പിഎസ്സി
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി പിഎസ്സി വിജിലന്‍സിന്റെ കണ്ടെത്തല്‍. ആസൂത്രണ ബോര്‍ഡ് ഉള്‍പ്പടെയുള്ള പരീക്ഷകളില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന നിലപാടില്‍ പിഎസ്സി ചെയര്‍മാനും അംഗങ്ങളും ഉറച്ചു നില്‍ക്കുന്നതിനിടെയാണ് പിഎസ്സിയിലെതന്നെ ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാര്‍ഥി ഉത്തരം എഴുതാതെ വിട്ട നിരവധി ചോദ്യങ്ങള്‍ക്ക് മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്ന് പിഎസ്സി വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പരീക്ഷയില്‍ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ക്കു മൂല്യനിര്‍ണയം നടത്തിയില്ലെന്നും എസ്പി റാങ്കിലുള്ള കേരള പോലീസ് ഉദ്യോഗസ്ഥനായ ആഭ്യന്തര വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
പിഎസ്സി പരീക്ഷകളില്‍ ക്രമക്കേട് നടന്നതായി പിഎസ്സിയുടെ ആഭ്യന്തര വിജിലന്‍സ്തന്നെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പരീക്ഷാ തട്ടിപ്പ് അന്വേഷണങ്ങള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷയിലേക്കും നീളുകയാണ്.
ആദ്യ ബാച്ചില്‍ യോഗ്യതയില്ലാത്തവര്‍ കയറിപ്പറ്റിയെന്ന ആരോപണം നിലനില്ക്കുമ്പോള് രണ്ടാം ബാച്ചിലേക്കു പിഎസ് സി അഭിമുഖ സംഘത്തെ നിയോഗിച്ചതിലും ക്രമക്കേട് സംശയിക്കുന്നുണ്ട്.
ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി പിഎസ്സി ആഭ്യന്തര വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടുന്നതിനു മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ രാഷ്ട്രപതിക്കു ശിപാര്‍ശ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ച ഒട്ടേറെ പരാതികള്‍ ഗവര്‍ണര്‍ക്കു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പിഎസ്സിയിലെ വിജിലന്‍സ് റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ടതും തുടര്‍നടപടികള്‍ സ്വീകരിച്ചതും.
Tags : PSC Vigilance Irregularities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash