അമേരിക്കയുടെ വിമാനവാഹിനിക്കപ്പൽ "യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ്’ പശ്ചിമേഷ്യൻ തീരത്തെത്തിയപ്പോൾ.
ദുബായ്/ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ഹോർമുസ് കടലിടുക്കിലും ഇറാന്റെ തന്ത്രപ്രധാന ദ്വീപുകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ അമേ രിക്കയുടെ മൂന്നാം വിമാനവാഹിനിക്കപ്പലുമെത്തി. വിട്ടുവീഴ്ചയ്ക്ക് ഇരുരാജ്യങ്ങളും തയാറാകുന്നില്ല.
മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റും എത്തിയതോടെ 50,000ത്തിലധികം അമേരിക്കൻ നാവികരും നൂറുകണക്കിന് യുദ്ധവിമാനങ്ങളും സജ്ജമായിട്ടുണ്ട്.
തന്ത്രപ്രധാനമായ ഖ്വെഷം ദ്വീപിൽ നിരവധി സ്ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങളുടെ കാരണമോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ഖ്വെഷം ദ്വീപിനു തെക്കുഭാഗത്തുവച്ച് അമേരിക്കയുടെ എംക്യു-1 പ്രിഡേറ്റർ ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു.
ബഹറിനിലെ ഷെയ്ഖ് ഈസ സൈനികതാവളത്തിലെ അമേരിക്കൻ റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ഡ്രോൺ ആക്രമണം നടത്തി. ആക്രമണം പരാജയപ്പെടുത്തിയെന്നും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും ബഹറിൻ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് വ്യോമാക്രമണ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ബഹറിനിലെ റഡാർ സംവിധാനത്തിനുനേരേയുള്ള ഡ്രോൺ ആക്രമണങ്ങൾ തകർത്തതായി അമേരിക്കൻ സെൻട്രൽ കമാൻഡും അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം വീണ്ടും ആശങ്കയിലായി. കടലിടുക്കിൽ സ്ഥാപിച്ച മൈനുകളിൽ തട്ടി രണ്ട് എണ്ണക്കപ്പലുകളിൽ സ്ഫോടനമുണ്ടായതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലായി സമാന സംഭവങ്ങളിൽ ആറു കപ്പലുകൾക്ക് തീപിടിച്ചതായും ഇറാൻ വ്യക്തമാക്കി.
ഒമാൻ തീരത്തിനു സമീപം അജ്ഞാത പ്രൊജക്ടൈൽ പതിച്ച് പനാമ പതാകയേന്തിയ ‘ഓൺ ഫീനിക്സ് ’ എന്ന എണ്ണക്കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ അമേരിക്ക നിർദേശിക്കുന്ന പാതകൾ ഒഴിവാക്കണമെന്ന് ഇറേനിയൻ സൈന്യം കപ്പലുകൾക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടലിടുക്കിലെ ചരക്കുനീക്കം സുഗമമാക്കുന്നതു സംബന്ധിച്ച് ചർച്ച നടത്താൻ ഇറേനി യൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഒമാൻ സന്ദർശിച്ചു. സംഘർഷം ലഘൂകരിക്കാനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി ഖത്തറും ഇറാന്റെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
യുദ്ധത്തിൽ തകർന്ന ആണവകേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
നതാൻസ്, ഫോർദോ, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങളിൽ പരിശോധന നടത്താൻ കഴിയാത്തതിനാൽ ആണവവസ്തുക്കൾ മാറ്റിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകുന്നില്ലെന്ന് ഐഎഇഎ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുദ്ധം പൂർണമായി അവസാനിക്കുകയും തങ്ങളുടെ ഉപാധികൾ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ പരിശോധന അനുവദിക്കൂ എന്ന നിലപാടിലാണ് ഇറാൻ.
ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്നും ഉപരോധങ്ങൾ പിൻവലിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ഇറാന്റെയും ഹൂതി വിമതരുടെയും ഭാഗത്തുനിന്ന് പുതിയ പ്രകോപനങ്ങളുണ്ടായില്ലെങ്കിൽ ആക്രമണം തത്കാലം നിർത്തിവയ്ക്കാൻ തയാറാണെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്നത്.
എന്നാൽ ഇറാനെതിരേ സൈനിക നടപടി തുടരണമെന്ന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ റേഡിയോ ആക്ടീവ് വസ്തുക്കൾ ഉപയോഗിച്ചുള്ള "ഡേർട്ടി ബോംബ് ’ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചതായി റിപ്പോർട്ട്.
ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണു ലക്ഷ്യമിടുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിനുള്ള സാധ്യതയുള്ള സ്ഥലങ്ങളെയും ലക്ഷ്യങ്ങളെയുംകുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണിയെ അതീവ ഗൗരവത്തോടെയാണു കാണുന്നതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
വാഷിംഗ്ടണിനെ ആക്രമിക്കാൻ ഇറാൻ മുതിർന്നാൽ ചരിത്രത്തിൽ മറ്റൊരു രാജ്യവും നൽകാത്ത തരത്തിലുള്ള കനത്ത വില നൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
സാധാരണ സ്ഫോടകവസ്തുക്കൾക്കൊപ്പം റേഡിയോ ആക്ടീവ് വസ്തുക്കൾ ചേർത്താണു ഡേർട്ടി ബോംബ് നിർമിക്കുന്നത്.
Tags : West Asia Threat war Derty Bomb Iran US Air Craft Carrier Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash