മുംബൈയിലെ ജിയോ ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടന്ന ആറാമത് എർത്ത്ഷോട്ട് പുരസ്കാരദാനച്ചടങ്ങിൽ ഇന്ത്യന് വേഷമണിഞ്ഞ് പങ്കെടുക്കുന്ന ബ്രിട്ടീഷ് രാജകുമാ
മുംബൈ: പരിസ്ഥിതിസംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്ന ആറാമത് എർത്ത്ഷോട്ട് പുരസ്കാരദാനച്ചടങ്ങിന് മുംബൈയിൽ പ്രൗഢമായ വേദി. ജിയോ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ബ്രിട്ടീഷ് രാജകുമാരൻ വില്യമും പത്നി കാതറീൻ (കെയ്റ്റ് മിഡിൽടൺ) രാജകുമാരിയും പങ്കെടുത്ത ചടങ്ങിൽ അഞ്ചു വിജയികൾക്ക് പത്തുലക്ഷം പൗണ്ട് വീതം സമ്മാനിച്ചു.
ഇന്ത്യയിൽനിന്നു ഫൈനലിലെത്തിയ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷയിൽ വില്യം രാജകുമാരൻ നടത്തിയ യാത്രയും ശ്രദ്ധേയമായി. ബാന്ദ്ര-വർളി കടൽപ്പാലത്തിന്റെ പശ്ചാത്തലത്തിൽ പച്ച നിറത്തിലുള്ള ഇ റിക്ഷ വില്യം ഓടിച്ചപ്പോൾ കെയ്റ്റ് പിന്നിലിരുന്ന് യാത്ര ആസ്വദിച്ചു. ചടങ്ങിന്റെ ഭാഗമായി 15 ഫൈനലിസ്റ്റുകളുമായും രാജദമ്പതികൾ സംവദിച്ചു.
ചടങ്ങിൽ ഇന്ത്യൻ വസ്ത്രധാരണത്തിലാണ് ഇരുവരും ശ്രദ്ധ നേടിയത്. ഡിസൈനർ മഹിമ മഹാജൻ ഒരുക്കിയ സിന്ദൂരച്ചുവപ്പ് ജോർജറ്റ് അനാർക്കലി വേഷമാണു കെയ്റ്റ് അണിഞ്ഞത്. കൈകൊണ്ടുള്ള എംബ്രോയ്ഡറിയും എലിസബത്ത് രാജ്ഞിയുടെ ശേഖരത്തിലുണ്ടായിരുന്ന മരതകക്കല്ലുകൾ പതിച്ച ആഭരണങ്ങളും വേഷത്തിന് മാറ്റുകൂട്ടി. ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ കറുത്ത ബന്ദ്ഗല അണിഞ്ഞാണ് വില്യം എത്തിയത്. ബോളിവുഡ് താരങ്ങളായ സോനം കപൂർ, ആലിയ ഭട്ട് തുടങ്ങിയവരും ചടങ്ങിന് സന്നിഹിതരായിരുന്നു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അഞ്ചു മേഖലകളിലായി ബിൽഡ് എ വേസ്റ്റ്-ഫ്രീ വേൾഡ്: നിക്കോളാസ് തിയറി (ഫ്രാൻസ്), ക്ലീൻ അവർ എയർ: മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി (ഇന്ത്യ), ഫിക്സ് അവർ ക്ലൈമറ്റ്: ഓർസ്റ്റെഡ് (ഡെന്മാർക്ക്), പ്രൊട്ടക്ട് ആൻഡ് റീസ്റ്റോർ നേച്ചർ: ഭൂട്ടാൻ രാജഭരണകൂടം, റീവൈവ് അവർ ഓഷൻസ്: കോറൽ പസിസി എന്നിവരാണ് ഈ വർഷം പുരസ്കാരം നേടിയത്. വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണു മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി പുരസ്കാരം നേടിയത്.
2020ൽ വില്യം രാജകുമാരൻ ആരംഭിച്ച എർത്ത്ഷോട്ട് പുരസ്കാരത്തിന്റെ ആറാമത് പതിപ്പിനാണ് ഇന്ത്യ വേദിയായത്. ഏറ്റവും കൂടുതൽ വിജയികളെയും ഫൈനലിസ്റ്റുകളെയും സംഭാവന ചെയ്ത രാജ്യങ്ങളിലൊന്നെന്ന പരിഗണനയിലാണ് ഇന്ത്യയെ തെരഞ്ഞെടുത്തത്.
മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ രാജദമ്പതികൾ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ബ്രിട്ടനിലേക്കു മടങ്ങും.
Tags : Earthshot Prize ceremony William Catherine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash