അപകടമുണ്ടാക്കിയ കാർ. ഇൻസെറ്റിൽ സുഹൈൽ
നെടുമ്പാശേരി: മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തിനു ശേഷം പ്രതി സുഹൈൽ നാട്ടുകാരോടു തട്ടിക്കയറിയതായും ആക്ഷേപം. അപകടശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട പ്രതി എയര്‍പോര്‍ട്ട് റോഡല്ലേ, വേഗത്തില്‍ ഓടിച്ചാല്‍ എന്താ, എന്റെ വാപ്പ നോക്കിക്കോളും എന്ന തരത്തില്‍ അഹങ്കാരത്തോടെ സംസാരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിനുപിന്നാലെ നാട്ടുകാര്‍ തടഞ്ഞുവച്ചാണു പ്രതിയെ പൊലിസിന് കൈമാറിയത്. ഒട്ടും കുറ്റബോധമില്ലാതെ വെല്ലുവിളി ഉയര്‍ത്തുന്ന മനോഭവമായിരുന്നു പൊലിസ് ചോദ്യംചെയ്യുമ്പോഴും പ്രതിയുടേത്.
വിമാനത്താവളത്തിലിറങ്ങിയ സുഹൃത്തിനെ കൂട്ടാന്‍ പോകുന്നതിനിടെയാണ് ആലപ്പുഴയിലെ സമ്പന്ന കുടുംബാംഗമായ സുഹൈല്‍ ഓടിച്ച വാഹനം അപകടമുണ്ടാക്കിയത്. ഉച്ചമുതല്‍ കൊച്ചിയിലെ മൂന്നു ബാറുകളിലും ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലും കയറി ഇയാള്‍ മദ്യപിച്ചതിന്റെ ദൃശ്യങ്ങളും പൊലിസിനു ലഭിച്ചു.
കഴിഞ്ഞ പിറന്നാളിനാണ് മാതാപിതാക്കള്‍ സുഹൈലിനു മിനി കൂപ്പര്‍ സമ്മാനമായി നല്‍കിയത്. ഈ കാറാണ് അമിതവേഗത്തില്‍ പായിച്ച് മൂന്നു ജീവനുകളെടുത്തത്.
സുഹൈൽ കാർ ഓടിച്ചിരുന്നത് അമിത വേഗത്തിൽ
നെടുമ്പാശേരി: നെടുമ്പാശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ആഡംബര കാര്‍ ഓടിച്ച സുഹൈല്‍ പതിവായി അമിത വേഗത്തിലാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലിസ്. മുന്‍പ് 218 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ച വീഡിയോ സുഹൈല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. അപകട സമയത്ത് മദ്യപിച്ചിരുന്നതായി സുഹൈല്‍ പൊലിസിനു മൊഴിനല്‍കി. ഇയാള്‍ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്ന് ആലുവ ഡിവൈഎസ്പി ബൈജു പൗലോസ് പറഞ്ഞു. മുന്‍പ് അമിത വേഗത്തില്‍ വാഹനം ഓടിച്ചിരുന്നത് സംബന്ധിച്ചും അന്വേഷണം നടത്തും.
ബാറുകള്‍ക്കെതിരേ കേസെടുക്കും
നെടുമ്പാശേരി: നെടുമ്പാശേരിയില്‍ ആഡംബര കാര്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ബാറുകള്‍ക്കെതിരേ നടപടിക്ക് നിര്‍ദേശം നല്കി എക്സൈസ് മന്ത്രി എം. ലിജു. അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച സുഹൈല്‍ സജീവിനു നിയമവിരുദ്ധമായി മദ്യം നല്‍കിയെന്നതാണു കുറ്റം.
ബാറുകള്‍ക്കെതിരേ കേസെടുക്കാനാണു മന്ത്രിയുടെ നിര്‍ദേശം. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് മടങ്ങുകയായിരുന്നു സുഹൈല്‍. ഇയാള്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ കൊച്ചിയിലെ വിവിധ ബാറുകളില്‍ കയറി മദ്യപിച്ചിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടിക്കു മന്ത്രിയുടെ നിര്‍ദേശം. എക്സൈസ് കമ്മിഷണറും ജോയിന്റ് എക്സൈസ് കമ്മിഷണറും അന്വേഷിക്കും. വാഹനത്തില്‍നിന്ന് രാസലഹരി ഉപയോഗം സംശയിക്കുന്ന സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ കാര്യങ്ങളിലും പൊലിസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതിക്കു നേരേ കൈയേറ്റശ്രമം
നെടുമ്പാശേരി: നെടുമ്പാശേരി വാഹനാപകടക്കേസ് പ്രതി സുഹൈലിനെ കൈയേറ്റം ചെയ്യാന്‍ ശ്രമം. അപകടത്തിന് പിന്നാലെ നെടുമ്പാശേരി പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു കൈയേറ്റശ്രമം. കൊല്ലപ്പെട്ട യുവാക്കളുടെ സുഹൃത്തുക്കളാണ് പൊലിസ് സംരക്ഷണയിലെത്തിച്ച പ്രതിക്ക് നേരേ ആക്രമണത്തിന് മുതിര്‍ന്നത്. പൊലിസ് ഇടപെട്ട് ഇവരെ മാറ്റുകയായിരുന്നു.
വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പഠനത്തോടൊപ്പം ജോലി,
ഗോപികയുടെ മടക്കം ചേതനയറ്റ്
കല്ലടിക്കോട്: വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി ജോലിചെയ്ത് അച്ഛനും അമ്മയ്ക്കും കൈത്താങ്ങാകുക.. താഴെയുള്ള സഹോദരങ്ങളുടെ പഠനച്ചെലവുകൾ നോക്കുക... നിറയെ സ്വപ്നങ്ങളുമായാണ് ഗോപിക പഠിച്ചത്. അവൾ യാത്രയാകുന്പോൾ ആ സ്വപ്നങ്ങളെല്ലാം പൊലിയുന്നു...
നെടുമ്പാശേരി എയർപോർട്ട് അത്താണി റോഡിലുണ്ടായ ദാരുണമായ അപകടത്തിലാണ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം ഗോപികയും മരിച്ചത്. കരിന്പ ഇടകുർശി കുറ്റിച്ചോല മുള്ളൻകുഴിയിൽ പ്രദീപിന്റെ മകളാണ് ഗോപിക (21).
എറണാകുളത്ത് ബിസിഎ പഠനം പൂർത്തിയായ ശേഷം പാലാരിവട്ടത്ത് കംപ്യൂട്ടർ കോഴ്സ് ചെയ്യുകയായിരുന്നു. വീട്ടുകാരുടെ സാന്പത്തികഭാരം കുറയ്ക്കാൻ പാർട്ട്ടൈം ആയി ഒരു മാളിൽ ജോലിയും ചെയ്തിരുന്നു. പഠനം പൂർത്തിയാകാൻ ഇനി ഏതാനും നാളുകൾ മാത്രമുള്ളപ്പോഴാണു ദുരന്തം.
രാവിലെ മുതൽ ഉച്ചവരെയായിരിന്നു ഗോപികയ്ക്ക് ക്ലാസ്. അതു കഴിഞ്ഞാൽ മാളിലെ ജോലി. ശനിയാഴ്ചയായതു കൊണ്ട് ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു തിരിച്ചുവരുമ്പോഴാണ് അമിത വേഗത്തിൽ വന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. പത്താം ക്ലാസും പ്ലസ്ടുവും തച്ചമ്പാറ സ്കൂളിലാണ് പൂർത്തീകരിച്ചത്. പഠനത്തിൽ മിടുക്കിയായിരുന്നു ഗോപിക. അച്ഛൻ പ്രദീപ് ഓട്ടോ ഡ്രൈവറാണ്, അമ്മ: സജിത, സഹോദരങ്ങൾ: അഭിജിത്, ദീപിക. സംസ്കാരം ഇന്നു രാവിലെ 10.30ന് തിരുവില്വാമല ഐവർമഠത്തിൽ നടക്കും.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Unfazed even after the killing