ഇന്ത്യന്‍ ഓഹരി സൂചികകളില്‍ തിരിച്ചുവരവ്
ഇന്ത്യന്‍ ഓഹരി സൂചികകളില്‍ തിരിച്ചുവരവ്; 25 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിവാര നഷ്ടപരമ്പരയ്ക്ക് വിരാമം. വാരാന്ത്യത്തില്‍ മുന്‍നിര സൂചികകള്‍ കാഴ്ചവച്ച തിളക്കമാര്‍ന്ന പ്രകടനം വിപണിക്ക് വലിയ പ്രതിസന്ധിയില്‍നിന്ന് താത്ക്കാലിക ആശ്വാസം നല്കി.
എന്നാല്‍ ഇതിനെ ബുള്‍ റാലിയുടെ തുടക്കമായി വിലയിരുത്താനാകില്ല. ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തിന് ഒരു മാസം പോലും ബാക്കിയില്ലെന്നത് ആഭ്യന്തര ഫണ്ടുകളെ കൂടുതല്‍ നിക്ഷേപത്തിന് പ്രേരിപ്പിച്ചേക്കാം. ദീപാവലിക്ക് മുമ്പേ ഒരു തിരിച്ചുവരവ് ഏതൊരു ഇന്ത്യന്‍ നിക്ഷേപകന്റെയും സ്വപ്നമാണെന്ന് മുന്‍വാരം സൂചിപ്പിച്ചത് ശരിവച്ചുകൊണ്ടുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കഴിഞ്ഞ വാരത്തിലെ തിരിച്ചുവരവിനെ വിലയിരുത്താം.
എട്ടാഴ്ചത്തെ തുടര്‍ച്ചയായ തകര്‍ച്ചയ്ക്കുശേഷം സെന്‍സെക്സ് 563 പോയിന്റും നിഫ്റ്റി 99 പോയിന്റും പ്രതിവാര നേട്ടം രേഖപ്പെടുത്തി. 32 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷമാണ് സെന്‍സെക്സ് തിരിച്ചുകയറിയത്. എങ്കിലും വിദേശ നിക്ഷേപകരില്‍നിന്നുള്ള വില്പനസമ്മര്ദം ശക്തമാണ്. യുഎസ് ബോണ്ട് യീല്‍ഡുകളിലെ വര്‍ധന വിദേശ നിക്ഷേപകരെ മറ്റ് വിപണികളില്‍നിന്ന് മൂലധനം പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചേക്കാം.
അതുകൊണ്ടുതന്നെ, കഴിഞ്ഞ വാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ദൃശ്യമായ ഉണര്‍വ് ശാശ്വതമായ മുന്നേറ്റത്തിന്റെ സൂചനയല്ല. അതേസമയം, മാസങ്ങളായി തുടരുന്ന ആഭ്യന്തര ഫണ്ടുകളുടെ വാങ്ങല്ശൈലിയില് മാറ്റത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അവര്‍ നിക്ഷേപം കുറയ്ക്കുകയോ ലാഭമെടുപ്പ് ശക്തമാക്കുകയോ ചെയ്താല്‍ നിലവിലെ തിരിച്ചുവരവിന്റെ വേഗം കുറയുകയും ഒരു പുള്‍ബാക്ക് റാലിക്ക് വഴിയൊരുങ്ങുകയും ചെയ്യാം.
നിഫ്റ്റി 22,421ല്‍നിന്ന് തുടക്കത്തില്‍ 22,776ലേക്ക് ഉയര്‍ന്നു. ഇതിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റ് ഉയര്‍ത്തി 5.5 ശതമാനമാക്കി. പലിശനിരക്ക് വീണ്ടും ഉയര്‍ത്താനുള്ള സാധ്യത ഓഹരിവിപണിയില്‍ കനത്ത വില്പനയുണ്ടാക്കി. എന്നാല്‍ കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ച 22,066ലെ ആദ്യ സപ്പോര്‍ട്ട് കടുത്ത സമ്മര്‍ദത്തിലും വിപണി നിലനിര്‍ത്തി. ഒരുഘട്ടത്തില്‍ 22,179ലേക്ക് ഇടിഞ്ഞ നിഫ്റ്റി വാരാന്ത്യത്തില്‍ 22,579 വരെ തിരിച്ചുകയറി. തുടര്‍ന്ന് 22,520 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
ഈ വാരം 22,207ലെ ആദ്യ സപ്പോര്‍ട്ട് നിലനിര്‍ത്തിയാല്‍ നിഫ്റ്റിക്ക് 22,804ലേക്കും തുടര്‍ന്ന് 23,088ലേക്കും തിരിച്ചുകയറാം. എന്നാല്‍ ഈ മുന്നേറ്റത്തിന് തുടര്‍ച്ച ലഭിച്ചില്ലെങ്കില്‍ 21,894 വരെ സാങ്കേതിക തിരുത്തലുണ്ടാവും.
നിഫ്റ്റി 20 ദിവസത്തെ ശരാശരിയായ 22,972 മറികടന്നാല്‍ മാത്രമേ ഹ്രസ്വകാല ഉണര്വിന് വിശ്വാസ്യത ലഭിക്കൂ. അതിനാല്‍ വെള്ളിയാഴ്ചത്തെ ഉയര്‍ച്ച മാത്രം വിലയിരുത്തി വിപണിയുടെ ട്രെന്‍ഡ് മാറിയെന്ന് കണക്കാക്കാനാവില്ല. 50 ഡിഎംഎയായ 23,746ലും 100 ഡിഎംഎയായ 23,801ലും പ്രതിരോധമുണ്ട്. ഡെയ്ലി, വീക്കിലി ചാര്‍ട്ടുകളിലെ എംഎസിഡി, സൂപ്പര്‍ട്രെന്‍ഡ്, പാരബോളിക് ഇന്‍ഡിക്കേറ്ററുകള്‍ വില്പനക്കാര്ക്ക് അനുകൂലമായയാണ് നീങ്ങുന്നത്.
നിഫ്റ്റി ഒക്ടോബര്‍ ഫ്യൂച്ചേഴ്സ് കരാര്‍ 22,520ല്‍നിന്ന് 22,350ലേക്ക് താഴ്ന്നെങ്കിലും ക്ലോസിംഗില്‍ 22,625ലാണ്. ഓപ്പണ്‍ ഇന്ററസ്റ്റ് 191.6 ലക്ഷം കരാറുകളില്‍നിന്ന് 189.43 ലക്ഷമായി. ഈ മാറ്റം മാത്രം അടിസ്ഥാനമാക്കി നിലവിലുള്ള പൊസിഷനുകള്‍ വ്യാപാരികള്‍ നിലനിര്‍ത്തിയെന്ന് ഉറപ്പിക്കാനാവില്ല. ഈ വാരം 22,734-22,856 മേഖലയില്‍ പ്രതിരോധമുണ്ട്. വില്പന സമ്മര്‍ദമുണ്ടായാല്‍ 22,420-22,228ല്‍ താങ്ങ് പ്രതീക്ഷിക്കാം.
സെന്‍സെക്സ് മുന്‍വാരത്തിലെ 71,909 പോയിന്റില്‍നിന്ന് വ്യാപാരത്തിന്റെ ആദ്യഘട്ടത്തില്‍ 73,067 വരെ ഉയര്‍ന്നെങ്കിലും തുടര്‍ന്ന് ശക്തമായ വില്പനസമ്മര്ത്തില് 71,327ലേക്ക് ഇടിഞ്ഞു. എന്നാല്‍ അവസാന സെഷനിലെ വാങ്ങല്താത്പര്യത്തില് സൂചിക തിരിച്ചുകയറി 72,472 പോയിന്റിൽ ക്ലോസ് ചെയ്തു. ഈ വാരം 73,250-74,028 മേഖലയില്‍ പ്രതിരോധമുണ്ട്. താഴേക്ക് നീങ്ങിയാല്‍ 71,510-70,548 മേഖലയില്‍ പിന്തുണ പ്രതീക്ഷിക്കാം.
രൂപയുടെ മൂല്യം 96.30ല്‍നിന്ന് 96.88ലേക്ക് ദുര്ബലമായശേഷം ക്ലോസിംഗില്‍ 96.78ലാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും അമിത ചാഞ്ചാട്ടവും തടയാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ആവശ്യമായ വിദേശനാണ്യം ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് പ്രത്യേക ഡോളര്‍ വിന്‍ഡോ തുറന്നു. കൂടാതെ, വിദേശനാണ്യ ഡെറിവേറ്റീവ് ഇടപാടുകള്‍ക്കുള്ള നിയമങ്ങളും കൂടുതല്‍ കര്‍ശനമാക്കി.
വിദേശ ഫണ്ടുകള്‍ പിന്നിട്ട വാരം 30,294 കോടി രൂപയുടെ വിൽപന നടത്തി. ഒക്ടോബറില്‍ ഇതിനകം 46,990 കോടി രൂപയുടെ വില്പന അവര്‍ നടത്തി. ആഭ്യന്തര ഫണ്ടുകള്‍ കഴിഞ്ഞ വാരം 30,313 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ ആഭ്യന്തര ഫണ്ടുകളുടെ ഈ മാസത്തെ മൊത്തം നിക്ഷേപം 40,355.32 കോടി രൂപയിലെത്തി.
വിദേശ ഫണ്ടുകള്‍ വില്പന തുടര്‍ന്നാല്‍ ആഭ്യന്തര നിക്ഷേപകരുടെ വാങ്ങല്കൊണ്ട് തകര്‍ച്ച തടയാനാവില്ല. വര്‍ഷാവസാനം അടുക്കുമ്പോള്‍ വിദേശ നിക്ഷേപകരുടെ നിലപാടില്‍ മാറ്റം സംഭവിക്കാറുണ്ട്. നവംബറോടെ അത്തരമൊരു മാറ്റമുണ്ടായാല്‍ വില്പനക്കാരില് ചിലര്‍ വാങ്ങലുകാരായി തിരിച്ചെത്താം. നടപ്പുവര്‍ഷം വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍നിന്ന് ഏകദേശം 3.04 ലക്ഷം കോടി രൂപ പിന്‍വലിച്ചു.
ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതത്തിലെ പ്രതിസന്ധികള്‍ക്കിടെ ആഗോള ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104 ഡോളറിലെത്തി. ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4194 ഡോളറിലാണ്.
Tags : Business Entrepreneur Startup Market Money Commodity Relief in the market