പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ കപഷേരയിൽ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ അയൽവാസി പിടിയിൽ. ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശി ചന്ദൻ കുമാറിനെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പോലീസിന് നേരെ വെടിയുതിർക്കുകയും, തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയുടെ കാലിന് വെടിയേൽക്കുകയും ചെയ്തു. ഇയാളിൽ നിന്ന് നാടൻ തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.
ജൂലൈ 10നാണ് കുട്ടിയെ കാണാതായത്. തുടർന്ന് കപഷേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ജൂലൈ 14ന് രാത്രി കുട്ടിയുടെ മൃതദേഹം കപഷേരയിലെ ഓടയിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ തന്നെയാണ് പ്രതിയും താമസിച്ചിരുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
സംഭവം നടക്കുന്ന ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുട്ടി ബഹളം വച്ചതോടെ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ഓടയിൽ തള്ളുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
Tags : Deepika Crime Police Drain