പ്രതീകാത്മക ചിത്രം
പാലക്കാട്: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട്ട് സ്മാർട്സിറ്റി പദ്ധതിക്കുള്ള കേന്ദ്രവിഹിതത്തിന്റെ അഞ്ചാം ഗഡുവായി 428.14 കോടി രൂപയും തത്തുല്യ സംസ്ഥാന വിഹിതമായി 424.18 ഏക്കർ ഭൂമിയും കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷനു കൈമാറി. ഇതോടെ സ്മാർട്സിറ്റി പദ്ധതിക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതങ്ങളുടെ 90 ശതമാനവും കോർപറേഷനു ലഭിച്ചു.
കേരള സർക്കാരിനു കീഴിലുള്ള കിൻഫ്രയും കേന്ദ്രസർക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും ചേർന്ന് തുല്യ ഓഹരിപങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമാണ് സ്മാർട്സിറ്റിയുടെ വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്.
അഞ്ച് ഗഡുക്കളായി 1362.6 കോടി രൂപയാണ് ഇതുവരെ എൻഐസിഡിഐടി വഴി കേന്ദ്രസർക്കാർ അനുവദിച്ചത്. 1313.18 ഏക്കർ സംസ്ഥാനസർക്കാരും കൈമാറി. ആകെ 1489 കോടി രൂപ ചെലവിട്ട് 1450 ഏക്കറാണു പദ്ധതിക്കായി സംസ്ഥാന സർക്കാർ കിൻഫ്ര വഴി ഏറ്റെടുത്തിട്ടുള്ളത്.
കേന്ദ്രവിഹിതം ലഭിക്കുന്ന മുറയ്ക്ക് ആനുപാതികമായ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷനു കൈമാറുകയാണു ചെയ്യുന്നത്.
ഒന്നോ രണ്ടോ ഗഡുക്കളായി ഏതാനും മാസങ്ങൾക്കുള്ളിൽ അവശേഷിക്കുന്ന തുകയും ഭൂമിയും ലഭിക്കുമെന്നാണു പ്രതീക്ഷ. അഞ്ചാംഘട്ടമായി കൈമാറിയ 424.18 ഏക്കറിൽ 356.15 ഏക്കർ പുതുശേരി സെൻട്രലിലും 68.03 ഏക്കർ കണ്ണന്പ്രയിലുമാണ്. ഇതോടെ പദ്ധതിക്കായി പുതുശേരി സെൻട്രലിൽ 1002.15 ഏക്കറും കണ്ണന്പ്രയിൽ 311.03 ഏക്കറുമാണ് കോർപറേഷന്റെ കൈവശമെത്തിയത്.
രാജ്യത്തു നടപ്പാക്കുന്ന 12 വ്യവസായ സ്മാർട്സിറ്റികളിൽ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ച ആദ്യ പദ്ധതിയാണ് പാലക്കാട്ടേത്. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ ലക്ഷ്യമിട്ടതുപോലെ 2029 ഏപ്രിലിൽതന്നെ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. അതോടൊപ്പം ഭൂമിയുടെ അലോട്ട്മെന്റും പൂർത്തിയാക്കി സ്മാർട്സിറ്റി പൂർണതോതിൽ സജ്ജമാക്കുകയാണു ലക്ഷ്യം.
അലോട്ട്മെന്റിനുള്ള നടപടികൾ ജനുവരിയിൽ തുടങ്ങാനാണു ലക്ഷ്യമിടുന്നത്. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ജില്ലാ കളക്ടറും എൻഐസിഡിസി ഉദ്യോഗസ്ഥരും എല്ലാ മാസവും പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നുണ്ടെന്ന് കോർപറേഷൻ എംഡി സന്തോഷ് കോശി തോമസ് പറഞ്ഞു.
സ്മാർട്സിറ്റിയുടെ രൂപകൽപന മുതൽ നിർമാണവും മെയിന്റനൻസും ഉൾപ്പടെ സമഗ്രവികസനത്തിനുള്ള ഇപിസി (എൻജിനിയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കണ്സ്ട്രക്ഷൻ) കരാറാണു നൽകിയിട്ടുള്ളത്.
പാലക്കാട് ഐഐടി, തിരുച്ചിറപ്പള്ളി എൻഐടി എന്നിവിടങ്ങളിൽനിന്നുള്ള സാങ്കേതിക നിർദേശങ്ങൾ ഉപയോഗിച്ചാണ് അടിസ്ഥാനസൗകര്യവികസനത്തിനുള്ള ഡിസൈൻ തയാറാക്കുന്നത്. പദ്ധതിപ്രദേശത്ത് 20 കിലോമീറ്ററോളം റോഡിന്റെ സബ്ഗ്രേഡ് ജോലികൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.
Tags : SmartCity Palakkad Sanctioned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash