സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കടുത്ത ഗതാഗത നിയന്ത്രണങ്ങൾക്കും മുൻ മുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കളുടെ കൂട്ട അറസ്റ്റിനുമെതിരായ ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും.
വെള്ളിയാഴ്ചത്തെ സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതിനെതിരേയുള്ള കോടതിയലക്ഷ്യ ഹർജിയും, നേതാക്കളുടെ കരുതൽ തടങ്കലിനെ ചോദ്യം ചെയ്തുള്ള ഹർജിയുമാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണു ഹർജികൾ പരിഗണിക്കുന്നത്.
സുപ്രീംകോടതി ഉത്തരവ് ലംഘിച്ചു മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നത് തുടർന്നുവെന്നും ഇതു ജനജീവിതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകൻ ശൈലന്ദ്ര മണി ത്രിപാഠിയാണു കോടതിയലക്ഷ്യ ഹർജി നൽകിയത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഡൽഹി പൊലിസ് കമ്മിഷണർ അനുരാഗ് കുമാർ, ഡിഎംആർസി ചെയർപേഴ്സൺ ഡി. താറ എന്നിവർക്കെതിരേയാണു ഹർജി.
ഇന്നലത്തെ പ്രതിഷേധത്തിനിടെ മുൻ മുഖ്യമന്ത്രിമാരുൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതിനെതിരേ തൃണമൂൽ കോൺഗ്രസ് എംപിയും മുതിർന്ന അഭിഭാഷകയുമായ മേനക ഗുരുസ്വാമിയാണ് ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തത്.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ അടിച്ചമർത്താൻ കരുതൽ തടങ്കൽ ഉപയോഗിക്കാനാകില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
Tags : Deepika DeepikaNewspaper BreakingNews Delhi Protest Supreme Court t to hold special sitting