സുപ്രീം കോടതി
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷനോട് വ്യക്തത തേടി പ്രതിപക്ഷനേതാക്കൾ സമർപ്പിച്ച 48 ചോദ്യങ്ങളടങ്ങിയ അപേക്ഷയിൽ ഡിസംബർ ഒമ്പതിന് വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. കമ്മിഷന്റെ ഭാഗംകൂടി വ്യക്തമാക്കിയശേഷമായിരിക്കും തുടർനടപടികളെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ രണ്ടുതവണയായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, ഇതിൽ പല നിർണായക കാര്യങ്ങളും വ്യക്തമാക്കാൻ കമ്മിഷനു കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നിലവിലുള്ള ഹർജിക്കൊപ്പം പ്രതിപക്ഷം പുതിയ അപേക്ഷ നൽകിയത്.
കമ്മിഷന്റെ മുൻ സത്യവാങ്മൂലങ്ങളിലെ അവകാശവാദങ്ങളെ ചോദ്യംചെയ്തുകൊണ്ടാണ് ഈ അപേക്ഷ സമർപ്പിച്ചിരിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.
പ്രതിപക്ഷത്തിന്റെ പുതിയ അപേക്ഷയിൽ ശക്തമായ എതിർപ്പുകളുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മിഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വ്യക്തമാക്കി.
ഇതേത്തുടർന്ന്, എതിർപ്പുകൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി കമ്മിഷനോട് നിർദേശിച്ചു. അതേസമയം, എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മൂന്ന് കമ്മിഷണർമാരുടെയും ഏകകണ്ഠമായ അംഗീകാരത്തോടെയാണ് എടുത്തതെന്ന കമ്മിഷന്റെ വാദത്തിനു തെളിവുകളില്ലെന്ന് കേസിലെ പ്രധാന ഹർജിക്കാരനായ രാകേഷ് കുമാർ സിംഗ് ആരോപിച്ചു.
Tags : 48 questions opposition Supreme Court arguments Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash