പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: ഗുജറാത്ത് കലാപകാലത്ത് നരകയാതന ഏറ്റുവാങ്ങിയ ബിൽക്കിസ് ബാനുവും കുടുംബാംഗങ്ങളും തീരാക്കണ്ണീരുമായി ഗുജറാത്തിൽ നിന്ന് പലായനം ചെയ്തു.
അഞ്ചുമാസം ഗർഭണിയായിരുന്ന ബിൽക്കിസ് ബാനുവിനെ 2002ലെ കലാപകാലത്ത് ഒരുസംഘം ആക്രമികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ കേസിലെ പ്രതികളായ ബിപിൻ ചന്ദ്ര ജോഷിയുടെയും പ്രദീപ് മോർധിയയുടെയും ജീവപര്യന്തം തടവുശിക്ഷയാണു സുപ്രീംകോടതി കഴിഞ്ഞമാസം അവസാനം മരവിപ്പിച്ചത്. ഈ വിവരം അറിഞ്ഞതോടെ ബിൽക്കിസ് ബാനുവും കുടുംബവും സംസ്ഥാനത്തുനിന്ന് പലായനം ചെയ്യുകയായിരുന്നു.
പ്രതികളുടെ ശിക്ഷ മരവിപ്പിച്ചുള്ള ഉത്തരവ് കഴിഞ്ഞമാസം 28നാണു പുറത്തുവന്നത്. ഈ മാസം രണ്ടാം തീയതിയോ അടുത്ത ദിവസമോ ആകാം കുടുംബം സംസ്ഥാനം വിട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭീതിമൂലം പലപ്പോഴും താമസസ്ഥലം മാറാറുണ്ടെങ്കിലും സംസ്ഥാനം വിടുന്നത് ആദ്യമാണെന്ന് ബിൽക്കിസ് ബാനുവിന്റെ അമ്മാവനും ദാഹോദിലെ ദേവഗഡ്ബാരിയ സ്വദേശിയുമായ റസാഖ് മൻസുരി പറഞ്ഞു.
സുപ്രീംകോടതി വിധി അവിശ്വസനീയമാണെന്ന് സമൂഹമാധ്യമത്തിലൂടെ ബിൽക്കിസ് ബാനു വ്യക്തമാക്കുകയും ചെയ്തിരുന്നു.
17 വർഷത്തിലേറെയായി തടവിൽ കഴിയുകയാണ് എന്നിവയുൾപ്പെടെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചത്.
Tags : Relatives Bilkis Bano fled Family Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash National Politics