സിജെപി നേതാക്കൾ
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ജാമ്യത്തിൽ വിട്ടു. പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. സിജെപി നിയമവിഭാഗം മേധാവി അഡ്വ. രത്ന സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹി കന്റോൺമെന്റ് പൊലിസ് സ്റ്റേഷനിൽ വെച്ചാണ് സിജെപി നേതാക്കളെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ശനിയാഴ്ച രാവിലെയാണ് അഭിജീത്ത് ദിപ്കെയേയും സൗരവ് ദാസിനേയും അശുതോഷ് റങ്കയേയും പൊലിസ് കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഇവരെ വിമാനത്തിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് പുറമെ യൂട്യൂബർ ധ്രുവ് റാഠിയെയും കഴിഞ്ഞദിവസം വീട്ടിൽ നിന്ന് പിടികൂടിയിരുന്നു.
ജന്തർ മന്തറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന് മുമ്പാണ് ഇവരെയെല്ലാം കസ്റ്റഡിയിലെടുത്തത്. അതേസമയം ഇവരെ അറസ്റ്റ് ചെയ്തത് ക്രമസമാധാന പാലനത്തിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമാണെന്ന് ഡൽഹി പൊലിസ് വ്യക്തമാക്കി. അറസ്റ്റിലായ നേതാക്കളെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെന്നും പൊലിസ് അറിയിച്ചു.
Tags : CJP Leaders Granted Bail Delhi Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash