Kerala
കൊച്ചി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം വാഗ്ദാനം ചെയ്ത് തമിഴ് വംശജരായ മലേഷ്യന്‍ കുടുംബത്തിന്റെ പക്കല്‍നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം ഒത്തുതീര്‍പ്പിലേക്ക്. ആരോപണവിധേയനായ എറണാകുളം സ്വദേശി സാദിഖ് പണം തിരിച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെയാണു പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്.
പോലീസ് ഇടപെട്ടു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചെന്നൈയിലാണെന്നും രണ്ടു ദിവസത്തിനകം പണം നല്‍കാമെന്നുമാണ് സാദിഖ് പോലീസിനെ അറിയിച്ചിട്ടുള്ളത്. പണം മുഴുവന്‍ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് തട്ടിപ്പിനിരയായ കുടുംബം.
പണം നഷ്ടപ്പെട്ട കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയതോടെയാണ് പോലീസ് വിഷയത്തില്‍ ഇടപെട്ടത്. പണം നഷ്ടപ്പെട്ട സംഭവത്തില്‍ കഴിഞ്ഞദിവസം തട്ടിപ്പിനിരയായ കുടുംബം എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ തമിഴ്നാട്ടില്‍ നിലവില്‍ കേസുള്ളതിനാല്‍ ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് പോലീസ് കുടുംബത്തെ അറിയിച്ചിരുന്നു.
രണ്ടുവര്‍ഷം മുമ്പാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് സാദിഖ് പണം തട്ടിയത്. അഞ്ചു ലക്ഷം രൂപ നേരിട്ടും 45 ലക്ഷം രൂപ ബാങ്ക് വഴിയുമാണ് കുടുംബം സാദിഖിനു കൈമാറിയത്. പിന്നീട് ആശുപത്രിയില്‍ അന്വേഷിച്ചപ്പോഴാണു തട്ടിപ്പ് പുറത്തായത്.
പണം തിരികെ ലഭിക്കാതായതോടെ രോഗിയായ വയോധികന്റെ സഹോദരിയും ബന്ധുക്കളും കൊച്ചിയിലെത്തുകയായിരുന്നു. നിലവില്‍ രോഗിയായ 63കാരന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Kerala
കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ സ്വത്ത് വിവരങ്ങളിലേക്കും നീളുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഇഡി സംഘം പാതിരിയാട്, പിണറായി വില്ലേജുകളിലുള്ള വീണയുടെ പേരിലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ നേരിട്ടെത്തിയത്. കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്വത്ത് വിവരങ്ങൾ തേടിയുള്ള ഇഡി സംഘത്തിന്റെ പിണറായിയിലേക്കുള്ള വരവ്.
മാസപ്പടി കേസിൽ ഇതുവരെ കന്പനികളുടെ സാന്പത്തിക ഇടപാടുകളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഇതിനായി വീണയുടെ എക്സാലോജിക് കന്പനിയുടെ ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെ രേഖകൾ, കൊച്ചി മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡിന്റെ രേഖകൾ, ബാങ്ക് ഇടപാടുകൾ എന്നിവയാണ് പരിശോധിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണയുടെ ഭൂമി സംബന്ധിച്ച വിവരങ്ങളും തേടുന്നത്.
വീണയുടെ ഭൂമി സംബന്ധിച്ച രേഖകൾ കൈവശമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ബന്ധപ്പെട്ട സ്ഥലങ്ങൾ കാണിച്ചുനൽകാൻ ആവശ്യപ്പെടുകയായിരുന്നു. രാവിലെ പത്തോടെ പാതിരിയാട് വില്ലേജ് ഓഫീസിലെത്തിയ ഇഡി ഉദ്യോഗസ്ഥർ സ്പെഷൽ വില്ലേജ് ഓഫീസറുടെ കൂടെ പോയി പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപത്തായുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് 10.45 ഓടെ പിണറായി വില്ലേജ് ഓഫീസിലെത്തി പിണറായി ഇലക്ട്രിസിറ്റി സബ് സ്റ്റേഷന് സമീപത്തുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. പിണറായി വില്ലേജ് ഓഫീസറെ ഒപ്പം കൂട്ടിയാണ് സ്ഥലത്ത് എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി ഇഡി സംഘം മടങ്ങുകയായിരുന്നു. വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുന്നോടിയായാണ് സ്വത്ത് വിവരങ്ങളും തേടുന്നതെന്നാണ് സൂചന.
Kerala
മലപ്പുറം: തേഞ്ഞിപ്പലം കാക്കഞ്ചേരിയിൽ ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും മൊബൈൽ ഫോണും കവർന്നു. പിടിയിലായ അഞ്ചു പ്രതികളും റിമാൻഡിൽ.
പ്രതികൾ ലോഡ്ജിൽ എത്തുന്ന സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചു. ഇക്കഴിഞ്ഞ ജൂൺ 30ന് രാത്രിയിലാണ് അഞ്ചു പേർ അടങ്ങുന്ന സംഘം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിലെ ലോഡ്ജിൽ എത്തിയത്.
റിസപ്ഷനിൽ ഉണ്ടായിരുന്ന ആളോട് എംഡിഎംഎ ആവശ്യപ്പെട്ടു. പിന്നാലെ തർക്കമായി. റിസപ്ഷനിൽ ഉണ്ടായിരുന്ന 1500 രൂപയും മൊബൈൽ ഫോണും പ്രതികൾ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. ശേഷം കാറിൽ കയറി കടന്നു കളഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് വിശദമായ അന്വേഷണം നടത്തി. ലോഡ്ജിലെ സിസിടിവിയിൽ നിന്ന് പ്രതികൾ ലോഡ്ജിലേക്ക് വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യം ലഭിച്ചു. ഇത് പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായകരമായി.
ചെട്ടിപ്പടി സ്വദേശി അക്കീബ്, പരപ്പനങ്ങാടി സ്വദേശി ജുനൈദ്, താനൂർ സ്വദേശി സഫുവാൻ, നായർത്തോട് സ്വദേശി മർഷാദ്, നെടുവ സ്വദേശി റമീസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോഡ്ജിലെ ജീവനക്കാർക്ക് ഈ പ്രതികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കും.
District News
പയ്യന്നൂര്‍: എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്ത സമൂഹത്തിൽ വ്യാപിക്കുകയാണെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ. ഇതിന്റെ ഫലമായി കുട്ടികൾ പോലും ലഹരി മാഫിയകളുടെ ഇരകളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ വൈഎംസിഎ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കന്പയിനിന്റെ മണ്ഡലതല ഉദ്ഘാടനം പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു വി. കുഞ്ഞികൃഷ്ണൻ എംഎൽഎ.
പുതുതലമുറകൾ മയക്കുമരുന്ന് ലോബികളുടെ കൈകളിലും തന്ത്രങ്ങളിലും പെടാതിരിക്കാനുള്ള ബോധവത്കരണം പൊതുസമൂഹത്തിന്റെ കൂടി ആവശ്യകതയാണെന്നിരിക്കി ഇക്കാര്യത്തിൽ വൈഎംസി എ പോലുള്ള സംഘടനകളുടെ പ്രവർത്തനം അഭിനന്ദാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂര്‍ വൈഎംസിഎ പ്രസിഡന്റ് ടോണി ജോസഫ് അധ്യക്ഷത വഹിച്ചു. വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ടി.വി.ജൂന ബോധവത്കരണ ക്ലാസെടുത്തു.വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്റ്റാഫ് സെക്രട്ടറി സിബി ചെറിയാൻ, സ്കൂൾ ലീഡർ മാളവിക പ്രസാദ് എന്നിവര്‍ എന്നിവർ പ്രസംഗിച്ചു. 23ന് കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ ആരംഭിച്ച കാന്പയിൻ അടുത്തയാഴ്ച അവസാനത്തോടെ സമാപിക്കും.
Kerala
തൃശൂർ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് വട്ടപ്പൂജ്യമാണെന്നും അതിന് എൽകെജി നിലവാരംപോലും ഇല്ലെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസ് പ്രകടന പത്രികയുടെ ആവർത്തനം മാത്രമാണു ബജറ്റ്.
പുതിയ സർക്കാരിൽനിന്നു പുതിയ സാമ്പത്തിക നയങ്ങളും വികസന കാഴ്ചപ്പാടുകളും പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റിൽ പുതുമയോ വിസ്മയമോ ഇല്ല. പ്രധാന പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ ആവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ ബജറ്റ് മൗനം പാലിക്കുകയാണ്. തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയവ ബജറ്റ് ഗൗരവമായി പരിഗണിച്ചിട്ടില്ല.
സാധാരണ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും പി.കെ. കൃഷ്ണദാസ് വിമർശിച്ചു. പത്രസമ്മേളനത്തിൽ ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, അബിൻസ് എന്നിവരും പങ്കെടുത്തു.
Kerala
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശികളായ രണ്ടു പേർ പിടിയിൽ. മലപ്പുറം കല്പകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ്, കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൾ റഹീം എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. അർധരാത്രിയിൽ വളാഞ്ചേരിയിലേക്ക് സിമന്റുമായി പോവുകയായിരുന്ന ലോറിയെ കാറിൽ എത്തിയവർ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെ വൻതോതിൽ പണം നൽകിയാണ് മറ്റു പാർട്ടികളിൽനിന്നുള്ള എംഎൽഎമാരെ ആകർഷിക്കുന്നതെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെ പ്രതിനിധികൾ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് പരാതി നൽകി. എംഎൽഎമാരെ വിലയ്ക്കെടുക്കുന്നതിനെച്ചൊല്ലി അണ്ണാ ഡിഎംകെയും ടിവികെയും തമ്മിൽ വാക് പോര് തുടരുന്നതിനിടെയാണ് നേതാക്കൾ ശനിയാഴ്ച ഗവർണറെ കണ്ടത്.
ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ പരിശോധിക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ണാ ഡിഎംകെ രാജ്യസഭാംഗം എം. ധനപാലും വിപ്പ് അഗ്രി എസ്.എസ്. കൃഷ്ണമൂർത്തയുമാണ് പരാതി നൽകിയത്.
പാർട്ടി എംഎൽഎമാരിൽ 25 പേർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടി ഉയർത്തുകയും വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്ക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തിരുന്നു. ഇതിൽപ്പെട്ട നാലു പേരാണ് പിന്നീട് എംഎൽഎ സ്ഥാനം രാജിവച്ചത്.
അണ്ണാ ഡിഎംകെ എംഎൽഎമാരിൽ 90 ശതമാനം പേരും ടിവികെയിൽ ചേരാൻ ഒരുങ്ങി നിൽക്കുകയാണെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു. ഇത് പാർട്ടിയിൽ ആശങ്കയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്. കുതിരക്കച്ചവടം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അണ്ണാ ഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ മുന്നറിയിപ്പു നൽകി.
National
സുന്ദർഗഢ്: അനധികൃത ഐപിഎൽ വാതുവെപ്പ് സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിലെ ഹതിബാരിയിലാണ് സംഭവം. 3,95,590 രൂപ, ഒന്നിലധികം മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, മെമ്മറി കാർഡുകൾ, വാഹനം എന്നിവ പോലീസ് സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തു.
രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടക്കുകയാണ്. കൂടാതെ ഈ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ഒന്നിലധികം അനധികൃത വെബ്സൈറ്റുകളും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നിയമവിരുദ്ധമായ ഐപിഎൽ വാതുവെപ്പ് പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് നടപടി.
Kerala
കോഴിക്കോട്: വയറില്‍ കത്തിവച്ച് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ മൂന്ന് പേര് പിടിയില്‍. ഗൂഗിള്‍ പേ വഴി പണം അയപ്പിക്കുകയും കൈയിലുണ്ടായിരുന്ന പണം കവരുകയുമായിരുന്നു.
കോഴിക്കോട് അരക്കിണര്‍ സ്വദേശി ഷക്കീര്‍ നിവാസില്‍ മുഹമ്മദ് കൈഫ്(23), പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി മേലേകുഴിമ്പാട്ടില് വീട്ടില്‍ മുഹമ്മദ് അന്‍ഷിദ്(23), പെരുവയല്‍ കായലം സ്വദേശി അത്തിക്കാട്ടിന്‍മേല്‍ വീട്ടില്‍ ഫസല്‍(26) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് എസ്കെ ടെമ്പിള്‍ റോഡിന് സമീപത്തുവച്ച് ഇവര്‍ ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
ക്രൂരമായി മര്‍ദിച്ച ശേഷം വയറില്‍ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ഫോണ്‍ പിടിച്ചു വാങ്ങി ഗൂഗിള്‍ പേ വഴി മറ്റൊരു അക്കൗണ്ടിലേക്ക് 27,000 രൂപ അയപ്പിക്കുകയും പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന 1500 രൂപ കവരുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
പരവൂര്‍: പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്‍ക്ക് വലിയ ആശ്വാസമേകുന്ന പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ വരിക്കാര്‍ക്ക് തങ്ങളുടെ പിഎഫ് തുക യുപിഐ പേമെന്റ് ഗേറ്റ്വേ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്‍വലിക്കാനാകും.
ഇതിനായുള്ള സാങ്കേതിക പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.
ഏഴു കോടിയിലധികം വരുന്ന ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവയ്പ്.
നിലവില്‍ പിഎഫ് തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് വലിയ കാലതാമസം നേരിടുന്നുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തില്‍, വരിക്കാര്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ സാധിക്കുന്ന ഇപിഎഫ് ബാലന്‍സ് തുക കൃത്യമായി കാണാനാകും. തുടര്‍ന്ന് ലിങ്ക് ചെയ്ത യുപിഐ പിന് ഉപയോഗിച്ച് സുരക്ഷിതമായി തുക ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം.
ഓട്ടോ സെറ്റില്‍മെന്റ് വഴി നിലവില്‍ മൂന്നു ദിവസത്തിനകം പണം ലഭിക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷം രൂപയായി നേരത്തേ ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യുപിഐ സംവിധാനവും എത്തുന്നത്.
പിഎഫ് വരിക്കാരിലേക്ക് സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനായി വാട്സാപ് പ്ലാറ്റ്ഫോം ഉപയോഗിക്കാനും ഇപിഎഫ്ഒ പദ്ധതിയിടുന്നുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില്‍ ഈ സേവനം നിലവില്‍വരും.
ഇപിഎഫ്ഒയുടെ ഗ്രീന്‍ ടിക് മാര്‍ക്കുള്ള ഔദ്യോഗിക വാട്സാപ് നമ്പറിലേക്ക് ഹലോ എന്നു ടൈപ്പ് ചെയ്ത് അയച്ച് വരിക്കാര്‍ക്ക് സംശയനിവാരണം നടത്താം.
വരിക്കാരുടെ സൗകര്യാര്‍ഥം മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ ഈ വാട്സാപ് സേവനം ലഭ്യമാകും. 24 മണിക്കൂറും ഈ സംവിധാനം പ്രവര്‍ത്തിക്കും.
പിഎഫ് ബാലന്‍സ്, അവസാനത്തെ അഞ്ച് ഇടപാടുകളുടെ വിവരങ്ങള്‍, ക്ലെയിം സ്റ്റാറ്റസ് എന്നിവയെല്ലാം വാട്സാപ് വഴി വിരല്‍ത്തുമ്പില്‍ അറിയാം. കൂടാതെ, ഡിജിറ്റല്‍ തിരിച്ചറിയല്‍ സാങ്കേതികവിദ്യകളായ ഫേസ് ഓഥന്റിക്കേഷന് പോലുള്ളവ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഡിബിടി ആനുകൂല്യങ്ങള്‍ തടസപ്പെട്ടവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ വാട്സാപ് വഴി ലഭ്യമാക്കും.
വിവിധ ഉപഭോക്തൃ കോടതികളിലും ട്രൈബ്യൂണലുകളിലുമായി കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഇപിഎഫ്ഒ നടത്തിയ പ്രത്യേക കാമ്പയിനുകള്‍ വന്‍ വിജയമായതായും മന്ത്രാലയം അറിയിച്ചു. നിധി ആപ്കെ നികത് പരിപാടിയിലൂടെ ഉപഭോക്തൃ കോടതികളിലെ കേസുകള്‍ ഗണ്യമായി കുറച്ചു. പത്തു വര്‍ഷത്തിലേറെയായി കെട്ടിക്കിടന്നിരുന്ന ദീര്‍ഘകാല കേസുകളില്‍ 45.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
Kerala
കൊച്ചി: വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാമിലെ മൊറിഗാൺ മൊയ്റാബറിയിൽ റെക്കിബുൽ ഹുസൈനെ (24) യാണ് ആസാമിൽനിന്ന് കുറുപ്പുംപടി പോലീസ് പിടികൂടിയത്. രായമംഗലം കൂട്ടുമഠം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ 11 പവൻ സ്വർണവും 15,000 രൂപയും മോഷ്ടിച്ചാണ് പ്രതി കടന്നുകളഞ്ഞത്.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഇയാൾ ആസാമിലേക്ക് രക്ഷപ്പെട്ടിരുന്നു. അന്വേഷണ സംഘം ആസാമിൽ എത്തിയെങ്കിലും പിടികൂടുകയെന്നത് ദുഷ്കരമായിരുന്നു.
വേഷം മാറി താമസിച്ച് രഹസ്യമായി നടത്തിയ ഓപ്പറേഷനിൽ ഗ്രാമത്തിലുള്ള വീട് വളഞ്ഞു. പ്രതി ഓടി തീവണ്ടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് തീവണ്ടിയിൽക്കയറി സാഹസികമായി പിടികൂടുകയായിരുന്നു. മോഷ്ടാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന ചെയിൻ, വളകൾ, സ്റ്റഡുകൾ, കമ്മലുകൾ, ആഭരണങ്ങളുടെ ചെറിയ ഭാഗങ്ങൾ എന്നിവ കണ്ടെടുത്തു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ ഓൺലൈൻ ഗെയിമിലൂടെ വൻതുക നഷ്ടപ്പെട്ടതിനെ തുടർന്ന് ബിരുദ വിദ്യാർഥി ജീവനൊടുക്കി. മൂന്നാം വർഷ ബിഎസ്സി വിദ്യാർഥി ആദിത്യ ഭാട്ടി (22) യാണ് മരിച്ചത്.
വീട്ടിലെ ശുചിമുറിയിൽ കയറി വാതിലടച്ച ശേഷം ആദിത്യ സ്വയം വെടിയുതിർത്തു. വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മയും സഹോദരനും കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ആദിത്യയെയാണ്. ശുചിമുറിയുടെ വാതിൽ തകർത്താണ് ഇരുവരും അകത്തുകയറിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഓൺലൈൻ ഗെയിമിലൂടെ ആദിത്യക്ക് വൻതോതിൽ പണം നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന വിരമിച്ച സൈനികനായ അമ്മവന്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് ആദിത്യ വെടിവച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് ആദിത്യയുടെ മൊബൈൽ ഫോൺ, ബാങ്ക് ഇടപാടുകൾ എന്നിവ പരിശോധിച്ച് വരികയാണ്.
National
കാസർഗോഡ്: ഉപ്പളയിൽ എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ.
റാംജിനഗർ ഗ്യാങ്ങിലെ മുഖ്യകണ്ണിയും തമിഴ്നാട് തിരുച്ചിറപ്പളളി സ്വദേശിയുമായ അറുമുഖൻ(കിട്ടു)നെ മഞ്ചേശ്വരം പോലീസാണ് പിടികൂടിയത്. ചത്തീസ്ഗഡിൽ നിന്നും പ്രതിയെ പോലീസ് സാഹസികമായാണ് പിടികൂടിയത്.
ഇയാൾ റാംജിനഗർ കവർച്ച ഗ്യാങ്ങിലെ അംഗമെന്ന് പോലീസ് പറയുന്നു. മറ്റൊരു കേസിൽ റായ്പൂരിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ആണ് കേരള പോലീസ് പിടികൂടിയത്.
2024 മാർച്ച് 27ന് ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. എടിഎമ്മില്‍ നിറയ്ക്കാന്‍ സ്വകാര്യ കമ്പനിയുടെ വാഹനത്തിൽ കൊണ്ട് വന്ന 50 ലക്ഷം രൂപ ഗ്ലാസ് തകര്‍ത്ത് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമാണെന്ന് പോലീസ് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം സുരക്ഷാ കാമറകള്‍ ആണ് അന്ന് അന്വേഷണ സംഘം പരിശോധിച്ചത്. ഉപ്പള നഗരത്തിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
Kerala
തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. ബീമാപള്ളി സ്വദേശി ഇനാദ് മുഹമ്മദ് (24) ആണ് പിടിയിലായത്.
മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പെോലീസ് പറയുന്നു. പൂന്തുറ ബീമാപള്ളി സ്വദേശിയായ യുവാവിനെ വഴിയിൽ വച്ച് ഇനാദ് തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും ചെയ്തു.
തർക്കമായതോടെ യുവാവിനെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്ന ശേഷം പ്രതി കടന്നുകളയുമായിരുന്നു.അറസ്റ്റിലായ ഇനാദ് മുഹമ്മദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പൂന്തുറ, വലിയതുറ, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ലഹരി മരുന്ന് വിൽപന, അക്രമം തുടങ്ങിയ അഞ്ചോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ ഖാദർ, സഹീർ എന്നിവരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.
Business
ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ വരും വർഷങ്ങളിൽ ചൈനയും ഇടംപിടിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പൊതുപണം ചെലവഴിക്കുന്ന രാജ്യം ചൈനയായി മാറുമെന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നുണ്ട്.
കലിഫോർണിയ സർവകലാശാലയിലെ ഫ്രോണ്ടിയേഴ്സ് ഇൻ സയൻസ് ആൻഡ് ഇന്നൊവേഷൻ പോളിസി (എഫ്എസ്ഐപി) എന്ന വിഭാഗത്തിലെ ഗവേഷകർ നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. അമേരിക്കയുടെ ഗവേഷണ വികസന സംവിധാനങ്ങളെക്കുറിച്ചും സാങ്കേതിക വികസനത്തിൽ പൊതു സ്വകാര്യ നിക്ഷേപങ്ങളുടെ സ്വാധീനത്തെക്കുറിച്ചും പഠിക്കുന്ന വിഭാഗമാണ് എഫ്എസ്ഐപി.
2023 വരെയുള്ള കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ചൈനയുടെ സർക്കാർ ഗവേഷണ ഫണ്ട് 90 ശതമാനം വർധിച്ച് 133 ബില്യണ്‍ ഡോളറിലെത്തിയതായി ഗവേഷകർ കണ്ടെത്തി. ഇതേ കാലയളവിൽ അമേരിക്കയുടെ പൊതു ഗവേഷണ ചെലവ് വെറും 12 ശതമാനം മാത്രം വർധിച്ച് 155 ബില്യണ്‍ ഡോളറിലെത്തിയതായും ഇത് തുടരുകയാണെങ്കിൽ അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൊതു ഗവേഷണ നിക്ഷേപത്തിൽ ചൈന അമേരിക്കയെ മറികടക്കുമെന്നും എഫ്എസ്ഐപി പ്രവചിക്കുന്നു.
2028 ആകുന്പോഴേക്കും ഇതു സംഭവിക്കാനാണ് സാധ്യതയെന്നും, ചിലപ്പോൾ അത് 2029 വരെ നീളാമെന്നും എഫ്എസ്ഐപി സഹമേധാവിയും ഗവേഷണ നയവിദഗ്ധനുമായ റോബർട്ട് കോണ്‍ അഭിപ്രായപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗവേഷണ വികസന മേഖലയിൽ ആഗോളതലത്തിൽ നേതൃത്വം നൽകിയിരുന്നത് അമേരിക്കയായിരുന്നു. എന്നാൽ, പൊതു ഗവേഷണ ചെലവിൽ ചൈന മുന്നിലെത്തുന്നത് ശാസ്ത്രരംഗത്തെ ഒരു പുതിയ ശക്തിയുടെ ഉദയത്തിന് വഴിയൊരുക്കുമെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷനിലെ സാന്പത്തിക നയവിദഗ്ധ മേഗൻ ഓസ്റ്റർടാഗ് നിരീക്ഷിക്കുന്നു.
നിലവിൽതന്നെ പല ഗവേഷണ മാനദണ്ഡങ്ങളിലും ചൈന യുഎസിനെ പിന്നിലാക്കിക്കഴിഞ്ഞു. നേച്ചർ ഇൻഡക്സ് ട്രാക്ക് ചെയ്യുന്ന 145 നാച്ചുറൽ സയൻസ്, ഹെൽത്ത് സയൻസ് ജേണലുകളിലെ ചൈനയുടെ സംഭാവന 2026 അവസാനത്തോടെ അമേരിക്കയുടേതിനേക്കാൾ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
Kerala
ആലപ്പുഴ: ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധത്തിൽ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എഎൻ കോളനിയിൽ അരുൺ കിച്ചുവിനെയാണ് പിടികൂടിയത്. പുന്നമട ബോട്ട് ജെട്ടിക്ക് കിഴക്കേകരയിൽ ഹൗസ് ബോട്ട് ജീവനക്കാരനായ സ്രാങ്ക് രാജേഷ് കുമാറിനെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ നോർത്ത് പോലീസാണ് പിടികൂടിയത്.
കേസിലെ മറ്റു പ്രതികളായ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി നേതാവുമായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്കിയ സംഭവത്തില്‍ കര്‍ശന നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് തന്നെ പ്രഥമദൃഷ്ട്യകേസെടുക്കാന് കഴിയും. വോട്ടിന് നോട്ട് എന്ന ബിജെപിയുടെ ഉത്തരേന്ത്യന്‍ സംസ്കാരമാണ് കേരളത്തിലും നടപ്പിലാക്കുന്നത്. ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
വോട്ടറെ സ്വാധീനിക്കാന്‍ പണം കൊടുക്കുന്നത് തെളിവ് സഹിതം പിടിക്കുകയും അത് ചോദ്യം ചെയ്യുകയും ദൃശ്യംപകര്‍ത്തുകയും ചെയ്തവരോട് കരണം അടിച്ച് പൊട്ടിക്കുമെന്ന ധാര്‍ഷ്ട്യത്തോടെ ഭീഷണിപ്പെടുത്തുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ബിജെപി നേതാവ് പറയുന്നത്.
വ്യാജ രേഖകള്‍ സൃഷ്ടിക്കുന്ന സിപിഎമ്മും പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ബിജെപിയും ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. പരാജയഭീതി കാരണമാണ് ഇരുപാര്‍ട്ടികളും ഇത്തരം നടപടികളുമായി രംഗത്ത് വരുന്നത്.
ആശയപരമായ നിലപാട് കൊണ്ട് ജനങ്ങള്‍ക്ക് ഇടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് വളഞ്ഞവഴി തെരഞ്ഞെടുക്കാന്‍ സിപിഎമ്മിനെയും ബിജെപിയേയും പ്രേരിപ്പിച്ചത്. ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അതിനുള്ള മറുപടി ബാലറ്റിലൂടെ നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
പാലക്കാട്: പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെ വന്ന സ്ത്രീ വോട്ടർക്കു പണം നൽകിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപി കടുത്ത പ്രതിരോധത്തിൽ. വെളുത്ത ചുരിദാർ ധരിച്ച സ്ത്രീ വോട്ടറായ മറ്റൊരു സ്ത്രീക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ വീഡിയോയിൽ പകർത്തി പുറത്തുവിട്ടത്. കണ്ണാടി ഭാഗത്തായിരുന്നു സംഭവം.
ശോഭ സുരേന്ദ്രന്റെ കൂടെ വന്നതാണ് പണം നൽകിയ സ്ത്രീയെന്നു കോൺഗ്രസ് പറയുന്നു. ദൃശ്യങ്ങൾ പകർത്തിയവരുമായി ശോഭ സുരേന്ദ്രൻ കയർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥാനാർഥി മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്ന ആരോപണവും കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്നു. ദൃശ്യങ്ങൾ മായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇവർ പറയുന്നു.
പണം വീട്ടമ്മയുടെ കൈയിൽ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 5000 രൂപയാണ് നൽകിയതെന്നു പറയുന്നു. പണം നൽകിയ സ്ത്രീ എൻഡിഎയുടെ വാഹനവ്യൂഹത്തിനു സമീപത്തേക്കു പോകുന്നതും ദൃശ്യങ്ങളിലും കാണാം.
വോട്ടിനു പണം നൽകുന്നതു ഗുരുതരമായ ചട്ടലംഘനമാണ്. കുറ്റകൃത്യം തെളിഞ്ഞാൽ സ്ഥാനാർഥിത്വം തന്നെ അയോഗ്യമാകുന്ന കുറ്റമാണ് വോട്ടിനു പണം നൽകൽ. അതേസമയം, ആരോപണം നിഷേധിച്ചുകൊണ്ട് ശോഭ സുരേന്ദ്രൻ രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെ, വാർത്ത പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിവാദത്തിൽ ഇലക്ഷൻ കമ്മീഷൻ എന്തു നടപടിയെടുക്കുമെന്നു നോക്കാമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം.
അതേസമയം, ഈ മേഖലയിൽ നേരത്തെയും എൻഡിഎ ആളുകൾക്കു പണം നൽകിയെന്നും എന്നാൽ, അതിനു തെളിവു സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇത്തവണ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞെന്നും കോൺഗ്രസ് പറയുന്നു.
പണം തന്നിട്ടില്ലെന്നാണ് വയോധികയുടെ വീട്ടുകാർ പറയുന്നത്. വയോധികയ്ക്കു പെൻഷൻ കിട്ടിയ തുകയാണ് കൈയിലിരുന്നതെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ, മാധ്യമങ്ങളോടു കൂടുതൽ സംസാരിക്കാൻ ബന്ധുക്കൾ വയോധികയെ അനുവദിച്ചില്ല.
National
ബംഗളൂരു: ഡെലിവറി ബോയിയെ മൂന്ന് പേർ ചേർന്ന് ആക്രമിച്ച് പണം കവർന്നു. ഉത്തർപ്രദേശ് സ്വദേശി ഗോപീകിഷനെയാണ് മൂന്ന് പേർ ചേർന്ന് മർദിക്കുകയും 49,000 രൂപ ഓൺലൈനായി തട്ടിയെടുക്കുകയും ചെയ്തത്.
പഠന ചെലവിനും ദൈനംദിന ആവശ്യങ്ങൾക്കുമായി അവധി ദിവസങ്ങളിൽ ഡെലിവറി ബോയി ആയി ജോലി ചെയ്തു വരികയായിരുന്നു ഗോപീകിഷൻ. സുഹൃത്ത് ഓംകാറിനോപ്പം ഓർഡറിനായി കാത്തുനിൽക്കുന്പോഴായിരുന്നു മൂന്ന് പേർ ഇവരെ സമീപിച്ചത്. പ്രതികൾ ഇരുവരോടും പണം ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തു.
പോക്കറ്റുകൾ പരിശോധിച്ചെങ്കിലും പണം ലഭിക്കാത്തതിനെ തുടർന്ന് ഗോപീകിഷന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് പാസ്വേർഡ് കൈക്കലാക്കി. പല തവണകളായി 49,000 രൂപ പ്രതികൾ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുകയും പോലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് സുഹൃത്തുകളുടെയും ബന്ധുക്കളുടെയും നിർദേശപ്രകാരമാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പേലീസ് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നുവെന്ന് എൽഡിഎഫ്. സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ് അഡ്വ. ജയിൽ കുമാരാണ് ആരോപണവുമായി രംഗത്തെത്തിയത്.
ആറ്റുകാൽ മേടമുക്കിലെ ബിജെപിയുടെ ബൂത്ത് ഓഫീസിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ജയിൽ കുമാർ രംഗത്തുവന്നിരിക്കുന്നത്.
ആറ്റുകാൽ മേടമുക്കിലെ ബിജെപിയുടെ ബൂത്ത് ഓഫീസിൽ നിന്ന് 336 ലിറ്റർ മദ്യമാണ് എക്സൈസ് പിടികൂടിയത്. എന്നാൽ, ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം.
പോലീസും എക്സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടും. വ്യാപകമായി ബിജെപി പ്രവർത്തകർ മദ്യം വിതരണം ചെയ്യുന്നു. ഗൗരവപൂർണമായ അന്വേഷണം കമ്മീഷൻ നടത്തിയില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പ്രവർത്തകർ തടയുമെന്നും അദ്ദേഹം പറഞ്ഞു.
National
ബംഗളൂരു: ബംഗളൂരുവിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ അടിച്ചു കൊന്നു. കൊൽക്കേരി സ്വദേശി വി. കിരൺ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ എസ്. യുവരാജ് (28), സുഹൃത്ത് എസ്. ഗംഗാരാജ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി കിരൺ യുവരാജിനോട് പണം ആവശ്യപ്പെട്ട് ശല്യം ചെയ്തിരുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കിരണം പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
സംഭവം നടക്കുന്ന ദിവസം യുവരാജും ഗംഗാരാജും സഞ്ചരിക്കുന്ന ഓട്ടോ കിരൺ തടഞ്ഞുനിർത്തി വീണ്ടും പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് കോപാകുലനായ യുവരാജ് ഓട്ടോയിലുണ്ടായിരുന്ന ജാക്കി ഉപയോഗിച്ച് കിരണിന്റെ തലയിൽ അടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കിരൺ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പിന്നീട് റോഡിൽ കിടക്കുന്ന കിരണിന്റെ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പിടികുടി.
കൊല്ലപ്പെട്ട കിരൺ മുന്‍പ് പണത്തിനായി ആളുകളെ ആക്രമിച്ചതിന്റെ പേരിൽ മൂന്ന് കേസുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: തട്ടുകട നടത്തുന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണം കവർന്ന കേസിലെ പ്രതികൾ അറസറ്റിൽ. നെടുമങ്ങാട് പഴകുറ്റിയിലാണ് സംഭവം.
വിതുര സ്വദേശികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ ബോണക്കാട് സ്വദേശി വിജയ് (26), വിതുര സ്വദേശി ഗോകുൽ ഗോപി (21), തൊളിക്കോട് സ്വദേശി പ്രശാന്ത്(22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ നാലാം തീയതി രാത്രി പത്തരയോടെയാണ് സംഭവം. പഴകുറ്റിയിൽ ശിവാസ് ഫാസ്റ്റ് ഫുഡ് എന്ന പേരിൽ ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന തമിഴ്നാട് സ്വദേശി ശിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കാറിലെത്തിയ സംഘം പൈസാ എടുക്കടാ എന്ന് ആക്രോശിച്ച് ശിവയെ അസഭ്യം വിളിക്കുകയായിരുന്നു. തന്റെ പെട്ടിയിലെ പണം എടുക്കുന്നത് തടയാൻ ശ്രമിച്ച ശിവയെ പ്രതികൾ കൈയിലുണ്ടായിരുന്ന സ്റ്റീൽ വള കൊണ്ട് നെഞ്ചിലിടിച്ച് മാരകമായി പരിക്കേൽപ്പിച്ചു.
5,000ത്തോളം രൂപയുമായി സംഘം കടന്നുകളയുകയായിരുന്നു.സംഭവത്തിന് പിന്നാലെ ശിവ നൽകിയ പരാതിയിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം തൊളിക്കോട് ഭാഗത്ത് വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
Kerala
കൊച്ചി: ഫെഫ്ക ആര്‍ട്ട് ഡയറക്ടേഴ്സ് യൂണിയനില്‍നിന്ന് 1.25 കോടി രൂപ തട്ടിയ കേസില്‍ ഒന്നാം പ്രതിയായ മുന്‍ ജീവനക്കാരി മരിയ ഫ്രാന്‍സിസ്ക പണം തട്ടിയത് സ്വന്തം അക്കൗണ്ടിന്റെ യുപിഐ സ്കാനര്‍ ഉപയോഗിച്ച്.
2018 മുതല്‍ 2025 വരെ ആസൂത്രിതമായി നടത്തിവന്ന തട്ടിപ്പില്‍ അംഗങ്ങളുടെ വാര്‍ഷിക വരിസംഖ്യ, ലെവി തുടങ്ങി പല ആവശ്യങ്ങള്‍ക്കും നല്കിയ പണമാണ് ഇവര്‍ കൈക്കലാക്കിയത്.
കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മരിയയുടെ മക്കളായ ഡോണ്‍ ജോസ്, ബെന്‍ ജോസ്, ഡോണിന്റെ ഭാര്യ അനഘ, ഫെഫ്ക യൂണിയന് ഓഫീസിലെ മറ്റൊരു ജീവനക്കാരിയായ കലൂര്‍ ആര്യപ്പാടം സ്വദേശിനി ലിജി ലെസീന്ത എന്നിവരാണു പ്രതികള്‍.
സ്കാനര്‍ വഴിയാണ് അംഗങ്ങള്‍ പണം ഓണ്‍ലൈനായി അടച്ചിരുന്നത്. എന്നാല്‍ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ പണം എത്തിയതായി കാണുന്നുണ്ടായിരുന്നില്ല. ഇതോട ഓഡിറ്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 1.25 കോടിയുടെ തിരിമറിയാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ഇതോടെ അംഗങ്ങളുടെ വരിസംഖ്യയടക്കം വ്യാജ വൗച്ചറുകളും രേഖകളും ചമച്ച് തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടി ഫെഫ്ക ആര്‍ട്ട് ഡയറക്ടര്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി സജി ജോസഫ് കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിച്ചിരുന്നില്ല.
National
ന്യൂഡൽഹി: എൽപിജി വിലവർധനയിലും ലഭ്യതക്കുറവിലും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭനം തുടരുന്നു.
ഇന്നലെ രാവിലെ 11ന് ലോക്സഭയിൽ നടപടികൾ ആരംഭിപ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കേന്ദ്രസർക്കാരിനെതിരേ മുദ്യാവാക്യം മുഴക്കിയതോടെ ഉച്ചവരെ സഭാ നടപടികൾ സ്പീക്കർ നിർത്തിവച്ചു. പിന്നീട് രണ്ടു തവണ ചേർന്നപ്പോഴും പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ തിങ്കളാഴ്ച ചേരുന്നതിനായി ലോക്സഭ പിരിച്ചുവിട്ടു.
എന്നാൽ പ്രതിപക്ഷ ബഹളത്തിനിടയിലും ഉപധനാഭ്യർഥന ചർച്ചയ്ക്കു ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ മറുപടി നൽകി. അടുത്ത സാന്പത്തികവർഷത്തക്കുള്ള പുതുക്കിയ എസ്റ്റിമേറ്റുകൾക്കുള്ളിൽ ധനക്കമ്മി നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിർമല വ്യക്തമാക്കി.
ആഗോള സാന്പത്തിക പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിന് സാന്പത്തികസ്ഥിരതാ ഫണ്ടുകൾക്കായി 57381.84 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചതായി നിർമല പറഞ്ഞു. എൽപിജി ക്ഷാമം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ തയാറാണെന്നും അവർ കൂട്ടിച്ചേർത്തു.
എൽപിജി ക്ഷാമം ഉയർത്തിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇപ്പോഴത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യം പറയുന്പോൾ അതു കേൾക്കാതെയുള്ള പ്രതിപക്ഷബഹളം വിരോധാഭാസമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഇതോടൊപ്പം കർഷകർക്ക് 19230 കോടി രൂപയുടെ വളം സബ്സിഡി അധികമായി അനുവദിച്ചിട്ടുണ്ടെന്നും നിർമല മറുപടിപ്രസംഗത്തിൽ അറിയിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കു കീഴിൽ സബ്സിഡിയിനത്തിൽ 23,641 കോടിയുടെയും അധികവിനിയോഗത്തിനും പാർലമെന്റിന്റെ അനുമതി തേടിയതായി മന്ത്രി പറഞ്ഞു.
പ്രതിരോധമന്ത്രാലയത്തിനായി 41,822 കോടി രൂപ കൂടുതൽ അനുവദിച്ചതായി നിർമല അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ മാർച്ച് 31 വരെയുള്ള ചെലവിലേക്കായി 30,000 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബി ജിറാംജി നിയമം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. നടപ്പ് സാന്പത്തികവർഷത്തെ ബാക്കിയുള്ള കാലയളവിലേക്കായി 2.81 ലക്ഷം കോടിയുടെ അധികച്ചെലവിനുള്ള ധനാഭ്യർഥന ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.
SUNDAY DEEPIKA
പോരടിച്ച് പരസ്പരം കൊല്ലാൻ മനുഷ്യൻ വികസിപ്പിച്ചെടുത്ത ഏറ്റവും ആധുനികമായ വ്യോമയാനങ്ങളുടെ ബൃഹത്തായ ഒരു പ്രദർശനംകൂടിയാണ്, കഴിഞ്ഞ മാസം 28ന് ആരംഭിച്ച അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധം.
ലോകത്ത് നിലവിലുള്ള പോർവിമാനങ്ങളിൽ മികച്ചതെല്ലാം അമേരിക്കയും ഇസ്രയേലും കൂടി രംഗത്തിറക്കിയിട്ടുള്ളപ്പോൾ സോവിയറ്റ് കാലഘട്ടംമുതൽ ഉപയോഗത്തിലിരുന്നവയും പിന്നീട് സ്വന്തമായ വികസിപ്പിച്ചെടുത്തവയുമായ വിമാനങ്ങളുമായാണ് ഇറാൻ പ്രതിരോധിക്കുന്നത്.
അമേരിക്കയും ഇസ്രയേലും കൂടി ലോക്ഹീഡ് മാർട്ടിൻ എഫ്22 റാപ്റ്റർ, ലോക്ഹീഡ് മാർട്ടിൻ എഫ്35 ലൈറ്റ്നിംഗ് II, ജനറൽ ഡൈനാമിക്സ് എഫ്16 ഫാൽക്കൺ, ബോയിങ് എഫ്/എ18എഫ് സൂപ്പർ ഹോണറ്റ്, മക്ഡൊണാൽ ഡഗ്ലസ് എഫ്151. ജനറൽ ഡൈനാമിക്സ് എഫ്161 സുഫ എന്നിവയും ഇറാൻ ഗ്രമ്മൻ എഫ്14 ടോംകാറ്റ്, മിഗ്19, സുഖോയ്24 യാക്130, എച്ച്ഇഎസ്എ സായീഖ്, എച്ച്ഇഎസ് എ കൗസർ എന്നീ പോർവിമാനങ്ങളും പോരാട്ടത്തിന്റെ മുൻനിരയിൽ അണിനിരത്തി.
അമേരിക്കയുടെ നോർത്ത്രപ് ഗ്രമ്മൻ ബി2 സ്പിരിറ്റ് ബോംബർ വിമാനങ്ങളിൽ മുന്നിട്ടു നിൽക്കുമ്പോൾ യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവച്ചുതന്നെ ഇന്ധനം നിറച്ചുനൽകുന്ന ബോയിംഗ് കെസി135 സ്ട്രാറ്റോടാങ്കർ, ബോയിംഗ് കെസി46 പെഗാസസ് എന്നിവയും ആളും ചരക്കും കൊണ്ടുപോകാൻ ബോയിംഗ് സി17 ഗ്ളോബ്മാസ്റ്റർ III വിമാനവും അമേരിക്കൻ-ഇസ്രയേൽ കൂട്ടുകെട്ടിനുണ്ട്.
ഇതിനു പുറമേ നിരീക്ഷണത്തിനുംവിവരശേഖരണത്തിനും ബോയിംഗ് ഇ3 സെൻട്രി, ബോയിംഗ് ഇ7 വെഡ്ജ്ടെയിൽ, ബോയിംഗ് ആർസി135 റിവെട്ട് ജോയിന്റ്്, ബോയിംഗ് ആർസി135യു, ബോയിംഗ് ആർസി135എസ്, നോർത്ത്രപ് ഗ്രമ്മൻ ഇ8, ലോക്ഹീഡ് യു2 ഡ്രാഗൺ ലേഡി, ബോയിംഗ് പി8 പസായിഡൻ, നോർത്ത്രപ് ഗ്രമ്മൻ എംക്യു4സി ട്രൈറ്റൺ, ഐഎഐ എയ്റ്റം, ഐഎഐ ഷവിറ്റ്, ബീച്ചക്രാഫ്റ്റ് കിംഗ് എയർ ബി200 ടി എന്നിവ അമേരിക്കയും ഇസ്രയേലും ഉപയോഗിക്കുമ്പോൾ, ഇറാന്റെ പക്കലുള്ളത് ഫോക്കർ എഫ്27 ഫ്രണ്ട്ഷിപ്പ്, വൈ12 മരീടൈം പട്രോൾ എയർക്രാഫ്റ്റ്, ഷഹീദ്129 യുഎവി എന്നിവയാണ്.
ജനറൽ അറ്റോമിക് എംക്യു9 റീപ്പർ, ആർക്യു4 ഗ്ലോബൽ ഹ്വാക്ക് എന്നീ നിരീക്ഷണ ഡ്രോണുകളും അമേരിക്കയ്ക്കുണ്ട്. മൊത്തം 36-48 ലോക്ഹീഡ് മാർട്ടിൻ എഫ്16, 12-14 എഫ്22, 18-30 എഫ്35, 24 എഫ്15ഇ, 12 ഫെയർചൈൽഡ് റിപ്പബ്ലിക് എ10 തണ്ടർബോൾട്ട് എന്നീ യുദ്ധവിമാനങ്ങൾ മധ്യപൂർവ പ്രദേശത്ത് പോരിനുണ്ട് എന്നാണ് ഏകദേശ കണക്ക്.
യുദ്ധത്തിന്റെ മൊത്തം ഗതിയും ആദ്യം മുതലേ നിർണയിച്ചുകൊണ്ടിരുന്ന മിസൈലുകളും ഡ്രോണുകളുമാണ് അടുത്തത്. ഫത്തേഹ് 110, ഫത്താ 2, ക്വാം, ഷഹാബ് എന്നീ ബാലിസ്റ്റിക് മിസൈലുകളും സൗമർ, പാവേഹ് എന്നീ ക്രൂസ് മിസൈലുകളും ഷഹേദ് 136, ഷഹേദ് 129, മൊഹാജെർ 6 എന്നീ ഡ്രോണുകളും ഉപയോഗിക്കുന്ന ഇറാന്റെ യുദ്ധതന്ത്രം അപ്പാടെ ഇവയെ കേന്ദ്രീകരിച്ചാണ്.
ബ്ലാക് സ്പാരോ, റാംപേജ്, ദെലിയ എന്നീ ദീർഘദൂര മിസൈലുകളും സ്പൈക് എന്ന പ്രിസിഷൻ ഗൈഡഡ് മിസൈലുമാണ് ഇസ്രയേലിനുള്ളത്. ഡ്രോണുകൾ ഐഎഐ ഹാരോപ്, ഐഎഐ ഹെറോൺ, ഹെർമിസ് 900 എന്നിവയും, ടോംഹ്വാക്, എജിഎം 158 ജഐഎസ്എസ്എം എന്നീ ക്രൂസ് മിസൈലുകളും എജിഎം88 എച്ച്എആർഎം ആന്റി റേഡിയേഷൻ മിസൈലും അമേരിക്ക ഉപയോഗിക്കുന്നു. ജനറൽ അറ്റോമിക്സ് എംക്യു9 റീപ്പർ, ആർക്യു4ഗ്ലോബൽ ഹ്വാക്ക് നിരീക്ഷണ വിവരശേഖരണ ഡ്രോണുകളിൽ ആദ്യത്തേത് മിസൈൽ ആക്രമണത്തിന് കെൽപ്പുള്ളതുമാണ്.
അയൺ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ3 എന്നിവ ഇസ്രയേലിനെയും, പാട്രിയട്ട് മിസൈൽ സിസ്റ്റം, എസ്എം3 ഇന്റർസെപ്റ്റർ അമേരിക്കയെയും മിസൈൽ ആക്രമണങ്ങളിൽനിന്ന് പ്രതിരോധിക്കുമ്പോൾ ഇറാന്റെ സംരക്ഷണ കവചത്തെപ്പറ്റി (അങ്ങിനെയൊന്നുണ്ടെങ്കിൽ) കൃത്യമായ വിവരങ്ങളൊന്നുമില്ല.
ഇനി പോരാട്ടത്തിന്റെ ചെലവുകൂടി നോക്കുക:
അമേരിക്ക ഒരു ദിവസം 80-150 കോടി ഡോളർ ചെലവാക്കുമ്പോൾ, ഇസ്രയേലിന് ചെലവാകുന്നത് 30-50 കോടി ഡോളറാണ്. തിരിച്ചടിക്കാൻ ഇറാനുള്ള ചെലവ് പ്രതിദിനം 10-30 കോടി ഡോളർ.
ഒരാഴ്ചത്തേക്ക് അമേരിക്കയ്ക്ക് 600-1000 കോടി ഡോളറും ഇസ്രയേലിന് 300 കോടിയും ആവശ്യമുള്ളപ്പോൾ ഇറാന് വേണ്ടത് 100-200 കോടി. പോരടിക്കാൻ മൂന്നു കൂട്ടരും കൂടി ഒരാഴ്ച കത്തിച്ചു കളയുന്നത് 1000-1500 കോടി ഡോളറാണെന്നർഥം.
യുദ്ധം ഒരു മാസം നീണ്ടാൽ ആകെ ചെലവാകാൻ പോകുന്ന തുക: 4000-6000 കോടി ഡോളർ. അതായത്, 3,66,382- 5,49,573 കോടി രൂപ. ഇക്കൊല്ലം കേരളത്തിന്റെ വാർഷിക ചെലവ് 1,98,582 കോടിയായിരുന്നു എന്നോർക്കുക.
Kerala
തിരുവനന്തപുരം: പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കന്റോൺമെന്റ് പോലീസ് പിടികൂടി. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സജീദ് (36), ഉഴമലയ്ക്കൽ കുളപ്പട സ്വദേശി ഷൈൻ മോഹൻ (37) എന്നിവരാണ് അറസ്റ്റിലായത്.
ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. പത്ത് ലക്ഷം രൂപ നൽകിയാൽ പകരം ഇരുപത് ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് വ്യാജേന ലോട്ടറി ടിക്കറ്റുകൾ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ചാണ് ഇവർ പരാതിക്കാരിക്ക് നൽകിയത്.
കഴിഞ്ഞ ഡിസംബർ മാസത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീ കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയത്.അസിസ്റ്റന്റ് കമ്മീഷണർ അജയനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ സജീദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രണ്ടാം പ്രതിയായ ഷൈനിനെതിരെയുള്ള മറ്റു നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കന്റോൺമെന്റ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്ഐമാരായ സന്ദീപ്, പ്രജീവ്, സിവിൽ പോലീസ് ഓഫീസർമാരായ സുബി, അനൂപ് റാം, രതീഷ്, ഷെറിൻ, അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. തിരുമല സ്വദേശി അനുരാജ്(36) ആണ് പിടിയിലായത്.
മ്യൂസിയം പോലീസാണ് അനുരാജിനെ പിടികൂടിയത്. വ്യാജരേഖകള്‍ നല്കി എസ്ബിഐ ആല്‍ത്തറ ശാഖയില്‍ നിന്നാണ് അനുരാജ് പണം തട്ടിയത്.
പ്രതിയുടെ കാറില്‍ നിന്ന് ലഹരി മരുന്നായ എംഡിഎംഎയും കണ്ടെടുത്തു. സീറ്റിനടിയിലെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.
ലഹരി മരുന്ന് കടത്തിയതിനും പ്രതിക്കെതിരെ കേസെടുത്തു. ഡിസിപി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
District News
കാസർഗോഡ്: കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാമെന്നുപറഞ്ഞ് ആളുകളെ നേരിട്ടു ബന്ധപ്പെട്ട് വ്യാജസ്വർണം നൽകി പണംതട്ടുന്ന കർണാടക സ്വദേശികളായ നാലംഗ സംഘം പിടിയിൽ. മാണ്ഡ്യ സ്വദേശികളായ അർജുൻ സോളങ്കി (30), ഗണേഷ് സോളങ്കി (53), ജീവൻലാൽ (62), ഹരിലാൽ (37) എന്നിവരെയാണ് കാസർഗോഡ് പോലീസ് പിടികൂടിയത്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് കാഞ്ഞങ്ങാട്ടെ ഒരു സ്ഥാപനത്തിൽ ഇവർ ആഭരണം വിൽക്കാനെത്തിച്ചപ്പോൾ സംശയം തോന്നി പോലീസിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പള്ളിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സംഘത്തെ കണ്ടെത്തിയത്. വ്യാജ ആഭരണങ്ങൾ വില്പന നടത്താനായി കൊണ്ടുപോകുമ്പോൾ കാസർഗോഡ് ചന്ദ്രഗിരി റോഡ് ജംഗ്ഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
സംഘത്തിന്റെ കൈയിൽനിന്ന് കോപ്പറും കാഡ്മിയവും ഉപയോഗിച്ച് നിർമിച്ച ആറേമുക്കാൽ കിലോ വ്യാജ ആഭരണങ്ങളും ഏഴ് ഗ്രാം യഥാർഥ സ്വർണവും കണ്ടെത്തി. ആവശ്യക്കാർക്ക് ആദ്യം പരിശോധിക്കാൻ നൽകുന്നത് യഥാർഥ സ്വർണം തന്നെയാണ്. കച്ചവടമുറപ്പിച്ച് പണം വാങ്ങിയതിനു ശേഷമാണ് വ്യാജ ആഭരണങ്ങൾ നൽകുന്നത്.
സ്വർണമല്ലെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് ഇവയും നിർമിച്ചിരിക്കുന്നത്. ജ്വല്ലറികളിൽ നിന്ന് കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാമെന്നു പറഞ്ഞാണ് ഇവർ ആവശ്യക്കാരെ ബന്ധപ്പെടുന്നത്. പിടിയിലായ സംഘത്തെ പോലീസ് ചോദ്യംചെയ്തു വരികയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന മുൻ തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും സ്ഥാപന ഉടമയുടെ വീട്ടിലും ഇഡി പരിശോധന. നിക്ഷേപ തട്ടിപ്പിൽ തകർന്നുപോയ തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ധനകാര്യ സ്ഥാപനത്തിലായിരുന്നു ഇഡി പരിശോധന നടത്തിയത്.
തന്ത്രിക്ക് നെടുംപറമ്പ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തില്‍ ഇഡി പരിശോധന നടത്തിയത്. സ്ഥാപന ഉടമ എന്‍.എം. രാജുവിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
നെടുംപറന്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിലെ പരിശോധന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണെന്നാണ് ഇഡിയുടെ വിശദീകരണം. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കേരളത്തിൽ ഉടനീളം ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് കമ്പനി നടത്തി. നിക്ഷേപങ്ങളിലൂടെ നേടിയ പണം ഷെൽ കമ്പനികളിലേക്ക് വക മാറ്റിയെന്നും ഭൂമിയും കെട്ടിടങ്ങളും വാങ്ങിയെന്നും ഇഡി സംശയിക്കുന്നു.
കമ്പനിയുടെ ഉടമകളുടെയും മറ്റുള്ളവരുടെയും സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന തുടരുമെന്നും ഇഡി അറയിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ തന്ത്രി പണം നിക്ഷേപിച്ചെന്ന് എസ്ഐടി സംശയിക്കുന്ന സ്ഥാപനമാണിത്.
Kerala
ആലപ്പുഴ: കായംകുളം ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 30,000 രൂപ പിടിച്ചെടുത്തു. ഓഫീസിനുള്ളിൽ ഏജന്റുമാരുടെ സ്വാധീനം വർധിക്കുന്നതായും സേവനങ്ങൾക്കായി കൈക്കൂലി വാങ്ങുന്നതായും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരിൽ നിന്നാണ് പണത്തിന്റെ ഭൂരിഭാഗവും കണ്ടെടുത്തത്. ഏകദേശം 30,000 രൂപയോളം ഇവരിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.
കൂടാതെ, ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നു കൃത്യമായ ഉറവിടം വെളിപ്പെടുത്താത്ത 1,000 രൂപയും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്
Kerala
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 40 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞ പ്രതി രണ്ട് വർഷത്തിനു പിടിയിൽ. വിയ്യൂർ പടുകാട് പുത്തൻ വീട്ടിൽ ഹെൻറി ജോസഫ് (31 ) ആണ് പിടിയിലായത്.
സംഭവത്തിന് പിന്നാലെ രാജ്യം വിടാൻ ശ്രമിച്ച പ്രതിയെ ബോംബെ വിമാനത്താവളത്തിൽ നിന്നും ചെറുതുരുത്തി പോലീസ് ആണ് പിടികൂടിയത്.
ആലപ്പുഴയിൽ നിന്നും ചെറുതുരുത്തിയിൽ വന്ന് വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ, യുവതിയുടെ 40 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും ഇയാൾ കൈക്കലാക്കി. തുടർന്ന് 2024ൽ നാടുവിട്ടു.
ഇയാൾ ബോംബെ വഴി വിദേശത്തേക്കു കടക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ചെറുതുരുത്തി സിഐ വിനു, എസ്ഐമാരായ എ.ആർ. നിഖിൽ, ജോളി സെബാസ്റ്റ്യൻ, പോലീസ് ഉദ്യോഗസ്ഥരായ വിനീത് മോൻ, ഗിരീഷ് എന്നിവർ അടങ്ങുന്ന സംഘം വളരെ സാഹസികമായി ബോംബെ എയർപോർട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്.
Kerala
കൊച്ചി: രാഹുൽ ഗാന്ധിയിൽ നിന്നും പ്രിയദർശിനി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ സമ്മാനത്തുക കോൺഗ്രസിന് തന്നെ കൈമാറി ഡോ. എം. ലീലാവതി ടീച്ചർ.
സമ്മാനത്തുകയായ ഒരു ലക്ഷം രൂപയാണ് ലീലാവതി ടീച്ചർ, രാജീവ് ഗാന്ധി ഫൗണ്ടേഷനായി നൽകിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉന്നത പദങ്ങളിൽ എത്തട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് ലീലാവതി ടീച്ചർ ചടങ്ങിൽ സംസാരിച്ചത്.
ഇന്ദിരാ ഗാന്ധിയില്‍ നിന്ന് പുരസ്കാരം ലഭിച്ചിട്ടുണ്ട്, ഇപ്പോള്‍ കൊച്ചു മകന് രാഹുല്‍ ഗാന്ധിയില്‍ നിന്നും പുരസ്കാരം ലഭിച്ചുവെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ലീലാവതി ടീച്ചർ പറഞ്ഞു.
ഇന്ദിരാ ഗാന്ധി രാജ്യത്തിന് വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ചു. ഇന്ദിരാ ഗാന്ധി മതേതരത്വത്തിന് വേണ്ടി നിലകൊണ്ടു. രാഹുലും പ്രിയങ്കയും രാജ്യത്തിന്റെ കൂടുതല്‍ പ്രധാന സ്ഥാനങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു. അത് കാണാന്‍ താന്‍ ചിലപ്പോള്‍ ഉണ്ടായെന്ന് വരില്ല. പക്ഷെ താന്‍ അത് ഭാവനയില്‍ കാണുന്നു. അങ്ങനെ സംഭവിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും ലീലാവതി ടീച്ചർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്.
കുമാരപുരം സ്വദേശി അലക്സ് നല്കിയ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയില്‍ ഭൂമിയില്‍ ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി.
നിര്‍മാണ കമ്പനിയായി ആന്‍ഡ ഷിബു ബേബി ജോണിന്റെ കുടുംബത്തിന്റെ കഴക്കൂട്ടം ചാക്ക ബൈപ്പാസിലെ 40 സെന്റ് ഭൂമിയില്‍ നിര്‍മിക്കാനിരുന്ന ഫ്ളാറ്റുമായി ബന്ധപ്പെട്ടാണ് പരാതി.
ഫ്ളാറ്റ് നിര്‍മിച്ച് വില്‍ക്കുന്നതിന് ആന്‍ഡ നിര്‍മാണ കമ്പനിയുമായി ഷിബു ബേബി ജോണും കുടുംബവും ധാരണാപത്രം തയാറാക്കിയിരുന്നു. ഇത് പ്രകാരം പരാതിക്കാരനായ അലക്സ് ആന്‍ഡ കമ്പനിക്ക് രണ്ട് തവണയായി 15 ലക്ഷം രൂപ അലക്സ് കൈമാറിയിരുന്നു. ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്.
എന്നാല്‍, അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഫ്ളാറ്റ് നിര്‍മാണം മുന്നോട്ടുപോയില്ല. തുടര്‍ന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ചൂണ്ടിക്കാട്ടി അലക്സ് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍, പരാതിക്കാരന് പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.
എന്നാല്‍, താന്‍ പണം വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ കേസാണെന്നുമാണ് ഷിബു ബേബി ജോണിന്റെ നിലപാട്. നിര്‍മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ്‍ വിശദീകരിക്കുന്നു.
National
ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽനിന്ന് പണം കണ്ടെത്തിയ കേസിൽ പാർലമെന്ററി സമിതിക്കു മുന്നിൽ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് ജസ്റ്റീസ് യശ്വന്ത് വർമ. സംഭവം നടന്നു എന്നാരോപിക്കുന്ന ദിവസം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും സംഭവസ്ഥലം സുരക്ഷിതമാക്കാൻ ഉദ്യോഗസ്ഥർ പരാജയപ്പെട്ടാൽ താൻ ഉത്തരവാദിയല്ലെന്നും സമിതിക്കു മുന്നിൽ അദ്ദേഹം മൊഴി നൽകിയതായാണ് സൂചന.
സ്റ്റോർ റൂമിൽ തീ പടർന്നതിനെ തുടർന്ന് എത്തിയ പോലീസ്, അഗ്നിശമന സേന തുടങ്ങിയവർ വ്യക്തമായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചതായും അന്വേഷണസമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. കേസിൽ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതിക്കു മുന്നിൽ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് പാർലമെന്റിന്റെ അന്വേഷണസമിതിക്കു മുന്നിലും ജസ്റ്റീസ് വർമ സ്വീകരിച്ചതെന്നും സൂചനയുണ്ട്.
ഔദ്യോഗിക വസതിയിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്നും വീട്ടിൽനിന്ന് മാറിയുള്ള ഔട്ട് ഹൗസിലാണ് സംഭവമെന്നും ജസ്റ്റീസ് വർമ അന്വേഷണ സമിതിക്കു മുന്നിൽ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ബാരക്കുകൾ സ്ഥാപിച്ചിരിക്കുന്നതിന് സമീപമാണ് ഔട്ട് ഹൗസ്. അതിനാൽ മറ്റ് പലർക്കും അവിടേക്ക് പ്രവേശിക്കാമെന്നും ജസ്റ്റീസ് വർമ പറഞ്ഞു. അതോടൊപ്പം തനിക്കെതിരായ ആരോപണങ്ങളെ സാധൂകരിക്കാൻ കഴിയുംവിധമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നും ജസ്റ്റീസ് വർമ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മാർച്ച് 15നാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റീസ് വർമയുടെ ഔദ്യോഗിക വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത നോട്ട് കെട്ടുകൾ കണ്ടെടുക്കുന്നത്.
Kerala
കൊച്ചി: പ്രതിയിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി.വി. ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കഞ്ചാവ് കണ്ടെത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന 10,000 രൂപ കൈപ്പറ്റിയെന്നാണ് പരാതി. തൊഴിലുടമ നൽകിയ പരാതിയിന്മേൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Kerala
മട്ടന്നൂർ: അടച്ചിട്ട വീടിന്റെ വാതിൽ തകർത്തു 10 പവൻ സ്വർണാഭരണങ്ങളും 10000 രൂപയും കവർന്ന സംഭവത്തിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കല്യാണത്തട്ടിപ്പുകാരനായ പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) മട്ടന്നൂർ പോലീസ് പിടികൂടിയത്. മോഷണശേഷം കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്ന നവാസിനെ ഇന്നു രാവിലെ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ചാണ് പോലീസ് പിടികൂടിയത്.
തെരൂർ പാലയോട്ടെ പൗർണമിയിൽ ടി. നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്. നാരായണൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. ഈ മാസം 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബെംഗളൂരുവിലെ വീട്ടിൽ പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഒരു കരിമണി മാല, മൂന്ന് മോതിരം, ഒരു കമ്മൽ എന്നിവയാണ് മോഷണം പോയത്. മുൻ വശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ചാണ് തകർത്തത്. വീടിനു ചുറ്റും സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും വീടിന്റെ മുൻ ഭാഗത്തും പിൻ ഭാഗത്തും സ്ഥാപിച്ച കാമറകൾ തകർത്തു മോഷ്ടാവ് കൊണ്ടുപോയി. എന്നാൽ ഒരു സിസിടിവിയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗ് ട്രെയിൻ യാത്രയ്ക്കിടെ കവർന്നു. മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കോൽക്കത്തയിൽ നിന്ന് സമസ്തിപുരിലേക്ക് പോകുമ്പോഴായിരുന്നു കവർച്ച.
ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. ഉറങ്ങുമ്പോൾ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നുവെന്ന് ശ്രീമതി പറഞ്ഞു.
ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നുവെന്നും പി.കെ. ശ്രീമതി പറഞ്ഞു.
Kerala
പാലക്കാട്: പട്ടാമ്പി ടൗണിൽ ലോട്ടറി കടയിൽ മോഷണം. പട്ടാമ്പി-ഗുരുവായൂർ റോഡിൽ റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷന് സമീപത്തെ സൗമ്യ ലോട്ടറി ഏജൻസിയുടെ ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.
കടയിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകളും 10,000 രൂപയും നഷ്ടമായെന്നാണ് വിവരം. ഞായറാഴ്ചയാണ് സംഭവം.
ഞായറാഴ്ച രാവിലെ ജീവനക്കാരനെത്തി കട തുറക്കാൻ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്.
ഉടമയുടെ പരാതിന്മേൽ പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
National
ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ 19കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുൽദീപ് എന്ന 19കാരനാണ് കഴുത്തിൽ കുത്തേറ്റത്. കടം വാങ്ങിയ 2000 രൂപ തിരികെ നൽകാത്തതിനെതുടർന്നാണ് കുൽദീപിനെ പ്രതി കുത്തിയത്.
രത്തൻ എന്നയാളിൽനിന്ന് കുൽദീപ് 2000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രത്തൻ സുഹൃത്തായ ശ്യാംവീറിന്റെ സഹായത്തോടെ കുൽദീപിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
കഴുത്തിൽ സാരമായി മുറിവേറ്റ കുൽദീപിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഘർഷത്തിൽ ഇടപെട്ട ആദിത്യനും പരുക്കുണ്ട്. പോലീസ് എത്തിയാണ് കുൽദീപിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Kerala
തിരുവനന്തപുരം: പണം വാങ്ങി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ഉൾപ്പടെയുള്ളവർക്ക് ജയിലിൽ സൗകര്യം ഒരുക്കിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്. ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ വിനോദ്കുമാറിനെതിരേയാണ് വിജിലൻസ് കേസെടുത്തത്. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല. ഇതോടൊപ്പം തടവുകാർക്ക് പണം വാങ്ങി ഇയാൾ പരോൾ അനുവദിച്ചെന്നും കണ്ടെത്തി.
ഇതുസംബന്ധിച്ചു ലഭിച്ച പരാതിയെത്തുടർന്ന് വിജിലൻസ് രഹസ്യ പരിശോധന നടത്തിയിരുന്നു. പരാതിയിലെ പല കാര്യങ്ങളും ശരിയെന്നു ബോധ്യപ്പെട്ടതിനു പിന്നാലെയാണ് കേസെടുത്തത്. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.
രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തുകൊടുക്കുന്നതിന് വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നു പണം കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വൻ ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് അടക്കം ഇത്തരത്തിൽ പണം വാങ്ങി സൗകര്യം ഏർപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തടവുകാരുടെ ബന്ധുക്കളിൽനിന്നു പണം വാങ്ങിയ ശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
വിയ്യൂർ ജയിലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ ഇടനിലക്കാരാനായാണ് വിനോദ് കുമാർ പണം വാങ്ങുന്നതെന്നാണ് പ്രധാന കണ്ടെത്തൽ. ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചതായാണ് വിവരം. വിനോദ്കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെ വിജിലൻസ് സംഘം പരിശോധിച്ചു. ഒരു മാസത്തോളം നടത്തിയ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
National
ന്യൂഡൽഹി: ഡൽഹിയിൽ ബൈക്ക്-ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ ഇഡി കണ്ടെത്തിയത് 331.36 കോടി രൂപയുടെ ഇടപാടുകൾ. ഡൽഹിയിൽ റാപ്പിഡോ വാഹനമോടുന്ന യുവാവിന്റെ പേരിലുള്ള അക്കൗണ്ടിലാണ് 331 കോടി രൂപ കണ്ടെത്തിയത്. ഇയാളുടെ പേരിൽ എടുത്ത വ്യാജ അക്കൗണ്ടാണ് ഇത് എന്നാണ് കണ്ടെത്തൽ.
അനധികൃതമായി എത്തിയ പണം വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഉദയ്പൂരിൽ അടുത്തിടെ നടന്ന ആഡംബര വിവാഹത്തിന് ഈ അക്കൗണ്ട് വഴി പണം ചിലവാക്കിയെന്നും ഇഡി വ്യക്തമാക്കി.
ഗുജറാത്തിലെ ഒരു യുവ രാഷ്ട്രീയക്കാരനിലേക്ക് അന്വേഷണം നീളുന്നുന്നുവെന്നാണ് വിവരം. ഓൺലൈൻ വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പണമിടപാടുകൾ ട്രാക്ക് ചെയ്യുന്നതിനിടയിലാണ് റാപ്പിഡോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയ കോടികൾ ഇഡിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
എന്നാൽ ചോദ്യം ചെയ്യലിൽ തനിക്ക് അക്കൗണ്ടിനെക്കുറിച്ചോ നിക്ഷേപിച്ച പണത്തെക്കുറിച്ചോ അറിയില്ലെന്നാണ് ഇയാളുടെ മൊഴി. ഇത് മ്യൂൾ അക്കൗണ്ട് തട്ടിപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണെന്ന് ഇഡി സംശയിക്കുന്നുണ്ട്.
Kerala
കോട്ടയം: ബാങ്കിൽ അടയ്ക്കാൻ ഏൽപ്പിച്ച പണവുമായി മുങ്ങിയ ബാർ ഹോട്ടൽ മാനേജർ അറസ്റ്റിൽ. കുമരകം ഹെറിറ്റേജ് ബാർ ഹോട്ടലിന്റെ മാനേജരായിരുന്ന വർക്കല പണയറ സ്വദേശി വൈശാഖനെയാണ് പോലീസ് പിടികൂടിയത്.
ഈ മാസം 21നാണ് സംഭവം. ഹോട്ടലിൽ നിന്നും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം നാഗമ്പടം ബ്രാഞ്ചിൽ അടയ്ക്കുന്നതിനായി ഇയാളെ ഒൻപത് ലക്ഷം രൂപ ഏൽപ്പിച്ചിരുന്നു. ഈ പണവും ഹോട്ടലിലെ ദൈനദിന ചിലവിനായി സൂക്ഷിച്ച പതിനെണ്ണായിരം രൂപയുമായി ഇയാൾ കടന്ന് കളയുകയായിരുന്നു.
ഹോട്ടൽ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് ആണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യ പിടിയിൽ. ചമ്പക്കരയിൽ നിന്നാണ് രമ്യയെ പാലാരിവട്ടം പോലീസ് പിടികൂടിയത്.
കേസിൽ മൂന്നാം പ്രതിയാണ് രമ്യ. കേസിലെ പ്രതിയായ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബൈജു ഒളിവില്‍ തുടരുകയാണ്. ബൈജുവിന്റെ കൂട്ടാളി ഷിഹാമിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളത്ത് പോലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. അറസ്റ്റ് ഭയന്നാണ് പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ ബൈജു ഒളിവിൽ പോയത്. പോലീസ് ഇയാൾ താമസിക്കുന്ന വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. മൊബൈൽ ഫോണും സ്വിച്ച്ഡ് ഓഫാണ്.
കേസിലെ രണ്ടാം പ്രതിയെ മാത്രമാണ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്പായിൽ പോയ പോലീസുകാരനെ അവിടുത്തെ ജീവനക്കാരിയുടെ സ്വർണമാല മേഷ്ടിച്ചെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. എസ്ഐയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
National
മുംബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് തട്ടിപ്പുസംഘം വയോധികയിൽ നിന്ന് തട്ടിയെടുത്തത് 32.8 ലക്ഷം രൂപ. മുംബൈയിലെ സബ് അർബൻ മുളുന്ത സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായതെന്ന് പോലീസ് പറഞ്ഞു.
കൊളാബാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ പരാതിക്കാരിയുടെ ഭർത്താവിനെ ബന്ധപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2.5 കോടി രൂപയുടെ ഇടപാടുകൾ അവരുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും അതിൽ 25 ലക്ഷം രൂപ കമ്മീഷനായി നിക്ഷേപിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാർ പരാതിക്കാരിയുടെ ഭർത്താവിനോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് ആരെയും അറിയിക്കരുതെന്നും അല്ലാത്തപക്ഷം അവർ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി. പിറ്റേ ദിവസം പോലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച തട്ടിപ്പു സംഘത്തിലെ മറ്റൊരാൾ ദമ്പതികളെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു.
തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 37 ലക്ഷം രൂപയും കുറച്ച് സ്വർണവും ഉള്ളതായി പരാതിക്കാരി തട്ടിപ്പ് സംഘത്തോട് പറഞ്ഞു. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി 32.8 ലക്ഷം രൂപ തട്ടിപ്പുകാർ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരി പണം അയച്ചു നല്‍കുകയും വാട്സാപ്പിൽ പേയ്മെന്റ് സ്ലിപ്പ് നല്‍കുകയും ചെയ്തു. പിന്നീട് ദമ്പതികളുടെ മരുമകന്റെ നിർദേശ പ്രകാരമാണ് പരാതി നല്‍കിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: എറണാകുളം കടവന്ത്രയിൽ പോക്കറ്റിൽ നിന്ന് പണം കവർന്നത് ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഇന്ന് പുലർച്ചെയാണ് കൊലപാതകശ്രമം ഉണ്ടായത്.
റോഡരികിൽ കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാൻ ശ്രമിച്ചത്. പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തിയായിരുന്നു കൊലപാതകശ്രമം.
സംഭവത്തിൽ കൊച്ചി സ്വദേശി ആന്റപ്പനെ പോലീസ് പിടികൂടി. പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
National
പാറ്റ്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ ശരിയായ രീതിയിലല്ല വിജയിച്ചതെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനി. പണം ഒഴുക്കിയാണ് എൻഡിഎ വിജയിച്ചതെന്നും മുകേഷ് കുറ്റപ്പെടുത്തി.
"തെരഞ്ഞെടുപ്പ് ആകുന്പോൾ ജയം തോൽവിയും സാധാരണമാണ്. ഞങ്ങൾ പരാജയപ്പെട്ടു. പക്ഷെ എൻഡിഎ പണം കൊടുത്താണ് വിജയിച്ചത്. സ്ത്രീകൾ അതിനാൽ കൂട്ടത്തോടെ എൻഡിഎയ്ക്ക് വേണ്ടി വോട്ട് ചെയ്തു.'-മുകേഷ് പറഞ്ഞു.
10000 രൂപ കൊണ്ട് ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് മനസിലായല്ലോ എന്നും സഹാനി ചോദിച്ചു. യുവാക്കൾ മഹാസഖ്യത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. പക്ഷെ വിജയിക്കാൻ അത് മതിയായിരുന്നില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മുകേഷ് സഹാനിയുടെ വിഐപി പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. മഹാസഖ്യത്തിന് ആകെ 35 സീറ്റ് മാത്രമാണ് ലഭിച്ചത്. എൻഡിഎ 202 സീറ്റുകളിൽ വിജയിച്ച് ഭരണം നിലനിർത്തി.
Business
മുംബൈ: പണമിടപാടുകാരുടെ ലോകത്ത് വൻ മാറ്റങ്ങൾ കണ്ടുവരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ അയയ്ക്കുന്ന ഫണ്ടിന്റെ ഒരു ചെറിയ ഭാഗം വ്യത്യസ്തമായ വഴിയിലൂടെയാണ് ഇന്ത്യയിലെത്തുന്നത്.
പരന്പരാഗത ബാങ്കിംഗ് രീതികൾക്കു പകരം ക്രിപ്റ്റോകറൻസി വഴി ഇന്ത്യയിലേക്കു പണമയയ്ക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ട്. രണ്ട് മാസത്തോളമായി, ഈ പണം ഹൈ-സ്ട്രീറ്റ് ബാങ്കുകൾ വഴിയുള്ള പതിവ് കൈമാറ്റങ്ങൾക്ക് പകരം, ഒരു തരം ക്രിപ്റ്റോകറൻസിയായ സ്റ്റേബിൾകോയിനിന്റെ രൂപത്തിലാണ് വരുന്നത്.
ടെതർ (യുഎസ്ഡിടി) എന്നത് യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സ്റ്റേബിൾകോയിൻ ആണ്. വിലയിലെ വലിയ വ്യതിയാനങ്ങൾ കുറയ്ക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള ഒരു തരം ക്രിപ്റ്റോകറൻസിയാണ് സ്റ്റേബിൾകോയിനുകൾ. ടെതറിന്റെ മൂല്യം യുഎസ് ഡോളറുമായി ഒന്നോടൊന്ന് എന്ന അനുപാതത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ടെതറിന്റെ ഡോളർ കരുതൽശേഖരത്തിന്റെ പിന്തുണയോടെ അസ്ഥിരമായ ക്രിപ്റ്റോകറൻസി വിപണിയിൽ വില സ്ഥിരത നിലനിർത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഇന്ത്യയിൽ ടെതർ അഥവാ സ്റ്റേബിൾകോയിൻ 4-5% പ്രീമിയത്തിലാണ് വ്യാപാരം ചെയ്യുന്നത്. അതിനാൽ ക്രിപ്റ്റോ വഴിയുള്ള പണകൈമാറ്റത്തിന് ബാങ്ക് കൈമാറ്റത്തേക്കാൾ കൂടുതൽ തുക ലഭിക്കുന്നു.
യുഎസ് ഡോളറുമായി ബന്ധിപ്പിച്ച സ്റ്റേബിൾകോയിനുകൾ ഈ നാണയം കൈകാര്യം ചെയ്യുന്ന ‘ടെതർ’ എന്ന കന്പനിയാണ് പുറത്തിറക്കുന്നത്.
ടെതർ ഡോളറിന്റെ ഒരു പ്രതിനിധിയായിരിക്കുന്പോൾപോലും ഇന്ത്യയിൽ നിലവിലെ രൂപ-ഡോളർ വിനിയമ നിരക്കായ ഒരു ഡോളറിന് 88.6 രൂപയുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിൽ 93 രൂപയാണ് നിരക്ക്.
ഉദാഹരണത്തിന് യുഎഇയിലോ യുഎസിലോ ഉള്ള ഒരു തൊഴിലാളി സാധാരണപോലെ ബാങ്ക് വഴി 1000 ഡോളർ അയയ്ക്കുന്പോൾ അത് ഇന്ത്യയിൽ 88600 രൂപയായി മാറും. എന്നാൽ ദുബായിലോ ന്യൂജേഴ്സിയിലോ വാങ്ങി ഇന്ത്യയിൽ വിൽക്കുന്ന ടെതറിന് ശനിയാഴ്ചത്തെ ഒരു കോയിന്റെ വിലയായ 93.15 രൂപ വച്ച് 93,150 രൂപ ലഭിക്കും.
അധിക പണം കിട്ടുന്നത് എങ്ങനെ?
ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ, ഫിൻടെക് ആപ്പുകൾ, സർവീസ് സെന്ററുകൾ എന്നിവയിൽ നിന്ന് സ്റ്റേബിൾ കോയിൻ വാങ്ങുകയാണ് ആദ്യ ഘട്ടം. തുടർന്ന് പണം സ്വീകരിക്കുന്നയാളിന്റെ ഡിജിറ്റൽ വാലറ്റിലേക്ക് അയച്ചുകൊടുക്കും. ടെലഗ്രാമിലോ മറ്റ് നിയന്ത്രങ്ങളോ ഇല്ലാത്ത പ്ലാറ്റ്ഫോമികളിലോ ബന്ധിപ്പിക്കുന്ന ക്രിപ്റ്റോ വാങ്ങുന്നവരും വില്‍ക്കുന്നവരുമായി ഒരു പിയർ ടു പിയർ ഇടപാടിലൂടെ വില്പന നടത്താനാകും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഉറവിടത്തിൽനിന്ന് ഈടാക്കുന്ന 1 % നികുതി ഒഴിവാക്കാനാകും. ഇനി കോയിൻ ലഭിച്ചയാൾക്ക് അങ്ങനെതന്നെ സൂക്ഷിക്കുകയോ എക്സ്ചേഞ്ചിലൂടെ പണമാക്കി മാറ്റുകയോ ചെയ്യാം. അടുത്ത കാലത്തായി വിപണിയിലെ കണക്കുകൾ പ്രകാരം വിദേശത്തുനിന്നുള്ള പണമയയ്ക്കലിൽ 3-4 ശതമാനം വരെ ബാങ്കുകളിൽനിന്ന് സ്റ്റേബിൾകോയിനിലേക്കു മാറിയിട്ടുണ്ട്.
നിയമവശങ്ങൾ
ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നത് ഇന്ത്യയിൽ നിയമപരമായി തെറ്റായ കാര്യമല്ല. വിദേശ വ്യാപാരത്തിന് ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്നതിലും രാജ്യത്തിന്റെ നിയമങ്ങൾ എതിരല്ല.
അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി ആർബിഐ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സിബിഡിറ്റി) ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. ഇത് ബിറ്റ്കോയിൻ പോലുള്ള വികേന്ദ്രീകൃത-വ്യത്യസ്തമായ കേന്ദ്രീകൃത നാണയമാണ്.
സ്വകാര്യകന്പനികൾ പുറത്തിറക്കുന്ന യുഎസ്ഡിടി, യുഎസ്ഡിസി (മറ്റൊരു കന്പനിയുടെ സർക്കിൾ) എന്നിവയിൽനിന്ന് വ്യത്യസ്തമാണ് കേന്ദ്ര ബാങ്കുകൾ ഇറക്കുന്ന സിബിഡിസികൾ. അതുകൊണ്ട് സ്വകാര്യ കന്പനികൾ പുറത്തിറക്കുന്ന സ്റ്റേബിൾ കോയിൻ പോലുള്ളവ ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യയുടെ പരമാധികാരത്തിനും സാന്പത്തിക നയങ്ങൾക്കും ഭീഷണിയാണ് ഇത്തരം കോയിനുകളെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
District News
തിരുമാറാടി: പഞ്ചായത്ത് പഴയ ഒമ്പതാം വാർഡിലെ രാമകൃഷ്ണൻ ചെറ്റയിൽ റോഡിന് 10 ലക്ഷം രൂപയും പിഎച്ച്സി പുത്തൻചിറ റോഡിന് 15 ലക്ഷം രൂപയും കാലവർഷക്കെടുതി പുനരുദ്ധാരണത്തിൽ പെടുത്തി സംസ്ഥാന സർക്കാർ തുക അനുവദിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അറിയിച്ചു.
Leader Page
ക്ലിക്കിലെ കെണി -2
“ശ്രദ്ധിക്കുക, പോലീസില്‍നിന്നോ സിബിഐയില്‍നിന്നോ കസ്റ്റംസില്നിന്നോ ജഡ്ജിയില്നിന്നോ ആണെന്നവകാശപ്പെടുന്ന അജ്ഞാത നമ്പറില്‍നിന്ന് നിങ്ങള്‍ക്ക് വീഡിയോകോളുകള്‍ ലഭിക്കുകയാണെങ്കില്‍ പരിഭ്രാന്തരാകരുത്. അവര്‍ സൈബര്‍ കുറ്റവാളികളായിരിക്കാം...” കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഫോണെടുത്ത് ആരെ വിളിച്ചാലും ആദ്യം കേട്ടിരുന്ന സംഭാഷണം ഇതായിരുന്നു. രാജ്യത്ത് പലതരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ പെരുകിയതോടെ തട്ടിപ്പില്‍നിന്നു രക്ഷനേടുന്നതിനായി മുഴുവന്‍ ആളുകളിലേക്കും കേന്ദ്രസര്‍ക്കാര്‍ എത്തിച്ചിരുന്ന നിയമപരമായ മുന്നറിയിപ്പായിരുന്നു ഇത്. എന്നാല്‍, ദിവസത്തില്‍ ഒന്നിലധികം പ്രാവശ്യം ഇത് കേട്ടിട്ടും തട്ടിപ്പില്‍ വീണവര്‍ നിരവധിയാണ്.
സമൂഹമാധ്യമങ്ങളില്‍ സജീവമായവരെ ഉന്നമിട്ടുള്ള സൈബര്‍ തട്ടിപ്പ് സംസ്ഥാനത്ത് പെരുകുന്നതായാണ് സൈബര്‍ പോലീസിന്റെ കണ്ടെത്തല്‍. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും എല്ലാവരിലേക്കും എത്തിയെങ്കിലും ഇത് സുരക്ഷിതമായി ഉപയോഗിക്കാന്‍ എല്ലാവര്ക്കും അറിയില്ലെന്നതാണു തട്ടിപ്പ് പെരുകുന്നതിന്റെ പ്രധാന കാരണമായി പോലീസ് കണ്ടെത്തിയിട്ടുള്ളത്.
അപരിചിതരുടെ കൈയില്‍നിന്ന് മിഠായിപോലും വാങ്ങിക്കഴിക്കരുതെന്ന് കുട്ടികളെ ഉപദേശിക്കുന്ന മുതിര്‍ന്നവര്‍ കണ്ടുപരിചയം പോലുമില്ലാത്ത, ശബ്ദപരിചയം മാത്രമുള്ള, അല്ലെങ്കില്‍ ചാറ്റില്‍ വന്നു മാത്രം കാര്യങ്ങള്‍ സംസാരിക്കുന്ന ഒരാള്‍ക്ക് ചോദിക്കുമ്പോള്‍തന്നെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം മൈമാറുകയാണ്. ഒരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അത്രത്തോളംതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുമുണ്ടെന്നാണ് സൈബര്‍ വിദഗ്ധരുടെ വാദം. തട്ടിപ്പില്‍ അകപ്പെടാതിരിക്കാനുള്ള മാര്‍ഗം ജാഗ്രതയും മുന്‍കരുതലും മാത്രമാണ്.
കാലം മാറി, പരാതികളും
മൂന്നുവര്‍ഷംമുമ്പ് സംസ്ഥാനത്തെ സൈബര്‍ സ്റ്റേഷനില്‍ എത്തിയിരുന്ന കേസുകളില്‍ നല്ലൊരു ശതമാനവും സാമ്പത്തികതട്ടിപ്പുമായി ബന്ധമില്ലാത്ത പരാതികളായിരുന്നു. സെലിബ്രിറ്റികള്‍ക്കെതിരേ മോശം കമന്റ് ഇടുക, സ്ത്രീകളോട് മോശമായി പെരുമാറുക തുടങ്ങിയ സ്വഭാവമുള്ളവ. എന്നാല്‍, ഇന്ന് 95 ശതമാനം പരാതികളും സാമ്പത്തിക തട്ടിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യാജ ട്രേഡിംഗ് തട്ടിപ്പ്, വെര്‍ച്വല്‍ അറസ്റ്റ്, ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, ലോണ്‍ ആപ്പ് തട്ടിപ്പ് തുടങ്ങിയവയാണ് ഭൂരിഭാഗവും. ബിഹാര്‍, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ ഉടലെടുക്കുന്നത്. ഓണ്‍ലൈന്‍ ജോലി നോക്കുന്നവരെ ചതിയുടെ വലക്കുഴികളില് വീഴ്ത്തുന്ന സംഘവും സജീവമാണ്.
മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ പ്രധാനികള്‍. അതേസമയം, ഷെയര്‍ ട്രേഡിംഗിലൂടെയും ക്രിപ്റ്റോ ട്രേഡിംഗിലൂടെയും അധികവരുമാനം വാഗ്ദാനംചെയ്ത് പണം തട്ടുന്നതില്‍ അധികവും വിദേശ കമ്പനികളാണെന്നാണ് പോലീസ് പറയുന്നത്.
പേടിപ്പിക്കും; വാഗ്ദാനം ചൊരിയും
സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിരപരാധികളെ കബളിപ്പിക്കാനായി അവരില്‍ ഭയം ജനിപ്പിക്കുകയാണ് തട്ടിപ്പുകാര്‍ സാധാരണ ചെയ്യുന്നത്. നിഷ്കളങ്കരായ ഇരകളെ കബളിപ്പിക്കാനുള്ള ഏറ്റവും പുതിയ വഴി പോലീസിനെയോ സര്‍ക്കാര്‍ അധികാരികളെയോ പോലുള്ള നിയമപാലക അധികാരികളെക്കുറിച്ചുള്ള നിലവിലുള്ള ഭയത്തെ ചൂഷണം ചെയ്യുക എന്നതാണ്. ഡിജിറ്റല്‍ അറസ്റ്റ് എന്ന തട്ടിപ്പ് നിയമപരമായ നൂലാമാലകളെക്കുറിച്ചുള്ള ആളുകളുടെ ഭയത്തെ ഉപയോഗപ്പെടുത്തുന്നു. മുന്നറിയിപ്പ് സൂചനകള്‍ മനസിലായില്ലെങ്കില്‍ തട്ടിപ്പുകാരുടെ ഇരകളാകുമെന്നത് തീര്‍ച്ച.
ഒരുവശത്ത് ഭയത്തെ ചൂഷണം ചെയ്തുള്ള തട്ടിപ്പുകള്‍ പെരുകുമ്പോള്‍ മറുവശത്ത് വാഗ്ദാനപ്പെരുമഴകൊണ്ടുള്ള തട്ടിപ്പുകളാണ്. ആയിരങ്ങള്‍ നിക്ഷേപിച്ച് ലക്ഷങ്ങളും കോടികളും ഉണ്ടാക്കാമെന്ന തട്ടിപ്പുകാരുടെ മോഹനവാഗ്ദാനത്തില്‍ വീണുപോകുന്നവരാണ് ഏറെയും. ആദ്യപടിയായി ചെറിയ തുക അക്കൗണ്ടിലെത്തുന്നതോടെ തുടങ്ങുന്ന തട്ടിപ്പ് നിക്ഷേപകനെ സാന്പത്തികമായും മാനസികമായും ഇല്ലാതാക്കിയ ശേഷമാകും മടങ്ങുക.
ഉത്തരേന്ത്യയില്‍ നിര്‍ത്തും; മലയാളി തുടരും
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷണങ്ങള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ പറയുന്ന വാക്കുകളിങ്ങനെ: ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമടക്കം കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും നഷ്ടപ്പെടുന്ന പണത്തിന്റെ വലിപ്പം കുറവാണ്.
അവിടെയുള്ളവര്‍ ഒരു ലക്ഷം രൂപവരെയൊക്കെ നഷ്ടമാകുമ്പോള്‍ തട്ടിപ്പാണെന്ന് മനസിലാക്കുകയും നിര്‍ത്തുകയും ചെയ്യും. കേരളത്തിലെ സ്ഥിതി അതല്ല. പൈസ നഷ്ടപ്പെട്ടാലും കുറച്ചുകൂടി പണം ഇറക്കി നഷ്ടപ്പെട്ടതടക്കം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കൂടുതല്‍ ആളുകളും നടത്തുന്നതെന്ന് പോലീസ് പറയുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഭീമമായ നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. അധ്വാനിക്കാതെയും വേഗത്തിലും പണം ഉണ്ടാക്കുന്നതിനോടുള്ള താത്പര്യവും ആഡംബരജീവിതം മോഹിച്ചുള്ള പ്രവൃത്തികളുമാണ് ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നതിനു കാരണം.
യുവാക്കളെയല്ല; വേണ്ടത് പ്രായമായവരെ
യുവാക്കളെ തൊട്ടാല്‍ പണിപാളുമെന്ന് അറിയാവുന്നതോടെ പണം കൈവശമുള്ള വൃദ്ധരെ ലക്ഷ്യമിട്ടാണ് സൈബര്‍ സാമ്പത്തിക തട്ടിപ്പുകളേറെയും. കൊച്ചിയിലുള്‍പ്പെടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇരയായവരില്‍ ബഹുഭൂരിഭാഗവും അമ്പതു വയസിന് മുകളിലുള്ളവരാണ്.
സൈബര്‍ തട്ടിപ്പുകളെക്കുറിച്ചു ധാരണയില്ലാത്തതും സാങ്കേതികവിദ്യയിലെ ജ്ഞാനക്കുറവും ബാങ്ക് നിക്ഷേപം ഉറപ്പായിരിക്കുമെന്ന അവരുടെ വിശ്വാസവുമാണു പ്രായമായവരെ സൈബര്‍ മോഷ്ടാക്കള്‍ നോട്ടമിടാന്‍ കാരണമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. വന്‍ നിക്ഷേപമുള്ള വൃദ്ധരുടെ വിവരങ്ങള്‍ ബാങ്കില്‍നിന്ന് തട്ടിപ്പുസംഘങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നതും പോലീസ് തള്ളിക്കളയുന്നില്ല.
സുവര്‍ണ മണിക്കൂര്‍ പ്രധാനം
തട്ടിപ്പു നടന്നതിനു പിന്നാലെ സുവര്‍ണ മണിക്കൂറില്‍ (ആദ്യ ഒരു മണിക്കൂര്‍) പോലീസില്‍ പരാതിപ്പെട്ടവരുടെ പണം വേഗത്തില്‍ തിരിച്ചുപിടിക്കാനാകും. തട്ടിപ്പുരീതികള്ക്കെതിരേ പോലീസും സൈബര്‍ ഡിവിഷനും നിരന്തരം ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും പരാതികള്‍ ലഭിക്കുന്നത് വൈകിയാണ്. തട്ടിപ്പിനിരയായവര്‍ എത്രയുംവേഗം വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം. www.cybercrime.gov.in വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
(തുടരും)