യുക്രെയ്നിലെ സപോർഷ്യയിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന അഞ്ച് നില പാർപ്പിട സമുച്ചയം.
വാഷിംഗ്ടൺ ഡിസി: യുക്രെയ്നു പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ സമയമായെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. റഷ്യയിൽനിന്ന് അമേരിക്കയിലേക്കു ഡീസൽ ഇറക്കുമതി ചെയ്യാനുള്ള ട്രംപിന്റെ തീരുമാനത്തെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വിമർശിച്ചതാണു കാരണം.
റഷ്യൻ റിഫൈനറികൾ ആക്രമിക്കുന്നതിലൂടെ ആഗോള ഡീസൽ വിതരണം തടസപ്പെടുത്താനാണു സെലൻസ്കി ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. ആഗോളതലത്തിൽ വേണ്ട ഡീസലിൽ നല്ലൊരുഭാഗം നല്കുന്നത് റഷ്യയാണ്. അമേരിക്കയിലെ കർഷകർക്കും കാലിവളർത്തുകാർക്കും സെലൻസ്കി പ്രശ്നമുണ്ടാക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇന്ധനവില കുത്തനെ ഉയർന്നത് നവംബറിൽ നടക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു റഷ്യയിൽനിന്നു ഡീസൽ ഇറക്കുമതി ചെയ്യാൻ തീരുമാനമുണ്ടായത്.
യഥാർഥത്തിൽ ട്രംപ് ഇറാനെ ആക്രമിച്ചതാണ് ആഗോളതലത്തിൽ എണ്ണവിലവർധനയ്ക്കു വഴിവച്ചത്.
ട്രംപിന്റെ തീരുമാനം റഷ്യൻ പ്രസിഡന്റ് പുടിനുള്ള സമ്മാനമാണെന്നാണ് സെലൻസ്കി പ്രതികരിച്ചത്. ശനിയാഴ്ച യുക്രെയ്നിലെ സാപ്പോറിഷ്യ നഗരത്തിൽ റഷ്യൻബോംബ് പതിച്ച് മൂന്നു കുട്ടികൾ അടക്കം 23 പേർ കൊല്ലപ്പെട്ട സംഭവത്തെയും സെലൻസ്കി ഡീസൽ ഇടപാടുമായി ബന്ധപ്പെടുത്തിയിരുന്നു. അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കുമായി മൂന്നു ലക്ഷം ടൺ ഡീസൽ റഷ്യ ഉടൻ കയറ്റുമതി ചെയ്യുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
നവംബറിൽ അഞ്ചു ലക്ഷം ടണ്ണും തുടർന്ന് പത്തു ലക്ഷം ടണ്ണും നല്കും. ഇതിനായി റഷ്യൻ ഡീസൽ വ്യവസായത്തിനുമേൽ ചുമത്തിയ അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കും.
അതേസമയം, റഷ്യൻ എണ്ണശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന പതിവായി ഡ്രോൺ ആക്രമണം നടത്താറുണ്ട്. ഇതുമൂലം റഷ്യയുടെ ഡീസൽ ഉത്പാദന ശേഷി ഗണ്യമായി കുറഞ്ഞതായാണ് വിലയിരുത്തൽ.
റഷ്യ നിർത്തിയാൽ നിർത്താം: സെലൻസ്കി
കീവ്: യുക്രെയ്ൻ ഊർജമേഖലയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ റഷ്യ നിർത്താമെങ്കിൽ റഷ്യൻ റിഫൈനറികൾ ആക്രമിക്കുന്നത് യുക്രെയ്നും അവസാനിപ്പിക്കുമെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. പരസ്പര സഹകരണത്തോടെയേ സംഘർഷം ലഘൂകരിക്കാൻ കഴിയൂ എന്നും ഇതിന് ഉറപ്പുകൾ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യൻ മിത്രരാജ്യങ്ങളിൽനിന്ന് യുക്രെയ്നു വ്യോമപ്രതിരോധ സംവിധാനവും മറ്റ് ആയുധങ്ങളും ലഭിക്കാൻ ചർച്ചകൾ തുടരുന്നതായും സെലൻസ്കി കൂട്ടിച്ചേർത്തു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Attacks on Russian refineries