പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ ബുധി ഗന്ധകി നദിയിലുണ്ടായ വെള്ളപൊക്കത്തിൽ ചുംനുബ്രി ഗ്രാമത്തിൽ വ്യാപക നാശനഷ്ടം. 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചതായും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് പ്രളയത്തിന് കാരണമായത്. നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അഥോറിറ്റിയുടെ കണക്കനുസരിച്ച് രാവിലെ 6.30ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് രാവിലെ 8.40ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററായി ഉയർന്നു.
എന്നാൽ പിന്നീട് ജലനിരപ്പ് കുത്തനെ ഉയരുകയായിരുന്നു. പാലങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയതിനാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മഴ മൂലമല്ല പ്രളയമുണ്ടായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ഞായറാഴ്ച വൈകുന്നേരം വരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Tags : Nepal Floods Gorkha District Budhi Gandaki River Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash