x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിയാദ് വിമാനത്താവളത്തിൽ വ്യോമാക്രമണം; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്

വെബ് ഡെസ്ക്
Published: October 12, 2026 02:00 AM IST | Updated: October 12, 2026 02:00 AM IST

പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും 11 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിമാനത്താവളത്തിലെ ആഭ്യന്തര സർവീസുകൾ കൈകാര്യം ചെയ്യുന്ന നാലാം നമ്പർ പാസഞ്ചർ ഹാളിനു നേരെയാണ് തിരിച്ചറിയാത്ത ആയുധം ഉപയോഗിച്ച് ആക്രമണമുണ്ടായത്. വിമാനത്താവളത്തിനു സമീപമെത്തിയ ക്രൂയിസ് മിസൈൽ സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തെങ്കിലും, ആക്രമണത്തെ തുടർന്ന് ഇന്ധന സംഭരണശാലയിലുണ്ടായ വലിയ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലിയുടെ ഭാര്യയും മക്കളും പരിക്കേറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി വിമാനത്താവളത്തിനു നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇതുവരെ 12 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റ ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യനിലയും സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യൻ എംബസി അധികൃതർ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എംബസി ഉദ്യോഗസ്ഥർ വിവിധ ആശുപത്രികളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

കൊല്ലപ്പെട്ടയാളുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഔദ്യോഗിക വക്താക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് എംബസി ഔദ്യോഗികമായി പുറത്തുവിടും.

Tags : Attack Airport RiyadhAirport Killed

Recent News

Corehub Up