National
മുംബൈ: ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസിക പീഡനത്തില്‍ മനംനൊന്ത് നവവധു ജീവനൊടുക്കി. താനെ സ്വദേശിനി വിശാഖ തില്‍ക്കർ (26) ആണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് വിശാഖയുടെ ഭർത്താവും ഡോക്ടറുമായ നിതിൻ തിൽക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിശാഖയുടെയും നിതിന്റെയും വിവാഹം കഴിഞ്ഞ് വെറും 48 ദിവസം മാത്രമുള്ളപ്പോഴാണ് യുവതി ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു ഇരുവരുടെയും വിവാഹം.
വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വർണവും വാങ്ങി വരാൻ ഭർതൃവീട്ടുകാർ വിശാഖയോട് ആവശ്യപ്പെട്ടിരുന്നു. വിശാഖയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി നിതിൻ വീടിനകത്തും പുറത്തുമായി നിരവധി സിസിടിവി കാമറകൾ സ്ഥാപിച്ചു. ഇതോടെ വിശാഖയുടെ സ്വകാര്യത പൂർണമായും നഷ്ടപ്പെട്ടു. കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി.
വീട്ടിൽ വച്ച് വിശാഖ ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്ന് ഈ കാമറകളിലൂടെ നിതിൻ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങി ആരോടെങ്കിലും സംസാരിച്ചാൽ വിശാഖയെ ക്രൂരമായ മർദിക്കും. അയല്‍വാസിയായ സ്ത്രീയോട് ചിരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ചതിന്റെ രണ്ടാം ദിവസമാണ് വിശാഖ ജീവനൊടുക്കിയത്. താൻ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിശാഖ മരിക്കുന്നതിന് മുൻപ് അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞു പറഞ്ഞിരുന്നു. മകളുടെ ദയനീയാവസ്ഥ മനസിലാക്കിയ മാതാപിതാക്കൾ വിശാഖയെ ഭർതൃവീട്ടിൽ നിന്നും തിരികെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് യുവതി ജീവനൊടുക്കിയത്.
നിതിൻ, അമ്മ ഛായ, സഹോദരന് നിനദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിൽ നിതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ ഛായക്കും നിനദിനും വേണ്ടിയുള്ള തിരച്ചിൽ നടന്നുവരികയാണ്.
Kerala
കണ്ണൂർ: കൂത്തുപറമ്പ് സ്ട്രോംഗ് റൂമിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് മാറ്റിയതില്‍ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജന്. സ്ഥാനാർഥിയുടെ ഏജന്റ് എത്തും മുമ്പെ ഹാർഡ് ഡിസ്ക് മാറ്റിയെന്നും, ഹാർഡ് ഡിസ്ക് മാറ്റിയ സമയത്തെ വിഷ്വൽ കട്ടാണ് എന്നും ജയന്തി രാജൻ പറഞ്ഞു.
എന്തുകൊണ്ട് കൂത്തുപറമ്പിലും തലശേരിയിലും മാത്രം ഹാർഡ് ഡിസ്ക്ക് മാറ്റേണ്ടി വരുന്നു എന്നത് സംശയം ഉണ്ടാക്കുന്നെന്നും ജയന്തി രാജൻ ആരോപിച്ചു. സംഭവത്തിൽ ചീഫ് ഇലക്ഷൻ ഓഫീസർ, ജില്ലാ കളക്ടർ, റിട്ടേണിങ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജയന്തി അറിയിച്ചു.
Kerala
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ജീവനൊടുക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1:20ന് ശേഷമാണ് നിതിന്‍ പ്രിന്‍സിപ്പലിന്റെ ഓഫിസ് മുറിയില്‍ നിന്ന് ഇറങ്ങുന്നത്. 1.38 നായിരുന്നു ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി നിതിൻ ജീവനൊടുക്കിയത്.
മരണത്തിന് വെറും 18 മിനിറ്റ് മുന്‍പ് പ്രിന്‍സിപ്പല്‍ വിനോദ് മോനിയുടെ ഓഫീസ് മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിന്റെ ദൃശ്യങ്ങളാണ് സിസിടിവി കാമറയില്‍ പതിഞ്ഞത്. മൂന്ന് അധ്യാപകരും പ്രിന്‍സിപ്പലും നിതിനോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കോളജിനകത്തെ സിസിടിവി ദൃശ്യങ്ങളും നിര്‍ണായക രേഖകളും നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രിന്‍സിപ്പല്‍, നിതിന്‍, അധ്യാപിക ലത ശശിധരന്, മറ്റ് രണ്ട് അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
കേസില്‍ ആരോപണ വിധേയരായ അധ്യാപകർ എം.കെ. റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ ദൃശ്യങ്ങളില്‍ ഇല്ല.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്ന കേസിൽ സമീപ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്.
കൊച്ചാട്ടുകാലിൽ സ്വദേശി അനസിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. രാവിലെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും തെളിവ് നശിപ്പിക്കാനായി മോഷ്ടാക്കൾ ഇവയും തല്ലിത്തകർത്തിരുന്നു. ഏകദേശം 25 പവനിലധികം സ്വർണം നഷ്ടപ്പെട്ടതായാണ് വീട്ടുടമസ്ഥൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
നെടുമങ്ങാട് പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം. വിനോദയാത്രയ്ക്ക് പോയ വിവരം അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
Kerala
മണര്‍കാട്: സിസി ടിവി കാമറ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ മരിച്ചു. കുഴിപ്പുരയിടം കുന്നുംപുറത്ത് മാളിയേക്കല്‍ ശാന്തകുമാരി(65)യാണു മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ശാന്തകുമാരിയുടെ അയൽവാസിയായ കുഞ്ഞുമോളുടെ വീട്ടില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതിനെ ശാന്തകുമാരിയും കുടുംബവും ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ശാന്തകുമാരിയും മകള്‍ അനശ്വരയും കൊച്ചുമക്കളും സംഭവസ്ഥലത്തെത്തി. കുഞ്ഞുമോളും മകളുടെ ഭര്‍ത്താവായ എബിയുമായി രൂക്ഷമായ വാക്കുതര്‍ക്കം നടന്നു.
തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണു മരണത്തില്‍ കലാശിച്ചത്. തലക്കേറ്റ ഗുരുതരമായ പരിക്കാണു മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Kerala
കാസർഗോഡ്: തൃക്കരിപ്പൂർ മെട്ടമ്മലിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു. ബോർഡ് നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ മെട്ടമ്മൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ബോർഡ് നശിപ്പിച്ചത് സിപിഎം പ്രവർത്തകരാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു.
പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ യുഡിഎഫ് പുറത്തുവിട്ടു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
National
ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് കേന്ദ്രീകൃത കണ്ട്രോൾ സംവിധാനം വികസിപ്പിക്കുന്നതിനുള്ള യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി.
കഴിഞ്ഞ 21ന് നിശ്ചയിച്ച യോഗത്തിൽ കേന്ദ്രസർക്കാരിന്റെയും ഡൽഹി സർക്കാരിന്റെയും പ്രതിനിധികൾ പങ്കെടുക്കാതിരുന്നതിനെത്തുടർന്നാണു നിർദേശം.
ആശയവിനിമയത്തിലെ ചില പാളിച്ചകളെത്തുടർന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതിനിധി പങ്കെടുക്കാതിരുന്നതെന്നും അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയതായും കോടതി വ്യക്തമാക്കി. മാർച്ച് 14നാണ് അടുത്ത യോഗം നിശ്ചയിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തനക്ഷമമല്ലെന്ന മാധ്യമറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണു നടപടി.
എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ഉത്തരവ് 2020ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാൽ ഈ ഉത്തരവ് പലയിടത്തും പാലിക്കപ്പെട്ടിട്ടില്ലെന്നും കാമറകൾ പലതും പ്രവർത്തനരഹിതുമാണെന്നുമാണു കണ്ടെത്തൽ.
Kerala
തൃശൂർ: ശക്തൻ മത്സ്യമാംസ മാർക്കറ്റിലെ രണ്ട് കടകളിൽ മോഷണം. 60,000 രൂപയും രണ്ടു മൊബൈൽ ഫോണും കവർന്നു. എംവികെ ഡക്ക് ആൻഡ് കാട മാർച്ചന്റ് ഷോപ്പിലും കെപിസി ആൻഡ് സൺസ് ഐസ് ഫിഷ് കമ്മീഷൻ ഏജന്റ്സ് ഷോപ്പിലുമാണ് മോഷണം നടന്നത്. രാവിലെ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശയുടെ വലിപ്പ് കുത്തിത്തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മാർക്കറ്റിലെതന്നെ മറ്റൊരു കടയിലെ തൊഴിലാളിയും കോഴിക്കോട് സ്വദേശിയുമാണ് മോഷണത്തിനു പിറകിലെന്നു തെളിഞ്ഞിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ സഞ്ചരിച്ച സ്വകാര്യ വിമാനം ബാരാമതിയിൽ തകർന്നു വീണുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലെ സിസിടിവി കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതും സെക്കൻഡുകൾക്കുള്ളിൽ വലിയൊരു അഗ്നിഗോളമായി മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനം നിലത്തിടിച്ച ഉടൻ തന്നെ വലിയ സ്ഫോടനങ്ങളോടെ തീ പടരുകയായിരുന്നു.
പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, ഒരു സഹായി, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
പൈലറ്റുമാരായ ക്യാപ്റ്റൻ സുമിത് കപൂർ, ക്യാപ്റ്റൻ ശാംഭവി പഥക് എന്നിവരാണ് മരിച്ചത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി പോവുകയായിരുന്നു അജിത് പവാർ.
രാവിലെ 8:10-ഓടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 8:45ഓടെ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
International
ലണ്ടൻ: ഇംഗ്ലണ്ടിൽ ട്രെയിനിൽ വച്ച് യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്.
ഡിസംബർ 14ന് വൈകുന്നേരം ഷെഫീൽഡിനും വർക്ക്സോപ്പിനും ഇടയിലൂടെ സഞ്ചരിച്ച ട്രെയിനിലാണ് ആക്രമണം നടന്നതെന്ന് സൗത്ത് യോർക്ഷർ പോലീസ് അറിയിച്ചു.
നീണ്ട മുടിയുള്ള യുവതി പച്ച നിറത്തിലുള്ള കാർഡിഗനും കറുത്ത മിനി ഷോർട്ട്സും ധരിച്ച നിലയിലാണ് ചിത്രത്തിലുള്ളത്. ഫോട്ടോയിലെ സ്ത്രീയെ തിരിച്ചറിയുന്നവർ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Kerala
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ നാലിന് അടയ്ക്കാത്തോട് - രാമച്ചി റോഡിലുള്ള സ്കറിയാ പള്ളിവാതുക്കലിന്റെ തോട്ടത്തിൽ സ്ഥാപിച്ച സിസിടിവി കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ജനവാസ മേഖലയിലേക്ക് നീങ്ങുന്നതായാണ് ദൃശ്യത്തിൽ ഉള്ളത്.
തോട്ടം പാട്ടത്തിന് എടുത്തു ടാപ്പിംഗ് മഠത്തിൽ വിനു ജോസഫാണ് പുലിയുടെ ദൃശ്യം സിസിടിവിയിൽ കണ്ടത്. പുലി സാന്നിധ്യമുള്ള ഏരിയ ആയതിനാൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ തോട്ടത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ടാപ്പിംഗിനിറങ്ങുന്നത്.
ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. അടിയന്തരമായി പുലിയെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
മലപ്പുറം: ചിയാനൂര്‍ ഭാഗത്ത് നിരവധി വീടുകളില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി സജീറാണ് (51) അറസ്റ്റിലായത്.
ചങ്ങരംകുളം പോലീസാണ് സജീറിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളില്‍ മോഷണ കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി കേന്ദ്രീകരിച്ച് സമാന കുറ്റകൃത്യത്തില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തില്‍ സലീം എന്ന് പേരുള്ള കൂട്ടുപ്രതിയെ കൂടി പിടികിട്ടാനുണ്ടെന്നും ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും സിഐ ഷൈന്‍ പറഞ്ഞു.
സജിര്‍ ഓടിച്ച് കൊണ്ടിരിക്കുന്ന ഗുഡ്സ് ഓട്ടോയിലാണ് രാത്രി കാലങ്ങളില്‍ സലീം മോഷണത്തിനായി എത്തുന്നത്. സലീമിനെ മോഷണത്തിന് ഇറക്കി വിട്ട ശേഷം സജീര്‍ ഓട്ടോറിക്ഷയില്‍ വിശ്രമിക്കുന്നതാണ് ഇവരുടെ രീതി. മോഷണം കഴിഞ്ഞാല്‍ രണ്ടു പേരും ചേര്‍ന്ന് രക്ഷപ്പെടുകയും ചെയ്യും.
കഴിഞ്ഞ മാസമാണ് ചിയ്യാനൂര്‍ മാര്‍സ് സിനിമാസിന് പിറക് വശത്തുള്ള വിവിധ വീടുകളില്‍ മോഷണം നടന്നത്. ചങ്ങരംകുളം എസ്ഐഎം നസിയയുടെ നേതൃത്വത്തില്‍ പിടിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ പോലീസ്. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്നാണ് നിഗമനം. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതിനാൽ തന്നെ ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
അതേസമയം സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ചിത്രപ്രിയ മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച രാത്രി 1. 53 സമയത്തുള്ള ദൃശ്യങ്ങളാണ് ഇത്.
മറ്റൊരാൾ ബൈക്കിൽ മുന്നിൽ പോകുന്നതും വീഡിയോയിലുണ്ട്. കാണാതായി നാല് ദിവസത്തിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് രക്തക്കറയുള്ള കല്ല് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ പെൺകുട്ടിയുടെ ആൺ സുഹൃത്ത് അലനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച ഒരു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അലനടക്കം കൂടുതൽ ആളുകളെ കാലടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം പത്തുമണിക്ക് കളമശേരിയിൽ നടക്കും. മരണ കാരണം ഉറപ്പിച്ച ശേഷം സമഗ്രാന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: പട്ടാമ്പി വാവന്നൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനവും സിസിടിവി ക്യാമറകളും തല്ലിത്തകർത്ത സംഭവത്തിലെ പ്രതി പിടിയിൽ. തൃത്താല ഞാങ്ങാട്ടിരി സ്വദേശി കൊഴിക്കാട്ടിൽ വീട്ടിൽ സൻഫീർ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതി തെക്കേ വാവനൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം നടത്തിയത്. മരപ്പലകയും കല്ലുമായെത്തിയ പ്രതി വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ പൂർണമായും അടിച്ച് തകർത്തു. തുടർന്ന് വീടിന്റെ ജനൽ ചില്ലുകളും തകർത്ത പ്രതി വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും തല്ലി തകർത്തു.
വീട്ടിലെ അംഗത്തോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന. നിലവിൽ സൻഫീറിന്റെ പേരിൽ മോഷണക്കേസ്, ലഹരിക്കേസ് എന്നിങ്ങിങ്ങനെ 15 ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ഐ അരവിന്ദാക്ഷൻ , എഎസ്ഐ സുരേഷ്, പോലീസ് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ റഷീദ്, സൻഫീർ, കമൽ എന്നിവരുൾപ്പട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.
Kerala
കണ്ണൂർ: തലശേരി ഇല്ലിക്കുന്നിൽ കടയുടെ പൂട്ട് തകർത്ത് മോഷണം. ഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്.
ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തള്ള സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത കളളൻ മേശയിൽ സൂക്ഷിച്ച 3000 രൂപ കവർന്നു.
മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ പടം തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. തൊട്ടടുത്തുളള വീട്ടിലും മോഷണ ശ്രമം നടന്നതായാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.
National
ന്യൂഡൽഹി: കേരളത്തിലെ 520 പോലീസ് സ്റ്റേഷനുകളിൽ 518 സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിച്ചതായി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്ഥാനം വ്യക്തമാക്കി.
പോലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണത്തിനെതിരേ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവികളുടെ കണക്ക് പുറത്തുവിട്ടത്.
പ്രവർത്തനം ആരംഭിക്കാത്തതിനാൽ കോട്ടയം ജില്ലയിലെ മാഞ്ഞൂർ പോലീസ് സ്റ്റേഷനിലും പുതിയ കെട്ടിടത്തിന്റെ നിർമാണം വൈകിയതിനാൽ വയനാട് ജില്ലയിലെ വൈത്തിരി പോലീസ് സ്റ്റേഷനിലുമാണ് നിലവിൽ സിസിടിവി സ്ഥാപിക്കാത്തത്.
രണ്ടാംഘട്ടത്തിൽ 20 സൈബർ സ്റ്റേഷനുകളിലും എട്ട് തീരദേശ സ്റ്റേഷനുകളും ഉൾപ്പെടെ 28 സ്റ്റേഷനുകളിൽ കൂടി സിസിടിവികൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നും 2026 ജനുവരി 27നകം പൂർത്തീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സിസിടിവികൾ സ്ഥാപിച്ചവയിൽ 483 എണ്ണം ക്രമാസമാധാനത്തിനുള്ള പോലീസ് സ്റ്റേഷനുകളാണ്. 13 റെയിൽവേ പോലീസ് സ്റ്റേഷനുകളും 10 തീരദേശ പോലീസ് സ്റ്റേഷനുകളിലും 14 വനിതാ പോലീസ് സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിച്ചതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മുഴുവൻ സമയവും പ്രവർത്തിക്കുന്ന 12 കാമറകൾ വീതമാണ് ഓരോ സ്റ്റേഷനുകളിലും സ്ഥാപിച്ചിരിക്കുന്നത്. ഇൻസ്പെക്ടറുടെയും സബ് ഇൻസ്പെക്ടറുടെയും മുറികൾ, ലോക്കപ്പ്, ഇടനാഴി, റിസപ്ഷൻ, സ്റ്റേഷന്റെ പ്രവേശന കവാടം, പിൻഭാഗം എന്നിവിടങ്ങളിലാണു കാമറ സ്ഥാപിച്ചിരിക്കുന്നത്.
രാത്രിയിലെ ദൃശ്യങ്ങളും കാമറയിൽ ലഭ്യമാകും. ദൃശ്യങ്ങളിൽ ക്രമക്കേട് നടത്തിയാൽ കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ദൃശ്യത്തിനു പുറമെ ശബ്ദങ്ങളും റിക്കാർഡ് ചെയ്യും. ഓരോ സ്റ്റേഷനിലും എട്ട് ടിബിയുടെ 16 ഹാർഡ് ഡിസ്കുകളും അനുവദിച്ചിട്ടുണ്ട്. ഒന്നര വർഷത്തോളം ഡാറ്റ സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കും. നാലു മാസത്തിൽ ഒരിക്കൽ അറ്റകുറ്റപ്പണി നടത്തുന്നതായും സർക്കാർ കോടതിയെ അറിയിച്ചു.
പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചതു സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാതിരുന്നതിന് കേരളമടക്കമുള്ള സംസ്ഥാനങ്ങളെ സുപ്രീംകോടതി വിമർശിച്ചിരുന്നു. മൂന്നാഴ്ചയ്ക്കകം മറുപടി നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണു കണക്കുകൾ വിശദീകരിച്ച് കേരളം സത്യവാങ്മൂലം നൽകിയത്.