ആലപ്പുഴ: അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു. കള്ളന്മാര് കയറിയ ദൃശ്യങ്ങള്‍ സിസിടിവിയിലൂടെ കണ്ട വീട്ടുടമ ഗള്‍ഫില്‍നിന്ന് വിവരം അയല്‍ക്കാരെ അറിയിച്ചതോടെയാണ് കള്ളന്മാര്ക്ക് മോഷണശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വന്നത്. മോഷ്ടാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരാണെന്ന സംശയത്തിലാണ് പൊലിസ്.
പുറക്കാട് കരൂര്‍ സീനാ മന്‍സില്‍ എന്ന വീട്ടിലായിരുന്നു മോഷണ ശ്രമം. പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. തലയില്‍ തൊപ്പിയും മുഖത്ത് മാസ്കുമിട്ടാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയത്. മോഷ്ടാക്കളില്‍ ഒരാള്‍ക്ക് കാലിന് മുടന്തുമുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. വീടിന്റെ വരാന്തയില്‍ കയറിയ ശേഷം ഒരാള്‍ സിസിടിവി തിരിച്ചുവയ്ക്കുന്നുണ്ട്.
വീടിന്റെ ഉടമ ഖദീജാ ബീവി വിദേശത്താണ്. കള്ളന്മാര് കയറിയ സമയത്ത് വീട്ടുടമ സിസിടിവി ദൃശ്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഈ സമയം തന്നെ നാട്ടിലുളള ബന്ധുക്കളെ വിളിച്ചറിയിച്ചു. അയല്‍വാസിയായ ബാബുവും മറ്റ് നാട്ടുകാരും വീട്ടിലേക്ക് എത്തുന്ന ശബ്ദം കേട്ട് മോഷ്ടാക്കള്‍ മതിൽചാടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പൊലിസിന് കിട്ടിയിട്ടുണ്ട്.
മോഷ്ടാക്കളില്‍ ഒരാളുടെ തൊപ്പി വീടിന് സമീപത്തു നിന്ന് പൊലിസ് കണ്ടെടുത്തു. സമീപത്തു തന്നെയുളള ഒരു കടയില്‍ നിന്ന് വാങ്ങിയതാണ് ഈ തൊപ്പിയെന്നും വ്യക്തമായിട്ടുണ്ട്. വീടിന്റെ വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും പൊലിസിനു കിട്ടി. സമീപദിവസങ്ങളില്‍ അമ്പലപ്പുഴയില്‍ നടന്ന പല മോഷണങ്ങള്‍ക്കും പിന്നില്‍ ഈ സംഘമാണെന്ന സംശയം പൊലിസിനുണ്ട്.
Tags : chases away local thieves Gulf Homeowner Police suspect thieves CCTV teenagers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews