പിണറായി വിജയൻ
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ വിജിലൻസ് അഴിമതി നിരോധന നിയമമനുസരിച്ച് നാളെ കേസെടുക്കും.
കേസെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിനു നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മനോജ് ഏബ്രഹാം, വിജിലൻസിലെ മുതിർന്ന അഭിഭാഷകരോട് നിയമോപദേശം തേടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടും കോടതി ഉത്തരവും വിജിലൻസിനു ലഭിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരെയാണ് പ്രധാന പ്രതികളാക്കുന്നത്. പിണറായി വിജയനായിരിക്കും ഒന്നാം പ്രതി.
മാസപ്പടി കേസിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ചാണ് നിലവിൽ ആലോചന. പിണറായി വിജയൻ മാസപ്പടി വാങ്ങിയതും അദ്ദേഹത്തിന്റെ മരുമകൻ മുഹമ്മദ് റിയാസ് വിദേശത്തേക്കു പണം കടത്തിയതും രണ്ട് കാലയളവിലാണു നടന്നതെന്നാണ് ഇഡിയുടെ റിപ്പോർട്ടിലുള്ളത്. അതിനാൽ നിയമപരമായി രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം.
പണം വിദേശത്തേക്കു കടത്തുന്നതിന് ഉൾപ്പടെ കൂട്ടുനിന്ന റിയാസിന്റെ സുഹൃത്തുക്കളെയും കേസിൽ പ്രതികളാക്കിയേക്കും. മുഹമ്മദ് റിയാസിനെതിരേയും സുഹൃത്തുക്കൾക്കെതിരേയും ഒരു എഫ്ഐആറും പിണറായിക്കെതിരേ മറ്റൊരു എഫ്ഐആറും രജിസ്റ്റർ ചെയ്യാനുള്ള സാധ്യതകളാണുള്ളത്. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമും സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖറും ഇന്നലെ കൊക്കൂണ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് കൊച്ചിയിലായിരുന്നു. ഇന്ന് തിരിച്ചെത്തും. ഹൈക്കോടതിയിൽനിന്നുള്ള കേസ് രേഖകൾ വിജിലൻസ് ആസ്ഥാനത്ത് ലഭിച്ചു.
ന്യായീകരിക്കാൻ കഴിയാതെ നേതാക്കൾ
സിപിഎമ്മിന്റെ മുതിർന്ന നേതാവായ പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിച്ചത്. രാഷ്ട്രീയപ്രേരിതമാണ് കേസെന്നു പറഞ്ഞ സിപിഎം നേതാക്കൾക്ക് കോടതി ഇടപെട്ടതോടെ ന്യായീകരിക്കാൻ സാധിക്കാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. സമാനമായ പല സംഭവങ്ങളിലും പിണറായി മുൻപ് പറഞ്ഞ അഭിപ്രായങ്ങളും സ്വീകരിച്ച നിലപാടുകളും ഭരണപക്ഷം ആയുധമാക്കും.
അഴിമതിക്കേസിൽ പ്രതിയായ ആൾ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കുന്നതിനെ ഭരണപക്ഷം ശക്തമായി വിമർശിക്കാനാണു സാധ്യത. തിങ്കളാഴ്ച മുതൽ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തിന് മാസപ്പടി കേസ് വലിയ തലവേദനയാകും.
പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന ആവശ്യം ഉയർന്നുവന്നാൽ അത് പിണറായിക്ക് രാഷ്ട്രീയമായി ക്ഷീണമാകും. അതേസമയം സിപിഐ ഇപ്പോഴും മാസപ്പടി കേസിൽ പിണറായിയെ സംരക്ഷിക്കുന്ന ഒരു നിലപാടും എടുത്തിട്ടില്ല എന്ന വസ്തുത കൂടിയുണ്ട്.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനുവേണ്ടി സിപിഐ ആവശ്യം ഉന്നയിച്ചപ്പോൾ പിണറായി ശക്തമായി എതിർത്തിരുന്നു. ഇതിലുള്ള നീരസം സിപിഐക്കുണ്ട്. മാസപ്പടി കേസ് വരും ദിവസങ്ങളിൽ കേരളത്തിൽ വലിയ ചർച്ചകൾക്കും രാഷ്ട്രീയ ചലനങ്ങൾക്കും വഴിവയ്ക്കാൻ ഇടയാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കൾ പിണറായിക്കെതിരേ രംഗത്ത് വരാനുള്ള സാധ്യതയുണ്ട്.
Tags : Deepika DeepikaNewspaper BreakingNews High Court directive monthly payout case