x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീലങ്കൻ സ്വദേശികൾ കുഞ്ഞിന്‍റെ ചികിത്സാപ്പണം ടാക്സിയിൽ മറന്നു; ആശ്വാസമായി ചേരാനല്ലൂർ പൊലിസിന്‍റെ കരുതൽ

സീമ മോഹൻലാൽ
Published: October 3, 2026 11:38 PM IST | Updated: October 3, 2026 11:38 PM IST

ചേരാനല്ലൂർ പൊലിസ് പണമടങ്ങിയ ബാഗ് തിരികെ നൽകുന്നു

കൊച്ചി: നാലുവയസുകാരന്‍റെ ചികിത്സയ്ക്കായി ശ്രീലങ്കയിൽനിന്ന് കൊച്ചിയിലെത്തിയ കുടുംബത്തിന് ആ നിമിഷം തോന്നിയത് നഷ്ടമായത് കുഞ്ഞിന്‍റെ ചികിത്സ മാത്രമല്ല, പ്രതീക്ഷ തന്നെയാണെന്നായിരുന്നു. ചികിത്സയ്ക്കായി കരുതിയിരുന്ന രണ്ടര ലക്ഷം രൂപയും പാസ്പോർട്ടുകളും അടങ്ങിയ ബാഗ് ടാക്സിയിൽ മറന്നുപോയതോടെയാണ് കുടുംബം ആശങ്കയിലായത്. എന്നാൽ മണിക്കൂറുകൾക്കകം ചേരാനല്ലൂർ പൊലിസിന്‍റെ ഇടപെടലിലൂടെ ബാഗ് സുരക്ഷിതമായി തിരികെ ലഭിച്ചു.

ആസ്റ്റർ മെഡിസിറ്റിയിൽ കുഞ്ഞിന്‍റെ ചികിത്സയ്ക്കായാണ് കുടുംബം കൊച്ചിയിലെത്തിയത്. വെള്ളിയാഴ്ച സൊസൈറ്റിപ്പടി ആസാദി ലൈനിലെ എഫ്3 ഹൈറ്റ്സിൽ താമസിച്ചിരുന്ന ഇവർ കുന്നുംപുറത്തെ മല്ലു ദാബയിലേക്ക് പോകാൻ യൂബർ ടാക്സി ബുക്ക് ചെയ്തു. വാഹനം വൈകിയതിനെ തുടർന്ന് ട്രിപ്പ് റദ്ദാക്കിയെങ്കിലും, പിന്നീട് അതേ വാഹനം എത്തിയതോടെ ഡ്രൈവർക്ക് നേരിട്ട് പണം നൽകി കുടുംബം യാത്ര ചെയ്യുകയായിരുന്നു.

മല്ലു ദാബയിലെത്തിയ ശേഷമാണ് ചികിത്സയ്ക്കായി കരുതിയ പണവും പാസ്പോർട്ടുകളും അടങ്ങിയ ബാഗ് കാറിൽ മറന്നുപോയെന്ന് മനസിലായത്. ട്രിപ്പ് റദ്ദാക്കിയിരുന്നതിനാൽ ഡ്രൈവറുടെ ഫോൺ നമ്പറോ വാഹന നമ്പറോ കൈവശമില്ലായിരുന്നു. പണം നഷ്ടപ്പെട്ടതിലുപരി, വിദേശത്ത് ചികിത്സയ്ക്കെത്തിയ കുടുംബത്തിന് പാസ്പോർട്ടുകൾ നഷ്ടപ്പെട്ടതിന്‍റെ ആശങ്കയും ഇരട്ടിയായി.

രാത്രി പത്തോടെ കുടുംബം ചേരാനല്ലൂർ പൊലിസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ കെ.ടി. മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉടൻ അന്വേഷണം ആരംഭിച്ചു. ടാക്സി സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹന നമ്പർ കണ്ടെത്താനായില്ല.

പിന്നീട് യൂബർ ടാക്സി കൊച്ചി മാനേജർ ദീപക് പ്രദീപിന്‍റെ സഹായത്തോടെ വാഹനത്തിന്‍റെ വിവരങ്ങൾ കണ്ടെത്തി. ഡ്രൈവർ രാഹുലുമായി ബന്ധപ്പെട്ടപ്പോൾ വാഹനം കലൂർ ദേശാഭിമാനി ഭാഗത്താണെന്ന് മനസിലായി. പൊലിസ് സംഘം അവിടെയെത്തി വാഹനം പരിശോധിച്ചപ്പോൾ ഡിക്കിയിൽ ബാഗ് കണ്ടെത്തി.

രണ്ടര ലക്ഷം രൂപയും പാസ്പോർട്ടുകളും സുരക്ഷിതം. ഡിക്കിയിൽ ബാഗ് കിടക്കുന്ന വിവരം ഡ്രൈവർക്കും അറിയില്ലായിരുന്നു. ബാഗ് പൊലിസ് സ്റ്റേഷനിലെത്തിച്ച് ആശങ്കയോടെ കാത്തിരുന്ന കുടുംബത്തിന് കൈമാറി.

കുഞ്ഞിന്‍റെ ചികിത്സയ്ക്കായി കരുതിയ പണവും വിദേശത്തേക്കുള്ള മടക്കയാത്രയ്ക്കടക്കം ആവശ്യമായ പാസ്പോർട്ടുകളും തിരിച്ചുകിട്ടിയത് കുടുംബത്തിന് അത് വലിയ ആശ്വാസമായി. ചികിത്സയുടെ വേവലാതിക്കിടയിൽ നഷ്ടപ്പെട്ട പ്രതീക്ഷ പൊലിസ് സമയോചിതമായി നടത്തിയ ഇടപെടലിലൂടെ തിരിച്ചുകിട്ടുകയായിരുന്നു.

നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ കെ.ടി. മനോജ്, എസ്‌സിപിഒ അരുൺ ജോഷി, സിപിഒ പി.കെ. ദീപേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags : Police SriLankan Returned Money Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up