സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ സർവകലാശാലകളുടെ ഓഡിറ്റുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി പുതിയ ബെഞ്ചിലേക്കു മാറ്റി.
ജസ്റ്റീസ് എ. അമാനുള്ള അധ്യക്ഷനായ ബെഞ്ച് ഒരു വർഷത്തോളം പരിഗണിച്ചിരുന്ന കേസാണ് ഔദ്യോഗികരേഖകളിൽ കാരണം വ്യക്തമാക്കാതെ ജസ്റ്റീസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്കു മാറ്റിയത്. സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്ന തരത്തിലേക്ക് കേസ് വ്യാപിപ്പിച്ചതിനു പിന്നാലെയാണു നടപടി.
സ്വകാര്യ സർവകലാശാലകൾ വാണിജ്യ സംരംഭങ്ങളായി പ്രവർത്തിക്കരുതെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജസ്റ്റീസ് അമാനുള്ളയുടെ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് സത്യവാങ്മൂലങ്ങൾ തേടുകയും വ്യാജ കോളജുകൾക്കെതിരേ കർശന നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, നാളെ കേസ് പരിഗണിക്കുമ്പോൾ ജസ്റ്റീസ് അമാനുള്ളയ്ക്കു പകരം ജസ്റ്റീസുമാരായ വിക്രംനാഥ്, ആർ. മഹാദേവൻ, അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചായിരിക്കും വാദം കേൾക്കുക. ഒരു ബെഞ്ച് പരിഗണിച്ചുവരുന്ന കേസ് വ്യക്തമായ കാരണങ്ങൾ രേഖപ്പെടുത്താതെ മറ്റൊരു ബെഞ്ചിലേക്കു മാറ്റുന്നത് അസാധാരണ നടപടിയായാണു വിലയിരുത്തപ്പെടുന്നത്.
നോയിഡയിലെ അമിറ്റി സർവകലാശാലയ്ക്കെതിരേ ഒരു വിദ്യാർഥി സമർപ്പിച്ച വ്യക്തിഗത പരാതിയാണു കേസിന് അടിസ്ഥാനം. 2025 പകുതിയോടെ ആരംഭിച്ച കേസ് തുടക്കം മുതൽ ജസ്റ്റീസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണു പരിഗണിച്ചിരുന്നത്. അതിന്റെ ഭാഗമായാണു വിവിധ നിർദേശങ്ങളും പുറപ്പെടുവിച്ചത്.
Tags : Private University Amanullah Bench Transferred Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Supreme Court