Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഗൾഫ് മേഖലയിലേക്കും തിരിച്ചുമായി 34 വിമാന സർവീസുകൾ നടത്തി.
18 വിമാനങ്ങൾ ഗൾഫിൽനിന്നു കൊച്ചിയിലേക്കെത്തിയപ്പോൾ 16 എണ്ണം ഇവിടെനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തി.
അബുദാബിയിലേക്കായിരുന്നു കൂടുതൽ സർവീസുകൾ. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള നിരവധി വിമാന സർവ്വീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്.
ഗൾഫ് മേഖലയിൽ നിന്ന് വിവിധയിടങ്ങളിലേക്കുള്ള സർവ്വീസുകൾ കൂട്ടത്തോടെ നിർത്തിവെച്ചിരിക്കുന്ന സാഹചര്യമാണ്
International
മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായ-ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയാണ് ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജിപിഐസി), ബാപ്കോ എനർജീസ് എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടർന്ന് ജിപിഐസിയുടെ പ്രവർത്തന യൂണിറ്റുകളിലും ബാപ്കോയുടെ ഒരു സ്റ്റോറേജ് ടാങ്കിലും തീപിടുത്തമുണ്ടായി. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകളും അടിയന്തര രക്ഷാസേനയും ചേർന്ന് തീയണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
ആക്രമണത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ പ്ലാന്റുകളും അനുബന്ധ മേഖലകളും സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. പ്ലാന്റുകളുടെ പ്രവർത്തനത്തെ ആക്രമണം എത്രത്തോളം ബാധിച്ചു എന്നറിയാൻ വിദഗ്ധ സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് കമ്പനികൾ വ്യക്തമാക്കി.
സിവിൽ ഡിഫൻസും സർക്കാർ ഏജൻസികളും സംയുക്തമായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബഹ്റൈനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാനിലെ കരാജ് (ബി1) പാലത്തിന് നേരെയുണ്ടായ ആക്രമണത്തിന് പകരമായി ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും ഏഴ് പ്രധാന പാലങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ പ്രഖ്യാപനം. 'പാലത്തിന് പകരം പാലം'എന്ന നയമാണ് ഇതിനായി ഇറാൻ സ്വീകരിച്ചിരിക്കുന്നത്. ഇറാനിലെ ടെഹ്റാനെയും കാരാജിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ പാലമായ ബി1 (കരാജ്) പാലം കഴിഞ്ഞ ദിവസം തകർക്കപ്പെട്ടിരുന്നു.
ഇസ്രയേലും അമേരിക്കയുമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ഇറാന്റെ ആരോപണം. ആക്രമണത്തിന് പ്രതികാരമായി അറബ് മേഖലയിലെ ഏഴ് പ്രധാന പാലങ്ങളുടെ പട്ടിക ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടു. ഈ പട്ടികയിൽ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ പാലങ്ങൾ ഉൾപ്പെടുന്നു.
Kerala
നെടുമ്പാശേരി : കൊച്ചിക്കും ഗൾഫ് മേഖലയ്ക്കുമിടയിൽ ഇന്നലെ 35 വിമാന സർവീസുകൾ നടത്തി .
അബുദാബി -ആറ്, ദോഹ -രണ്ട് , ഷാർജ -രണ്ട് , ദുബായ് -മൂന്ന് , മസ്കറ്റ് -രണ്ട് , ജിദ്ദ - ഒന്ന് , ദമാം- ഒന്ന് എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ എത്തിയത് .
കൊച്ചിയിൽനിന്ന് 18 വിമാനങ്ങളാണ് ഗൾഫിലേക്കു പുറപ്പെട്ടത് . ദുബായ് -മൂന്ന്, മസ്കറ്റ് - മൂന്ന് , ഷാർജ - രണ്ട് , അബുദാബി -ആറ് , ജിദ്ദ -രണ്ട് , ദമാം- ഒന്ന് , ദോഹ -ഒന്ന്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ അവിടെ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹകരിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന 'മൻ കി ബാത്തിന്റെ' 132-ാം പതിപ്പിലൂടെയാണ് അദ്ദേഹം തന്റെ നന്ദിയറിയിച്ചത്. ഒരുകോടിയിലധികം വരുന്ന പ്രവാസികൾക്ക് എല്ലാവിധ സൗകര്യങ്ങളും സംരക്ഷണവും നൽകുന്നതിൽ ഗൾഫ് ഭരണകൂടങ്ങൾ കാണിക്കുന്ന താത്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ആഗോളതലത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്ന ഈ ഘട്ടത്തിൽ ഇന്ത്യയുടെ ശക്തമായ നയതന്ത്രബന്ധങ്ങൾ പ്രതിസന്ധികളെ നേരിടാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെയും പ്രധാനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ താത്പര്യങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകേണ്ട ഈ സമയത്ത് സ്വാർത്ഥ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും, ഇത്തരം കുപ്രചരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാരിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Leader Page
ചർച്ചകൾക്ക് അവസരം നൽകാനായി പ്രസിഡന്റ് ട്രംപ് ഗൾഫ് യുദ്ധത്തിന് അഞ്ചുദിവസത്തെ ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. പക്ഷേ, അവിടെ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ഇറാൻ പറയുന്പോൾ, ജീവനോടെ ഉണ്ടോ എന്ന് ഉറപ്പില്ലാത്ത അത്യുന്നത നേതാവിനോടല്ല ഞങ്ങൾ ചർച്ച നടത്തുന്നത് എന്ന് ട്രംപ് തിരിച്ചടിക്കുന്നു. ട്രംപ് തടിയൂരാനാണോ ശ്രമിക്കുന്നത്?
അതിനിടയ്ക്ക് പഴയ ചില കാര്യങ്ങൾ പറയട്ടെ. പശ്ചിമേഷ്യയിലെ അതിപുരാതന സംസ്കാരങ്ങളുടെ പിന്തുടർച്ചക്കാരാണ് ഇറാനും ഇറാക്കും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അവിടെ പലയിടത്തും എണ്ണനിക്ഷേപം കണ്ടെത്തിയതോടെയാണ് ഗൾഫ് മേഖലയ്ക്കു പുതുജീവൻ ലഭിച്ചത്. ഇറാനിൽ എണ്ണനിക്ഷേപം 1908ൽതന്നെ കണ്ടെത്തിയിരുന്നെങ്കിലും ഇറാക്കിൽ 1927ലും ബഹറിനിൽ 1932ലും ഖത്തറിലും കുവൈറ്റിലും സൗദി അറേബ്യയിലും 1938ലും യുഎഇയിൽ 1966ലുമാണ് എണ്ണയുത്പാദനം തുടങ്ങിയത്. ഇന്നു ലോകത്തിലുള്ള എണ്ണനിക്ഷേപത്തിന്റെ 48 ശതമാനവും പശ്ചിമേഷ്യയിലാണ്. എണ്ണ കയറ്റി അയയ്ക്കാൻ തുടങ്ങിയതോടെ ഈ പ്രദേശം ശാക്തിക ചേരികളുടെ വിഹാരകേന്ദ്രമായിത്തീരുകയായിരുന്നു.
►പുതിയ രാഷ്ട്രം
രണ്ടാം ലോകയുദ്ധം കഴിഞ്ഞ് 1948ൽ ഈ പ്രദേശത്ത് ജോർദാൻ നദിക്കരയിൽ ഇസ്രയേൽ എന്നൊരു പുതിയ രാഷ്ട്രമുണ്ടായി. ലോകമെങ്ങും ചിതറിപ്പോയ യഹൂദർക്ക് അവരുടെ വേരുകളുള്ള പ്രദേശത്ത് ഒരു മാതൃഭൂമി ഉണ്ടാക്കിക്കൊടുക്കണമെന്ന പഴയ വാഗ്ദാനം പാശ്ചാത്യ ശക്തികൾ നിറവേറ്റിക്കൊടുക്കുകയായിരുന്നു. ഇസ്ലാം മതക്കാരായ അറബ് രാജ്യങ്ങളെല്ലാം ഈ നീക്കത്തിനെതിരായിരുന്നു. യഹൂദരുടെ രാജ്യത്തെ അറബികളുടെ നാട്ടിൽ വേരുറപ്പിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു. അഞ്ച് അറബിരാജ്യങ്ങൾ ചേർന്നു നടത്തിയ യുദ്ധം പരാജയപ്പെട്ടു.1969ൽ ഇസ്രയേലായിരുന്നു യുദ്ധം തുടങ്ങിയത്. വെറും ആറുദിവസംകൊണ്ട് അറബ് രാഷ്ട്രങ്ങളുടെ മുന്നണിയെ അവർ അടിയറവു പറയിച്ചു.
1973ൽ യഹൂദരുടെ പുണ്യദിനമായ ‘യോം കിപ്പൂർ’ ദിനത്തിൽ അറബ് രാഷ്ട്രങ്ങൾ മറ്റൊരു മിന്നൽ യുദ്ധം തുടങ്ങി. ഈ യുദ്ധത്തിനിടയ്ക്ക് എണ്ണയുത്പാദക രാജ്യങ്ങൾ ഒന്നുചേർന്ന് എണ്ണവില ബാരലിന് മൂന്നു ഡോളർ ആയിരുന്നത് 12 ഡോളർ ആയി ഉയർത്തി. ഒറ്റയടിക്ക് നാലുമടങ്ങ് വില ഉയർന്നതോടെ എണ്ണ ഉത്പാദകരായ അറബ് രാഷ്ട്രങ്ങളുടെ വരുമാനം പെരുകി. ഇസ്രയേലിനെതിരായി നിലപാടെടുക്കാത്ത രാജ്യങ്ങൾക്ക് തങ്ങൾ എണ്ണ നൽകില്ലെന്ന പ്രഖ്യാപനത്തിൽ ഭയപ്പെട്ട ജപ്പാൻ (100 % ഇറക്കുമതി എണ്ണയെ ആശ്രയിച്ചവരായിരുന്നു അവർ) ഉടൻതന്നെ ഇസ്രയേലുമായി നയതന്ത്രബന്ധം വിച്ഛേദിച്ചു.
► മുഖഛായ മാറിയ ഗൾഫ്
ഗൾഫ് പ്രദേശത്ത് പണം കുന്നുകൂടിയപ്പോൾ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അവർ ഏറ്റെടുത്തു നടപ്പാക്കാൻ തുടങ്ങി. കേരളീയരുടെ ഗൾഫ് സ്വപ്നങ്ങൾ ഇതോടെ വർണശബളമാവുകയായിരുന്നു. വിദഗ്ധ തൊഴിലാളികൾക്കും പ്രത്യേക വൈദഗ്ധ്യമൊന്നുമില്ലാത്തവർക്കും ഗൾഫിൽ പുതിയ തൊഴിലവസരങ്ങൾ തുറന്നുകിട്ടി.
മരുഭൂമിയിൽ എല്ലുമുറിയെ പണിയെടുത്ത് സന്പാദിച്ച പണം മുഴുവൻ നാട്ടിലേക്കയച്ചതോടെ നാട്ടിലെ പട്ടിണി മാറാനും പുതിയ വീടു കെട്ടാനും മക്കളെ പഠിപ്പിക്കാനുമെല്ലാം സന്പാദ്യമായി. നമ്മുടെ നാട്ടിലെ സംരംഭകർക്കും വിദഗ്ധ മാനേജർമാർക്കും ഗൾഫ് ചുവപ്പു പരവതാനി വിരിച്ചതോടെ കേരളത്തിന്റെ മുഖഛായ മാറാൻ തുടങ്ങിയതും മറ്റും ഇവിടെ ഓർമിക്കുന്നു.
ഇതിനിടയ്ക്ക് ബുദ്ധികൂർമതയുള്ള യഹൂദരുടെ കഠിനാധ്വാനവും അമേരിക്കയുടെ സജീവ പിന്തുണയുംകൂടി ചേർന്നപ്പോൾ കൃഷിയിലും വ്യവസായത്തിലുമെല്ലാം വമ്പിച്ച നേട്ടങ്ങളാണ് ഇസ്രയേൽ നേടിയെടുത്തത്. പക്ഷേ, ഇസ്രയേലിനെ ഇല്ലായ്മ ചെയ്യാനുള്ള യുദ്ധങ്ങൾക്കു മാത്രം അവസാനമുണ്ടായില്ല. യഹൂദരെ തങ്ങളുടെ നാട്ടിൽനിന്നു തുരത്തിയേ തീരൂ എന്ന ശപഥം ചെയ്ത അറബികളെ സഹകരണത്തിന്റെ പാതയിലേക്ക് നയിക്കുന്നത് അസാധ്യമാണെന്ന് എല്ലാവരും കരുതി. പക്ഷേ, 39-ാമത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ, അവിടെ ഒരു അദ്ഭുത പ്രവർത്തകനായി പ്രത്യക്ഷപ്പെട്ടു.
► ക്യാമ്പ് ഡേവിഡ് കരാർ
1978ൽ പ്രസിഡന്റ് കാർട്ടറുടെ കാർമികത്വത്തിൽ ചരിത്രപ്രസിദ്ധമായ ക്യാന്പ് ഡേവിഡ് കരാറിൽ ഈജിപ്തിന്റെ പ്രസിഡന്റ് അൻവർ സാദത്തും ഇസ്രേലി പ്രധാനമന്ത്രി മെനാഹെം ബെഗിനും ഒപ്പുവച്ചു. അങ്ങനെ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ അറബ് രാഷ്ട്രമായിത്തീർന്ന ഈജിപ്തിലെ സാദത്തിനും മെനാഹെമിനും അക്കൊല്ലത്തെ സമാധാനത്തിന്റെ നൊബേൽ സമ്മാനം ലഭിച്ചു. ഈജിപ്തിന്റെ ഈ നിറംമാറ്റം അറബികൾക്ക് ഇഷ്ടപ്പെട്ടില്ല. ഈജിപ്തിനെ അറബ് ലീഗിൽനിന്ന് അവർ പുറത്താക്കി.
പക്ഷേ, സമാധാനത്തിന്റെ വിളി ശക്തമായിരുന്നു. ഒരുവശത്ത് ഇസ്രയേലുമായി വ്യാപാരബന്ധം സ്ഥാപിച്ച് കൂടുതൽ ലാഭം സന്പാദിക്കാനുള്ള വ്യഗ്രത. മറുവശത്ത് പശ്ചിമേഷ്യയിലെ വലിയ രാജ്യവും വൻ ശക്തിയുമായ ഇറാനോടുള്ള ഭയം. ഈ ഘടകങ്ങൾ രണ്ടും ഗൾഫ് രാജ്യങ്ങൾക്ക് ക്യാന്പ് ഡേവിഡ് സ്പിരിറ്റ് ഉൾക്കൊള്ളാനും അമേരിക്ക- ഇസ്രയേൽ കൂട്ടുകെട്ടിനോട് അടുക്കാനും പ്രേരണ നൽകി.
എങ്കിലും അടുത്ത കരാറുണ്ടായത് നാല്പതു കൊല്ലം കഴിഞ്ഞുമാത്രം. 2020 സെപ്റ്റംബറിൽ ഇസ്രയേൽ-യുഎഇ കരാർ. പ്രസിഡന്റ് ട്രംപിന്റെ ആദ്യത്തെ ടേമിൽ ഇസ്രയേലും യുഎഇയും നയതന്ത്രബന്ധം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കരാർ വന്നതോടെ ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, ഫ്യുജൈറ, റാസൽ ഖൈമ, അലൈൻ എന്നീ ഏഴ് യുഎഇ അംഗരാജ്യങ്ങൾ ഇസ്രയേലിനെ അംഗീകരിച്ചു.
ഇതിനിടയ്ക്ക് ജോർദാൻ 1994ൽ ഇസ്രയേലിനെ അംഗീകരിച്ചിരുന്നു. സുഡാൻ, മൊറോക്കോ എന്നീ രാജ്യങ്ങൾ 2020ലും.
► എല്ലാം അട്ടിമറിച്ച് ഹമാസ്
2023ൽ സൗദി അറേബ്യ ഇസ്രയേലിന് അംഗീകാരം നൽകുന്ന വിഷയത്തിൽ ചർച്ച തുടങ്ങി. സൗദിയുടെ ആകാശസീമയിൽ ഇസ്രയേലിന്റെ വിമാനങ്ങൾക്ക് പറക്കാൻ അനുമതി നൽകി. സൗദി അറേബ്യയുടെ കിരീടാവകാശിയായ സൽമാൻ രാജകുമാരൻ ഒരു നിബന്ധന മുന്നോട്ടുവച്ചു. തങ്ങൾ ഇസ്രയേലിന് അംഗീകാരം നൽകുന്പോൾ ഒരു സ്വതന്ത്ര പലസ്തീൻ രാജ്യംകൂടി അവിടെ ഉണ്ടാകണമെന്ന്. ചർച്ചകൾ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. പക്ഷേ, 2023 ഒക്ടോബറിൽ ഇസ്രയേലിൽ ഹമാസിന്റെ കടന്നുകയറ്റവും ആക്രമണവും ഉണ്ടായതോടെ ചർച്ചകൾ മാറ്റിവയ്ക്കേണ്ടി വന്നു. തുർക്കി, 1949ൽതന്നെ ഇസ്രയേലിനെ അംഗീകരിച്ചിരുന്നു. പലപ്പോഴും മധ്യസ്ഥന്റെ റോളിൽ പ്രത്യക്ഷപ്പെടുന്ന ഒമാൻ, ഇസ്രയേലുമായി തൃപ്തികരമായ ബന്ധം പുലർത്തുന്നു.
► ഇറാൻ മാത്രം
ചുരുക്കത്തിൽ, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ മാത്രമാണ് ഇസ്രയേലിനെ ഇല്ലായ്മ ചെയ്യണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്. മറ്റു രാജ്യങ്ങൾ live and let live എന്ന മനോഭാവക്കാരാണ്. നിർഭാഗ്യവശാൽ പശ്ചിമേഷ്യയിൽ ഏറ്റവും ശക്തമായ രാജ്യവും ഇറാനാണ്. ഇറാന്റെ വിസ്തൃതി ഇന്ത്യാ മഹാരാജ്യത്തിന്റെ വിസ്തൃതിയുടെ പകുതിയിൽ അല്പം കൂടുതലുണ്ട്. അതുപോലെതന്നെ ശാസ്ത്രം, സാങ്കേതിക ശാസ്ത്രം എന്നീ മേഖലകളിൽ മികച്ച സ്ഥാനവും അലങ്കരിക്കുന്നു. ഇറാന്റെ ജനസംഖ്യ ഒമ്പതു കോടി. വിദ്യാഭ്യാസം, മനുഷ്യവിഭവശേഷി, സാംസ്കാരിക നിലവാരം തുടങ്ങിയ മേഖലകളിലെല്ലാം വലിയ പുരോഗതി നേടിയിട്ടുണ്ട്. ജനാധിപത്യമില്ലെങ്കിലും ഒരു ഭരണസംവിധാനവും കർശനമായ മതപരിശീലനവും അച്ചടക്കം നിലനിർത്താൻ തീവ്രനിഷ്ഠയോടെ പ്രവർത്തിക്കുന്ന അതിതീവ്ര ഇസ്ലാമിക പുരോഹിതന്മാർ നേതൃത്വം നൽകുന്ന ഭരണം.
അത്യുന്നത നേതാവിന്റെ അധ്യക്ഷതയിലുള്ള ആയത്തൊള്ളമാരുടെ കൗണ്‍സിലിന്റെ നിർദേശങ്ങൾ അനുസരിച്ചു മാത്രം ഭരണം നടത്തുന്ന പ്രസിഡന്റും ഭരണകൂടവും ജുഡീഷറി ഉൾപ്പെടെയുള്ളവരും. അഞ്ചുലക്ഷം പേരുള്ള സുരക്ഷിതമായ സൈന്യം, അതു നിയന്ത്രിക്കുന്ന ഐജിആർസി എന്ന ഇസ്ലാമിക റവലൂഷണറി ഗാർഡ് കോർ.
► ഭീകരസംഘങ്ങളും ഇറാനും
കഴിഞ്ഞ നാല്പതു വർഷത്തെ കർശനമായ ഉപരോധ നടപടികളെ നേരിട്ട് കർക്കശമായ നിയന്ത്രണങ്ങൾക്കു വിധേയമായി അനുസരണയോടെ ജീവിക്കാൻ പഠിച്ച ജനത. ക്രൂരമായ ഭരണം നടത്തുന്ന ഒരു സ്വേച്ഛാധിപത്യത്തിന് തഴച്ചുവളരാൻ അനുകൂലമായ സാഹചര്യങ്ങൾ. ഇസ്രയേലിന്റെ ഉന്മൂലനാശത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം ഈ സർക്കാർ, മറ്റു ഗൾഫ് രാജ്യങ്ങളുടെ ഭരണസംവിധാനങ്ങളെ നശിപ്പിക്കാനായി ചില ഭീകരസംഘങ്ങളെ വെള്ളമൊഴിച്ചു വളമിട്ടു വളർത്തുകയും ചെയ്യുന്നു.
ഉദാഹരണം: സിറിയയിലും ലബനനിലും സർക്കാരുകളെ തകർക്കാൻ പടപൊരുതുന്ന സായുധസേന ഹിസ്ബുള്ള. ഇസ്രയേലിനെതിരേ സമരം ചെയ്ത് 2003 ഒക്ടോബറിൽ അപ്രതീക്ഷിതമായി കടന്നുകയറി ആയിരത്തോളം പേരെ വധിച്ചും ബന്ദികളാക്കി പിടിച്ചും 70,000 പേരുടെ ജീവഹാനിക്ക് ഇടയാക്കിയ യുദ്ധത്തിന്റെ കാരണക്കാരായ ഹമാസ് ഭീകരവാദികൾ, യെമനിൽ താവളമടിച്ച് ചെങ്കടലിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളെ ആക്രമിച്ച് കൊള്ളയടിക്കുന്ന ഹൂതികൾ. ഈ തീവ്രവാദ സംഘടനകൾ മൂന്നിനും സാന്പത്തികസഹായവും സൈനിക പരിശീലനവും ആയുധങ്ങളും നൽകി ഗൾഫ് മേഖലയിൽ പലയിടങ്ങളിലും അസ്വസ്ഥതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇറാൻ സർക്കാരാണ്.
1979ൽ ഇസ്ലാമിക് വിപ്ലവം നടത്തി ആയത്തൊള്ളമാരുടെ തീവ്രവാദ സംഘം ഭരണം പിടിച്ചെടുത്തപ്പോൾ എല്ലാ നയതന്ത്ര മര്യാദകളും ലംഘിച്ച് ടെഹ്റാനിലെ അമേരിക്കൻ എംബസിയിൽ പ്രവർത്തിച്ചിരുന്ന നൂറിൽപരം ഉദ്യോഗസ്ഥരെ ബന്ദികളാക്കി.
Kerala
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഗൾഫ് മേഖലയിലേക്ക് 30 വിമാന സർവീസുകൾ നടത്തി.15 വിമാനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് വന്നു.
15 എണ്ണം തിരിച്ചും പോയി. ഏറ്റവും കൂടുതൽ വിമാന സർവീസ് അബുദാബിയിലേക്ക് ആയിരുന്നു. അബുദാബിയിൽ നിന്ന് അഞ്ചു വിമാനങ്ങൾ കൊച്ചിയിലേക്ക് വരികയും അഞ്ചെണ്ണം തിരിച്ചുപോവുകയും ചെയ്തു.
ദമാം , ദുബായ് , മസ്ക്കറ്റ്, ജിദ്ദ , ദോഹ, ഷാർജ എന്നിവിടങ്ങളിലേക്കാണ് മറ്റു വിമാന സർവീസുകൾ നടത്തിയത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഗൾഫ് മേഖലയിലുടനീളമുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ ആറ് ഇന്ത്യൻ പൗരന്മാർ മരിച്ചെന്നും ഒരാളെ കാണാതായെന്നും വിദേശകാര്യമന്ത്രാലയം.
കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിനുവേണ്ടി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ അറിയിച്ചു.
കഴിഞ്ഞ 18ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഒരു ഇന്ത്യൻ പൗരൻകൂടി കൊല്ലപ്പെട്ടതോടെയാണ് ഗൾഫ് മേഖലയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി ഉയർന്നത്.
അതേസമയം പ്രദേശത്തുനിന്ന് ഫെബ്രുവരി 28 മുതൽ ഇതുവരെ മൂന്നു ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിൽനിന്ന് അധിക വിമാനസർവീസുകൾ ക്രമീകരിച്ചു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
Kerala
നെടുമ്പാശേരി: കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ 44 വിമാന സർവീസുകൾ നടത്തി.
കൊച്ചിയിൽനിന്ന് ഗൾഫിലേക്ക് 21 സർവീസുകൾ പുറപ്പെട്ടു. ഇതിൽ ഓരോ കാർഗോ വിമാനവും ഉണ്ടായിരുന്നു.
അബുദാബി (ഏഴ്), ജിദ്ദ (രണ്ട്), ദുബായ് (രണ്ട്), ഷാർജ (രണ്ട്), റിയാദ് (മൂന്ന്), ദമാം (ഒന്ന്), ദോഹ (രണ്ട്), മസ്ക്കറ്റ് (മൂന്ന്), കാർഗോ (ഒന്ന്) ഇത്രയും വിമാനങ്ങളാണ് കൊച്ചിലേക്ക് വന്നത്.
കാർഗോ (ഒന്ന്), ജിദ്ദ (രണ്ട്), ദുബായ് (രണ്ട്), റിയാദ് (രണ്ട്), ഷാർജ (രണ്ട്) അബുദാബി (ആറ്), മസ്ക്കറ്റ് (മൂന്ന്), ദോഹ (രണ്ട്), ദമാം (ഒന്ന്) ഇത്രയും വിമാനങ്ങളാണ് ഇവിടെനിന്നു പുറപ്പെട്ടത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം അതീവ സംഘർഷാവസ്ഥയിലേക്ക്. ഗൾഫ് രാജ്യങ്ങളിലെ പ്രധാന എണ്ണ-വാതക നിലയങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതോടെ ലോകമെമ്പാടും എണ്ണവില കുതിച്ചുയരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം ഏതാണ്ട് പൂർണമായും തടസപ്പെട്ടത് ആഗോള വിതരണ ശൃംഖലയെ പ്രതിസന്ധിയിലാക്കി.
യാൻബു നഗരത്തിലെ സാംറെഫ് റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. പ്രതിദിനം നാല് ലക്ഷം ബാരൽ ഉത്പാദന ശേഷിയുള്ള പ്ലാന്റാണിത്. ലോകത്തിലെ ഏറ്റവും വലിയ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് കയറ്റുമതി പ്ലാന്റായ റാസ് ലഫാൻ മിസൈൽ ആക്രമണത്തിൽ തകർന്നു. ഇതോടെ ഖത്തറിൽ നിന്നുള്ള ഗ്യാസ് ഉത്പാദനവും നിർത്തിവെച്ചിരിക്കുകയാണ്.
മിന അൽ-അഹമ്മദി, മിന അബ്ദുള്ള എന്നീ രണ്ട് വൻകിട റിഫൈനറികൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഇവിടെ വൻ തീപിടുത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെ വന്ന മിസൈലുകൾ തകർത്തെങ്കിലും അവയുടെ അവശിഷ്ടങ്ങൾ വീണ് പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചു.
വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 114–115 ഡോളർ വരെ ഉയർന്നു. അമേരിക്കൻ വിപണിയിലെ എണ്ണവില 97 ഡോളറിലെത്തി. യൂറോപ്പിലെ ഗ്യാസ് വിലയിൽ ഒറ്റദിവസം കൊണ്ട് 30 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇറാന്റെ പ്രധാന വാതകപ്പാടമായ സൗത്ത് പാഴ്സിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളിലെ ഊർജ നിലയങ്ങളെ ഇറാൻ ലക്ഷ്യമിട്ടത്.
Kerala
കൊച്ചി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കുവൈറ്റിലേക്കും ബഹ്റിനിലേയ്ക്കും വിമാന സര്‍വീസുകള്‍ ഇല്ല. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 23 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൊച്ചിയിലേക്കുള്ള 11 സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ദോഹയിലേക്ക് നിലവില്‍ ഒരു സര്‍വീസ് മാത്രം നടക്കുന്നുണ്ട്. ദുബായ്, അബുദാബി, മസ്കറ്റ്, ജിദ്ദ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 22 സര്‍വീസുകളാണ് ഇന്ന് കൊച്ചിയില്‍ നിന്നും നടക്കുന്നത്.
ഗള്‍ഫില്‍ നിന്നുള്ള 21 വിമാനങ്ങള്‍ കൊച്ചിയിലേക്ക് എത്തും. അതേസമയം, ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി ഈ വര്‍ഷത്തെ പെരുന്നാള്‍ നമസ്കാരം യുഎഇയില്‍ പള്ളികള്ക്കുള്ളിലായി മാത്രം പരിമിതപ്പെടുത്തി. പൊതുവായ ഈദ് ഗാഹുകളിലോ തുറസായ സ്ഥലങ്ങളിലോ ഇത്തവണ നമസ്കാരം ഉണ്ടായിരിക്കില്ല.
Kerala
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൂടുതല്‍ സര്‍വീസുകള്‍. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 18 സര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടക്കും. എട്ടു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 21 വിമാനങ്ങള്‍ കൊച്ചിയിലെത്തും. എട്ടു വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
ഇറാന് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഷെഡ്യൂള്‍ ചെയ്ത ഫ്ളൈറ്റുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്. കുവൈറ്റിലേക്കും ബഹ്റൈനിലേക്കും നിലവില്‍ സര്‍വീസ് ഇല്ല. ആക്രമണ ഭീഷണിയെ തുടര്‍ന്ന് യുഎഇ വ്യോമപാത താല്‍ക്കാലികമായി അടച്ചു.
ഇറാന്റെ ആക്രമണത്തില്‍ അബുദാബി ബനിയാസില്‍ മിസൈല്‍ അവശിഷ്ടം പതിച്ച് പാക് പൗരന് മരിച്ചു. യുഎഇയിലെ എണ്ണപ്പാടങ്ങളും ഇന്ധന സംഭരണികളുമാണ് ഇറാന് ആക്രമിക്കുന്നത്. സൗദിയില്‍ നിരന്തര ആക്രമണ ശ്രമം നടക്കുകയാണ്. കുവൈറ്റിലും ഖത്തറിലും പല തവണ ആക്രമണം പ്രതിരോധിച്ചു.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു ഗൾഫിലേക്കും ഗൾഫിൽനിന്ന് കൊച്ചിയിലേക്കുമായി ഇന്നലെ 39 വിമാനങ്ങൾ സർവീസ് നടത്തി. ഗൾഫ് മേഖലയിലേക്ക് 21 വിമാനങ്ങൾ കൊച്ചിയിൽനിന്നു പുറപ്പെട്ടു. ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണു വിമാനങ്ങൾ സർവീസ് നടത്തിയത്. ഇതിൽ അഞ്ചു വിമാനങ്ങൾ ദുബായിലേക്കും നാലു വിമാനങ്ങൾ അബുദാബിയിലേക്കുമാണ് സർവീസ് നടത്തിയത്.
18 വിമാനങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നു കൊച്ചിയിലേക്ക് വന്നു. പ്രധാനമായും എയർ ഇന്ത്യ എക്സ്പ്രസ്, സൗദി എയർലൈൻസ്, ഒമാൻ എയർ, ഇത്തിഹാദ്, ഇൻഡിഗോ, ഗൾഫ് എയർ, എയർ അറേബ്യ എന്നീ വിമാനകമ്പനികളാണു സർവീസ് നടത്തിയത്. ഇറാൻ -ഇസ്രായേൽ സംഘർഷം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ വിമാനങ്ങൾ വന്നതും പോയതും ഇന്നലെയാണ്.
International
അബുദാബി: ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണശാലയായ യുഎഇയിലെ റുവൈസിനെതിരേ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തം. അബുദാബി മീഡിയ ഓഫീസ് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് റിഫൈനറി അടച്ചുപൂട്ടി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അടച്ചുപൂട്ടലെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. റിഫൈനറിയുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
യുഎഇയുടെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്ന ഇറാന്റെ നടപടിക്കെതിരേ ആഗോളതലത്തിൽ ശക്തമായ നീക്കം വേണമെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎഇ പ്രതിനിധി ജമാൽ അൽ മുഷാറഖ് ആവശ്യപ്പെട്ടു.
യുഎഇക്കു പുറമെ ബഹ്റിൻ, ഖത്തർ എന്നിവിടങ്ങളിലേക്കും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇതു മേഖലയിലെ എണ്ണ ഉത്പാദനത്തെയും വിതരണത്തെയും ഗൗരവമായി ബാധിച്ചെന്ന് സൗദി അരാംകോ മുന്നറിയിപ്പ് നൽകി.
വ്യോമ പ്രതിരോധം ശക്തം
യുഎഇക്കുനേരേയുള്ള മിസൈലുകളും ഡ്രോണുകളും തകർക്കുന്നതു തുടരുകയാണെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു. ആകാശത്തുനിന്നു കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയിലെ ഷെയ്ബ എണ്ണപ്പാടത്തിനുനേരേ വന്ന അഞ്ച് ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് ആറു മാസത്തേക്കാവശ്യമായ അവശ്യസാധനങ്ങൾ കരുതിയിട്ടുണ്ടെന്ന് യുഎഇ ധനമന്ത്രാലയം അറിയിച്ചു.
വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും കർശന നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധികസാധനങ്ങൾ വിപണിയിൽ എത്തിക്കാനുള്ള നടപടികളും ഊർജിതമാണെന്നും മന്ത്രാലയവക്താവ് അറിയിച്ചു.
യുഎസ് കേന്ദ്രങ്ങൾ ആക്രമിച്ചു
ഇറാഖ് ബാഗ്ദാദിലുള്ള അമേരിക്കൻ നയതന്ത്രകേന്ദ്രത്തിനുനേരേയും ഡ്രോൺ ആക്രമണമുണ്ടായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കുവൈത്തിലെ ക്യാമ്പ് അരിഫ്ജാനിലുള്ള അമേരിക്കൻ ആസ്ഥാനത്തിനുനേരേ നാല് മിസൈലുകൾ തൊടുത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലും തങ്ങളുടെ ഭൂപ്രദേശത്തു നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണെന്നാണ് ഇറാന്റെ നിലപാട്.
Kerala
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. അബുദാബി, ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കും. എന്നാല്‍ കുവൈറ്റിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ല.
കുവൈറ്റില്‍ നിന്നും എത്തേണ്ട മൂന്നു ഫ്ളൈറ്റുകളും കുവൈറ്റിലേക്ക് പോകണ്ട മൂന്നു ഫ്ളൈറ്റുകളുമാണ് റദ്ദാക്കിയത്. ഷാര്‍ജ, ബഹ്റൈന്‍, റാസല്‍ഖൈമ, ദോഹ, അബുദാബി, മസ്കറ്റ്, ദുബായി എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ഫ്ളൈറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. എങ്കിലും ഈ രാജ്യങ്ങളിലേക്ക് ഒന്നുരണ്ടു സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
ഷാര്‍ജയില്‍ നിന്നുള്ള വിമാനം പുലര്‍ച്ചെ 3.24ന് കൊച്ചിയിലെത്തി. ദുബായില്‍ നിന്നും മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലെത്തും. അബുദാബി, മസ്കറ്റ്, ജിദ്ദ, റിയാദ്, ഷാര്‍ജ, റാസല്‍ഖൈമ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന് ആക്രമണം തുടരുകയാണ്. ഇറാന്റെ ആക്രമണത്തില്‍ ബഹ്റൈനില്‍ 29കാരി കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. സൗദിയിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെയും വീണ്ടും ആക്രമണം ഉണ്ടായി. ഷൈബ എണ്ണപ്പാടത്തിന് നേരെ 123 ഡ്രോണുകള്‍ എത്തിയിരുന്നു. ഇത് സൗദി പ്രതിരോധ സേന തകര്‍ത്തു.
National
ന്യൂഡൽഹി: സംഘർഷത്തെ തുടർന്ന് ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. 12 മുതൽ 16 വരെ നടക്കാനിരുന്ന 12ാം ക്ലാസ് പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് സിബിഎസ്ഇ അറിയിച്ചു. സംഘർഷത്തെ തുടർന്ന് ഒമ്പതു മുതൽ 11 വരെ നടത്താനിരുന്ന പരീക്ഷയും മാറ്റിവച്ചിരുന്നു.
International
ദുബായ്: യുഎസ് താവളങ്ങളേക്കാൾ ഗൾഫ് രാജ്യങ്ങളിലെ മറ്റ് ഇടങ്ങളിലേക്കുകൂടി ആക്രമണം ഇറാൻ കടുപ്പിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ കടുത്ത പ്രതിസന്ധി. ബഹ്റിനിൽ ഇന്നു രാവിലെയും ഇറാന്റെ ആക്രമണമുണ്ടായി. ബഹ്റിനെ എണ്ണ ശുദ്ധീകരണശാലയായ ബാബ്കോ റിഫൈനറിക്കു നേരേയാണ് ആക്രമണമുണ്ടായത്.
ഇവിടെനിന്നു പുക ഉയരുന്നതു കാണാമെന്നു സമീപവാസികൾ പറഞ്ഞു. ഇന്നലെ ജലശുദ്ധീകരണ പ്ലാന്റിനു നേരേ ആക്രമണം ഉണ്ടായിരുന്നു. ബഹ്റിനിലും മറ്റും നിത്യജീവിതത്തെയും ബിസിനസുകളെയുമെല്ലാം ബാധിക്കുന്ന തരത്തിലേക്കു യുദ്ധം മാറിയിരിക്കുകയാണ്. പല ഒാഫീസുകളുടെയും പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിലാണ്. സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. ഒാൺലൈൻ ക്ലാസുകളാണ് മിക്കയിടത്തും.
നേരത്തെ യുഎസ് താവളങ്ങളിലേക്കു കേന്ദ്രീകരിച്ചിരുന്ന ആക്രമണം ഗൾഫ് രാജ്യങ്ങളിലെ മറ്റ് ഇടങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് ഇറാൻ. ബഹറിനിലെ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് ആക്രമിക്കപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. ഒരാൾ കൊല്ലപ്പെട്ടു. കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധനടാങ്കും സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനവും ആക്രമിച്ചു. കുവൈറ്റിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന് നേതൃത്വത്തില്‍ കടുത്ത ഭിന്നതയെന്നു റിപ്പോര്‍ട്ട്. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ഗൾഫ് രാജ്യങ്ങളോടു ക്ഷമാപണം നടത്തിയതും ഇനി ആക്രമിക്കില്ലെന്നു പ്രഖ്യാപനം നടത്തിയതും പ്രബലമായ റവലൂഷണറി ഗാര്‍ഡിന്റ രൂക്ഷമായ എതിര്‍പ്പിനിടയാക്കി.
ഇതോടൈ പെസെഷ്കിയാന് പ്രസ്താവന തിരുത്തി. മധ്യേഷ്യയിൽ ആക്രമണം കടുപ്പിക്കുമെന്നായിരുന്നു ഇന്നലെ പെസെഷ്കിയാൻ മലക്കം മറിഞ്ഞത്. മേഖലയിലെ ചില രാജ്യങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ശത്രുവിന്റെ കൈകളിലാണെന്നും ഈ രാജ്യങ്ങളിലേക്ക് ആക്രമണം തുടരുമെന്നും ഇറാൻ ജുഡീഷറി തലവൻ ഗുലാം ഹുസൈൻ മൊഹ്സേനി-ഇജേയി എക്സിൽ കുറിച്ചു.
സൗദിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു മരണം ഇന്നലെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന് രൂക്ഷമായ ആക്രമണം നടത്തി. സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. യുഎഇക്കു നേർക്ക് ഇറാൻ തൊടുത്ത 16 മിസൈലുകളും 117 ഡ്രോണുകളും പ്രതിരോധിച്ചു. ദുബായിൽ ഡ്രോൺ അവശിഷ്ടം പതിച്ച് പാക്കിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. ദുബായിൽ ഇതുവരെ കൊല്ലപ്പെട്ടത് രണ്ടു പാക്കിസ്ഥാൻകാരാണ്. ബഹറിനിലും ഇറാന്റെ കടുത്ത ആക്രമണമുണ്ടായി.
ഇറാനിലേക്ക് ഇന്നലെ ഇസ്രേലി സേന കനത്ത ആക്രമണം നടത്തി. രാജ്യമൊട്ടാകെ 10,000 സിവിലിയൻ കെട്ടിടങ്ങൾ തകർക്കപ്പെട്ടുവെന്ന് ഇറേനിയൻ റെഡ് ക്രസന്റ് അറിയിച്ചു. ലബനനിൽ ഇസ്രയേൽ-ഹിസ്ബുള്ള പോരാട്ടത്തിൽ 83 കുട്ടികളും 82 സ്ത്രീകളും അടക്കം 400 പേർ മരിച്ചെന്ന് ലബനീസ് ആരോഗ്യ മന്ത്രി പറഞ്ഞു. നാലു ലക്ഷം പേർ പലായനം ചെയ്തു. തെക്കൻ ലബനനിൽ തങ്ങളുടെ രണ്ടു സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രേലി സേന അറിയിച്ചു.
ടെഹ്റാനിലേക്ക് ഇസ്രേലി ബോംബ് വർഷം ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് ഇന്നലെ ഇസ്രേലി സേന നടത്തിയ ബോംബ് വർഷത്തിൽ വൻ നാശമുണ്ടായി. എണ്ണ റിഫൈനറികൾക്കു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് ടെഹ്റാനിൽ പുകപടലം നിറഞ്ഞു.
യുഎസ് ആക്രമണത്തിൽ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് തകർന്നെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഖെഷം ദ്വീപിലെ പ്ലാന്റിനു നേർക്കായിരുന്നു ആക്രമണം. 30 ഗ്രാമങ്ങളിലെ ജനങ്ങൾക്കു കുടിവെള്ളം ലഭ്യമല്ലാതായി. അടുത്ത ഘട്ടം യുദ്ധത്തിൽ നിരവധി വിസ്മയങ്ങളുണ്ടാകുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
National
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ 52,360 പേര് ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയതായി വ്യോമയാന മന്ത്രാലയം.
184 ഇന്ത്യന്‍ വിമാനങ്ങള്‍ക്കും 85 യുഎഇ വിമാനങ്ങള്‍ക്കും പുറമേ 11 ചാര്‍ട്ടേഡ് വിമാനങ്ങളും ഉപയോഗിച്ചായിരുന്നു അരലക്ഷത്തിലേറെ ആളുകളുടെ മടക്കമെന്നും അവര്‍ വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് താത്കാലികമായി നിർത്തിവച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെസ്കിയൻ അറിയിച്ചു.
എന്നാൽ ഇറാനെതിരേ ഈ രാജ്യങ്ങളിൽ നിന്ന് ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി ഹരീഖ് യൂണിറ്റ് സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ശ്രദ്ധേയമായി ഹരീക്കിലെ "അഫദ് ഉമർ മസറയിൽ' നടന്ന ഇഫ്താറിൽ അഞ്ഞൂറിൽപരം ജനങ്ങൾ പങ്കുചേർന്നു.
ഇഫ്താർ വിരുന്നിൽ ഹരീക്കിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ - പ്രദേശിക സംഘടനാ ഭാരവാഹികൾ, തദ്ദേശീയരും പ്രവാസികളുമായ പൗരപ്രമുഖർ, നാനാതുറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, നിരവധി കുടുംബങ്ങൾ ഉൾപ്പെടെ പങ്കെടുത്തു.
റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താർ വിരുന്ന് വിജയിപ്പിക്കുന്നതിന്ന് ജാതി മത ഭാഷാ രാഷ്ട്ര ഭേധമന്യേ ഗ്രാമവാസികളും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഇഫ്താർ ഒരു ഗ്രാമത്തിന്റെ ആകെ വിരുന്നായി മാറി.
യൂണിറ്റ് സെക്രട്ടറി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇഫ്താർ വിജയത്തിനായി ചെയർമാൻ ഫൈസൽഖാൻ, കൺവീനർ ബിനോയ് തോമസ്, സാമ്പത്തിക കൺവീനർ തിലകൻ,ഭക്ഷണ കമ്മിറ്റി കൺവീനർ പ്രതീഷ്, ഫൈസൽ കൊച്ചി, പ്രവീൺ കുമാർ, കൈലാസ്, നവാസ്, ഫൈസൽ കൊച്ചി, സുജേഷ് തുടങ്ങീ 31 അംഗ സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നു.
കേന്ദ്രകമ്മിറ്റി അംഗം ലിപിൻ പശുപതി, കേന്ദ്ര കമ്മിറ്റി അംഗവും കേളി അൽഖർജ് ഏരിയ സെക്രട്ടറിയുമായ ഷബി അബ്ദുൾ സലാം, ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ, ട്രഷറർ ജയൻ പെരുനാട്, ജോയിന്റ് സെക്രട്ടറി സമദ്, വൈസ് പ്രസിഡന്റ് ബഷീർ, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ മണികണ്ഠ കുമാർ, തിലകൻ, ഏരിയ കമ്മിറ്റി അംഗം രമേശ്, യൂണിറ്റ് അംഗങ്ങളായ ഹരിദാസൻ, രിഫായി, ഫസിൽ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ ജനകീയ ഇഫ്താറിന് നേതൃത്വം നൽകി.
NRI
കോട്ടയം: ഇറാന് ആക്രമിച്ചതോടെ ഗള്‍ഫ് മേഖലയിലെ മലയാളി കുടുംബങ്ങളും നാട്ടിലുള്ള അവരുടെ ബന്ധുക്കളും ആശങ്കയിലായി. ആദ്യഘട്ടത്തില്‍ ബാധിക്കാതിരുന്ന ഒമാനിലും ആക്രമണം ഉണ്ടായതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്.
ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി സുരക്ഷ ഉറപ്പുവരുത്തുവാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വിവിധരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ജനങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന് വ്യക്തമാക്കിയത് പ്രതീക്ഷ നല്കുന്നു.
അറബ് മേഖലയിലെ യുദ്ധഭീതിയില്‍ ആശങ്കയിലായിരിക്കുന്നത് ജില്ലയിലെ ആയിരക്കണക്കിനു കുടുംബങ്ങളാണ്. തൊഴില്‍, വ്യാപാര ആവശ്യങ്ങള്‍ക്കായി കുടുംബമൊന്നാകെയോ, മക്കളോ, പിതാവോ, മാതാവോ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ ജില്ലയിലുണ്ട്.
ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് നാടുകളിലെ കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെങ്കിലും പ്രവാസികളായ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ മലയാളികളെ ആശങ്കപ്പെടുത്തുകയാണ്.
ഗള്‍ഫിലെ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയവരുടെയും വിവരങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. യുദ്ധഭീതി അലട്ടുമ്പോഴും എല്ലാം ഇട്ടെറിഞ്ഞ് പോകാന്‍ സാധിക്കാത്ത വല്ലാത്ത ജീവിതാവസ്ഥകളാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്.
അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉം അല്‍ ഖുവൈന്‍, ഫുജുറെ, റാസല്‍ ഖൈമ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് നാട്ടിലെത്താനും ഇപ്പോല്‍ സാഹചര്യമില്ല. ഈ സ്ഥലങ്ങളെല്ലാം രണ്ടു ദിവസങ്ങളിലായി രാത്രിയും പകലും സ്ഫോടന ശബ്ദങ്ങളാല്‍ മുഖരിതമാണ്.
ആര്‍ക്കും പരുക്കോ മറ്റുപ്രശ്നങ്ങളോ ഇല്ലെങ്കിലും യുദ്ധഭീതി നിലനില്‍ക്കുന്നത് ആശങ്കാജനകമാണ്. യുദ്ധഭീതി നീണ്ടാല്‍ അവശ്യ വസ്തുക്കള്‍ക്കുള്‍പ്പെടെ ക്ഷാമം നേരിടുമെന്നതും തിരിച്ചടിയാണ്. പെട്ടെന്നുള്ള യുദ്ധമാരംഭമായിരുന്നതിനാല് പലര്‍ക്കും സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിമാനത്താവളങ്ങള്‍ പൂട്ടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതോടെ രാജ്യത്തെയും വിദേശത്തെയും വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരിലും ജില്ലയില്‍നിന്നും ഏറെ പേരുണ്ട്.
അവധിയ്ക്ക് നാട്ടിലെത്തി, വിസ കാലാവധി തീരും മുമ്പേ തിരികെ എത്താന്‍ കഴിയാതെ ആശങ്കയിലാരിക്കുന്നവരും താത്കാലിക വിസയ്ക്ക് അറേബ്യന്‍ രാജ്യങ്ങളിലേക്ക് പോയി, എന്നു തിരിച്ചുവരാന്‍ കഴിയുമെന്നറിയാതെ അരക്ഷിതാവസ്ഥയിലായിരിക്കുന്നവരുമുണ്ട്.
കുടുംബത്തില്‍ മരണം പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായിട്ടും യാത്ര സാധിക്കാത്ത അവസ്ഥയും ചിലര്‍ക്കുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ ജില്ലയില്‍നിന്നുള്ള നഴ്സുമാര്‍ വലിയൊരു വിഭാഗമാണ്.
കൂടാതെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ടെക്കികള്‍, വിവിധ കമ്പനികളില്‍ മാനേജ്മെന്റ് വിദഗ്ധര്‍, നിര്മാണസേവന മേഖലകളിലെ വിദഗ്ധ തൊഴിലാളികള്‍ തുടങ്ങി വിവിധ രംഗങ്ങളിലായി ആയിരക്കണക്കിനു പേര് ജോലി ചെയ്യുന്നുണ്ട്. പലരും കുടുംബസമേതം വര്‍ഷങ്ങളായി അവിടെ സ്ഥിരതാമസമാക്കിയവരാണ്. ബിസിനസ് ചെയ്യുന്നവരുമേറെ.
യുദ്ധസാഹചര്യം നീണ്ടുപോയാല്‍ തൊഴില്‍, വിദ്യാഭ്യാസം, യാത്രാസൗകര്യം എന്നിവയെല്ലാം ബാധിക്കുമോയെന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ജില്ലയിലെ വിവിധ പ്രവാസിസംഘടനകളും സജീവമായി ഇടപെടുന്നുണ്ട്.
ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, സിബിഎസ്ഇ പരീക്ഷകള്‍ തത്കാലം മാറ്റിവച്ചെങ്കിലും മുന്നോട്ട് എന്താകുമെന്ന് വിദ്യാര്‍ഥികള്‍ക്കും ആശങ്കയുണ്ട്. കേരളീയരായ കെയര്‍ഗിവേഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്സുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഇസ്രയേലില്‍ നിരവധിയുണ്ട്.
ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം കോള്‍ സെന്റര്‍ തുടങ്ങി. ബിസിനസ്, വിനോദ സഞ്ചാരത്തിനു പോയ സംഘം പശ്ചിമേഷ്യയിലുണ്ട്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ശേഖരിച്ചിട്ടുണ്ട്.
ആശങ്കയിലാണെങ്കിലും ഇസ്രയേലിലെ മലയാളികളെല്ലാം നിലവില്‍ സുരക്ഷിതരാണ്. ഒഴിപ്പിക്കല്‍ സാധ്യത മുന്നിലുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ വിരളമാണ്. വ്യോമാക്രമണം ഇസ്രയേലുകാര്‍ക്ക് പുതിയകാര്യമല്ല. ഹമാസ്, ഹിസ്ബുള്ള ആക്രമണങ്ങള്‍ കണ്ടുശീലിച്ചവര്‍ക്ക് മുന്‍കരുതലുകള്‍ മനഃപാഠമാണ്.
ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം, വീടുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷാ കേന്ദ്രങ്ങളും നിലവിലുണ്ട്. ഇറാന് ആക്രമണം ഹമാസ്, ഹിസ്ബുള്ള ആക്രമണങ്ങളെക്കാള്‍ തീവ്രതകൂടിയതാണ്.
മലയാളികളെല്ലാം സുരക്ഷിതരാണെന്ന് നോര്‍ക്കയും വ്യക്തമാക്കി. ഇസ്രയേലില്‍ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഉള്ളതുകൊണ്ട് അപ്പാര്‍ട്ട്മെന്റുകളോട് അനുബന്ധിച്ച ബങ്കറുകളില്‍ സുരക്ഷിതരായി കഴിയാന്‍ സൗകര്യമുണ്ട്.
Kerala
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫിലേക്ക് മൂന്നു സര്‍വീസുകള്‍ നടത്തും. 8.10നും 2.25നും മസ്കറ്റിലേക്ക് ഒമാന്‍ എയര്‍വേസ് സര്‍വീസ് നടത്തും. 11.30ന് ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും.
യുദ്ധ സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥയും സുരക്ഷയും കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 23 സര്‍വീസുകള്‍ കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു. അതേസമയം, ഇറാന്-ഇസ്രായേല്‍-അമേരിക്ക സംഘര്‍ഷം മൂന്നാം ദിവസവും തുടരുകയാണ്. ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണം കടുപ്പിച്ചത്. ലെബനനില്‍ നിന്ന് ഹിസ്ബുല്ലയെ ഉപയോഗിച്ചും ഇസ്രയേലിനെതിരെ ഇറാന് പൊരുതുന്നുണ്ട്. ദുബായ് വിമാനത്താവളം, ബുര്‍ജ് ഖലീഫ, ബഹ്റൈനിലെയും കുവൈത്തിലെയും ഖത്തറിലെയും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ എന്നിവിടങ്ങളാണ് ഇറാന് ലക്ഷ്യമിട്ടത്.
NRI
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ അവാർഡുകളുടെയും നഴ്സിംഗ് സ്കോളർഷിപ്പുകളുടെയും വിതരണം (ആർദ്രം 2026) ബുധനാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചുറാണിമുഖ്യതിഥിയായിരിക്കും. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് മുഖ്യ പ്രഭാഷണം നിർവഹിക്കും.
എഎൽഎമാരായ കെ. മുരളീധരൻ, കടകംപള്ളി സുരേന്ദ്രൻ, എം. മുകേഷ്, വി.കെ. പ്രശാന്ത്, അഹമ്മദ് ദേവർ കോവിൽ, അനൂപ് ജേക്കബ്, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയൻ, മെഡിമിക്സ് ഉടമ ഡോ. എ.വി.അനൂപ്, നോർക്ക എംഡി അജിത് കൊളാശേരി, കവി മുരുകൻ കാട്ടാക്കട തുടങ്ങിയവർ ആശംസകൾ നേരും.
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി സി.വെളിയത്ത്, വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി പി വിജയൻ എ ന്നിവർ സന്നിഹിതരായിരിക്കും.
ഒരു കോടി നഴ്സിംഗ് സ്കോളർഷിപ്പ് വിതരണത്തിന് തുടക്കമാകും. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ ആവിഷ്ക്കരിച്ച ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണത്തിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം തദവസരത്തിൽ നടക്കും. ഒരു ലക്ഷം രൂപ വീതം 100 പേർക്കാണ് ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പ് നൽകുക.
ഇതിന്റെ ആദ്യഘട്ടമായി ഉദ്ഘാടന വേളയിൽ 25 നഴ്സിംഗ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. ഗ്ലോബൽ എക്സിക്യുട്ടീവ് കൗൺസിൽ യോഗം, വനിതാ ഫോറം ഭവനത്തിന്റെ താക്കോൽദാനം, സാംസ്കാരിക പരിപാടികൾ തുടങ്ങി വിപുലമായ പരിപാടികളാണ് വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം സമ്മേളനത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
International
ന്യൂഡൽഹി: ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനിക വിന്യാസം ശക്തമാകുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഭീഷണിയുടെ ഭാഷ ഇറാനോടു ചെലവാകില്ലെന്നും ബഹുമാനത്തിനു മാത്രമേ ബഹുമാനം നൽകൂ എന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ആണവകരാർ സംബന്ധിച്ച ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മേഖലയിൽ സംഘർഷാവസ്ഥ ശക്തമാകുന്നത്.
യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നു പെസെഷ്കിയാൻ എക്സിൽ കുറിച്ചു. "അന്താരാഷ്ട്ര ആണവ കരാറുകൾ പ്രകാരം യുറേനിയം സമ്പുഷ്ടീകരിക്കാൻ ഇറാന് അവകാശമുണ്ട്. ഭീഷണിപ്പെടുത്തി ഇറാനെ കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ട...'
ഒമാനിൽ നടന്ന ചർച്ചകൾ പുരോഗതിയുണ്ടാക്കിയെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നതെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു. എന്നാൽ, ഒരേസമയം ചർച്ചയും ഉപരോധവും സൈനിക ഭീഷണിയും ഉയർത്തുന്ന അമേരിക്കൻ നിലപാടിനെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിമർശിച്ചു.
അമേരിക്കൻ പടയൊരുക്കം
ഇറാന്റെ ആണവ നിലപാടുകളിലും ജനുവരിയിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെയുള്ള കർശന നടപടികളിലും പ്രതിഷേധിച്ചാണ് അമേരിക്കൻ ഭരണകൂടം പടയൊരുക്കം നടത്തുന്നത്.
വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ നിലവിൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക് സൂയസ് കനാൽ കടന്ന് ചെങ്കടലിലേക്കു പ്രവേശിച്ചു. യുദ്ധം തുടങ്ങിയാൽ ഇറാൻ നടത്താൻ ഇടയുള്ള മിസൈൽ ആക്രമണങ്ങളെ തകർക്കാനാണ് മിസൈൽ ഡിസ്ടോയർ ഷിപ് എത്തിച്ചതെന്നു കരുതുന്നു.
ജോർദാനിലെ സൈനികത്താവളത്തിൽ പന്ത്രണ്ടോളം എഫ്-15 യുദ്ധവിമാനങ്ങളും എംക്യു-9 റീപ്പർ ഡ്രോണുകളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ അത്യാധുനിക നിരീക്ഷണ ഡ്രോണുകളും പട്രോളിംഗ് വിമാനങ്ങളും അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്.
ഇറാനിലെ ആഭ്യന്തരസംഘർഷം
ഇറാനിലെ ആഭ്യന്തരവിഷയങ്ങളും അന്താരാഷ്ട്രതലത്തിൽ ചർച്ചയാകുന്നുണ്ട്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ പ്രമുഖ പരിഷ്കരണവാദികളെ അറസ്റ്റ് ചെയ്തതും നൊബേൽ ജേതാവ് നർഗെസ് മുഹമ്മദിക്കു വീണ്ടും തടവ് ശിക്ഷ വിധിച്ചതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതും മേഖലയിലെ സംഘർഷത്തിനു ആക്കം കൂട്ടുന്നു.
വരാനിരിക്കുന്ന ചർച്ചകൾ
ഇസ്രയേൽ-ഇറാൻ യുദ്ധത്തിനു ശേഷം ഒമാനിൽവച്ചാണ് ഇരു രാജ്യങ്ങളും വീണ്ടും ചർച്ചകൾക്കു തുടക്കമിടുന്നത്. ഉപരോധങ്ങൾ നീക്കുക എന്നതാണ് ഇറാന്റെ പ്രധാന ലക്ഷ്യം. എന്നാൽ, ആണവ പദ്ധതിയോടൊപ്പം ഇറാന്റെ മിസൈൽ ശേഷിയും പ്രാദേശിക ഭീകരസംഘടനകൾക്കുള്ള പിന്തുണയും ചർച്ച ചെയ്യണമെന്ന് അമേരിക്കയും ഇസ്രയേലും ആവശ്യപ്പെടുന്നു. ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്തിവരികയാണെന്ന് ഇറാൻ വ്യക്തമാക്കി.
NRI
കൊച്ചി: ഈ അവധിക്കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോ/ പത്ത് കിലോ അധിക ചെക്ക് ഇന്‍ ബാഗേജ് കുറഞ്ഞ നിരക്കില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്.
ജനുവരി 16നും മാര്‍ച്ച് 10നും ഇടയില്‍ ബഹ്റിന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്കാണ് ഈ ഓഫര്‍. ജനുവരി 31നകം എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും.
ബഹ്റിന് (0.2 ബിഎച്ച്ഡി), കുവൈറ്റ് (0.2 കെഡി), ഒമാന്‍ (0.2 ഒഎംആര്‍), ഖത്തര്‍ (1 ക്യൂഎആര്‍), സൗദി അറേബ്യ (2 എസ്എആര്‍), യുഎഇ (2 എഇഡി) എന്നിങ്ങനെയാണ് ഒരു കിലോയുടെ നിരക്ക്. അഞ്ച് അല്ലെങ്കില്‍ പത്ത് കിലോയുടെ അധിക ബാഗേജുകളാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക.
എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്. നിലവില്‍ ഈ സെക്ടറുകളില്‍ എക്സ്പ്രസ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളിലും 30 കിലോ ചെക്ക് ഇന്‍ ബാഗേജാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അനുവദിക്കുന്നത്.
10 കിലോ അധിക ബാഗേജ് കൂടി ഓഫര്‍ നിരക്കില്‍ ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ നാട്ടിലേക്കുള്ള യാത്രകളില്‍ 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് കൊണ്ടുവരാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്.
NRI
ടൂബ്ലി: കൊല്ലം പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ടൂബ്ലി അബു സാമി സ്വിമ്മിംഗ് പൂളിൽ നടന്ന കുടുംബസംഗമത്തില്‍ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
തദവസരത്തില്‍ പുതിയ അപേക്ഷ ഫോം മെമ്പർഷിപ്പ് സെക്രട്ടറി മജു വർഗീസില്‍ നിന്നും സ്വീകരിച്ചു. ചടങ്ങില്‍ മറ്റു സെക്രട്ടറിയേറ്റ്, സെൻട്രൽ, ഡിസ്ട്രിക്റ്റ്, പ്രവാസിശ്രീ അംഗങ്ങൾ സന്നിഹിതരായിരുന്നു.
ബഹ്റനില്‍ അതിവസിക്കുന്ന മുഴുവന്‍ കൊല്ലം നിവാസികളെയും അസോസിയേഷന്റെ ഭാഗമാക്കുക എന്നതാണ് ഈ കാമ്പയിന്റെ മുഖ്യ ലക്ഷ്യം. 2025 ഡിസംബർ 31നു അവസാനിക്കുന്ന രണ്ടു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനാണ് തുടക്കമായത്.
കൂടുതൽ വിവരങ്ങൾക്ക് കെപിഎ മെമ്പർഷിപ്പ് സെക്രട്ടറി മജു വർഗീസ് 3987 0901, സെക്രട്ടറിമാരായ അനിൽ കുമാർ 3926 6951, രജീഷ് പട്ടാഴി 3415 1895 എന്നിവരെ ബന്ധപ്പെടാവുന്നത് ആണ്.
എല്ലാ കൊല്ലം പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നു പ്രസിഡന്റ് അനോജ് മാസ്റ്ററും ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അഭ്യര്‍ഥിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹറിൻ ബാംഗ്സ് ആൻഡ് തായി റസ്റ്റോറന്റ് ഹാളിൽ നടന്നു.
നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസിശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു. നാടക രചിതാവും സാമൂഹിക പ്രവർത്തകയുമായ ദീപ ജയചന്ദ്രൻ നവജ്വാല സമ്മേളനം ഉദ്ഘാടന ചെയ്തു. പ്രവാസിശ്രീ യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതമാശംസിച്ചു.
International
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് തുടക്കമായി. ശനിയാഴ്ച പുലർച്ചെയാണ് അദ്ദേഹം അബുദാബിയിലെത്തിയത്. ബതീൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി തുടങ്ങിയവർ സ്വീകരിച്ചു.
സാംസ്കാരിക മന്ത്രി സജി ചെറിയാന്, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിക്കും. ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന മലയാളോത്സവത്തിൽ പ്രവാസികളെ അഭിസംബോധന ചെയ്യും.
അബുദാബിയിലെ പരിപാടിക്കുശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. ദുബായിൽ ഡിസംബർ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും.
സൗദി അറേബ്യ കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.
NRI
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ സ്വന്തമാക്കാൻ ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി. കഴിഞ്ഞ വർഷമാണ് ആദ്യമായി ഗൾഫിലെ കേരളാ സിലബസ് സ്കൂളുകളിൽ നിന്നുള്ള താരങ്ങൾ സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ എത്തിയത്.
കഴിഞ്ഞ തവണ ആണ്‍കുട്ടികൾ മാത്രമായിരുന്നു എത്തിയതെങ്കിൽ ഇത്തവണ പെണ്‍കുട്ടികളും മത്സരത്തിന് എത്തിയിട്ടുണ്ട്. അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിമ എന്നിവരാണ് സംഘത്തിലുള്ള പെണ്‍കുട്ടികൾ. 39 അംഗങ്ങളും ഇവരുടെ അധ്യാപകരും മേളയിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി.
ഗൾഫ് മോഡൽ സ്കൂൾ ദുബായി, അബുദാബി മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ, നിംസ്ദുബായി, ദി ഇംഗ്ലീഷ് സ്കൂൾ ഉമുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങൾക്കായി എത്തിയിട്ടുള്ളത്. എട്ട് അധ്യാപകരും ഇവർക്കൊപ്പമുണ്ട്.
Kerala
മട്ടന്നൂർ: ഗൾഫ് രാജ്യങ്ങളിലെ വ്യോമപാത അടച്ചതിനെ ത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ചത്തെ എയർഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്, അബുദാബി, ഷാർജ, ദോഹ, റാസൽഖൈമ എന്നീ സർവീസുകളാണ് റദ്ദാക്കിയത്.
കുവൈത്ത്, ദുബായ്, മസ്കറ്റ്, അബുദാബി, ദോഹ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും റദ്ദാക്കി. ഇൻഡിഗോ ഇന്നലെ അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കും തിരികെയുമുള്ള സർവീസുകളും റദ്ദാക്കിയിരുന്നു. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും റദ്ദാക്കി. ഇന്ന് റാസൽഖൈമ, ദോഹ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഖത്തർ വ്യോമപാത അടച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ദോഹയിലേക്ക് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കിയിരുന്നു. തിങ്കളാഴ്ച രാത്രി ഫുജൈറയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. പിന്നീട് ഈ സർവീസ് റദ്ദാക്കി.