സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രത്യേക സിറ്റിംഗ് നടത്തി സുപ്രീംകോടതി. ക്രമസമാധാന പാലനത്തിന്റെ പേരിൽ പൗരസ്വാതന്ത്ര്യം തടയരുതെന്ന് കോടതി നിർദേശിച്ചു. മെട്രോ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തരുതെന്നും സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലിസിന് അധികാരമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന പരാതിയിൽ മേനക ഗുരുസ്വാമി നൽകിയ ഹേബിയസ് കോർപസ് ഹർജി ഉൾപ്പെടെയുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. അടച്ചുപൂട്ടിയതായി പറയപ്പെടുന്ന 47 മെട്രോ സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ നൽകാൻ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി ആവശ്യപ്പെട്ടു.
എന്നാൽ മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. 10ന് മെട്രോ സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നും 271 ട്രെയിനുകൾ സർവീസ് നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ കോടതിക്കുള്ള കരുതൽ പൊലിസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, സാധാരണ പൗരന്മാർ എന്നിവർക്കെല്ലാം ഒരുപോലെയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വാദത്തിനിടെ സുപ്രീംകോടതി നിരീക്ഷിച്ചു.
പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യവും അതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവങ്ങളിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് സുപ്രീംകോടതി റിപ്പോർട്ട് തേടി. ഒപ്പം ക്രമസമാധാനം നിയന്ത്രിച്ച ഡൽഹി പൊലിസും മെട്രോ അടച്ച ഡിഎംആർസിയോടും കോടതി റിപ്പോർട്ട് തേടി.
Tags : Supreme Court Delhi Police Supreme Court Warning Supreme Court Rebuke Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash