രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരങ്ങളെയും പ്രതിഷേധങ്ങളെയും ഏകോപിപ്പിക്കുന്നതിനായി ‘സത്യഗ്രഹ’ എന്നപേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം പുറത്തിറക്കി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഗാന്ധിജയന്തി ആഘോഷങ്ങൾക്കു പിന്നാലെയാണ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ മുൻനിർത്തിയുള്ള ഈ പുതിയ നീക്കം.
ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള സമരങ്ങളെ ഒറ്റപ്പെടുത്താതെ ഒരൊറ്റ മാപ്പിലേക്കു കൊണ്ടുവരാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. രാജ്യത്ത് യുവാക്കൾ, വിദ്യാർഥികൾ, കർഷകർ, ആദിവാസികൾ, ദളിതർ, സ്ത്രീകൾ തുടങ്ങി വിവിധ വിഭാഗങ്ങൾ നടത്തുന്ന ചെറുതും വലുതുമായ അനീതിക്കെതിരായ പോരാട്ടങ്ങൾ രേഖപ്പെടുത്താൻ ഈ പ്ലാറ്റ്ഫോം വഴിയൊരുക്കും.
പ്രതിപക്ഷനേതാവ് എന്ന നിലയിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ഉയർന്നുവരുന്ന പ്രതിഷേധശബ്ദങ്ങളെ ഒരുമിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
സത്യമാണ് ഏറ്റവും വലിയ ആയുധമെന്നും എന്നാൽ ആ സത്യത്തിനു പിന്നിൽ ഒറ്റക്കെട്ടായി നിലയുറപ്പിക്കുന്നതാണ് അതിലും വലിയ കരുത്തെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
തങ്ങൾ നേരിടുന്ന അനീതികളെക്കുറിച്ചും നടത്തുന്ന സമരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് രണ്ടു മിനിറ്റിനുള്ളിൽ ഈ വെബ്സൈറ്റിലൂടെ പങ്കുവയ്ക്കാമെന്നും പ്രതിപക്ഷത്തിന്റെ പൂർണപിന്തുണ അവർക്കുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Tags : RahulGandhi Satyagraha DigitalPlatform Protests AcrossCountry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash