പ്രതീകാത്മക ചിത്രം
മുംബൈ: പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെയും കുടുംബവഴക്കിനെയും തുടർന്ന് മുംബൈയിൽ യുവാവിനെ കുത്തിക്കൊന്നു. ശിവാജിനഗറിൽ തമാസിക്കുന്ന റിയാസ് ഷെയ്ഖ് (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിയാസിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മഹാഡാ കോളനിയിലെ ഒരു വാട്ടർ ടാങ്കിന് സമീപം റിയാസ് ഇരിക്കുമ്പോൾ പ്രതിയും കൂട്ടാളികളും ചേർന്ന് ഇയാളെ സമീപിക്കുകയായിരുന്നു. തുടർന്ന് കടം വാങ്ങിയ 1,500 രൂപ തിരികെ നൽകുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ പ്രധാന പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് റിയാസിന്റെ വയറ്റിൽ കുത്തുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾ ആക്രമണത്തിന് ഇയാൾക്ക് സഹായം നൽകിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ആക്രമണത്തിന് ഇരയായ റിയാസിനെ ഉടൻ തന്നെ രാജാവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊല്ലപ്പെട്ട റിയാസും പ്രതികളും കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. എന്നാൽ, പണമിടപാടിലെ തർക്കത്തിന് പുറമെ ഇവർക്കിടയിൽ ദീർഘനാളായി ചില കുടുംബപരമായ പ്രശ്നങ്ങളും നിലനിന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.