറണാകുളം പെരുമ്പാരിലേക്ക് കൊണ്ടുവന്നതായിരുന്നു നോട്ടുകൾ എന്നാണ് പ്രതികൾ എക്സൈസിനോട് പറഞ്ഞത്. 100 എണ്ണം വീതമുള്ള 26 കെട്ടുകളായിട്ടായിരുന്നു പണം ഇവർ കൈയിൽ സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞദിവസം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഏഴ് ലക്ഷം രൂപയുമായുമായി രണ്ടുപേർ ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായിരുന്നു. തെങ്കാശി സ്വദേശികളായ നാരായണൻ, അരുൺ എന്നിവരെയായിരുന്നു കള്ളപ്പണവുമായി പിടികൂടിയത്. രണ്ട് കേസുകളും എക്സൈസ് പൊലീസിന് കൈമാറിയിട്ടുണ്ട്.
National
റായ്സൻ: മധ്യപ്രദേശിലെ റായ്സൻ ജില്ലാ ജയിലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ഗാർഡിനു നേരെ വെടിയുതിർത്തു. ഗുരുതര പരിക്കേറ്റ ഗാർഡ് ദിഗ്വിജയ് സിംഗ് തോമറിനെ വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലെ എയിംസിലേക്ക് മാറ്റി. സംഭവത്തിൽ ജയിൽ സൂപ്രണ്ട് ആർ.കെ. ചൗരെയെ സസ്പെൻഡ് ചെയ്തു.
രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ജയിലിനുള്ളിൽ പരിപാടികൾ നടക്കുന്നതിനിടെയാണ് സംഭവം. കൊലപാതകശ്രമക്കേസിൽ തടവിൽ കഴിയുന്ന നിലേഷ് സിംഗ് പഴങ്ങൾ നിറച്ച കുട്ടയുമായി ജയിലിന്റെ പ്രധാന കവാടത്തിലെത്തി. കവാടം തുറക്കണമെന്ന് ഗാർഡിനോട് ആവശ്യപ്പെട്ടെങ്കിലും തോമർ വിസമ്മതിച്ചു. തുടർന്ന് കുട്ടയിൽ ഒളിപ്പിച്ചിരുന്ന നാടൻ തോക്കെടുത്ത് നിലേഷ് സിംഗ് ഗാർഡിനു നേരെ വെടിയുതിർക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ജയിൽ സൂപ്രണ്ട് ചൗരെയും മറ്റ് ജയിൽ ജീവനക്കാരും ചേർന്ന് പ്രതിയെ പിടികൂടി. സംഭവത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജയിലിനുള്ളിൽ അനധികൃത ആയുധം എങ്ങനെ എത്തിയെന്നും ഇതിന് ആരുടെയെങ്കിലും സഹായമുണ്ടായിരുന്നോയെന്നും അന്വേഷിച്ചുവരികയാണ്.
രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ജയിലിനുള്ളിൽ എത്തിച്ച മധുരപലഹാരങ്ങളുടെയും പഴങ്ങളുടെയും കുട്ടകളിൽ തോക്ക് ഒളിപ്പിച്ചിരിക്കാമെന്നാണ് കരുതുന്നതെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സൂപ്രണ്ട് ചൗരെ പ്രതികരിച്ചു.
National
ന്യൂഡൽഹി: പ്രളയം നാശംവിതച്ച നേപ്പാളിലേക്ക് ഇന്ത്യ അഞ്ച് ടൺ അവശ്യമരുന്നുകളും രക്ഷാപ്രവർത്തകരുടെ 11 അംഗ സംഘത്തെയും അയച്ചു. നേപ്പാളിനു സഹായവുമായി അഞ്ചാം വിമാനമാണ് ഇന്ത്യ അയക്കുന്നത്. രക്ഷാപ്രവർത്തനത്തിനാവശ്യമായ പ്രത്യേക ഉപകരണങ്ങളും വിമാനത്തിലുണ്ട്.
ഇന്ത്യ ഇതുവരെ 68.5 ടൺ ദുരിതാശ്വാസ സാധനങ്ങൾ നേപ്പാളിലേക്ക് എത്തിച്ചിട്ടുണ്ട്. തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾക്കൊപ്പം ഡോക്ടർമാരുടെയും പാരാമെഡിക്കൽ, സാങ്കേതിക സംഘത്തെയും അയച്ചിരുന്നു.
Kerala
കൊല്ലം: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഡോക്ടർക്ക് സ്ഥലം മാറ്റം. അസിസ്റ്റന്റ് സർജൻ രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. "പനിയും ശരീരവേദനയും എമർജൻസിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നുവച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാനല്ല, ഇത് തോന്ന്യവാസമാണ്" എന്നിങ്ങനെയായിരുന്നു ഡോക്ടറുടെ പ്രതികരണം.
സംഭവം വിവാദമായതോടെ ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കുകയും ആരോഗ്യ വകുപ്പ് വിജിലൻസ് അന്വേഷണം നടത്തി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചത്. ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ച റിപ്പോർട്ടിൽ ഇവർക്ക് ഭാവിയിൽ തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികൾ നൽകരുതെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഈ മാസം 12, 13 തീയതികളിൽ ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പങ്കെടുക്കും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രത്തലവന്മാരും ഉച്ചകോടിയിൽ പങ്കെടുത്തേക്കും.
Sports
ന്യൂഡൽഹി: അഞ്ചുവട്ടം ലോകചാന്പ്യന്മാരായ ബ്രസീൽ, രണ്ടുവട്ടം ചാന്പ്യന്മാരായ ഉറഗ്വെ, ലാറ്റിനമേരിക്കൻ കരുത്തരായ പാനമ ടീമുകൾക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിൽ നാല് മലയാളി താരങ്ങൾ ഇടം പിടിച്ചു.
അതേസമയം പ്രമുഖ താരങ്ങളായ സന്ദേശ് ജിങ്കാൻ, ലാലിയൻസുവാല ചാംഗ്തേ എന്നിവർക്ക് സ്ഥാനം ലഭിച്ചില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. ബിജോയ് വർഗീസ്, ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, സഹൽ അബ്ദുൽ സമദ് എന്നിവരാണ് ടീമിൽ ഇടം നേടിയ മലയാളി താരങ്ങൾ.
സീനിയർ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു, ആകാശ് മിശ്ര, അൻവർ അലി, ജയ് ഗുപ്ത, ഫാറൂഖ് ചൗധരി, മൻവീർ സിംഗ്, റഹീം അലി, റയാൻ വില്യംസ് അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം 26 അംഗ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
14ന് പരിശീലന ക്യാംപ്
മത്സരങ്ങൾക്ക് മുന്നോടിയായി 14നു ബംഗളൂരുവിൽ ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപ് ആരംഭിക്കും. 16ന് ബംഗളൂരുവിൽവച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ പാനമയെ നേരിടും. ഒക്ടോബർ മൂന്നിന് കോൽക്കത്തയിൽവച്ച് കരുത്തരും അഞ്ച് തവണ ലോക ചാന്പ്യൻമാരുമായ ബ്രസീലിനെയും ഒക്ടോബർ ആറിന് മുൻ ലോക ചാന്പ്യൻകൂടിയായ ഉറുഗ്വെയെയും ഇന്ത്യ നേരിടും. ഫുട്ബോൾ ലോകത്തെ വന്പൻ ശക്തികൾ ഇന്ത്യയിൽ കളിക്കാനെത്തുന്നത് ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ 26 അംഗ ടീം:
ഗോൾ കീപ്പർമാർ: അൽബിനോ ഗോമസ്, ഗുർപ്രീത് സിംഗ് സന്ധു, പ്രഭ്സുഖാൻ സിംഗ് ഗിൽ, സോം കുമാർ.
പ്രതിരോധ നിര: അഭിഷേക് സിംഗ് ടെക്ചാം, ആകാശ് മിശ്ര, അൻവർ അലി, ബിജോയ് വർഗീസ്, ഹമിംഗ്തൻമാവിയ റാൽറ്റെ, ജയ് ഗുപ്ത, പ്രാംവീർ, റിക്കി മീതെയ് ഹാബാം.
മധ്യനിര: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, ലാലെങ്മാവിയ റാൽറ്റെ, മക്കാർട്ടണ്‍ നിക്സൻ, മുഹമ്മദ് സനാൻ, റിക്കി ഷാബോങ്, സഹൽ അബ്ദുൽ സമദ്.
മുന്നേറ്റ നിര: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ്, വിക്രം പ്രതാപ് സിംഗ്.
റിസർവ് താരങ്ങൾ: ഗോൾകീപ്പർ ഹൃതിക് തിവാരി, പ്രതിരോധ താരങ്ങളായ ചിംഗ്ലെൻസാന സിംഗ് കോണ്‍ഷാം, റോഷൻ സിംഗ് നൊറെം, മധ്യനിര താരം സുരേഷ് സിംഗ് വാങ്ജാം.
National
ന്യൂഡൽഹി: അടുത്ത പത്തു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 100 പുതിയ വിമാനത്താവളങ്ങൾ നിർമിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ‘’ഉഡാൻ’’ പദ്ധതിക്കു കീഴിൽ ചെറുനഗരങ്ങളെയും വിദൂര പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി.
30,000 കോടിയോളം രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. നിലവിൽ വാണിജ്യ വിമാന സർവീസുകൾക്ക് ഉപയോഗിക്കാത്ത എയർസ്ട്രിപ്പുകൾ നവീകരിച്ച് പുതിയ വിമാനത്താവളങ്ങളാക്കി മാറ്റാനാണ് തയാറെടുക്കുന്നത്.
Sports
മുംബൈ: ക്രിക്കറ്റ് ഇന്ത്യയുടെ ഭാവി പദ്ധതികളും താരങ്ങളുടെ പ്രകടനങ്ങൾക്കുള്ള മാർക്കിടലും ഒപ്പം 2027 ഏകദിന ലോകകപ്പ് അടക്കമുള്ള വന്പൻ മത്സരങ്ങളിലേക്കുള്ള യാത്രയും വിലയിരുത്താൻ ബിസിസിഐയുടെ നേതൃത്വത്തിൽ നിർണായക അവലോകന യോഗം ഇന്ന് നടക്കും.
ബോർഡ് ഭാരവാഹികൾക്ക് പുറമെ ഹെഡ് കോച്ച് ഗൗതം ഗംഭീർ, ചീഫ് സെലക്ടർ അജിത് അഗാർകർ, സെന്റർ ഓഫ് എക്സലൻസ് തലവൻ വിവിഎസ് ലക്ഷ്മണ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന യോഗമാണ് സിംബാവ്ബെ, ശ്രീലങ്ക പരന്പരകൾ കാരണം മാറ്റിവച്ചത്.
സീനിയർ പുരുഷ ടീമിന്റെ സമീപകാല പ്രകടനങ്ങൾ പരിശോധിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഹാർദിക് പാണ്ഡ്യ ഉൾപ്പടെയുള്ള താരങ്ങളുടെ പരിക്കുകളും ന്യൂസിലൻഡ് പര്യടനം, ബോർഡർ-ഗാവസ്കർ ട്രോഫി, 2027 ഏകദിന ലോകകപ്പ് തുടങ്ങിയ സുപ്രധാന പരന്പരകൾക്കായുള്ള ഭാവി പദ്ധതികളും യോഗം ചർച്ച ചെയ്യും. ഹിറ്റ്മാൻ രോഹിത് ശർമയുടെ ലോകകപ്പ് ഭാവിയും ചർച്ചയാകും.
നയം ഫിറ്റ്!
ടീം തെരഞ്ഞെടുപ്പ് നയത്തിൽ നിർണായക മാറ്റവുമായി ബിസിസിഐ. പരിക്കേറ്റ താരങ്ങളെ ഫിറ്റ്നസ് പൂർണമായി കൈവരിക്കുന്നതിന് മുന്‍പ് ടീമിൽ ഉൾപ്പെടുത്തുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ നയവുമായി ബിസിസിഐ രംഗത്ത് വന്നത്. അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്ന ട്വന്റി20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തോടെയാണ് പുതിയ നയം പ്രാബല്യത്തിൽ വന്നത്.
ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദർ, ഹർഷിത് റാണ തുടങ്ങിയ താരങ്ങളുടെ പേരുകൾക്ക് ഒപ്പം ബിസിസിഐ ഫിറ്റ്നസ് കണ്ടീഷൻ നൽകിയിട്ടുണ്ട്. പൂർണമായ ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ ഇവർക്ക് വരുന്ന മത്സരങ്ങളിൽ കളിക്കാനാകൂ എന്ന് ബിസിസിഐ വ്യക്തമാക്കുന്നു.
പ്രധാന മാറ്റം:
200 % ഫിറ്റ്നസ്: പരിക്കിൽ നിന്ന് മുക്തനായ ഒരു കളിക്കാരൻ 100 ശതമാനമല്ല, 200 ശതമാനവും പൂർണ കായികക്ഷമത കൈവരിച്ചുവെന്ന് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഉറപ്പുവരുത്തിയാൽ മാത്രമേ മത്സരത്തിൽ ഇറക്കുകയുള്ളൂ എന്ന് ബിസിസിഐ അധികൃതർ വ്യക്തമാക്കി.
പകരക്കാരെ കണ്ടെത്തൽ: ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെടുന്ന താരങ്ങൾക്ക് പകരം ആരെ തെരഞ്ഞെെടുക്കണം എന്നതിൽ ബിസിസിഐയും സെന്റർ ഓഫ് എക്സലൻസും തമ്മിൽ സുതാര്യമായ ആശയവിനിമയം ഉറപ്പാക്കിയിട്ടുണ്ട്.
Sports
കാര്യവട്ടം: കൊച്ചി മുന്നോട്ടുവച്ച വന്പൻ ലക്ഷ്യം ഗോവിന്ദ് ദേവ് പൈയുടെ തകർപ്പൻ ബാറ്റിംഗ് മികവിൽ അനായാസം മറികടന്ന് ട്രിവാൻഡ്രം റോയൽസിന് രാജകീയ ജയം. ജയത്തോടെ കേരള ക്രിക്കറ്റ് ലീഗ് പോയിന്റ് പട്ടികയിൽ റോയൽസ് ഒന്നാമതെത്തി. കൊച്ചി മുന്നോട്ടുവച്ച 197 റണ്‍സ് വിജയലക്ഷ്യം ട്രിവാൻഡ്രം 18.2 ഓവറിൽ മറികടന്നു. സ്കോർ: കൊച്ചി ബ്ല്യൂടൈഗേഴ്സ്- 20 ഓവറിൽ 196/7. ട്രിവാൻഡ്രം റോയൽസ്- 18.2 ഓവറിൽ 197/2.
കൊച്ചി പടുത്തുയർത്തിയ 197 റണ്‍സിന്റെ കൂറ്റൻ ലക്ഷ്യം പത്ത് പന്തുകൾ ബാക്കിനിൽക്കേയാണ് ട്രിവാൻഡ്രം മറികടന്നത്. സെഞ്ചുറി കുതിപ്പു നടത്തിയ ഗോവിന്ദ് പൈയുടെ യും ക്യാപ്റ്റൻ കൃഷ്ണപ്രസാദിന്റെ അർധസെഞ്ചുറിയുടെയും റിക്കാർഡ് കൂട്ടുകെട്ടാണ് ടീമിന് അനായാസ ജയം ഒരുക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിനു 12 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. രണ്ടു റണ്‍സെടുത്ത അഭിഷേക് ജെ. നായരും നാലു റണ്‍സെടുത്ത സുധീഷ് മോഹനനുമാണ് വേഗം മടങ്ങിയത്. പിന്നാലെ ഒത്തുചേർന്ന ക്യാപ്റ്റൻ കൃഷ്ണപ്രസാദ് - ഗോവിന്ദ് ദേവ്
പൈ സഖ്യം കൊച്ചിയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു.10 ഓവർ പിന്നിട്ടപ്പോൾ ട്രിവാൻഡ്രം സ്കോർ 100 കടന്നു. തുടർന്ന് ട്രിവാൻഡ്രത്തിന്റെ സ്കോർ അതിവേഗം ഉയർന്നു. കെസിഎൽ സീസണ് മൂന്നിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് കൃഷ്ണപ്രസാദ്-ഗോവിന്ദ് സഖ്യം സ്വന്തമാക്കിയത്. 185 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്നു കാര്യവട്ടത്ത് പടുത്തുയർത്തിയത്.
Sports
ദുബായ്: ശ്രീലങ്കക്കെതിരായ സെഞ്ചുറി പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ മുന്നേറ്റവുമായി ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ.
ബാറ്റർമാരുടെ റാങ്കിംഗിൽ അഞ്ച് സ്ഥാനങ്ങൾ മുന്നേറി താരം 54-ാം സ്ഥാനത്തെത്തി. ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരന്പരയിൽ രണ്ട് സെഞ്ചുറി അടക്കം 328 റണ്‍സ് നേടിയതാണ് താരത്തിന് നേട്ടമായത്.
അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രണ്ട് സ്ഥാനങ്ങൾ ഇറങ്ങി ഒന്‍പതാം സ്ഥാനത്തേക്ക് വീണു. ഏഴാം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യൻ ബാറ്റർമാരിൽ ഒന്നാമത്.
ഓപ്പണർ യശസ്വി ജയ്സ്വാൾ 11-ാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്തുള്ള റാങ്കിംഗിൽ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാമത്. ഒരു സ്ഥാനം താഴേക്കിറങ്ങിയ ജോ റൂട്ട് മൂന്നാം സ്ഥാനത്താണ്.
പരിക്കിനെ തുടർന്ന് ശ്രീലങ്കക്കെതിരായ പരന്പരയിൽ കളിക്കാതിരുന്ന പേസർ ജസ്പ്രീത് ബുംറയ്ക്ക് ബൗളിംഗ് റാങ്കിംഗിൽ തിരിച്ചടി നേരിട്ടു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബുംറ മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക് ഒന്നാം സ്ഥാനത്ത് തുടരുന്പോൾ ന്യൂസിലൻഡിന്റെ മാറ്റ് ഹെൻറി ബുംറയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.
Sports
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ അട്ടിമറി ഭീഷണി മറികടന്ന് ജർമനിയുടെ ഒന്നാം സീഡ് അലക്സാണ്ടർ സ്വരേവ്.
ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറ്റലിയുടെ ലോറെൻസോ സോനെഗോയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്വരേവ് പരാജയപ്പെടുത്തിയത്.
ഒന്നിനെതിരേ രണ്ട് സെറ്റുകൾക്ക് പിന്നിലായ ശേഷമായിരുന്നു സ്വരേവിന്റെ തിരിച്ചുവരവ്. നാല് മണിക്കൂറിലേറെ നീണ്ട മത്സരത്തിൽ 6-4, 3-6, 6-7, 6-4, 6-3 സ്കോറിനായിരുന്നു താരത്തിന്റെ ജയം.
സോനെഗോയ്ക്കെതിരെ ഇതിനുമുന്‍പ് കളിച്ച ആറ് മത്സരങ്ങളിലും വിജയിച്ച മികച്ച റിക്കാർഡുമായാണ് സ്വരേവ് കോർട്ടിലിറങ്ങിയത്. എന്നാൽ മത്സരം ആരംഭിച്ച് ഇറ്റാലിയൻ താരം താളം കണ്ടെത്തിയതോടെ സ്വരേവ് പ്രതിരോധത്തിലായി.
മറ്റ് മത്സരങ്ങളിൽ ഡാനിയൽ മെദ്വദേവും അലക്സ് ഡി മുനൗറും വിജയിച്ചു.
വനിത സിംഗിൾസിൽ കോക്കോ ഗൗഫിന് അനായാസ ജയം. 6-3, 6-4 സ്കോറിന് സൈനെപ് സൊണ്മെസിനെയാണ് ഗൗഫ് പരാജയപ്പെടുത്തിയത്. എലീന റയ്ബക്കീനയും മിറ ആന്‍ഡ്രീവയും മുന്നേറ്റം തുടര്‍ന്നു.
Sports
ബംഗളൂരു: ദുലിപ് ട്രോഫി ചതുർദിന ക്രിക്കറ്റ് സെമിഫൈനലിൽ സൗത്ത് സോണ്‍ നോർത്ത് സോണിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. നേരത്തേ ഈസ്റ്റ് സോണ്‍ സെൻട്രൽ സോണിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചിരുന്നു.
സൗത്ത് സോണിന്റെ തിലക് വർമയാണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറിയും സ്വന്തമാക്കി.
ആറിന് നടക്കുന്ന ഫൈനലിൽ സൗത്ത് സോണ്‍ ഈസ്റ്റ് സോണിനെ നേരിടും.
Sports
ലണ്ടൻ: 2026-27 സീസണ് പ്രീമിയർ ലീഗ് മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം. മൂന്ന് മത്സരങ്ങളുടെ സമയമാണ് മാറ്റിയത്. പുതിയ സമയക്രമം:
സെപ്റ്റംബർ 20, ലീഡ്സ് യുണൈറ്റഡ്- ക്രിസ്റ്റൽ പാലസ് 1.00 pm.
ഒക്്ടോബർ 25, ലിവർപൂൾ- ബ്രൈറ്റണ് 2.00 pm.
ഒക്്ടോബർ 31 ആസ്റ്റണ്‍വില്ല- ഫുൾഹാം 8.00 pm.
Sports
ഇന്തോനേഷ്യ: ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 100 പുരുഷ സിംഗിൾസ് ബാഡ്മിന്റണ്‍ ടൂർണമെന്റിൽ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ് പ്രീ-ക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ൽ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ച് പ്രണോയ് ചൈനീസ് തായ്പേയിയുടെ ലിയാവോ ജുവോ-ഫുവിനെ പരാജയപ്പെടുത്തി.
ലിയാവോയെ 18-21, 21-15, 21-19 സ്കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്. ചൈനയുടെ ഷുവാൻ ചെൻ ഷു ആണ് താരത്തിന്റെ അടുത്ത മത്സരത്തിലെ എതിരാളി.
Sports
ചെന്‍ഷോ അരീന: ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ഡബിൾസ് ടൂർണമെന്റിൽ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് മികച്ച തുടക്കം.
പുരുഷ ഡബിൾസ് വിഭാഗം ’റൗണ്ട് ഓഫ് 32’ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അനായാസ വിജയം നേടി. മലേഷ്യൻ ജോഡിയായ ജുനൈദി ആരിഫ്- കാങ് ഖായ് സിംഗ് സഖ്യത്തെ 21-11, 21-16 സ്കോറിനാണ് ഇന്ത്യൻ ജോഡി പരാജയപ്പെടുത്തി.
ലക്ഷ്യ സെൻ പുറത്ത്
കാനഡയുടെ വിക്ടർ ലായിയോട് നേരിട്ടുള്ള ഗെയിമുകൾക്ക് (14-21, 7-21) പരാജയപ്പെട്ടതോടെ ഇന്ത്യൻ താരം ലക്ഷ്യ സെന്നിന്റെ മുന്നേറ്റം റൗണ്ട് ഓഫ് 32ൽ അവസാനിച്ചു.
Sports
തൃശൂര്‍: ചെസ് സെലക്ഷന് മത്സരനടത്തിപ്പിനു ചെസ് അസോസിയേഷന് ഓഫ് കേരളയ്ക്കു വിലക്കു തുടരും.
സെലക്ഷന് മത്സരം നടത്താനുളള അവകാശം സംസ്ഥാന ചെസ് ടെക്നിക്കല്‍ കമ്മിറ്റിക്കു നല്കിയ നടപടിയുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതി അനുമതി.
അഴിമതി ആക്ഷേപവും ക്രമക്കേടും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഏഴ് അന്തര്‍ദേശീയ താരങ്ങള്‍ മുമ്പു നല്കിയ പരാതിയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് 2024ല്‍ സംഘടനയ്ക്കു പ്രവര്‍ത്തനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
International
ടെഹ്റാൻ: വടക്കൻ ഇറാനിലെ മഷ്ഹദ് നഗരത്തിൽ സർക്കാർ അനുകൂല പ്രകടനത്തിലേക്കു കാർ ഇടിച്ചുകയറി നാലു പേർ മരിക്കുകയും പത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. അതിവേഗത്തിലെത്തിയ കാർ മറ്റൊരുവാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
35 വയസുള്ള ഡ്രൈവറുടെ ഒരു കണ്ണിനു കാഴ്ച ഇല്ലായിരുന്നുവെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഉപാധികളോടെയാണത്രേ ഇയാൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചത്.
Sports
ഓസ്ട്രേലിയ: മുൻ ഓസ്ട്രേലിയൻ താരം മൈക്കൽ ഹസി ക്രിക്കറ്റ് ഓസ്ട്രേലിയയിൽ പാർട്ട് ടൈം കണ്‍സൾട്ടന്റായി ചുമതലയേൽക്കുന്നു.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനാകാനുള്ള ക്ഷണം നിരസിച്ചാണ് ഹസി ഓസീസിന് കരുത്ത് പകരുന്ന തീരുമാനം എടുത്തത്.
അതേസമയം, പുതിയൊരു ബാറ്റിംഗ് പരിശീലകനെ കണ്ടെത്തുന്നത് ഇംഗ്ലണ്ട് ടെസ്റ്റ് ടീം മുഖ്യ പരിശീലകനായ സ്റ്റീഫൻ ഫ്ളെമിങ്ങിന് വെല്ലുവിളിയാകും.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകനായും ദ ഹണ്ഡ്ര ഡിൽ വെൽഷ് ഫയർ ടീമിന്റെ മുഖ്യ പരിശീലകനായും ഹസി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഫോക്സ് സ്പോർട്സിലെ കമന്ററി, ക്രിക്കറ്റ് പണ്ഡിറ്റ് ചുമതലകളും ഹസിക്കുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ അനുഭവസന്പത്തുള്ള ഹസിയുടെ സാന്നിധ്യം വരാനിരിക്കുന്ന ആഷസിൽ ഓസ്ട്രേലിയയ്ക്ക് കരുത്താകും.
2007ൽ ലോകകപ്പ് കിരീടം നേടിയ ടീം അംഗമായിരുന്ന ഹസി 2013ലാണ് വിരമിച്ചത്.
Sports
മാഞ്ചെസ്റ്റർ: അർജന്ൈറൻ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി.
ബ്രിട്ടീഷ് ട്രാൻസ്ഫർ റിക്കാർഡിനൊപ്പം എത്തുന്ന 125 ദശലക്ഷം പൗണ്ടിന്റെ (1,586.17 കോടി രൂപ) വന്പൻ കരാറിലാണ് ചെൽസിയിൽനിന്നും സിറ്റി എൻസോയെ സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം സ്വീഡിഷ് താരം അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കാൻ ലിവർപൂൾ, ന്യൂകാസിലിന് നൽകിയ റിക്കാർഡ് തുകയ്ക്ക് തുല്യമാണിത്.25കാരനായ എൻസോ ഫെർണാണ്ടസ് ഇനി സിറ്റിയുടെ മധ്യനിരയിലുണ്ടാകും.
Sports
ബാഴ്സലോണ: ഇംഗ്ലീഷ് ക്ലബ് ആഴ്സണലിൽനിന്ന് ബ്രസീലിയൻ ഫോർവേഡ് ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ് ബാഴ്സലോണ.
ബാഴ്സയുമായി താരം 2029 വരെയുള്ള കരാറിൽ താരം ഒപ്പുവച്ചു. ട്രാൻസ്ഫറിനായി 10 മില്യണ്‍ യൂറോ (ഏകദേശം 1,100.47 കോടി രൂപ) ആണ് ബാഴ്സ ചെലവാക്കിയത്.
ആഴ്സണലിൽ നാല് സീസണുകളിലായി 32 ഗോളുകളും അതിന് മുന്‍പ് മാഞ്ചെസ്റ്റർ സിറ്റിയിൽ ആറ് വർഷത്തിനിടെ 95 ഗോളുകളും ജീസസ് നേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ നിര്‍ണായക ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് പഠന സമിതി സര്‍ക്കാരിനു കൈമാറി.
ബസുകളുടെ കാലാവധി 22ല്‍നിന്ന് 25 വര്‍ഷമായി ഉയര്‍ത്തുക, സ്വകാര്യ ബസ് സര്‍വീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാന്‍ അവസരം നല്‍കുക എന്നിവയാണ് സമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍.
എംഎസ്എംഇ പരിഗണന നല്കി ബസ് സര്‍വീസുകളെ വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ ബാങ്ക് വായ്പകളും സാങ്കേതിക സഹായങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ കഴിയുമെന്ന് സമിതി ശിപാര്‍ശ ചെയ്യുന്നു.
പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയില്‍ വാടകയ്ക്കെടുക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി നിശ്ചയിക്കുന്ന നിരക്കിലാകും ഇതു നടപ്പിലാക്കുക. രണ്ട് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകള്‍ക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിലാകും സര്‍വീസ് ക്രമീകരിക്കുക.
ബസ് ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ മൂന്ന് പേര് എന്നതിനു പകരം രണ്ട് പേരാക്കി ചുരുക്കണമെന്ന ഉടമകളുടെ ആവശ്യം തൊഴില്‍ വകുപ്പിന്റെ പരിഗണനയ്ക്ക് വിടാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗത നയം രൂപ വത്കരിക്കേണ്ടതിന്റെ ആവശ്യകതയും സമിതി ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഐടി അധിഷ്ഠിത മൊബിലിറ്റി കാര്‍ഡ് ഘട്ടം ഘട്ടമായി നടപ്പിലാക്കണമെന്നും റിട്ട.ഡിജിപി കെ. പദ്മകുമാര്‍ അധ്യക്ഷനായ സമിതി നല്കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രധാന ശിപാർശകൾ
Kerala
തിരുവനന്തപുരം: ഫുട്ബോൾ താരം മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പുകേസ് അന്വേഷിക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ തീരുമാനം ഉടനുണ്ടാകുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കായികവകുപ്പ് തന്ന പരാതി ഗൗരവമായി പരിശോധിച്ചു തയാറാക്കിയ റിപ്പോർട്ട് ആഭ്യന്തരവകുപ്പിനു കൈമാറി. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ധനവകുപ്പുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരികയാണ്. പ്രാഥമിക വിവരമനുസരിച്ച് വലിയ തോതിലുള്ള ജിഎസ്ടി തട്ടിപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ അതിൽ നോട്ടീസും കൊടുത്തിരുന്നു. പിന്നീട് മുന്നോട്ടു പോയില്ല. അന്വേഷണം സജീവമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമോപദേശം തേടി
ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടത്തിയ ക്രമക്കേടുകളിൽ ഏത് അന്വേഷണം വേണമെന്ന് സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടുമാണ് ഉപദേശം തേടിയത്.
ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കാനായിരുന്നു ആഭ്യന്തര വകുപ്പിലെ ധാരണ. എന്നാൽ അഴിമതിയും വിദേശനാണ്യ വിനിമയ ചട്ടലംഘനവും ജിഎസ്ടി തട്ടിപ്പുമടക്കമുള്ള ക്രമക്കേടുകളുള്ളതിനാൽ ഉചിതമായ അന്വേഷണ ഏജൻസി ഏതാണെന്നാണ് സർക്കാർ ഉപദേശം തേടിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ദുർബല മേഖല പരിധി 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ചില വില്ലേജുകളിലെ ജനവാസ മേഖലകളെ ഇഎസ്എയിൽനിന്നു പൂർണമായി ഒഴിവാക്കുന്നതും പകരം ജനവാസമില്ലാത്ത പ്രദേശങ്ങളെ ഇതിൽ ഉൾപ്പെടുത്തുന്നതും ആലോചനയിലാണ്.
സംസ്ഥാനത്തെ 9,200 ചതുരശ്ര കിലോമീറ്റർ പ്രദേശം റിസർവ് ഫോറസ്റ്റ് മേഖലയിൽ ഉൾപ്പെടുന്നതാണ്. ഇഎസ്എ നിയമത്തേക്കാൾ കർക്കശമാണ് വനനിയമം. കസ്തൂരി രംഗൻ റിപ്പോർട്ടിൽ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെയായിരുന്നു ഇഎസ്എയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതാണ് മുൻ ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിഷനെ നിയോഗിച്ച് 9,998 ചതുരശ്ര കിലോമീറ്റർ ആക്കി കുറച്ചത്.
മൂവായിരത്തിലേറെ ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ പരിസ്ഥിതി ദുർബല മേഖലയുടെ പട്ടികയിൽനിന്ന് ഒഴിവാക്കാനായി. വിശദ ചർച്ച നടത്തി വീണ്ടും 8590 ചതുരശ്ര കിലോമീറ്ററാക്കി ചുരുക്കാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയും പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സണ്ണി ജോസഫും ഉദ്യോഗസ്ഥരും വിദഗ്ധ സമിതിയുമായി വിശദ ചർച്ച നടത്തിയിരുന്നു. 1500 ചതുരശ്ര കിലോമീറ്റർകൂടി കുറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്.
കരടിന്റെ കാലാവധി കഴിയുന്നതിനാലാണ് വീണ്ടും എക്സ്റ്റന്റ് ചെയ്യാൻ കരട് റിപ്പോർട്ട് വന്നിരിക്കുന്നത്. ഇപ്പോഴത്തെ കരടിൽ വന്നിരിക്കുന്നത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടിലെ പരാമർശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊണ്ടോട്ടി: എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ കോഴിക്കോട്ട് നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം (ഡിആർഐ) പിടികൂടി.
ഒരുകോടി രൂപ വിലവരുന്ന സ്വർണമാണു പിടികൂടിയത്. പിതാവ് ശരീരത്തിൽ ഒളിച്ചുവച്ചും സ്വർണം കടത്താൻ ശ്രമിച്ചു. മിശ്രിത രൂപത്തിലാക്കിയാണു സ്വർണം കൊണ്ടുവന്നത്. റാസൽഖൈമയിൽനിന്നു ചൊവ്വാഴ്ച രാത്രിയാണ് പൊന്നാനി സ്വദേശിയായ പിതാവും കുഞ്ഞും കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.
കൊച്ചിയിൽ കഴിഞ്ഞ ദിവസം സാനിറ്ററി നാപ്കിനിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് യുവതി പിടിയിലായിരുന്നു. 2.86 കോടിയുടെ 1955 ഗ്രാം സ്വർണമാണ് ഇവരിൽനിന്നു പിടികൂടിയത്.
ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് ഡിആർഐ സംഘത്തിന് ഈ വിവരം ലഭിച്ചത്. തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഡിആർഐ സംഘം പൊന്നാനി സ്വദേശിയെ പരിശോധിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ഡിആർഐ സംഘം പുറത്തുവിട്ടിട്ടില്ല.
International
കാഠ്മണ്ഡു: മിന്നൽപ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങൾ നേരിട്ടതിനുപിന്നാലെ, വികസിത-വ്യവസായ രാജ്യങ്ങളിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. പ്രളയബാധിതർക്കു നൽകുന്ന സാമ്പത്തികപിന്തുണ കേവലമൊരു കാരുണ്യപ്രവർത്തനമല്ലെന്നും മറിച്ച് പരിസ്ഥിതിനാശം വരുത്തിവച്ച രാജ്യങ്ങളുടെ നിയമപരവും ധാർമികവുമായ ബാധ്യതയാണെന്നും നേപ്പാൾ വ്യക്തമാക്കി.
ധനസഹായം യാചിക്കുന്ന ശൈലിയിൽനിന്നും മാറി ‘നീതിയും അർഹമായ നഷ്ടപരിഹാരവും’ ആവശ്യപ്പെടുന്ന പുതിയ നയതന്ത്ര ചട്ടക്കൂടിലേക്ക് രാജ്യം മാറുകയാണെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ അറിയിച്ചു.
വിഷയം ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ‘ലോസ് ആൻഡ് ഡാമേജ് ഫണ്ടിനെ’ നേപ്പാൾ ഔദ്യോഗികമായി സമീപിച്ചു. അടുത്ത യുഎൻ പൊതുസഭയിൽ നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ നേരിട്ടെത്തി ഹിമാലയൻ ആവാസവ്യവസ്ഥയുടെ സംരക്ഷണവും പുനരധിവാസത്തിനായുള്ള കാലാവസ്ഥാ നഷ്ടപരിഹാരവും ആഗോള സമൂഹത്തിനു മുന്നിൽ ഔദ്യോഗികമായി ആവശ്യപ്പെടും.
ആഗോളതലത്തിൽ ഹരിതഗൃഹ വാതകം പുറന്തള്ളുന്നതിൽ വെറും നിസാര പങ്ക് മാത്രമുള്ള നേപ്പാൾ, ആഗോളതാപനം മൂലമുള്ള ദുരന്തങ്ങളുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നുവെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള കാർബൺ പുറന്തള്ളലിന്റെ 45 മുതൽ 48 ശതമാനം വരെ സംഭാവന ചെയ്യുന്നത് ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ്. ഇതിൽ ഇന്ത്യയുടെ വിഹിതം ഏഴുമുതൽ എട്ടു ശതമാനം വരെയാണെങ്കിലും പ്രതിശീർഷ കാർബൺ പുറന്തള്ളലിൽ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ പിന്നിലാണ്.
പ്രതിവർഷം ഒരാൾ പുറന്തള്ളുന്ന കാർബൺ അളവ് അമേരിക്കയിൽ 17 ടണ്ണും ചൈനയിൽ 11 ടണ്ണുമാകുമ്പോൾ ഇന്ത്യയിലിത് വെറും മൂന്നു ടൺ മാത്രമാണ്. അതിനാൽ ചരിത്രപരമായ ഉത്തരവാദിത്വം വികസിത രാജ്യങ്ങൾക്കാണെന്ന നിലപാടാണ് അന്താരാഷ്ട്രവേദികളിൽ ഇന്ത്യ എന്നും സ്വീകരിക്കുന്നത്.
Kerala
തിരുവനന്തപുരം: നികുതിഭാരം അടിച്ചേൽപിക്കാതെ ഖജനാവ് നിറയ്ക്കുമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവിന് മനസിലാകാത്തതുകൊണ്ടാണു പരിധിവിട്ടു കടമെടുക്കുന്നുവെന്നു പറഞ്ഞു വിമർശിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വായ്പാ പരിധി ഇപ്പോൾ 3.5ൽ നിന്ന് മൂന്നു ശതമാനമായി കേന്ദ്രസർക്കാർ കുറച്ചു. പിന്നെങ്ങനെയാണ് പരിധിവിട്ട് കടമെടുക്കുക.
മുൻസർക്കാരിന് കിട്ടിയിരുന്ന 55,000 കോടിയുടെ റവന്യു ഡെഫിസിറ്റ് ഗ്രാന്റും മുൻ ധനമന്ത്രി ബജറ്റിൽ എഴുതിവച്ച കേന്ദ്രത്തിൽ നിന്നുള്ള നികുതി ഡെവല്യൂഷൻ ആയ 14,000 കോടിയും കിട്ടിയില്ല. ഇതിന് പുറമേ മുൻസർക്കാർ വരുത്തിവച്ച 38,000 കോടിയുടെ കുടിശിക ഭാരം. അതിൽ നല്ലൊരുഭാഗം ഈ ഓണക്കാലത്ത് സർക്കാർ കൊടുത്തുതീർത്തു. അതോടെ ഓണം കളറായി. എല്ലാവരും നല്ല രീതിയിൽ ആഘോഷിച്ചു.
അതിന്റെ ഫലമായി നികുതിവരുമാനം നല്ലരീതിയിൽ ഉയർന്നു. വാസ്തവത്തിൽ അതിൽ ധനമന്ത്രിയെന്ന നിലയിൽ തൃപ്തനല്ല. നികുതിവരുമാനം ഇനിയും കൂട്ടണം. കൂടുതൽ ചെലവഴിച്ചു കൂടുതൽ വരുമാനമുണ്ടാക്കുകയാണ് നയം. അങ്ങനെയാണ് നികുതിവരുമാനം കൂട്ടി ഖജനാവ് നിറയ്ക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചതിലൂടെ കച്ചവടം കൂട്ടാനും അതുവഴി നികുതിവരുമാനം വർധിപ്പിക്കാനുമായി. ജനങ്ങളെ നോവിക്കാതെ നികുതി പിരിക്കണം. അതു പ്രതിപക്ഷ നേതാവിനു മനസിലാകില്ല.
കെഎസ്ആർടിസിക്ക് റിക്കാർഡ് കളക്ഷൻ
പ്രിയദർശിനി സൗജന്യയാത്ര നൽകിയിട്ടും കെഎസ്ആർടിസിക്ക് റിക്കാർഡ് കളക്ഷനാണ്. മാർക്കറ്റിനെ ഉത്തേജിപ്പിച്ച് വരുമാനം വർധിപ്പിക്കുമെന്നുള്ള സർക്കാർ നയമാണിത്. കഴിഞ്ഞ സർക്കാരിന്റെ കടം അടക്കം ഞങ്ങൾ മാർക്കറ്റിലേക്ക് പൈസ പന്പ് ചെയ്തു. ജനങ്ങളുടെ കൈയിൽ പൈസ വന്നു. ജനം പണം ചെലവഴിച്ചു. ഇതിലെ നികുതി തിരിച്ചു വരും. കഴിഞ്ഞ മൂന്നു മാസം നികുതി വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല
സിപിഐയെ യുഡിഎഫിലേക്ക് മുസ്ലിം ലീഗ് ക്ഷണിച്ചിട്ടില്ല. ഇടതുമുന്നണിയിൽ കലാപം നടക്കുകയാണ്. സിപിഎമ്മിനകത്തും കലഹമാണ്. കേന്ദ്രനേതൃത്വത്തെ നിരസിച്ചുകൊണ്ടാണ് സംസ്ഥാന നേതൃത്വം പോകുന്നത്. ഞങ്ങൾ കളി പുറത്തുനിന്ന് കണ്ട് ആസ്വദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ചേന്തി അനിൽ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളും പൊലീസും അറിയിച്ച സാഹചര്യത്തിലാണ് ചേന്തി അനിലിന്റെ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ചേന്തി അനിലുമായി വ്യക്തിപരമായി പരിചയമില്ല.
ചേന്തിയിലെ പരിപാടിക്ക് തന്നെ ക്ഷണിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലം അറിയിച്ചതോടെ രണ്ടാഴ്ച മുൻപു തന്നെ പരിപാടിക്ക് എത്തില്ലെന്ന് സംഘടകരെ ഓഫിസിൽ നിന്ന് അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: കേരള കര്‍ഷക ക്ഷേമ പെന്ഷന് വിതരണം ഈ ഡിസംബറില്‍ ആരംഭിക്കണമെന്നിരിക്കേ പദ്ധതിക്ക് ഇതുവരെ സര്‍ക്കാരിന്റെ അംഗീകാരമായില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ പെന്ഷന് പദ്ധതി തുടരണമോ എന്ന ആലോചനയില്‍ കൃഷി വകുപ്പ്.
കര്‍ഷക ക്ഷേമനിധി ബോര്‍ഡിനുള്ള വിഹിതം മുന്‍ സര്‍ക്കാര്‍ അനുവദിക്കാത്ത സാഹചര്യത്തിലും ഭാവിയിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തും ഇതേക്കുറിച്ച് പഠിക്കുന്നതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയും രൂപവത്കരിച്ചു.
സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി ആവിഷ്കരിച്ച കര്‍ഷക ക്ഷേമനിധി പദ്ധതിയുടെ തുടര്‍നടത്തിപ്പ്, മറ്റ് ക്ഷേമപദ്ധതികളുമായുള്ള ലയനം എന്നിവ സംബന്ധിച്ച് പഠിക്കാന്‍ കൃഷിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ എന്നിവരടങ്ങിയ സമിതിയെയാണു നിയോഗിച്ചിരിക്കുന്നത്.
2019ലെ കേരള കര്‍ഷക ക്ഷേമനിധി ആക്ട് പ്രകാരമാണു കര്‍ഷകര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്കുന്നതിനു ക്ഷേമനിധി രൂപവത്കരിച്ചത്.
നിലവില്‍ ബോര്‍ഡില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ 12,250 അംഗങ്ങളുണ്ട്. കര്‍ഷകരില്‍നിന്ന് അംശദായം സ്വീകരിച്ചു വരുന്നതിനാല്‍ അംഗത്വത്തിന്റെ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ ഡിസംബര്‍ മുതല്‍ 60 വയസ് തികഞ്ഞ അംഗങ്ങള്‍ക്ക് പെന്ഷന് നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍, ആക്ട് പ്രകാരമുള്ള പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. തന്മൂലം പെന്ഷന് തുക എത്രയാണെന്നോ ഏതു രീതിയില്‍ പെന്ഷന് അനുവദിക്കണമെന്നോ നിശ്ചയിക്കാന്‍ കൃഷി വകുപ്പിന് സാധിക്കാത്ത സാഹചര്യമാണുള്ളത്.
കര്‍ഷകര്‍ അടച്ച തുകയ്ക്കു തുല്യമായ ഫണ്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് നല്‍കിയിരുന്നില്ല. ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പെന്ഷന് നല്കാന് തീരുമാനിച്ചാല്‍ ഇതുവരെയുള്ള സര്‍ക്കാര്‍ വിഹിതം പൂര്‍ണമായും യുഡിഎഫ് സര്‍ക്കാര്‍ വഹിക്കേണ്ടി വരും.
Kerala
കൊച്ചി: നെടുമങ്ങാട് ക്രൂരമായ മര്‍ദനത്തിനിരയായി ഒന്നര വയസുകാരന് അര്‍ഷിദ് മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
കേസിലെ പ്രതികളായ മരിച്ച അര്‍ഷിദിന്റെ അമ്മ അഖിലയും രണ്ടാനഛന് അഷ്കറും റിമാന്‍ഡിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
തുടര്‍ന്ന് അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കുറ്റപത്ര സമര്‍പ്പണ റിപ്പോര്‍ട്ടും മുദ്രവച്ച കവറില്‍ ഹാജരാക്കാനും തുടര്‍നടപടികളുടെ പുരോഗതി അറിയിക്കാനും ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി വീണ്ടും നാലാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
Kerala
കൊച്ചി: മത്സ്യങ്ങളും ചെമ്മീനുകളും ഉള്‍പ്പടെയുള്ള ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കൊച്ചിയിലെ ഐസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐസിഎആര്‍- സിഫ്റ്റ്).
ഈ സാങ്കേതികവിദ്യക്ക് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു. പരമ്പരാഗത ജലാധിഷ്ഠിത ഗതാഗത സംവിധാനങ്ങള്‍ക്കും നിലവിലുള്ള ജലരഹിത ഗതാഗത സംവിധാനങ്ങള്‍ക്കും ബദലായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയാണിത്.
ജലജീവികളെ ജലരഹിതമായി ജീവനോടെ കൊണ്ടുപോകുന്നതിനുള്ള സംവിധാനവും അനുബന്ധ രീതിയും എന്നപേരിലുള്ള ഈ സാങ്കേതികവിദ്യ, പരമ്പരാഗത രീതികളിലെ വിവിധ വെല്ലുവിളികള്‍ക്കു പരിഹാരമാണ്.
കുറഞ്ഞ ചെലവിലും വൈദ്യുതി ഉപയോഗത്തിലും ജലജീവികളെ ജീവനോടെ കൊണ്ടുപോകാന്‍ കഴിയുന്ന സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ സംവിധാനമാണ് ഈ പുതിയ സാങ്കേതികവിദ്യ.
നിയന്ത്രിതമായ ഉയര്‍ന്ന മര്‍ദവും താഴ്ന്ന താപനിലയും ഉപയോഗിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ജലജീവികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഇന്‍സുലേറ്റഡ് കണ്ടെയ്നറും ആവശ്യമായ ഉപകരണങ്ങളും സംവിധാനത്തിന്റെ ഭാഗമാണ്.
ഓക്സിജന്‍, ഈര്‍പ്പം, താപനില തുടങ്ങിയ ഘടകങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാനുള്ള സംവിധാനം ഇതിലുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരിധികളുമായി തത്സമയ വിവരങ്ങള്‍ താരതമ്യം ചെയ്യുകയും ആവശ്യമായ പരിധിയില്‍നിന്ന് വ്യതിചലനം ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഈ സംവിധാനം മാന്വല്‍, ഓട്ടോമാറ്റിക് രീതികളിൽ പ്രവര്‍ത്തിപ്പിക്കാം.
Kerala
കൊച്ചി: ലക്ഷങ്ങൾ മുടക്കി വീടിനുമുകളിൽ സൗരോർജ പ്ലാന്റ് സ്ഥാപിച്ച ആയിരക്കണക്കിന് കുടുംബങ്ങൾ, കെഎസ്ഇബി നെറ്റ് മീറ്റർ നൽകാത്തതു കാരണം പ്ലാന്റ് പ്രവർത്തിപ്പിക്കാനാകാതെ പ്രതിസന്ധിയിൽ.
കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന മീറ്റർ ക്ഷാമം മൂന്നു മാസമായി അതിരൂക്ഷമാണ്. അപേക്ഷ നൽകി മാസങ്ങൾ കാത്തിരിക്കേണ്ടിവരികയാണ് ഉപഭോക്താക്കൾക്ക്. മീറ്റർ ക്ഷാമം എന്നുതീരുമെന്ന ചോദ്യത്തിന് കെഎസ്ഇബിക്ക് ഉത്തരമില്ല.
വീട്ടുകാർ കെഎസ്ഇബിക്ക് നൽകുന്നതും കെഎസ്ഇബി ലൈനിൽനിന്ന് ഉപയോഗിക്കുന്നതുമായ വൈദ്യുതി തിട്ടപ്പെടുത്തുന്നതിനാണു നെറ്റ് മീറ്റർ സ്ഥാപിക്കുന്നത്. കെഎസ്ഇബി വയ്ക്കുന്ന മീറ്ററിന് ആജീവനാന്തം വാടക നൽകണം. ഇതിനോടു താത്പര്യമില്ലാത്തവർക്കു സ്വന്തമായി മീറ്റർ വാങ്ങിവയ്ക്കാം.
6000 രൂപവരെയാണു പുറത്ത് മീറ്ററിന്റെ വില. അഞ്ചു വർഷം വരെ മാത്രമേ ഇത്തരം മീറ്ററുകൾക്ക് വാറന്റിയുള്ളൂ. 30 രൂപ വീതം വാടക നൽകണമെങ്കിലും ആജീവനാന്ത സൗജന്യ വാറന്റിയുള്ളതിനാൽ കെഎസ്ഇബി മീറ്റർ സ്ഥാപിക്കാനാണ് വീട്ടുകാർക്ക് താത്പര്യം.
നെറ്റ് മീറ്റർ കിട്ടാനില്ലാത്തതുകൊണ്ട് സ്വന്തമായി മീറ്റർ വാങ്ങി വയ്ക്കാനാണ് കെഎസ്ഇബി നിർദേശിക്കുന്നത്. അതേസമയം ഉത്തരവാദിത്വം ഏറ്റെടുക്കാൻ കെഎസ്ഇബി തയാറാകില്ല. സ്വകാര്യ കമ്പനികളെ സഹായിക്കാനാണു മീറ്റർക്ഷാമം വരുത്തിത്തീർക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
പുതിയ സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇപ്പോൾ വാങ്ങിയ മീറ്റർ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയുമുണ്ട്.
Kerala
കൊച്ചി: കെഎസ്ആര്‍ടിസിയെ ഗ്രാറ്റുവിറ്റി നിയമപരിധിയില്‍നിന്ന് ഒഴിവാക്കുന്ന വിജ്ഞാപനം റദ്ദാക്കിയതു ശരിവച്ച് ഹൈക്കോടതി ഡിവിഷന് ബെഞ്ചും.
വിജ്ഞാപനം റദ്ദാക്കി നേരത്തേ സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
Kerala
കോഴിക്കോട് (കൈതപ്പൊയില്‍): യുവതികള്‍ കാലഘട്ടത്തിന്റെ ശക്തി ആണെന്നും അവര്‍ നേതൃസ്ഥാനങ്ങളിലേക്കു കടന്നുവരണമെന്നും താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കെസിവൈഎം സംസ്ഥാന സമിതിയുടെ വനിതാ ക്യാന്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.
കെസിവൈഎം, എസ്എംവൈഎം താമരശേരി രൂപതയുടെ ആതിഥേയത്വത്തിലാണ് ക്യാന്പ് സംഘടിപ്പിച്ചത്. കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ആഗി മരിയ ജോസഫ് അധ്യക്ഷത വഹിച്ചു.
കെസിവൈഎം സംസ്ഥാന സെക്രട്ടറിമാരായ സെഞ്ചു ജേക്കബ്, ധന്യ മോഹന്‍രാജ്, രൂപത വൈസ് പ്രസിഡന്റ് ബില്‍ഹ മാത്യു, രൂപത അനിമേറ്റര്‍ സിസ്റ്റര്‍ റോസീന്‍ എസ്എബിഎസ്, രൂപത പ്രസിഡന്റ് ആല്ബിന് ജോസ്, രൂപത ഡയറക്ടര്‍ ഫാ. ജ്യോതിസ് ചെറുശേരില്‍, സെക്രട്ടറി ആന്‍സില്‍ തോമസ്, സംസ്ഥാന സെനറ്റ് അംഗം അലോണ ജോണ്സണ്, എസ്എംവൈഎം കൗണ്‍സിലര്‍ അഞ്ജലി ജോയി എന്നിവര്‍ നേതൃത്വം നല്കി.
Kerala
ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തിലിന്റെ സ്മരണാര്‍ഥമുള്ള ആര്‍ച്ച്ബിഷപ് ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സെമിനാര്‍ അഞ്ചിന് രാവിലെ 9.30മുതല്‍ വൈകുന്നേരം 4.30വരെ എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ നടക്കും. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ഡോ. സിറിയക് തോമസ്, ഡോ. പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും. ബിഷപ് മാര്‍ തോമസ് പാടിയത് ആമുഖ പ്രഭാഷണവും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണവും നടത്തും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9447806302 എന്ന ഫോണ്‍ നമ്പറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. പത്രസമ്മേളന ത്തിൽ കോ-ഓര്‍ഡിനേറ്റര്‍ ഡോ. റൂബിള്‍ രാജ്, സെക്രട്ടറി ഡോ. പി.ജെ തോമസ്, ഫൗണ്ടേഷന് അംഗങ്ങളായ ഡോ. പി.സി അനിയന്‍കുഞ്ഞ്, ഫാ. ഡോ. ടോം കൈനിക്കര എന്നിവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: കശുവണ്ടി അഴിമതിക്കേസിലെ പ്രോസിക്യൂഷന് അനുമതി ഉത്തരവ് അന്നു തന്നെ പ്രതികളുടെ പക്കലെത്തിയത് ഏതു മാര്‍ഗത്തിലൂടെയാണെന്ന് അറിയിക്കണമെന്നു ഹൈക്കോടതി.
കോടതിയെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ ആദ്യമിറക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത ഉത്തരവ് പ്രതികള്‍ക്കു ലഭിച്ചത് രജിസ്ട്രേഡ് തപാല്‍, ഇമെയില്‍, വാട്സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങി ഏതു സേവനത്തിലൂടെയാണെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ ജസ്റ്റീസ് എ. ബദറുദ്ദീന്‍ വിജിലന്‍സിന് നിര്‍ദേശം നല്കി. ഹര്‍ജി വീണ്ടും 11ന് പരിഗണിക്കും.
Kerala
തിരുവനന്തപുരം: ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ദേശീയ കുടുംബക്ഷേമ പദ്ധതി (എന്‍എഫ്ബിഎസ്) ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്.
ഈ വിവരം റേഷന്‍ കടകളിലെ നോട്ടീസ് ബോര്‍ഡില്‍ പൊതുജനം കാണ്‍കെ പ്രദര്‍ശിപ്പിക്കാനുള്ള അനുകൂലനടപടി സ്വീകരിക്കണമെന്നു കണിച്ച് ചന്ദ്രന് ചാമി എന്ന വ്യക്തി കത്ത് നല്‍കിയിരുന്നു.
ഭര്ത്താക്കന്മാരുടെ മരണാന്തരം ഈ സ്ത്രീകളില്‍ പലരും വീണ്ടും കേരളത്തില്‍ സ്ഥിരതാമസമാക്കിയാല്‍ അവര്‍ക്കും അനൂകൂല്യം ലഭിക്കാനായി ദേശീയ കുടുംബക്ഷേമ പദ്ധതി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും കൃഷിനാശം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരത്തുക അടിയന്തരമായി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. കൃഷിനാശത്തിന് നിലവില്‍ നല്കുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വന്യജീവി ആക്രമണ സംഘര്‍ഷ ലഘൂകരണ കര്‍മപദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മന്ത്രിമാരുടെയും വനാതിര്‍ത്തി മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എംഎല്‍എമാരുടെയും എംപിമാരുടെയും സമ്മേളനം നിയമസഭാ ബാങ്കെറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവിശല്യം നിയന്ത്രിക്കാന്‍ 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ ഭേദഗതികള്‍ ആവശ്യമാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള അധികാരം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മിലുള്ള അകലം ഒഴിവാക്കി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും വനംവകുപ്പും പൊതുജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വന്യജീവി ആക്രമണ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാനാകൂവെന്നും വനാതിര്‍ത്തികളില്‍ ഭീതിയോടെ കഴിയുന്ന കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വനം മന്ത്രി ഷിബു ബേബി ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, കെ.എ. തുളസി, റോജി എം. ജോണ്‍, എന്‍. ഷംസുദ്ദീന്, ടി. സിദ്ദിഖ്, പി.കെ. ബഷീര്‍, മോന്‍സ് ജോസഫ്, ചീഫ് വിപ് അപു ജോണ്‍ ജോസഫ്, എംപിമാര്‍, എംഎല്‍എമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വന്യജീവി ആക്രമണത്തിനു തടയിടാന്‍ മാസ്റ്റര്‍പ്ലാന്‍ തയാറായതായി മന്ത്രി ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം തടയുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി കേരളത്തെ 14 മേഖലകളായി തിരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതായി വനം മന്ത്രി ഷിബു ബേബി ജോണ്‍.
മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണ കര്‍മപദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മന്ത്രിമാരുടെയും വനാതിര്‍ത്തി മണ്ഡലങ്ങളെ പ്രതിനിധികരിക്കുന്ന എംഎല്‍എമാരുടെയും എംപിമാരുടെയും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകരെക്കൂടി വിശ്വാസത്തിലെടുത്താകും വന്യജീവി ആക്രമണം ലഘൂകരിക്കാനും വനം സംരക്ഷിക്കാനുമുള്ള പദ്ധതികള്‍ നടപ്പാക്കുക. വിഷയങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ക്കായി നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ പ്രത്യേക സമിതികളും പ്രാദേശിക കമാന്‍ഡ് സെന്ററുകളും രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഎസ്എ വിഷയത്തില്‍ കേരളത്തിന് വലിയ വെല്ലുവിളികള്‍ ഇല്ല എന്നാണ് മനസിലാക്കുന്നത്. വനാതിര്‍ത്തി മേഖലകളിലെ ജനങ്ങളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു മാത്രമേ സര്‍ക്കാര്‍ മുന്നോട്ട് പോവുകയുള്ളൂ. കേരളത്തിന്റെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
ഡിവിഷനുകള്‍ക്ക് പകരം കേരളത്തെ 16 ലാന്‍ഡ് സ്കൈപ്പ് സോണുകളായി തിരിച്ചുകൊണ്ട് വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളും. വനമേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക റോഡ് നയം രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
National
കൗശാംബി: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലുള്ള മനൗരിയില് അനധികൃത പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി.
പ്രയാഗ്രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഉര്‍വശി ആണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്. അതിനിടെ, സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ മൂന്നുനില വീട് ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി.
പ്രയാഗ്രാജ് ഡെവലപ്മെന്റ് അഥോറിറ്റിയും കൗശാംബി പൊലിസും സംയുക്തമായാണ് ചൊവ്വാഴ്ച വൈകുന്നേരം ആറോടെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. നിര്‍മാണാനുമതിയോ പ്ലാന്‍ അംഗീകാരമോ ഇല്ലാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് അമിത് പാല് വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മൂന്നുനിലകെട്ടിടം പൂര്‍ണമായി നിലംപരിശാക്കി.
കേസിലെ മുഖ്യപ്രതിയായ നൗഷാദിനെ ചൊവ്വാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുക്കളായ ഷബാന, സൈന എന്നിവരും കസ്റ്റഡിയിലാണ്. ഒളിവിലുള്ള മറ്റു മൂന്ന് പ്രതികളായ ഷക്കീല്‍, ആദില്‍, കഹ്കഷാന് ബീഗം എന്നിവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ഭാരതീയ ന്യായ സംഹിതയിലെ നരഹത്യാ കുറ്റങ്ങളും സ്ഫോടകവസ്തു നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അനധികൃത പടക്കശാല പ്രവര്‍ത്തിക്കാന്‍ ഒത്താശ ചെയ്തെന്ന ആരോപണത്തില്‍ പിപ്രി മുന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ശിവചരണ്‍ റാം അടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
National
പോളവാരം: ആന്ധ്രപ്രദേശിലെ പോളവാരം ജില്ലയിൽ നടത്തിയ മെഡിക്കൽ ക്യാന്പിൽ മലേറിയ പ്രതിരോധ ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു. 47 കുട്ടികളടക്കം 52 പേർ ആശുപത്രിയിൽ ചികിത്സയിൽ.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എഴുവയുസുകാരി മാധവി യമുനയാണ് മരണപ്പെട്ടത്. മലേറിയ പ്രതിരോധ ഗുളിക ക്ലോറോക്വിൻ കഴിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായി കുഴഞ്ഞുവീണ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പോളവാരം ജില്ലാ കളക്ടർ കെ. ദിനേഷ്കുമാർ പറഞ്ഞു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞതിനെത്തുടർന്നാണ് കുട്ടി തളർന്നുവീണത്.
തുടർന്ന് അടുത്തുള്ള പ്രഥാമികാരോഗ്യകേന്ദ്രത്തിലേക്കും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കും മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്ക് കുടുംബപരമായോ ജന്മനാലോ ഹൃദയസംബന്ധമായ രോഗം ഉണ്ടായിരിക്കാമെന്ന നിഗമനത്തിലാണ് ഈ രംഗത്തെ വിദഗ്ധരെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗ്രാമീണമേഖലയായ ഗൊല്ലഗുപ്പയിൽനിന്ന് ആറ് മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഗ്രാമവാസികൾക്ക് ക്ലോറോക്വിൻ പ്രതിരോധ ഗുളികകൾ നൽകാൻ തീരുമാനിച്ചത്. ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച 52 പേർക്കു പുറമെ 17 പേർ ക്യാന്പ് നടത്തിയിടത്ത് പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
National
അഗർത്തല: ത്രിപുരയിൽ പശുമോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജലീൽ റഹ്മാൻ (45) ആണ് കൊല്ലപ്പെട്ടത്.
അഗർത്തല ജില്ലയിലെ ഗിലാടാലി സ്വദേശിയായ റഹ്മാൻ വിലകൊടുത്ത് വാങ്ങിയ രണ്ടു പശുക്കളുമായി വീട്ടിലേക്കു പോകവേ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ 4.45നായിരുന്നു സംഭവം. പൊലിസെത്തി റഹ്മാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
National
മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മാനേജരായിരുന്ന ദിശ സാലിയാന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി.
ദിശ സാലിയാൻ മരിച്ചിട്ട് ആറു വർഷമായെങ്കിലും സിറ്റി പോലീസ് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ജസ്റ്റീസുമാരായ സാരംഗ് കോട്വാൾ, രഞ്ജിത്സിൻഹ രാജ ഭോൺസലെ എന്നിവരുടെ ബെഞ്ച് കുറ്റപ്പെടുത്തി.
കേസ് സംബന്ധിച്ച് എല്ലാ രേഖകളും സിബിഐക്കു കൈമാറാൻ പോലീസിനോടു കോടതി നിർദേശിച്ചു.
2020 ജൂൺ എട്ടിനാണ് ദിശ സാലിയാൻ മരിച്ചത്. മുംബൈ മലാഡിലെ പാർപ്പിടസമുച്ചയത്തിന്റെ 14-ാം നിലയിൽനിന്നു വീണായിരുന്നു മരണം.
National
ചിക്കബല്ലാപ്പുര: രണ്ടര ദശകമായി ഭൂമി അനുവദിക്കാത്തതിൽ മനംനൊന്ത് കാർഗിൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികൻ ശിവാനന്ദ റെഡ്ഢി വിഷംകഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ചിന്താമണി താലൂക്കിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ഓഗസ്റ്റ് 28നായിരുന്നു സംഭവം.
മറാഠ ലൈറ്റ് ഇൻഫന്റിയിൽ അംഗമായിരുന്ന റെഡ്ഢിക്ക് കാർഗിൽ യുദ്ധത്തിനിടെ പരിക്കേറ്റിരുന്നു.
രണ്ടര ഹെക്ടർ ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്താമണി തഹസിൽദാർക്ക് റെഡ്ഢി കത്തയച്ചിരുന്നു. റെഡ്ഢിയുടെ അപേക്ഷയിൽ 26 വർഷമായിഅധികൃതർ നടപടിയെടുത്തിട്ടില്ല.
National
ന്യൂഡൽഹി: രാജ്യത്തെ ജിഡിപി വളർച്ചയെയും സാമ്പത്തികവ്യവസ്ഥയെയും കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദങ്ങൾ വ്യാജമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
സാമ്പത്തിക മേഖലയെക്കുറിച്ച് ജനങ്ങളോട് നുണ പറയാനുള്ള കഴിവല്ലാതെ മറ്റൊന്നും മാറിയിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. അസഹനീയമായ വിലക്കയറ്റം, കടുത്ത തൊഴില്ലായ്മ, നിയന്ത്രണാതീതമായ സാമ്പത്തിക അസമത്വം എന്നീ മൂന്നു ഭാരങ്ങളാൽ സാധാരണക്കാർ വലയുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
രാജ്യത്തു തൊഴില്ലായ്മ കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ബിരുദധാരികളായ യുവാക്കളിൽ 40 ശതമാനവും തൊഴിൽരഹിതരാണ്. 2026 ജൂലൈയിലെ കണക്കുകൾ പ്രകാരം 15നും 29നും ഇടയിൽ പ്രായമുള്ള ആറ് ഇന്ത്യൻ യുവാക്കളിൽ ഒരാൾക്ക് തൊഴിലില്ലാത്ത അവസ്ഥയുണ്ട്.
പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ നൽകുമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം പൂർണമായും തകർന്നു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ചില്ലറവിപണിയിലെ പണപ്പെരുപ്പം കഴിഞ്ഞ 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി എന്നിവയുടെ വിലവർധനവ് ഇടത്തരക്കാരുടെ ജീവിതം കൂടുതൽ ദുസഹമാക്കി.
രാജ്യത്തെ സാമ്പത്തിക അസമത്വം ബ്രിട്ടീഷ് ഭരണകാലത്തേക്കാൾ മോശമായ അവസ്ഥയിലാണ്. രാജ്യത്തെ ആകെയുള്ള സമ്പത്തിന്റെ 40 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളുടെ കൈവശമാണ്. എന്നാൽ താഴെത്തട്ടിലുള്ള 50 ശതമാനം പേർക്ക് ആകെ സമ്പത്തിന്റെ 15 ശതമാനം മാത്രമാണുള്ളത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പാവപ്പെട്ടവരിൽനിന്ന് സമ്പന്നരിലേക്ക് ഏറ്റവും വലിയതോതിൽ സമ്പത്ത് കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ടിച്ച മോദി സർക്കാരിന്റെ ഏക സാമ്പത്തികനയം ക്രോണി ക്യാപിറ്റലിസം (തങ്ങൾക്കു താത്പര്യമുള്ള വ്യവസായികളെ സഹായിക്കൽ) മാത്രമാണെന്നും ഖാർഗെ ആരോപിച്ചു.
National
ഇംഫാൽ: മൂന്നുവർഷം മുന്‍പ് സംസ്ഥാനത്തുണ്ടായ വംശീയ കലാപത്തിനുശേഷം ആദ്യമായി മണിപ്പുർ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് കുക്കി എംഎൽഎമാർ.
കുക്കി പീപ്പിൽസ് അലയൻസിലെ സൈകൂൽ എംഎൽഎ കിംനിയോ ഹോകിപ് ഹാംഗ്ഷിംഗ്, സൈതുവിലെ സ്വതന്ത്ര എംഎൽഎ ഹോഖോലത് കിംഗ്പെൻ എന്നിവരാണ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തത്. ഇരുവരും കാംഗ്പോക്പി ജില്ലയിൽനിന്നുള്ളവരാണ്.
നിയമസഭാ മന്ദിരത്തിലേക്ക് ആരും പോകരുതെന്ന് കുക്കി വിഭാഗത്തിന്റെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പുർ(കിം) എംഎൽഎമാരോട് നിർദേശിച്ചിരുന്നു.
National
ന്യൂഡൽഹി: എഐഎംഐഎം വക്താവ് സയിദ് അസിം വഖാർ കോൺഗ്രസിൽ ചേർന്നു. ഇന്നലെ എഐസിസി ആസ്ഥാനത്തുവച്ചാണ് വഖാർ കോൺഗ്രസ് അംഗത്വമെടുത്തത്.
എഐഎംഐഎം ഇതുവരെ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് വഖാർ കുറ്റപ്പെടുത്തി. ഉത്തർപ്രദേശിലെ പ്രമുഖ നേതാവാണ് വഖാർ.
എഐഎംഐഎം അധ്യക്ഷൻ അസദുദീൻ ഒവൈസിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവാണ് വഖാർ.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തു മയക്കുമരുന്നു കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മൂന്നു ജില്ലകളിൽകൂടി എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പാലക്കാട്, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലാണ് മയക്കുമരുന്നു കേസുകൾ കൈകാര്യം ചെയ്യാനായി പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുന്നതെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ഒരു കോടതിയിൽ 11 തസ്തികകൾ വീതം മൂന്നിടത്തുമായി 33 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.